ബാങ്കുകൾ കൊലക്കയറുകൾ തീർക്കുന്പോൾ


വികസനത്തിന്‍റെ അളവുകോൽ‍ സാന്പത്തിക വളർ‍ച്ചയുടെ മാത്രം അടിസ്ഥാനത്തിൽ‍  തീരുമാനിക്കപ്പെടുന്നു എന്നതാണ് കന്പോള വ്യവസ്ഥിതി തരുന്ന പാഠം. പണത്തിന്റെ കൈമാറ്റത്തിലെ സജീവത മാർ‍ക്കറ്റിനെ കൂടുതൽ‍ വിപുലമാക്കും.ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാതത്തിൽ‍ ലോക മുതലാളിത്തം എത്തിച്ചേർ‍ന്ന പ്രതിസന്ധിയെ ചികിത്സിക്കുവാൻ‍ ഇംഗ്ലീഷ് സാന്പത്തിക വിദഗ്ദ്ധൻ‍ ജെ.എം കെയിൻ‍സ് മുന്നോട്ട് വെച്ച പരിഹാര മാർ‍ഗ്ഗം മുതലാളിത്തം ജനങ്ങളുടെ സേവനതുറയെ  ഗൗരവതരമായി പരിഗണിക്കുവാൻ‍ തയ്യാറാകണമെന്നതായിരുന്നു. ഇതിനായി എല്ലാവർ‍ക്കും വാങ്ങൽ‍ ശേഷി ഉണ്ടാക്കി കൊടുക്കുക. അങ്ങനെ പണം എല്ലാവരിലും എത്തിച്ചേരുവാൻ‍ അവസരം ഉണ്ടാക്കുക. വേതനത്തിൽ‍ വർദ്‍ധനവ്, പുതിയ ലോകത്ത് ജീവിതം മെച്ചപ്പെടുവാൻ‍ വിദ്യാഭ്യാസം, എല്ലാവർ‍ക്കും ഭൂമി അതിനായി ഭൂപരിഷ്കരണം അങ്ങനെ എല്ലാവർക്കും വരുമാനം, തുടങ്ങി സോഷ്യലിസ്റ്റുകൾ‍ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും സമൂഹത്തിൽ‍ നടപ്പിലാക്കുവാൻ മുതലാളിത്ത സാന്പത്തിക വിദഗ്ദ്ധൻ‍ തന്‍റെ രാഷ്ട്രീയ യജമാനന്‍മാർ‍ക്ക് നിർ‍ദ്ദേശം നൽ‍കി. ആ നിർ‍ദ്ദേശങ്ങൾ‍ നടപ്പിലാക്കിയ ലോക മുതലാളിത്തം അതിന്‍റെ  സമഗ്ര വികസനത്തിനായി കന്പോള വ്യവസ്ഥിതിയെ അതിരില്ലാതെ പ്രോത്സാഹിപ്പിച്ചു. ലോകത്തെ ഏക ഗ്രാമമായി കാണുന്ന തരത്തിൽ‍ ലോകകന്പോള വ്യവസ്ഥിത വികസനത്തിന്‍റെ അടിസ്ഥാന ശിലയായി കണ്ടുവന്ന മുതലാളിത്തം ഉൽപ്പാദനത്തിൽ‍ നിന്നും ഊഹാമൂലധനത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഉൽപ്പാദനം ഒരു സാമൂഹിക ചക്രത്തിന്‍റെ ഭാഗമായതിനാൽ‍ അതിന്‍റെ പ്രവർ‍ത്തനങ്ങൾ‍ നിലവിലുള്ള സാമൂഹിക