വേരറ്റവരുടെ സിറിയ


വി. ആർ. സത്യദേവ്

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പൊതുവേ ഇതു തണപ്പുകാലമാണ്. സൗദിയിലും കുവൈത്തിലുമൊക്കെ താപനില വെള്ളം തണുത്തുറയുന്ന അവസ്ഥയിലെത്തി. തൊട്ടപ്പുറത്തുള്ള സിറിയയിലും കാര്യങ്ങൾ അങ്ങനെയൊക്കെത്തന്നെയാണ്. തണുപ്പെത്തിയതോടെ, അതുവരെ മടക്കി ഭദ്രമായി സൂക്ഷിച്ച കന്പിളി വസ്ത്രങ്ങളുടെ സുരക്ഷിതത്വത്തിൽ കൂടുതൽ സുന്ദരന്മാരും സുന്ദരികളുമൊക്കെയാവുന്നു നമ്മൾ. അതൊരു രസം തന്നെയാണ്. എന്നാൽ അതിർത്തികൾക്കനുസരിച്ച് ആ തണുപ്പിന്റെ ആസ്വാദ്യതയ്ക്കുമുണ്ട് വ്യത്യാസം.

സിറിയയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ആലപ്പോയിലും പരിസര നഗരങ്ങളിലുമുള്ള ആയിരങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ദുരിത ജീവിതങ്ങൾക്കുമേൽ കനത്ത ആഘാതമാവുകയാണ് ഈ തണുപ്പ്. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യത്തിനു കന്പിളി വസ്ത്രങ്ങളില്ലാതെ കുഞ്ഞുങ്ങളെ മാറോടു ചേർത്തു ചൂടുപകരുകയാണ് അവരിൽ ചിലർ. മരം കോച്ചുന്ന  തണുപ്പിനെതിരെ  തികച്ചും ദുർബ്ബലമായൊരു പ്രതിരോധം. 

പ്രതാപകാലത്ത് സിറിയയുടെ വ്യവസായ തലസ്ഥാനമായിരുന്നു ആലപ്പോ. പതിനായിരങ്ങൾക്കു തൊഴിലൊരുക്കിയ ഇടം. സാന്പത്തിക സമൃദ്ധിയുടെ ഇടം. എന്നാലിന്ന് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുന്നു. ആലപ്പോയുടെ പ്രതാപം പഴങ്കഥയാണ്. ആകുലതയാണ് ഇന്നീ നഗരത്തിന്റെ മുഖമുദ്രയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതു തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 2012 ൽ അൽ നുസ്ര സംഘടന നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ ആലപ്പോയുടെ ദുരിതപർവ്വം പുതിയ വഴിത്തിരിവിലെത്തി. തീവ്രവാദ സംഘടനയായ അൽ ഖ്വയിദയുടെ സിറിയൻ ഘടകമാണ് അൽ നുസ്ര. ഇപ്പോൾ അവർക്കെതിരായി സിറിയൻ സൈന്യം നടത്തുന്ന മുന്നേറ്റം പുരോഗമിക്കുന്നതോടെ സ്ഥിതിഗതികൾ വീണ്ടും വഷളാകുന്നു. 

ആലപ്പോയുടെ നിയന്ത്രണം കയ്യടക്കുന്ന കാര്യത്തിൽ അതീവ നിർണ്ണായകമാണ് അടുത്തുള്ള നബൂൽ, സഹ്ര നഗരങ്ങൾ. ഇവ രണ്ടും സിറിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. 

