കാലം മായ്ച്ച് കളയുന്പോൾ...

ഇനി ആ വാട്സ്ആപ്പ് നന്പറും മായ്ച്ചു കളയാം. അല്ലെങ്കിലും കാലത്തിന് മായ്ക്കാൻ പറ്റാത്തതായി ഇവിടെ ഒന്നുമില്ലല്ലോ. ഇടക്കിടെ ആശംസകളും, അഭിപ്രായങ്ങളും ഫോർ പി.എമ്മിനെ പറ്റിയുള്ള അന്വേഷണങ്ങളും ഒക്കെ വരാറുള്ള ആ നന്പറിൽ നിന്ന് ഇനി ഒന്നും വരില്ല. ഒരു നാടൻ സ്കൂൾ മാഷിന്റെ ലാളിത്യം നിറഞ്ഞു നിന്ന ആ ചുരുക്കം വരികളിൽ വല്ലാത്തൊരു സ്നേഹം തുടിച്ചിരുന്നു. വടകരയിലെ കക്കട്ടിലിൽ നിന്ന് വരാറുള്ള ആ സ്നേഹം ഇനി ഉണ്ടാകില്ല എന്ന ദുഃഖമാണ് ഫെബ്രുവരി 17ന്റെ കറുത്ത പ്രഭാതം സമ്മാനിച്ചിരിക്കുന്നത്. നാട്ടുവഴികളുടെ കഥാകാരനായിരുന്നു അദ്ദേഹം. നർമ്മത്തിൽ ചാലിച്ച മനോഹരമായ ജീവിതചിത്രങ്ങൾ അദ്ദേഹം അക്ഷരങ്ങളിലൂടെ മലയാളിക്ക് സമ്മാനിച്ചു. ഒടുവിൽ അർബുദം ആ ജീവനെടുത്തപ്പോൾ 2016 ഫെബ്രുവരിയുടെ നഷ്ടക്കണക്കിൽ അദ്ദേഹത്തിന്റെ പേരും ചേർക്കപ്പെടുന്നു.
മരണത്തിന് മാത്രം നമ്മെ ഓർമ്മിപ്പിക്കാൻ കഴിയുന്ന ചിലതുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ജീവിതം എന്ന മിഥ്യയുടെ വിലയും വിലയില്ലായ്മയും. ഓരോ നിമിഷവും നമ്മുടെ ജീവിതഘടികാരത്തിന്റെ സൂചികൾ പാഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഏതു നിമിഷവും അതിന്റെ വേഗത കുറഞ്ഞ് പതിയെ അതില്ലാതാകുമെന്നും ഓരോ മരണവും നമ്മോട് പറയാതെ പറയുന്നു. അതു വരേക്കുമാണ് പ്രണയവും, കാമവും, സ്നേഹവും, അഹങ്കാരങ്ങളും, ദുഷിപ്പും, അത്യാഗ്രവും, അസൂയയും, ഒക്കെ നമ്മോടൊപ്പം ഒന്നിച്ച് കഴിയുക.
ശ്രീ അക്ബർ കക്കട്ടിൽ ഫോർ പി.എമ്മിൽ കുറച്ചു നാൾ വീടും നാടും കാദർക്കുട്ടിയും എന്ന പേരിൽ ഒരു കോളം എഴുതിയിരുന്നു. ഒടുവിലായി എഴുതിയ കോളത്തിന്റെ പേര് വിട പറയും മുന്പെ എന്നായിരുന്നു. പറയാനുള്ളതൊക്കെ പറഞ്ഞിട്ട് പോകുന്നത് പോലെ അന്ന് തോന്നിയിരുന്നില്ല. മാഷ് അവസാനമായി കുറിച്ചു തന്ന കോളത്തിന്റെ ആദ്യ പേജ് ഇവിടെ നൽകട്ടെ.
ഒപ്പം 2016 ഫെബ്രുവരി എടുത്തു കൊണ്ടുപോകുന്നതെല്ലാം മലയാളത്തിന് വേണ്ടപ്പെട്ട പ്രതിഭകളെയാണല്ലോ എന്ന സങ്കടത്തോടെ പ്രിയപ്പെട്ട അക്ബർ മാഷിന്റെ ഓർമ്മകൾക്ക് മുന്പിൽ ബാഷ്പാഞ്ജലി.