മൂന്ന് ഉജ്ജ്വല പ്രശ്നങ്ങൾ...

അങ്ങിനെ ആ മഹായാത്രകൾ അവസാനിക്കാറായിരിക്കുന്നു. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പുംഗവൻമാർ കേരളമാകെ കണ്ട് കൊതിതീർത്ത് രോമാഞ്ചമണിഞ്ഞ് തലസ്ഥാനത്തേയ്ക്ക് കടന്നിരിക്കുകയാണല്ലോ. അവിടെയാണല്ലോ ഇവരൊക്കെ രാപ്പകൽ സ്വപ്നം കാണുന്ന സ്ഥാനങ്ങളും, കസേരകളും കിടക്കുന്നത്. അതാണല്ലോ ഈ യാത്രകളുടെ അന്തിമ ലക്ഷ്യവും. ഹാ ജനാധിപത്യമേ എന്നല്ലാതെ എന്ത് പറയാൻ!
തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്പോൾ മൂന്ന് ചോദ്യങ്ങളിലേയ്ക്ക് ഒതുങ്ങി കൊണ്ടിരിക്കുകയാണ് കേരള രാഷ്ട്രീയം. ഒന്ന്, അറുപതോളം കേസുകളിൽ പ്രതിയായ സരിതയെന്ന ക്രിമിനൽ സത്യത്തിൽ ആരുടെ കൈയിലെ കളിപന്താണ്? രണ്ട്, ഭരണം മാറിയാൽ പൂട്ടിയിട്ട ബാറുകൾ തുറക്കുമോ, കൈക്കൂലി കൊടുത്ത ബാറുടമകൾക്ക് മുടക്ക് മുതൽ തിരിച്ച് കിട്ടുമോ? മൂന്ന്,
പി. ജയരാജന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനെങ്കിലും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഒന്ന് പുറത്തിറങ്ങാൻ സാധിക്കുമോ. സി.ബി.ഐ പിടിച്ച് കൂട്ടിലിടുമോ. ഇത് മൂന്നുമാണ് ആയിരകണക്കിന് പ്രശ്നങ്ങൾ കൊണ്ട് നട്ടം തിരിയുന്ന മലയാളികളുടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ തെരഞ്ഞെടുപ്പ് കാലം ഉയർത്താൻ പോകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്നാണ് നമ്മളെ തേടി വരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യം.
കഴിഞ്ഞ അഞ്ച് വർഷത്തെ ഉമ്മൻ ചാണ്ടി ഭരണത്തിൽ അവസാനത്തെ മൂന്ന് വർഷവും സർക്കാർ ചെയ്തുവെന്ന് അവകാശപ്പെടുന്ന മിക്ക പദ്ധതികളും മുങ്ങിപോയത് സരിതാ വാർത്തകൾക്കിടയിലായിരുന്നു. ഇതേ രീതിയിൽ പോവുകയാണെങ്കിൽ മലയാളികളുടെ ജയലളിതയായി മാറാൻ വരെ സരിതയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. തന്റെ ചുറ്റിനും ക്വട്ടേഷൻ ടീമിനെയും വെച്ച് മുന്പോട്ട് നീങ്ങുന്ന ഈ സ്ത്രീയിൽ നിന്ന് നമ്മുക്ക് ഏറെ പഠിക്കാനുണ്ട്. മാനം വിറ്റിട്ടും അല്ലാതെയും ഒരു നാടിന്റെ മുഴുവൻ ജനപ്രതിനിധികളുടെയും ഉറക്കം നഷ്ടപ്പെടുത്താൻ ഇവർക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് ചില്ലറ കാര്യമല്ല. പിതൃതുല്യനാണെന്ന് മുന്പ് പറഞ്ഞ ഉമ്മൻചാണ്ടിയ്ക്കും കുടുംബത്തിനുമെതിരെ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സരിത സംസാരിച്ചു തുടങ്ങിയിരിക്കുന്നു. കാറ്റുള്ളപ്പോൾ തൂറ്റാനും, വെയിലുള്ളപ്പോൾ സോളാറാക്കി മാറ്റാനും സരിതയെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുണ്ട് അവരുടെ ഓരോ നീക്കങ്ങളും.