ആലപ്പോ കീഴടക്കാൻ സിറിയൻ സൈന്യം കഴിഞ്ഞ കൊല്ലം നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. തീവ്രവാദികളുടെ അവശ്യ സാധന ലഭ്യത ഇല്ലാതാക്കാൻ അന്നു സൈന്യത്തിനു കഴിഞ്ഞിരുന്നില്ല. എന്നാലിത്തവണ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്ഥമാണ്. സിറിയൻ സൈന്യത്തിനു സുരക്ഷിതമായി മുന്നേറാൻ ഇത്തവണ റഷ്യയുടെ അതിശക്തമായ വ്യോമാക്രമണത്തിന്റെ പിൻബലമുണ്ട്. സപ്ലൈ ചെയിൻ അഥവാ അവശ്യ സാധന ലഭ്യതക്കുള്ള ശൃംഘലകൾ പുനസ്ഥാപിക്കുന്നതിൽ നിന്നും  റഷ്യയുടെ കനത്ത വ്യോമാക്രമണം തീവ്രവാദികളെ തടയുന്നു. വ്യോമാക്രമണത്തെ അതിജീവിച്ച് ആലപ്പോയിലേക്കുള്ള അടഞ്ഞ വഴി തുറക്കാൻ ആവും വിധമെല്ലാം താവ്രവാദികൾ ശ്രമം തുടരുകയാണ്. അതിനുള്ള നീക്കങ്ങൾ അവരും ഊർജ്ജിതമായി ആരംഭിച്ചു കഴിഞ്ഞു. ഈ നീക്കങ്ങൾക്കെല്ലാമിടയിൽ യഥാർത്ഥത്തിൽ ജീവിതം വഴി മുട്ടിയത് സാധാരണക്കാർക്കാണ്. അവരുടെ ജീവിതം  നരകസമാനമാണ്

വൈദ്യുതിയും വെള്ളവുമില്ലാത്ത ഒരു ഫ്ളാറ്റിൽ സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ മാർഗ്ഗമാരാഞ്ഞിരിക്കുകയാണ് ഒരു യുവ മാതാവ്. തണുപ്പിനെ ആട്ടിയകറ്റാൻ ആവശ്യത്തിനു വസ്ത്രങ്ങളില്ല. മുറി ഒന്നു ചൂടാക്കാൻ ഗ്യാസ് സപ്ലൈയുമില്ല. അതിനുമപ്പുറമാണ് പലതവണയായി കെട്ടിടത്തിനു നേരേ നടന്ന ബോംബിംഗ് സൃഷ്ടിച്ച ദ്വാരങ്ങളിലൂടെ വീശിയടിച്ചെത്തുന്ന തണുത്ത കാറ്റിന്റെ ശല്യം. അലപ്പോയ്ക്കടുത്ത ഒരു നഗരത്തിൽ നിന്നുള്ള ദ‍ൃശ്യമാണിത്. ഇതു പക്ഷേ ഒരു ഒറ്റപ്പെട്ട കാഴ്ചയാവില്ല. അഞ്ചു വർഷമായിത്തുടരുന്ന ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സ്വന്തം താമസസ്ഥലങ്ങളുപേക്ഷിച്ച്  പോവാൻ നിർബന്ധിതമായത് ജന ലക്ഷങ്ങളാണ്. അവരിൽ വലിയൊരു വിഭാഗം സ്വന്തം സന്പത്തും ധൈര്യവും ഒക്കെയുപയോഗിച്ച് യൂറോപ്പടക്കം ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് ചേക്കേറുകയോ അതിനുള്ള ശ്രമം ആരംഭിക്കുകയോ ഒക്കെചെയ്തു. അതിലും വലിയൊരു വിഭാഗം രാജ്യത്തു തന്നെ ഒരിടത്തു നിന്നും മറ്റിടങ്ങളിലേക്കു നിരന്തരം മാറി മാറിത്താമസിക്കേണ്ട ഗതികേടിലാണ്. അക്ഷരാർത്ഥത്തിൽ അവരിപ്പോൾ നാടോടികളായിരിക്കുന്നു. ഗതികേടിന്റെ പരകോടിയിലുള്ള വേരറ്റ ജനത. 

ഐക്യരാഷ്ട്ര സഭയുടെ കണക്കുകളനുസരിച്ച് 5 ലക്ഷത്തിനടുത്താണ് ഇത്തരക്കാരുടെ എണ്ണം. ഇവരുടെ ജീവിതങ്ങൾ അപ്പാടെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ആവശ്യത്തിന് ആഹാരമില്ല. പണമില്ല, ജോലിക്കും വിദ്യാഭ്യാസത്തിനും ആവശ്യമായ സൗകര്യങ്ങളില്ല. കഴിഞ്ഞ 5 കൊല്ലത്തിനിടെ ആഭ്യന്തര പ്രശ്നമൊന്നുകൊണ്ടു മാത്രം രാജ്യത്ത് അടച്ചു പോയത് അയ്യായിരത്തിനടുത്തു സ്കൂളുകളാണ്. അവയിലേറെയും അഭയാർത്ഥി കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിരിക്കുന്നു. ഒരിടത്തു നിന്നും ഇനിയൊരിടത്തേക്ക് അലഞ്ഞുകൊണ്ടിരിക്കുന്ന ജനങ്ങളാണ് ഇത്തരം അഭയാർത്ഥികേന്ദ്രങ്ങളിൽ ചേക്കേറുന്നത്. അടുത്തെങ്ങാനും ഒരു ജോലിയും താമസസ്ഥലവുമൊക്കെ കണ്ടെത്തും വരെ ഈ സ്കൂളുകൾ അവർക്ക് ഇടത്താവളമാകുന്നു. താമസത്തിനൊപ്പം ഭക്ഷണവും മരുന്നുമൊക്കെ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നു.  എന്നാൽ കുറേക്കൂടി ഉൾ നഗരങ്ങളിൽ പലതിലും ജല ദൗർലഭ്യതയാണ് ഏറ്റവും വലിയ പ്രശ്നം. പലയിടങ്ങളിലും എട്ടു ദിവസത്തിലൊരിക്കൽ എന്ന ക്രമത്തിലാണ് ജലവിതരണം നടക്കുന്നത്. 

അടുത്ത ലോക യുദ്ധം വെള്ളത്തിൻെറ പേരിലായിരിക്കും സംഭവിക്കും എന്നൊരു പ്രവചനമുണ്ട്. സിറിയയിലെ ജനത പലയിടങ്ങളിലും വെള്ളത്തിനായി പോരാടേണ്ട അവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ അവർ സമരോൽസുകരല്ല. അധികാരികളും എതിരാളികളുമായി കനത്ത പോരാട്ടം തുടരുന്പോൾ അവരെ പരിപാലിക്കാൻ ആരുമില്ല എന്ന അവസ്ഥ. ഐ.എസ്സാവട്ടെ മേഖലയിലെ ആധിപത്യത്തിനായി നടത്തുന്ന യുദ്ധത്തിൽ ജലത്തെയും ഒരു ആയുധമായിത്തെന്നെ ഉപയോഗിക്കുന്നു എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇറാഖിലെ യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെയും അവയുമായി വന്ധപ്പെട്ട ആറ് അണക്കെട്ടുകളുടെയും നിയന്ത്രണം ഐ.എസ്സിനാണ്. തങ്ങൾക്കു നിയന്ത്രണമുള്ളിടങ്ങളിലേക്ക് ശത്രു സേനകൾ മാർച്ചു ചെയ്യുന്നതു തടയാൻ അവർ വെള്ളത്തെ ബുദ്ധിപരമായി ഉപയോഗിക്കുന്നു. സേന കടന്നു വരാൻ സാധ്യതയുള്ളിടങ്ങളിലൊന്നും വെള്ളമെത്തില്ലെന്നുറപ്പാക്കിക്കൊണ്ടാണ് തീവ്രവാദികൾ ഇതു സാധിക്കുന്നത്. ജല വിതരണ പൈപ്പുകൾ വരെ തകർക്കുന്നതോടേ ആ പ്രദേശങ്ങളിലുള്ളവരുടെയൊക്ക വെള്ളംകുടി മുട്ടുന്നു. ആവശ്യത്തിനു സന്പത്തുണ്ടായിരുന്നെങ്കിൽ തങ്ങളും അതിർത്തി താണ്ടി മറ്റേതെങ്കിലും രാജ്യങ്ങലിലേക്ക് കുടിയേറിയേനെയെന്നാണ് ഇവരിൽ ചിലരുടെ പക്ഷം. 

