ആത്മബലിയുടെ തണലിൽ ആത്മസുഖം നേടുന്നവർ

ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നമ്മുടെ മാനം കാക്കാൻ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളോട് മല്ലിട്ട് ജീവിക്കുന്ന ഏതാനും സഹോദരങ്ങൾ കഴിഞ്ഞയാഴ്ച്ചയിൽ ഉണ്ടായ ഹിമപാതത്തിൽ ജീവൻ വെടിഞ്ഞു. കോഴയുടെയും അവിശുദ്ധ ജന്മങ്ങളുടെയും വാലിൽ തൂങ്ങാൻ മാത്രമറിയാവുന്ന ദൃശ്യമാധ്യമ ജീവികൾ ഇതിന് അന്ന് വലിയ പ്രാധാന്യമൊന്നും കൊടുത്തില്ല. അവർക്ക് ഈ ദാരുണ സംഭവത്തിൽ റേറ്റിംഗ് കൊയ്ത്ത് ഒന്നും കിട്ടാനിടയില്ലല്ലോ. ഇതിൽ അവരുടെ പ്രേക്ഷകർക്ക് ഇക്കിളിപ്പെടുത്തുന്ന ഒന്നും കിട്ടാനില്ല, കാരണം ഇത് പച്ചയായ ജീവിതത്തിന്റെ ദൈന്യതയാണ്. ഇന്ന് കോഴപ്പണം കൊണ്ട് പഞ്ചനക്ഷത്രജീവിതം പടുത്തുയർത്താനും അവിശുദ്ധ സ്ത്രീജന്മങ്ങളിലൂടെ ഇന്ദ്രിയ സാന്പത്തക സൗഭഗം നുകരാനും മത്സരിക്കുന്ന ലോകം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം അല്ലെങ്കിൽ ദുസ്വാതന്ത്ര്യം ഏതോ മഞ്ഞുകൂനയുടെ അടരുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇവരുടെ ജീവന്റെകൂടി വിലയാണ് എന്ന് ചിന്തിക്കുവാനുള്ള ഉത്തരവാദിത്തവും സഹജബോധവും കൈമോശം വന്നുപോയിട്ട് നാളുകളായല്ലോ!!
ഗ്രീക്ക് മൺപാത്രം ആംഗലേയകവി കീറ്റ്സിനുണ്ടാക്കിയ ചിന്തകൾ ഈ സംഭവം എന്റെ മനസ്സിലും ഉണർത്തി. ആരാലും കീർത്തിക്കപ്പെടാതെ ഒരു ആദരവുകളും കൈപ്പറ്റാതെ ജീവിതത്തിന്റെ പടിവാതിൽ കടന്നുപോയ ഈ ഹതഭാഗ്യർക്കും ഒരു വീടുണ്ടായിരുന്നു, തങ്ങളുടെ തിരിച്ചു വരവ് കാത്തിരുന്ന കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. മകന്റെ വരവ് കാത്തിരുന്ന അച്ഛനമ്മമാരുണ്ടായിരുന്നു. അവർക്കും സാക്ഷാത്കൃതമാവാത്ത ഒരുപിടി സ്വപ്നങ്ങളുണ്ടായിരുന്നു. ആ കുടുംബങ്ങളുടെ ഭാവിക്കും സ്വപ്നങ്ങൾക്കും മേലാണ് മഞ്ഞുമല അടർന്നു പതിച്ചത്. അനുഭവിക്കുന്നവർക്കെ അതിന്റെ ദൈന്യത മനസ്സിലാവൂ. ആ പത്തു പേരിലെ മലയാളി ആയ സുധീഷിന്റെ ഇനിയും വിദ്യാഭ്യാസകാലം പൂർത്തിയാക്കിയിട്ടില്ലാത്ത ഭാര്യ ഒരു കുഞ്ഞിനു ജന്മം കൊടുത്തിട്ടു കേവലം നാല് മാസമേ ആയുള്ളൂ. കുഞ്ഞിനെ കാണാനായി മാർച്ചിൽ വരാനിരിക്കുകയായിരുന്നു സുധീഷ്. അയാൾ ഏറ്റെടുത്ത നാടിനോടുള്ള കടമ ഒരു പിഞ്ചു കുഞ്ഞിന് അച്ഛന്റെ പരിലാളനകൾ ഏറ്റുവാങ്ങാനുള്ള ഭാഗ്യമില്ലാതാക്കി, യുവതിയായ ഭാര്യയെ വിധവയാക്കി. ഏതൊക്കെയോ സ്വപ്നഗോപുരങ്ങൾ തച്ചുടച്ച് ഏതോ മഞ്ഞുപാളികൾക്കടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഓരോ വീരജവാനും ഇതുപോലെ ഓരോ കഥകൾ കണ്ടേക്കാം. അവർ അനാഥമാക്കിയ കുടുംബങ്ങൾക്ക് ആ മുഖങ്ങൾ ഇനി ഒരുനോക്കെങ്കിലും കാണാൻ സാധിക്കുമോ എന്നറിയില്ല. അതി ദുർഘടമായ മഞ്ഞുമലകൾക്കിടയിലെ മൃതശരീരങ്ങൾക്കായുള്ള തിരച്ചിൽ തുടരുന്നതെയുള്ളൂ.