രണ്ടാമത്തെ പ്രസക്തമായ ചോദ്യം ഭരണം മാറിയാൽ മദ്യനിരോധനം ഇല്ലാതാകുമോ എന്നതാണ്. ഇടതുമുന്നണി നേതാക്കൾ അവരുടെ നയം ഇതിനോടകം ഏകദേശം വ്യക്തമാക്കി കഴിഞ്ഞു. അവർ ബാറുകൾ തുറക്കും. കാരണം മദ്യവർജനത്തെയാണ് അവർ അംഗീകരിക്കുന്നത്. കണക്കുകളനുസരിച്ച് കേരളത്തിലാകെ 5.29 ശതമാനം വ്യക്തികളാണ് മദ്യം ഉപയോഗിക്കുന്നത്. അതായത് മൂന്നര കോടി ജനങ്ങളിൽ ഏകദേശം 20 ലക്ഷത്തോളം പേരാണ് മദ്യം സേവിക്കുന്നതെന്ന് അർത്ഥം. ഇന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളം നമ്മുടെ നേതാക്കൻമാർ നടത്തിയത് പോലെയുള്ള യാത്ര നടത്തിയാൽ ഓരോ കവലയിലും വളരെ അച്ചടക്കത്തോടെ നിൽക്കുന്ന നീണ്ട ക്യൂ കാണും. ബിവറേജസിന്റെ പടിവാതിൽക്കൽ ഉള്ള ക്യൂവാണത്. ഇത് കണ്ടാൽ കേരളം കാണാൻ വരുന്ന ഏതൊരാളും വിചാരിച്ചോളും കേരളം ഫുൾ ഫിറ്റാണെന്ന്. സത്യത്തിൽ ബീവറേജസിന്റെ എണ്ണം കുറച്ച് ബാറുകൾ അത്യാവശ്യം തുറക്കുന്നത് തന്നെയാണ് നമ്മുടെ നാടിന് നല്ലത്. നേരത്തേ ബാറിലിരുന്ന രണ്ട് ലാർജ്ജ് അടിച്ച് വീട്ടിലെത്തിയിരുന്ന ചേട്ടൻമാർ ഇപ്പോൾ അഞ്ചും ആറും കുപ്പി ബിയറടിച്ച് വയറും ചാടി മൊത്തം ആരോഗ്യവും നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇനി അഥവാ ബിവറേജ് ഉപഭോക്താവാണെങ്കിൽ വീട്ടിൽ വന്ന് കുടുംബത്തിന്റെ മുന്പിലിരുന്നു അവർ കുടിച്ച് കൂത്താടുന്നു. ബാർ നിരോധിച്ചത് കൊണ്ട് കേരളത്തിലെ മദ്യപാനത്തിന്റെ തോത് കുറഞ്ഞിട്ടേയില്ല എന്നും നമ്മൾ മനസ്സിലാക്കണം. ഈ ഒരു കാര്യം യാഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊണ്ട് ഉചിതമായ തീരുമാനം വരുന്ന ഗവൺമെന്റ് എടുക്കുമെന്ന് തന്നെയാണ് ബിജു രമേശന്റെയും കൂട്ടരുടെയും പോലെ തന്നെ സാധാരണ പൊതുജനത്തിന്റെയും പ്രതീക്ഷ.
മൂന്നാമത്തെ വലിയ പ്രശ്നം ശക്തനായ ഭരണാധികാരിക്ക് ശക്തനായ സർവസൈന്യാധിപൻ നിർബന്ധമാണെന്നും, അതിന് പി. ജയരാജന് അവസരം ലഭിക്കുമോ എന്നതുമാണ്. പരിയാരം മെഡിക്കൽ കോളേജിൽ കൂട്ടിലിട്ട കിളിയെ പോലെ വിശ്രമിക്കുന്പോഴും ആ ഗേറ്റിന് വെളിയിൽ ഇറങ്ങിയാൽ സിബിഐ കഴുകൻമാർ അദ്ദേഹത്തെ റാഞ്ചികൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ഇടത് നേതൃത്വം. ആരെയും പേടിയില്ലാത്ത ഈ വിപ്ലവകാരിയെ മോഡി സർക്കാരും, സിബിഐയും വരുന്ന തിരഞ്ഞെടുപ്പ് കാലത്തെങ്കിലും ഒന്ന് പുറത്തിറങ്ങാൻ സഹായിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.
ഇതോടൊപ്പം ജനങ്ങളുമായി ബന്ധപ്പെട്ട അല്ലറ ചില്ലറ പ്രശ്നങ്ങളും അവിടെയും ഇവിടെയും കണ്ടേക്കാം... അല്ലെ.. !!
