നമുക്ക് ഉരച്ചുകൊണ്ടേയിരിക്കാം

“സാധാരണ രാവിലെ വരുന്നതാണ്. രാത്രിയും കണ്ടില്ല. എന്താഇപ്പോ ഇങ്ങിനെ... കൈയിലുള്ള മൊബൈൽ ഫോണിലേയ്ക്ക് കണ്ണുനട്ടിരുന്നു കണ്ണും വേദനിക്കുന്നു. കാര്യം ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഞങ്ങൾ തമ്മിൽ നല്ല ബന്ധമാ... അതാ ഒരു വിഷമം...എന്ത് പറ്റി ആവോ...”
മുകളിലെ ചിന്തകൾ ന്യൂജനറേഷൻ കാലത്ത് നമ്മളിൽ മിക്കവർക്കും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഒരു പരിചയവുമില്ലെങ്കിൽ പോലും രാവിലെ ഗുഡ്മോണിങ്ങ് സന്ദേശങ്ങളും, രാത്രി സ്വീറ്റ് ഡ്രീംസും മുടങ്ങാതെ ആശംസിക്കുന്ന വാട്സാപ്പ് സുഹൃത്തുക്കൾ നമുക്കൊക്കെയുണ്ടാകും. അവരുടെ കൈയിൽ നിന്ന് ഒരു ദിവസമെങ്കിലും സന്ദേശങ്ങൾ ലഭിക്കാതായാൽ മുകളിൽ സൂചിപ്പിച്ചത് പോലെ വല്ലാതെ വേവലാതിപ്പെടുന്നവരുടെ, രക്തസമ്മർദ്ദം കൂടുന്നവരുടെ എണ്ണം നമ്മുടെ ഇടയിൽ വർദ്ധിക്കുന്നുണ്ടെന്ന ഒരു റിപ്പോർട്ട് ഇതിനിടെ കാണാനിടയായതാണ് ഈ ഒരു കുറിപ്പിന് ആധാരം.
സോഷ്യൽ മീഡിയകൾ സജീവമാകുന്നതിന് മുന്പ് നമ്മളിൽ പലരുടെയും ജോലി മേശ ഏകദേശം ഈ ചിത്രം പോലെയായിരുന്നു. കാലം മാറിയപ്പോൾ സാങ്കേതിക സൗകര്യങ്ങൾ വർദ്ധിച്ചതോടെ നമ്മുടെയുള്ളിലെ മനുഷ്യൻ നഷ്ടമായെന്ന് പറഞ്ഞ് വിലപിച്ചത് കൊണ്ട് ഇനി കാര്യമൊന്നുമില്ലെങ്കിലും അത് നമ്മുടെ ഇടയിലെ പരസ്പര ബന്ധങ്ങളെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഇന്ന് ദന്പതിമാർ പോലും പരസ്പരം ഒന്ന് ചെറുതായി വഴക്കിട്ടാൽ അത് സോഷ്യൽ മീഡിയ വഴി നാട്ടുകാർ മൊത്തമറിയുന്ന വല്ലാത്തൊരു അവസ്ഥയാണ് നിലനിൽക്കുന്നത്. യഥാർത്ഥമായ ഒരുലോകം പതിയെ പതിയെ നമ്മുടെ ഈ തലമുറയ്ക്ക് നഷ്ടമായികൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് എന്റെ തോന്നൽ. അതിനുദാഹരണമാണ് ഇൻസ്റ്റാഗ്രാമിൽ തൊട്ടാവാടിയുടെ ചിത്രത്തിന് നൂറ് കണക്കിന് ലൈക്ക് ലഭിക്കുന്പോൾ ലൈക്ക് അടിച്ചവരുടെ കാലിനടിയിൽ തന്നെ ധാരാളം തൊട്ടാവാടികൾ ഞെരിഞ്ഞ് ഇല്ലാതാക്കുന്നത്.