മധ്യ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ഏറ്റവും വിലയില്ലാത്ത വസ്തു മനുഷ്യനാണ്. അവന്റെ ജീവന് ഒരു പാറ്റയുടെ വില പോലുമില്ല. യഥാർത്ഥത്തിൽ അവിടെ പരസ്പ്പരം ഏറ്റുമുട്ടുന്ന മനുഷ്യർ എതിർചേരിയിലുള്ളവരെ പാറ്റകൾ എന്ന് തന്നെ സംബോധന ചെയ്യുകയും അതേപോലെ കൊന്നൊടുക്കുകയും ചെയ്യുന്നു.ചെറിയ കുട്ടികൾപോലും മാരകശക്തിയുള്ള തോക്കുമായിനിന്ന് കൃമികീടങ്ങളെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യനെ ഹനിക്കുന്നു.മഞ്ഞിലും മഴയിലും എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സാഹസികമായി നിന്ന് അതിർത്തി കാക്കുന്നവരാൽ സംരക്ഷിതമാവുന്ന നമ്മുടെ സ്വാതന്ത്ര്യം തെരുവുകളിൽ ചോരപ്പുഴ ഒഴുക്കുന്നവരും ജീവന് പാറ്റയുടെ വിലകൽപ്പിക്കുന്നവരുമായ അധമരുടെ വിളയാട്ടത്തിന് ഇന്ന് വ്യാപകമായി വിട്ടുകൊടുക്കപ്പെടുകയാണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ആഴച്ചകളിൽ സംഭവിച്ച ചില സംഭവങ്ങൾ വളരെ സന്പന്നമായിക്കണ്ടിരുന്ന നമ്മുടെ നാടിന്റെ സംസ്ക്കാരം മേല്പ്പറഞ്ഞ ആഫ്രിക്കൻ വ്യവസ്ഥയിലേക്ക് അതിവേഗം പോകുന്നുവെന്ന ശക്തമായ ചൂണ്ടുപലകയാണ്. പട്ടാപ്പകൽ ഇരുപത്താറുകാരിയായ ഒരു യുവതിയെ നഗരത്തിൽ നടുറോഡിൽ കൊന്നിട്ടിരുന്നു. അതുപോലെ ആരാലും സ്നേഹിക്കപ്പെട്ടിരുന്ന ഷബീർ എന്ന ചെറുപ്പക്കാരനെ വളരെ നിസ്സാരമായ ഒരു തർക്കത്തിന്റെ പേരിൽ പട്ടാപ്പകൽ നടുറോഡിലിട്ട് ക്രൂരമായി അടിച്ചു കൊല്ലുന്നതിന്റെ ദൃശ്യം കാണേണ്ട ദുര്യോഗവുമുണ്ടായി. അതേ ദിവസംതന്നെ ഓട്ടോ ഡ്രൈവർ വിനോദ് തെരുവിൽ കുത്തേറ്റു മരിച്ചു. തെരുവുകളിൽ നിയമം കയ്യിലെടുത്ത് അമ്മാനമാടുന്നവർ ശിക്ഷയെ ഭയമില്ലാത്തവരാണ്. കുറച്ചുകാലം ജനത്തിന്റെ നികുതിപ്പണം കൊണ്ട് ഒരു ജോലിയും ചെയ്യാതെ തിന്നുകൊണ്ട് ജീവിക്കുക എന്നത് അത്ര ഗൗരവമായി അവരാരും കാണുന്നില്ല. അൽപ്പം രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ സ്മാർട്ട് ഫോൺ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്യാം, സുഖചികിത്സ പോലൊരു സുഖതടവ്.
ഒരു സ്റ്റോർ മാനേജരെ കൊന്ന് പണാപഹരണം നടത്തിയതിനു മുപ്പത്തേഴു വർഷത്തെ എകാന്ത തടവിനു ശേഷം കഴിഞ്ഞ ദിവസം വിഷം കുത്തിെവച്ചുള്ള വധശിക്ഷ ഏറ്റുവാങ്ങിയ എഴുപത്തിമൂന്നുകാരനായ ബ്രണ്ടൻ ജോൺസ് എന്ന അമേരിക്കൻ പൗരൻ നിർഭാഗ്യവാനായതിനാൽ അമേരിക്കയിൽ ജനിച്ചവനാണ്. ഇന്ത്യയിൽ ആയിരുന്നെങ്കിൽ അയാൾ ഒരുപക്ഷെ ഒരു പാർലമെന്റ് അംഗമെങ്കിലും ആയേനെ... സാമൂഹ്യ സുരക്ഷയെപ്പറ്റി രണ്ടു രാജ്യങ്ങൾക്കുള്ള കാഴ്ച്ചപ്പാട്!!