അഭയാർത്ഥി കേന്ദ്രങ്ങളിൽ നിന്നും ഇവരിൽ വലിയൊരു വിഭാഗം എത്തിപ്പെടുന്നത് തുർക്കി അതിർത്തിയിലേക്കാണ്. തുർക്കിയിൽ നിന്നും മദ്ധ്യതരണിയാഴി താണ്ടി ഏതെങ്കിലും യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കും. ആലപ്പോ നഗരത്തിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള സൈനിക നീക്കത്തെത്തുടർന്ന് ഇത്തരത്തിൽ തുർക്കി അതിർത്തിയിലേക്കുള്ള അഭയാർത്ഥിപ്രവാഹം വീണ്ടും ശക്തമായിരിക്കുന്നു. വർഷങ്ങളായി അതിർത്തിയിലെത്തിയ എല്ലാവരെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ച തുർക്കി ഇത്തവണ അഭയാർത്തി പ്രവാഹത്തെ സ്വന്തമതിർത്തിയിൽ തടഞ്ഞിരിക്കുന്നു. അതിർത്തി പ്രവശ്യയായ കിള്ളിസിൽ 35000 അഭയാർത്ഥികളാണ് തുർക്കിയുടെ കാരുണ്യത്തിനു കാത്തു കിടക്കുന്നത്. ലക്ഷക്കണക്കിന് സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ടങ്കിലും ഇപ്പോൾ കൂടുതലാൾക്കാരേ സ്വീകരിക്കണമോയെന്നകാര്യം ആലോചിച്ചേ തീരുമാനിക്കൂവെന്നാണ് കിള്ളിസ് ഗവർണർ സുലൈമാൻ ടാപ്സിസ് പറയുന്നത്.  അഭയാർത്ഥി പ്രശ്നത്തിൽ മറ്റു രാജ്യങ്ങൾ ഹൃദയ വിശാലത പുലർത്തണമെന്ന് ഐക്യ രാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അഭ്യർത്ഥിച്ചു കഴിഞ്ഞു. അഞ്ചു വർഷത്തിനിടെ  25 ലക്ഷം സിറിയൻ അഭയാർത്ഥികൾ തുർക്കിയുടെ അതിർത്തി താണ്ടിയെന്നാണ് കണക്ക്.  ഇതിനായി 60 അംഗ സിറിയ സഹായ സംഘം ലക്ഷക്കണക്കിനു യൂറോ തുർക്കിക്കു ധനസഹായവും നൽകിക്കഴിഞ്ഞു. കൂടുതലഭയാർത്ഥികളെത്തുന്നതിനോട് തുർക്കി ഇപ്പോൾ പ്രകടിപ്പിക്കുന്ന എതിർപ്പിന് ഒരുപാടു കാരണങ്ങളുണ്ട്. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അവർക്ക് അവകാശവുമുണ്ട്. 

പ്രതീക്ഷകളേറെയുയർത്തിയ സിറിയൻ പ്രശ്ന പരിഹാര ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ തങ്ങൾ മാത്രം അമിത താൽപ്പര്യമെടുക്കുന്നത് അർത്ഥശൂന്യമാണെന്ന് തുർക്കി നിലപാടെടുത്താലും തെറ്റു പറയാനാവില്ല. 

യു.എന്നിന്റെ നേതൃത്വത്തിൽ അടുത്തിടെ നടന്ന സമാധാന നീക്കം പരാജയപ്പെട്ടതിന് പരസ്പരം കുറ്റപ്പെടുത്തുന്ന തിരക്കിലാണ് സർവ്വരും. ചർച്ച മുന്നോട്ടു പോകുന്നതിനിടയിലും ആലപ്പോയിൽ റഷ്യ നടത്തിയ വ്യോമാക്രമണമാണ് ചർച്ചകളുടെ പരാജയത്തിനു കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അതേസമയം ഖത്തറും തുർക്കിയും സൗദിയുമൊക്കെയാണ് ചർച്ചയുടെ വഴിമുടക്കിയതെന്ന് സിറിയയിലെ അസദ് പക്ഷം വിലയിരുത്തുന്നു. കാര്യമെന്തു തന്നയായാലും ഐ.എസ് അടക്കമുള്ള തീവ്രവാദികൾക്കെതിരായ ആക്രമണത്തിൽ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്നതാണ് റഷ്യയുടെ നിലപാട്. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമോ അതോ ഐ.എസ്സിന്റെ ശക്തി ക്ഷയിപ്പിക്കുമോ എന്നൊക്കെ കണ്ടു തന്നെയറിയണം. സിറിയയിൽ സ്വന്തം സൈനിക താവളമുള്ള ഏക വൻശക്തിയാണ് റഷ്യ. ഒപ്പം സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിന്റെ ചിരകാല സുഹൃത്തും. അസദിനെ അധികാരത്തിൽ തുടരാൻ സഹായിക്കുന്ന ഏറ്റവും പ്രധാനഘടകം ഇപ്പോൾ റഷ്യ തന്നെയാണ്. ഇക്കാര്യത്തിൽ റഷ്യയുടേതിനു കടക വിരുദ്ധമായ നിലപാടുള്ള അമേരിക്ക ഇതുവരെ പ്രശ്നത്തിൽ റഷ്യക്കെതിരേ തിരിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സിറിയയെ അമേരിക്ക റഷ്യക്ക് അടിയറവെച്ചു എന്ന ആരോപണമുയർന്നത് ഈ സാഹചര്യത്തിലാണ്. ഇനിയൊരു ലോക യുദ്ധത്തിന് താൽപ്പര്യമില്ലെന്ന േസ്റ്ററ്റ് സെക്രട്ടറി ജോൺ കെറിയുടെ നിലപാടാണ് തങ്ങളുടെ സംയമനത്തിനു കാരണമെന്ന് അമേരിക്ക വ്യക്തമാക്കുന്നു. 

സിറിയൻ പ്രശ്ന പരിഹാരത്തിനായുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയം 2254 നിലവിലുണ്ടായിട്ടും അതിന്റെ ഗുണഫലങ്ങളൊന്നും ആ രാജ്യത്തുണ്ടാവുന്നില്ല. അതെങ്ങനെ സാധിക്കുമെന്നുള്ളതിനുള്ള കൃത്യമായ പദ്ധതിയോ തീരുമാനം നടപ്പാക്കാനുള്ള  ശക്തിയോ ഇല്ല എന്നതാണു വെളിവാകുന്ന വാസ്തവം. പക്ഷേ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. ജനീവയിൽ മുടങ്ങിയ സമാധാന ചർച്ചകൾ അടുത്തയാഴ്ച പുനരാരംഭിക്കാൻ നേരിയ സാദ്ധ്യത തെളിയുന്നുണ്ട്. എന്നാലതൊക്കെ എവിടെയെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. അതിനൊക്കെ ഇനിയും ഏറെ സമയവുമെടുക്കും. പ്രശ്നം പരിഹരിക്കും വരെ രാജ്യത്തിനകത്തും പുറത്തും പലയാന പർവ്വം തുടരുന്ന  ഒരുപാടു പാവങ്ങളുടെ ഗതി അതീവ പരിതാപകരമായി തുടരുമെന്നുറപ്പ്. മനുഷ്യന്റെ അധികാരക്കൊതിയും പ്രകൃതിയും ഒരേപോലെ ജീവിതം ദുസ്സഹമാക്കുന്നവർക്ക് വിധിയെപ്പഴിക്കുകയല്ലാതെ വേറേ വഴിയില്ല.

You might also like

Most Viewed