യാഥാർ‍ത്ഥ്യത്തിന്‍റെ  ഭാഗമായിമാത്രമേ പ്രവർ‍ത്തിക്കുകയുള്ളു. ആയതിനാൽ‍ അതിന്‍റെ ലാഭത്തിന് ഒരു നിശ്ചിത പരിമിതിയുണ്ട്. എന്നാൽ‍ ഊഹമൂലധനം അങ്ങനെയല്ല. അത് ഉൽപ്പാദനം നടത്തുന്നില്ല. ജനങ്ങളിൽ‍ ഒരു പ്രത്യേക ധാരണ ഉണ്ടാക്കി, അതിൽ‍ യാഥാർത്‍ഥ്യമുണ്ടെന്ന് വരുത്തി, ഒരു വസ്തുവിന് അതിനില്ലാത്ത മൂല്യം ഉള്ളതായി സ്ഥാപിക്കുന്നു. ഇത്തരം വ്യവാഹാരങ്ങളാണ് ഇന്ന് ലോകത്ത് പ്രധാനാമായി നടക്കുന്നത്. വസ്തുവിന്‍റെ ഊഹവിലകൾ‍ അതിലൊരു ഉദാഹരണം മാത്രം.ഇൻ‍ഷൂറൻ‍സ് രംഗവും ബാങ്കിംഗും ഒരു സമൂഹത്തിന്‍റെ കുതിപ്പിനെ നല്ല നിലയിൽ‍ സഹായിക്കാറുണ്ട്.കോളനികളുടെ സാന്പത്തിക പ്രവർ‍ത്തനങ്ങൾ‍ സജീവമായിരുന്നതിൽ‍ ബാങ്കുകൾ‍ക്കും ഇൻഷൂറൻസ് സ്ഥാപനങ്ങൾ‍ക്കും അവയിൽ‍ വലിയതരത്തിലുള്ള  പങ്കുണ്ടായിരുന്നു. വലിയ ചരക്കുകളുടെ സുരക്ഷിതമായ കൈമാറ്റങ്ങൾ‍ നടത്തുന്നതിൽ‍ ഇൻഷൂറൻസ് പരിരക്ഷ നല്ല പങ്കുവഹിച്ചു. എന്നാൽ‍ ഇവയൊക്കെ 

തുടക്കത്തിൽ‍ വ്യാപാര മേഖലയ്ക്ക് മാത്രമായി പ്രവർ‍ത്തിച്ചു വന്നെങ്കിലും പിൽ‍ക്കാലത്ത് അത് സാധാരണ ജനങ്ങളുടെകൂടി ഭാഗമായി. എന്നാൽ‍ അപ്പോഴും അതിന്‍റെ  നടത്തിപ്പുകാർ‍ മുതലാളിമാരായിരുന്നു. ജനങ്ങളുടെ ദൈനംദിന പ്രവർ‍ത്തനത്തിൽ‍ ബാങ്കുകൾ‍ പങ്കാളികൾ‍ ആകുകയും അവരുടെ സ്വത്തുക്കൾ‍ക്കും ജീവനും സുരക്ഷിതത്വം കിട്ടുവാനായി ഇൻഷൂറൻസ്  രംഗത്തെ ഉപയോഗിക്കുവാനും തുടങ്ങി. അവിടെയും നടത്തിപ്പുകാർ‍ സ്വാകാര്യ മുതലാളിത്തമായതിനാൽ‍ ജനങ്ങളുടെ താൽപ്‍പര്യത്തെക്കാളും അവരുടെ ലാഭം മാത്രം പരിഗണിക്കപ്പെട്ടു. അത് പലരൂപത്തിലുള്ള തട്ടിപ്പുകൾ‍ക്ക്‌ അവസരം ഒരുക്കി. ഈ വസ്തുത മനസ്സിലാക്കുവാൻ‍ ഇന്ത്യയിലെ സാന്പത്തിക സ്ഥാപനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ‍ മതിയാകും.

