ഹോങ്കോംഗിനുമേൽ അധികാരം ആവർത്തിച്ച് ഷി ചിൻപിംഗ്


ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനുമേൽ അധികാരം ആവർത്തിച്ച് അവകാശപ്പെട്ടു ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ്. ഹോങ്കോംഗ് ചൈനയിലേക്കു മടങ്ങിയെത്തിയതിന്‍റെ 25-ാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിലാണു ഷി ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന കാഴ്ചപ്പാട് ആവർത്തിച്ചത്.  ഹോങ്കോംഗിനുമേൽ ബെയ്ജിംഗിന് അധികാരമുണ്ടെന്നും ഇതിനെ ജനങ്ങൾ മാനിക്കണമെന്നും ഷി ആവശ്യപ്പെട്ടു. മാതൃരാജ്യത്തേക്കു മടങ്ങിയെത്തിയശേഷം ഹോങ്കോംഗ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടുപോകുകയാണ്. ആഗോള സാന്പത്തികമാന്ദ്യം, കൊറോണ വൈറസ് മഹാമാരി, പ്രതിഷേധങ്ങൾ എന്നിവയ്ക്കു ഹോങ്കോംഗിന്‍റെ വളർച്ചയെ തടയാൻ സാധിച്ചിട്ടില്ലെന്നും ഷി അവകാശപ്പെട്ടു.

ചൈനീസ് ഭരണത്തിനു കീഴിൽ ഹോങ്കോംഗിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നെന്ന വിമർശനങ്ങൾക്കും ഷി മറുപടി നൽകി. അക്രമാസക്തമായ സാമൂഹ്യപ്രക്ഷോഭങ്ങളെ മറികടന്ന ഹോങ്കോംഗിലെ ജനങ്ങളെ ഷി പ്രശംസിച്ചു. 2019ലെ ജനാധിപത്യ പ്രക്ഷോഭത്തെ സൂചിപ്പിച്ചായിരുന്നു ചൈനീസ് പ്രസിഡന്‍റിന്‍റെ പരാമർശം. പ്രതിഷേധങ്ങൾക്കു പിന്നാലെ വിമർശകരെ തടവിലാക്കിയ ചൈനീസ് അനുകൂല ഭരണകൂടം, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു തടയിടുകയും ചെയ്തിരുന്നു. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലെ ഇരുന്പുമറയോടുള്ള ഹോങ്കോംഗ് ഭരണകൂടത്തിന്‍റെ ആഭിമുഖ്യം ഈ നടപടികൾ പ്രകടമാക്കി.

1997ലാണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ ചൈനയ്ക്കു തിരികെ നൽകിയത്. 50 വർഷത്തേക്കു ഹോങ്കോംഗിൽ അവരുടെതന്നെ സർക്കാരും നിയമസംവിധാനവും അനുവദിക്കുമെന്ന കരാറിന്‍റെ പുറത്തായിരുന്നു കൈമാറ്റം. എന്നാൽ പിന്നീട് ഹോങ്കോംഗ് ഭരണത്തിൽ ഇടപെടാൻ ചൈന നടത്തിയ ശ്രമങ്ങൾ വ്യാപക പ്രതിഷേധങ്ങൾക്കു കാരണമായി. എന്നാൽ ഇവയെ നിശബ്ദമാക്കാൻ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു സാധിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed