സംസ്കാരം വരുന്ന വഴി


കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ‍ മക്കളായി പിറക്കുമെന്നാണ് ഒരു തമാശച്ചൊല്ല്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പക്ഷേ ഇക്കാര്യത്തിൽ‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അദ്ദേഹത്തിനു മക്കളുള്ളതായി ഇതുവരെ റിപ്പോർ‍ട്ടില്ല. പക്ഷേ വരാനുള്ളത് വഴിയിൽ‍ തങ്ങില്ലല്ലോ. മക്കളില്ലാത്തതിന്‍റെ കുറവ് ഇക്കാര്യത്തിൽ‍ തീർ‍ക്കാൻ‍ കഴിയുന്നത്ര മന്ത്രിമാരും സഹമന്ത്രിമാരുമൊക്കെ ധാരാളമുണ്ട് അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ‍. ഒരാളെക്കൊണ്ടുള്ള തലവേദന തീർ‍ന്നു വരുന്പോഴേക്കും അടുത്ത മഹാന്‍റെ വിവാദ സംഭാവന നടന്നു കഴിഞ്ഞിരിക്കും. ചില മന്ത്രിപുംഗവന്മാരാകട്ടെ ഇത്തരത്തിൽ‍ തുടർ‍ച്ചയായി വിവാദങ്ങളുണ്ടാക്കുന്നതിൽ‍ അതി വൈദഗ്ദ്ധ്യം തെളിയിച്ചവരുമാണ്. അവരിൽ‍ ഒരാളാണ് ശ്രീമാൻ‍ മഹേഷ് ശർ‍മ്മ.

ശാന്തിയുടെയും സമാധാനത്തിന്‍റെയും ആദ്യ അപ്പോസ്തോലനായ ഗൗതമബുദ്ധന്‍റെ പേരിലുള്ള ഗൗതം ബുദ്ധ നഗർ‍ ലോക്സഭാ മണ്ധലത്തിൽ‍ നിന്നുള്ള ജനപ്രതിനിധിയാണ് മോഡി സർ‍ക്കാരിലെ സഹമത്രിമാരിൽ‍ ഒരാളായ മഹേഷ് ശർ‍മ്മ. സഹമന്ത്രിയാണെങ്കിലും തീരെ ചില്ലറക്കാരനല്ല കക്ഷി. വിനോദ സഞ്ചാരം, സംസ്കാരം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് മോഡിയദ്യം മഹേഷജിയെ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നത്. ഒപ്പം വ്യോമയാന വകുപ്പിന്‍റെ സഹമന്ത്രിസ്ഥാനവുമുണ്ട്. സംസ്കാരത്തിന്‍റെ മൊത്തക്കച്ചവടം ഏറ്റിരിക്കുന്ന മഹേഷ്ജി പക്ഷേ സംസ്കാരവുമായി ബന്ധപ്പെട്ട് അടിക്കടി നടത്തുന്ന പ്രസ്താവനകളൊക്കെ പുലിവാലാവുകയാണു പതിവ്. ഈ നിരയിലെ ഏറ്റവും പുതിയ പ്രസ്താവന ദേശീയ തലത്തിൽ‍ തന്നെ വനിതാ സംഘടനകൾ അടക്കമുള്ളവരുടെ നിശിത വിമർ‍ശനത്തിനും പ്രതിഷേധത്തിനും ഒക്കെ കാരണമായിരിക്കുകയാണ്. 

രാത്രികാലങ്ങളിൽ‍ പെൺകുട്ടികൾ വീടിനു പുറത്തിറങ്ങുന്നത് നമ്മുടെ സംസ്കാരത്തിനു ചേർ‍ന്നതല്ല എന്നതാണ് സാംസ്കാരിക മന്ത്രിയുടെ പുതിയ സാംസ്കാരിക പ്രസ്താവന. മറ്റിടങ്ങളിൽ‍ എങ്ങനെ വേണമെങ്കിൽ‍ ആയിക്കോട്ടേ, പക്ഷേ ഇന്ത്യയിൽ‍ സംഗതി ശരിയല്ലെന്നാണ് മഹേഷ് മന്ത്രിയുടെ നിലപാട്.

ഒരുവശത്ത് സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങളും പദ്ധതികളുമായി നരേന്ദ്രമോഡിയെന്ന പ്രധാനമന്ത്രി മുന്നേറുകയാണ്. രാജ്യത്തെന്പാടുമായി പെൺകുട്ടികൾക്കായി 38 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറന്ന സുകന്യാ സമൃദ്ധി പദ്ധതി, നൂറു കോടിരൂപയുടെ ബേട്ടി ബച്ചാവോ ബേട്ടീ പഠാവോ തുടങ്ങിയ നിരവധി പ്രവർ‍ത്തനങ്ങൾക്കിടെയാണ് മന്ത്രിയുടെ ഈ പിൻ‍വിളി. തികച്ചും നിരുത്തരവാദ പരവും കാലത്തെ പിന്നോട്ടടിക്കുന്നതുമായ ഇത്തരം പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ‍ നമ്മുടെ പ്രതിച്ഛായ മോശമാക്കുകയും ചെയ്യും. സ്വന്തം സംസ്കാര രാഹിത്യവും സങ്കുചിതത്വവുമാണ് മന്ത്രി ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. പുരുഷനും സ്ത്രീക്കും എല്ലാത്തലങ്ങളിലുമുള്ള സമത്വവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് വർ‍ത്തമാനകാലത്തെ രീതി. അതു സാദ്ധ്യമാക്കാൻ‍ പ്രതിജ്ഞാബദ്ധമാണ് ഓരോ ഭരണകൂടവും. സ്ത്രീ പൂജിക്കപ്പെടുന്നിടത്തേ ഐശ്വര്യം വിളങ്ങൂ എന്നാണ് ഭാരതീയ വേദങ്ങളും പുരാണങ്ങളുമൊക്കെ അനുശാസിക്കുന്നത്. മന്ത്രി സത്തമൻ‍ ഇതിനെ കാണുന്നത് സ്ത്രീയെ വീട്ടിലോ കൂട്ടിലോ അടച്ചിട്ടു പൂജിക്കണം എന്നാണെന്നു തോന്നുന്നു. ഇത് സംസ്കാരത്തെ ഇരുണ്ടകാലത്തേക്കു തിരിച്ചു കൊണ്ടുപോകാൻ‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന താലിബാനിസത്തിനു സമാനമാണ് എന്നു വിലയിരുത്തേണ്ടി വരും.  ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്ഥാവനകൾ നടത്തുന്നതിൽ‍ നിന്നും ഇത്തരം മന്ത്രിമാരെ വിലക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുമുണ്ട്. ആ ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുന്നില്ലെങ്കിൽ‍ ഇക്കാര്യത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനെക്കുറിച്ചു തെറ്റിദ്ധാരണകൾക്കും അതുവഴിവച്ചേക്കാം.

You might also like

  • Straight Forward

Most Viewed