ഇന്ത്യയിലെ ബാങ്കിംഗ് രംഗം പൂർ‍ണമായും വൈദേശികരുടെ നിയന്ത്രണത്തിലായിരുന്നു. അവരുമായി പങ്കുകച്ചവടം നടത്തിയിരുന്ന ഇന്ത്യൻ‍ മുതലാളിമാർ‍ക്ക് സ്വാതന്ത്ര്യാനന്തരം പ്രസ്തുത സ്ഥാപനങ്ങളിൽ‍  സ്വാധീനം വർ‍ദ്ധിച്ചു. നെഹ്റുവിയൻ‍ സോഷ്യലിസ്റ്റ്‌ നിലപാടുകൾ‍ ഭരണത്തിൽ‍ നടപ്പിൽ‍ വരുത്തുവാൻ‍ ശ്രമങ്ങൾ‍ 1951ൽ‍ ആരംഭിച്ചു. പൊതുമേഖലയ്ക്ക് മുന്തിയ അവസരങ്ങൾ‍ ഉണ്ടായി. അന്നത്തെ നാട്ടുരാജാക്കന്മാരുടെ ധനകാര്യ സ്ഥാപനങ്ങളായി പ്രവർ‍ത്തിച്ച  േസ്റ്ററ്റ് ബാങ്കുകൾ‍ സർ‍ക്കാരിന്‍റെ നിയന്ത്രണത്തിൽ‍ കൊണ്ടുവന്നു. സ്വാകാര്യ സ്ഥാപനങ്ങൾ‍ നിരന്തരം രാജ്യത്തിന്‍റെ പൊതു മുതൽ‍ കൈക്കലാക്കി തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾ‍ക്ക് തിരിച്ചു വിടുന്നതായി പരാതികൾ‍ ഉണ്ടായി. നെഹ്‌റു മന്ത്രിസഭക്കെതിരെ ആദ്യമായി ഉണ്ടായ അഴിമതി ആരോപണം തന്നെ (കൃഷ്ണമാചാരി) ഇൻഷൂറൻസ്   മേഖലയുടെ പണം  സ്വകാര്യവ്യക്തിയെ സഹായിക്കുവാൻ‍ ഉപയോഗിച്ചു എന്നതായിരുന്നു. ഇന്ത്യയിലെ ഇൻഷൂറൻസ്  രംഗം കയ്യാളിയിരുന്ന ടാറ്റയും മറ്റും നിരന്തരമായി നടത്തിയ തിരിമറികൾ‍ ആ മേഖലയെ ദേശസാൽ‍ക്കരിക്കുവാൻ‍ സർ‍ക്കാരിനെ നിർ‍ബന്ധിതമാക്കി. അതിന്‍റെ  ഭാഗമായി 1956ൽ‍ സർ‍ക്കാർ‍ സ്വകാര്യ ഇൻഷൂറൻസ്  സ്ഥാപനങ്ങൾ ‍(245) ഏറ്റെടുത്തു. കേവലം 5 കോടി മുതൽ‍ മുടക്കിൽ‍ തുടങ്ങിയ പ്രസ്തുത പൊതുമേഖലാസ്ഥാപനം ഇന്ന് 15.6 ലക്ഷം കോടി ആസ്തിയുള്ള പ്രസ്ഥാനമായി വളർ‍ന്നു. ലോകത്ത് ഏറ്റവും കൂടുതൽ‍ സുരക്ഷിതമായി പോളിസി ഉടമകൾ‍ക്ക് പ്രതിഫലം നൽ‍കുന്ന, സർ‍ക്കാരിന്‍റെ പല ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്ന സ്ഥാപനം സ്വകാര്യ ഇൻഷൂറൻസ് കന്പനികളിൽ‍ നിന്നും വ്യത്യസ്ത അനുഭാവമാണ് ലോകത്തിന് നൽ‍കുന്നത്. 1970കളിലെ ലോകമാന്ദ്യത്തിൽ‍ പല ലോക ഭീമൻ‍ ഇൻഷൂറൻസ്  സ്ഥാപനങ്ങളും ഒലിച്ചു പോയിട്ടും ഇന്ത്യൻ പൊതുമേഖലാ ഇൻഷൂറൻസ്  സ്ഥാപനം മാതൃകയായി പ്രവർ‍ത്തിച്ചു. ഇതു തന്നെ 95ലും പിന്നീട് 2008ലും ആവർ‍ത്തിച്ചു. ഏറ്റവും അവസാനമായി അമേരിക്കയിലെ നൂറ്റാണ്ടുകൾ‍ ചരിത്രമുള്ള Arig തുടങ്ങിയ സ്ഥാപനങ്ങൾ‍ തകർ‍ന്നടിഞ്ഞിട്ടും അത് നമ്മുടെ പൊതുമേഖലയെ ബാധിച്ചില്ല.

ബാങ്കിംഗ് രംഗവും സമാനമായ കഥയാണ് പറയുന്നത്. സ്വകര്യ ബാങ്കുകളെ (14) ഇന്ദിരാഗാന്ധി 1971ൽ‍  ദേശസാൽ‍ക്കരിച്ച നടപടി ഇന്ദിര സർ‍ക്കാരിന്‍റെ ഏറ്റവും നല്ല ജനപക്ഷ സമീപനമായി വില യിരുത്തിവരുന്നു. പിന്നീട് 1981ലും 5 ബാങ്കുകളെയും കൂടി ഏറ്റെടുത്തു. അങ്ങനെ ബാങ്കിംഗ് സേവനങ്ങൾ‍ ഗ്രാമങ്ങളിൽ‍ എത്തി. സാധാരണക്കാർ‍ക്ക് ബാങ്കിംഗ്  സേവനം ലഭ്യമായി. കർ‍ഷകർക്കും മറ്റ് സമാന രംഗത്തുള്ളവർ‍ക്കും വായ്പാ പദ്ധതികൾ‍ നടപ്പിലാക്കി. അടിസ്ഥാന രംഗത്തിന് ഒരു നിശ്ചിത പങ്ക് വായ്പ മാറ്റിവെക്കുവാനും സ്വകാര്യ പണമിടപാടുകാരിൽ‍ നിന്നും കർ‍ഷകരെ രക്ഷിച്ചു നിർ‍ത്തുവാൻ‍ അവസരം ഒരുക്കി. (അതിനെ പ്രയോറിറ്റി ലിസ്റ്റിൽ ൽ‍ ഉൾപ്‍പെടുത്തി). ബാങ്കുകൾ കേവലം സാന്പത്തിക സ്ഥാപനങ്ങൾ‍ എന്നതിൽ‍ നിന്നും സാധാരണക്കാരുടെ സഹായിയായി മാറുവാൻ‍ അവസരം ഉണ്ടായി. എന്നാൽ‍ ഇത്തരം കുതിപ്പുകളിൽ‍ നിന്നെല്ലാം ബാങ്കുകൾ‍  പിറകോട്ടുപോകുവാൻ‍ ആഗോളവൽ‍ക്കരണം അവസരം ഒരുക്കുന്നു.

1995ഓടെ രാജ്യത്ത് ബാങ്കിംഗ് മേഖലയിൽ‍ ഉണ്ടായ പരിവർ‍ത്തനം തികച്ചും ജനവിരുദ്ധമാണ്. കൂടുതൽ‍ വിദേശ പണമിടപാടുസ്ഥാപനങ്ങൾ‍  രംഗത്തെത്തി. അന്നുമുതൽ‍ ബാങ്കിംഗ് രംഗത്ത് പരിഷ്കരണങ്ങൾ‍ കൊണ്ടുവരുവാൻ‍ നിയമിച്ച കമ്മീഷനുകൾ‍ എല്ലാം ബാങ്കുകളെ (ഉദാഹരണമായി നരസിംഹം, രംഗരാജൻ‍) കേവലം പണമിടപാട് സ്ഥാപനങ്ങളായി കാണുവാൻ‍ ശ്രമിച്ചു. ബാങ്ക് സേവനങ്ങൾ‍ക്ക് എല്ലാം ജനങ്ങൾ‍ പണം നൽ‍കണമെന്നായി. ലാഭത്തെ മുന്നിൽ‍ കണ്ടുമാത്രം കാര്യങ്ങൾ‍ പരിഗണിക്കുന്ന നിലപാടുകളിലേക്ക് സ്ഥാപനം മാറിയത് തൊഴിലാളികളുടെ തൊഴിൽ‍ സുരക്ഷിതത്തിനും ഭീക്ഷണിയായി. ന്യൂ ജനറേഷൻ ബാങ്കുകൾ ഊഹമൂലധന കൈമാറ്റം പ്രധാന പ്രവർ‍ത്തനമാക്കി. പുതിയ പേരിൽ‍ തുടങ്ങിയ പല പദ്ധതികളും ജനങ്ങളെ  പറ്റിക്കുന്നവയായി മാറി. സർ‍ക്കാരുകൾ‍ പൊതുമേഖലാ ബാങ്കുകളെ തഴഞ്ഞ് സ്വകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ പങ്കാളികളെ പോലെ പ്രവർ‍ത്തിച്ചു. പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർ‍ത്തനം കാര്യക്ഷമമല്ല എന്ന പ്രചരണം പരക്കെ അഴിച്ചുവിടുവാൻ‍ സർ‍ക്കാരും ആഗോള വൽ‍ക്കരണ വിശാരദന്മാരും രംഗത്തുണ്ട്. യഥാർത്ഥത്തിൽ‍  നമ്മുടെ ദേശിയ ബാങ്കുകളുടെ പ്രവർ‍ത്തനത്തിലെ പോരായ്മകൾ‍ പലതും സർ‍ക്കാർ‍ നിലപാടുകളിൽ‍ നിന്നും ഉണ്ടായതാണ് എന്ന്‍  ഉത്തരവാദിത്തപ്പെട്ടവർ‍ മറക്കുന്നു. ബാങ്കുകൾ‍ ധനകാര്യ സ്ഥാപനങ്ങൾ‍ എന്ന നിലയിൽ‍ സാന്പത്തികരംഗത്തിന്‍റെ നട്ടെല്ലാണ്. അവ സേവനത്തിനൊപ്പം നഷ്ടം ഒഴിവാക്കി പ്രവർ‍ത്തിക്കുവാനും ബാധ്യതയുണ്ട്. ബാങ്കുകളുടെ പ്രധാന ധർ‍മ്മമായ വായ്പകൾ‍ കൊടുക്കലും അതിന്‍റെ തിരിച്ചെടുക്കലും പ്രധാനപ്രവർ‍ത്തനങ്ങൾ‍തന്നെ.ഇന്ത്യൻ‍ ബാങ്കുകളിൽ‍ ഇത്തരത്തിലുള്ള പ്രവർ‍ത്തന രഹിതമായ പണമിടപാടുകൾ‍- (Non performing Assets) ലോക ശരാശരിയിലും നാലിരട്ടി കൂടുതലാണ്.അഴിമതി വ്യപകമായി നിലവിലുള്ള ഇന്ത്യൻ‍ പശ്ചാത്തലത്തിൽ‍ വായ്പകളിലും അതിന്‍റെ വിതരണത്തിലും തെറ്റായ നിലപടുകൾ‍ നിരവധിയാണ്. നാട്ടിൽ‍  കൃഷി തുടങ്ങിയ മുൻ‍ഗണനാ വായ്പാ രംഗങ്ങളിലും വൻ‍കിട കർ‍ഷകരെ മാത്രം സഹായിക്കുന്ന തരത്തിലായിരുന്നു പല പ്രായോഗിക ബാങ്കിംഗ് രീതികളും. എന്നാൽ‍ അതിലെ ജനകീയരാഹിത്യം പരിഹരിക്കുന്നതിന് പകരം, കൃഷി പരന്പരാഗത മേഖല തുടങ്ങിയവയെ ഒഴിവാക്കി വൻ‍കിടക്കാരെയും ഊഹ, ഉപഭോഗ രംഗത്തെയും മുന്നിൽ‍ കണ്ടുകൊണ്ട് ബാങ്കുകൾ‍ അവരുടെ പ്രവർ‍ത്തനങ്ങൾ‍ ചിട്ടപ്പെടുത്തുവാൻ‍ തുടങ്ങി. ബാങ്കുകളിൽ‍ നിന്നും വായ്പ എടുക്കുന്നവരിൽ‍ ബഹു ഭൂരിപക്ഷവും എണ്ണത്തിൽ‍ സാധാരണക്കാരാണെങ്കിലും വൻ‍ വായ്പകൾ‍  എല്ലാം വൻ‍കിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ‍ എടുക്കുന്നു. കഴിഞ്ഞ 10 വർ‍ഷത്തിനിടയിൽ‍ ഇത്തരത്തിലുള്ള ലോണുകളിൽ‍ ഉണ്ടായ വർദ്‍ധനവ് നിരവധി ഇരട്ടിയാണ്. ഇവരിൽ‍ പലരും വായ്പകൾ‍ തിരിച്ചടക്കാതിരിക്കുവാൻ‍ ബോധപൂർ‍വ്വം ശ്രമിക്കുന്ന നിരവധി ഉദാഹരങ്ങൾ‍ നമ്മുടെ ഇടയിലുണ്ട്. വിജയ്‌മല്യ എന്ന മദ്യരാജാവിന് എസ്.ബി.