നമ്മുെട നാടിന്റെ ചുവരെഴുത്തുകളായി സോഷ്യൽ മീഡിയ ഫോറങ്ങൾ മാറിയിട്ട് കാലം കുറച്ചായി. ഇപ്പോഴത് പലരുടയെും തലേലെഴുത്ത് വരെ മാറ്റി കൊണ്ടിരിക്കുകയാണ്. സർഗാത്മകമായ സംവാദങ്ങൾ നടക്കുന്നതിനോടൊപ്പം തന്നെ പലർക്കും തലയിൽ മുണ്ടിട്ട് പുറത്തിറങ്ങേണ്ട സാഹചര്യവും ഇത്തരം വേദികൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്. എന്ത് ചെയ്താലും കളിയായും കാര്യമായും ഈ ചുമരുകളിൽ നമ്മൾ രേഖപ്പെടുത്തുന്നു. ഹൃദയം പങ്ക് വെച്ചിരുന്നവരോട് മാത്രം പറഞ്ഞിരുന്ന രഹസ്യങ്ങൾ ഹൃദയമില്ലാത്തവരോട് പോലും തുറന്ന് പറയുന്നു. വിപ്ലവവും, ഭക്തിയും ഒരു പോലെസമ്മേളിക്കുന്ന ഇടങ്ങളായി ഇവ മാറുന്നു. മാന്യതയുടെ എല്ലാ അതിർവരന്പുകളും ലംഘിച്ചു കൊണ്ട് കമന്റുകളും, അതിനുള്ള നൂറ് കണക്കിന് ലൈക്കുകളും പിന്നെ അതൊക്കെ ഷെയർ ചെയ്യുന്നതും നമ്മുടെ ഇടയിൽ സജീവം. ആരോരുമറിയാതെ സ്നേഹിക്കുന്നവരെ പോലും വഞ്ചിക്കുവാൻ ഇത്തരം പ്ളാറ്റ്ഫോമുകൾ പലരെയും സഹായിക്കുന്നു. ഇതൊക്കെ കാണുന്പോൾ നമ്മളൊക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ മുങ്ങി നീരാടുന്ന മാനസിക രോഗികളായി മാറുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. മൂന്നര കോടി കേരളീയരിൽ 70 ശതമാനത്തിലധികം പേരാണത്രെ ഇന്ന് സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകളിൽ അംഗത്വമുള്ളവർ.
അശ്ലീലം കലർന്ന വാട്സ് ആപ്പ് കോമഡികളും, പ്രശസ്തരുടെ മുതൽ സ്വന്തം അയൽവാസിയുടെ വരെയുള്ള ചൂടൻ എക്സ്ക്ലൂസീവ് വീഡിയോകളും അടക്കം നമ്മുടെ കൈപ്പിടിയിൽ ഓരോ നിമിഷവും ഇന്ന് ഞെരിപെരികൊള്ളുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 450 പേരോളമാണ് ഇങ്ങിനെ ആത്മഹത്യ ചെയ്തത്. മുന്പൊക്കെ ഊമകത്തുകളായിരുന്നു നമ്മുടെ നാട്ടിലെ സമാധാനം കെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ വ്യാജൻമാരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. പരസ്പരം വിദ്വേഷം നിറച്ച് അവർ മനസ്സുകളിൽ വിഷം കുത്തിവെയ്ക്കുന്നു.
പ്രായമായ സ്വന്തം അച്ഛനെയോ അമ്മയെയോ സ്പർശിക്കാൻ അറപ്പ് കാണിക്കുന്ന ഒരു സമൂഹത്തിൽ ടച്ച് എന്നത് തന്റെ മൊബൈലിന്റെ കണ്ണാടി സ്ക്രീനിൽ മാത്രമായി ഒതുങ്ങുന്നു. അതിൽ വെറ്റിലയ്ക്ക് നൂറ് തേക്കുന്നത് പോലെ വിരലുകൾ തേയുന്നത് വരേക്കും നമുക്ക് ഉറച്ചുകൊണ്ടേയിരിക്കാം. അതിനിടയിൽ എപ്പോഴെങ്കിലും ഈ കാലവും മാറുമായിരിക്കാം.. ല്ലേ... !!
വാൽകഷ്ണം: അൽപ്പനേരം മുന്പ് എന്റെ വാട്സാപ്പിൽ വന്നൊരു ചിന്ത പങ്കുവെക്കട്ടെ. സ്മാർട്ട് ഫോൺ കഴിഞ്ഞ ദിവസം കേട് വന്നു. വേറെ പണിയില്ലാത്തതിനാൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. എല്ലാവരും നല്ല മനുഷ്യരാണ്. പെങ്ങളെ ആദ്യം മനസ്സിലായില്ല. അമ്മയാണ് പരിചയപ്പെടുത്തിയത്. അനിയൻ വിദേശത്ത് പോയത്രെ. അച്ഛനാണെന്ന് പറഞ്ഞ് ഒരാൾ കോലായിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ കൂടുതൽ അടുക്കാൻ പോയില്ല. എന്തായാലും നല്ല അനുഭവമായിരുന്നു. ഫോൺ നാളെ കിട്ടും...