ഐ വിമാനക്കന്പനി നടത്തുവാൻ‍ നൽ‍കിയത് 11,000 കോടി രൂപ. ലോകത്തെ വിമാനയാത്ര വിപണി കഴിഞ്ഞ 20 വർ‍ഷമായി വൻ‍ തകർ‍ച്ചയിൽ‍ ആയിട്ടും എസ്.ബി.ഐ എന്ന നമ്മുടെ പൊതു മേഖലാ സ്ഥാപനം ലോൺ‍ അനുവദിക്കുന്നതിൽ‍ ഒരു തടസ്സവും കണ്ടില്ല. കഴിഞ്ഞ 10 വർ‍ഷത്തിനുള്ളിൽ‍ ലോകത്തെ കോർപ്പറേറ്റുകൾ‍ക്കു പോലും ഞെട്ടൽ‍ ഉണ്ടാക്കി വളർ‍ന്നു വന്ന അദാനി പൊതുമേഖലയിൽ‍ നിന്നും എടുത്ത വായ്പ 50,000 കോടിയിൽ‍ അധികം. അവസാനമായി  വൻ‍ ദുരന്തമായി തീരുവാൻ‍ പോകുന്ന വിഴിഞ്ഞം പദ്ധതിക്കായി ഇയാൾ‍  വഹിക്കേണ്ട 33% മുതൽ‍ മുടക്ക് തുകയും എസ്.ബി.ഐ അനുവദിക്കുവാൻ‍ പോകുന്നത് ഈടില്ലാതെ. റിലയൻസ് കന്പനി 2013ൽ‍ 65,000 കോടി രൂപ ലോൺ‍ എടുത്ത് സ്ഥാപനങ്ങളിൽ‍ മുടക്കിയിരുന്നത് ഇന്ന് 1.5 ലക്ഷം കോടിയായി. തൊഴിലുറപ്പ് പദ്ധതിവിഹിതം കുറച്ചു കൊണ്ടുവരുന്ന സർ‍ക്കാർ‍ തന്നെയാണ് കോർപ്പറേറ്റുകൾ‍ക്ക് വാരികോരി ലോണുകൾ‍ കൊടുക്കുന്നത്. സർ‍ക്കാരിന് പണമില്ലാത്തതിനാൽ‍ 67,000 കോടി രൂപയുടെ പൊതുമേഖലാ ഷെയറുകൾ‍ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന് നമ്മൾ‍ മറക്കരുത്.

ബാങ്കുകളുടെ തിരിച്ചുകിട്ടാ കടങ്ങൾ‍ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം വെച്ച് കേന്ദ്ര സർ‍ക്കാർ‍ Debt Recovery Tribunal നടപ്പിലാക്കി. 1993ൽ‍ നടപ്പിലാക്കിയ   ഈ സംവിധാനത്തിന് കൂടുതൽ‍ ശക്തി നൽ‍കുവാൻ‍ SARFAESI എന്നനിയമം 2002ൽ‍  നടപ്പിലാക്കി. പ്രസ്തുത നിയമം യഥാർ‍ത്ഥത്തിൽ‍ പണം തിരികെ അടക്കാത്ത എല്ലാവർ‍ക്കും ബാധകമാകുന്നതാണ്. കഴിഞ്ഞ വർ‍ഷങ്ങളിൽ‍ സർ‍ക്കാർ‍ എഴുതിത്തള്ളിയ 3.5  ലക്ഷം കോടിയുടെ ബാങ്കുവായ്പകളിൽ‍ 95 ശതമാനവും കോർപ്പറേറ്റുകൾ‍ എടുത്തവ ആയിരുന്നു. പുതിയ നിയമം വ്യക്തമാക്കിയിരിക്കുന്നത് ഒരു  ബാങ്ക് വായ്പ തുടർ‍ച്ചയായി 6 മാസം അടക്കാതിരുന്നാൽ‍ 2 മാസം അടക്കുവാൻ‍ അന്ത്യശാസനം നൽ‍കിയശേഷം അടുത്ത ഒരു മാസത്തിനുള്ളിൽ‍ ജാമ്യ വസ്തു ലേലം ചെയ്തു വായ്പാ തുക തിരിച്ചു പിടിക്കണമെന്നാണ്. കാർ‍ഷിക ഭൂമി ഇത്തരത്തിൽ‍ ജപ്തി ചെയ്യുവാൻ‍ പാടില്ല.എന്നാൽ‍ ഈ നിയമത്തിന്‍റെ  മറവിൽ‍ വ്യാപകമായി സാധാരണക്കാരനെ ലോണിൽ‍ വീഴ്ച വരുത്തിയതിന്‍റെ  മറവിൽ‍ കിടപ്പാടങ്ങളിൽ‍ നിന്നും ഇറക്കി വിട്ട് വീടും വസ്തുകളും വിലകുറച്ച് ചില ഇടനിലക്കാർ‍ സ്വന്തമാക്കുന്ന തട്ടിപ്പുകൾ‍ കേരളത്തിൽ‍ വ്യാപകമായി മാറി ക്കഴിഞ്ഞു. ചെറുകിട വായ്പകൾ‍ ഏറെ എടുത്തിട്ടുള്ള കേരളത്തിൽ‍ ഇതിന്‍റെ ഇരകൾ‍ ഏറെ കൂടുതലാണ്. സ്വാശ്രയ സ്ഥാപനങ്ങളിലെ  പഠനത്തിനായി ലോൺ‍ എടുത്ത കുട്ടികളും അവരുടെ കുടുംബവും വലിയ ജപ്തി നടപടികൾ‍ക്ക് വിധേയമാണ്. സാധാരണക്കാർ‍ കുട്ടികളെ നഴ്സിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ പഠനങ്ങൾ‍ക്ക് ബാങ്കുവായ്പയുടെ തണലിൽ‍ പഠിപ്പിച്ച ശേഷം തൊഴിൽ‍ ലഭിക്കാത്തതിനാലും ലഭിക്കുന്ന തൊഴിലിന് വേണ്ട വേതനം കിട്ടാത്തതിനാലും തുച്ഛമായുള്ള സ്വന്തം സ്ഥാപരവസ്തുക്കൾ‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്  കാര്യങ്ങൾ‍ എത്തിയിരിക്കുന്നു. ബാങ്കുകൾ‍ ജനങ്ങളുടെ രക്ഷകരായി പ്രവർ‍ത്തിച്ച അവസ്ഥയിൽ ‍നിന്നും ജനങ്ങൾ‍ക്ക് ഭീക്ഷണിയായി മാറി എന്നതാണ് വസ്തുത. ബങ്കുകളുടെ നഷ്ടത്തിന് കാരണക്കാരായ  കോർപ്പറേറ്റുകളെ പൂർ‍ണമായും സഹായിക്കുവാൻ‍ ബാങ്കുകളെ തന്നെ സ്വകാര്യവാൽ‍കരിക്കുന്ന തീരുമാനങ്ങൾ‍ സർ‍ക്കാർ‍ നടപ്പിലാക്കുന്നു. ആഗോളവൽ‍ക്കരണ  കാലത്ത് വിദേശ നിർ‍മ്മിത കാറുകളും മറ്റ് ഉപഭോഗ ഉൽ‍പ്പന്നങ്ങളും വാങ്ങുവാൻ‍ തുച്ഛമായ പലിശയിൽ‍ (പലപ്പോഴും പലിശ രഹിതമായി) വായ്പകകൾ‍ കിട്ടുന്പോൾ‍ ജീവന്റെ നിലനിൽപ്പിനായി ഒരു സഹായം നൽ‍കുന്നതിൽ‍ നമ്മുടെ സർ‍ക്കാർ‍ സംവിധാനങ്ങൾ‍ വിമുഖരാണ്. നമ്മുടെ പൊതു മുതലുകൾ‍  കൊള്ളയടിക്കുന്നവർ‍ക്കായി നേതാക്കൾ നിയമങ്ങൾ ഉണ്ടാക്കി രാജ്യത്തെ തന്നെ അവരുടെ സ്വകാര്യ സ്വത്താക്കി മാറ്റുന്നു. നമ്മുടെ ബാങ്കുകളുടെ മുഖ്യ ചുമതല അത്തരത്തിൽ‍ ആയിക്കഴിഞ്ഞു.

 

തയ്യാറാക്കിയത് 

ഇ.പി അനിൽ

epanil@gmail.com

You might also like

Most Viewed