ഷാനും മറ്റു ചിലരും


ഇന്ത്യ ടുഡേ മുൻ പത്രാധിപ സമിതിയംഗവും സംഗീതജ്ഞനും സുഹൃത്തുമായ രാജേന്ദ്ര ബാബുവെന്ന ബാബുവേട്ടൻ്റെ ഫേസ്ബുക് പോസ്റ്റിൽ നിന്നായിരുന്നു ഷാനിന്റെ മരണ വാർത്തയറിഞ്ഞത്. ബാബുവേട്ടൻ ഷാനിന്റെ ചിരകാല കുടുംബ സുഹൃത്താണ്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ജോൺസൺ മാഷിന്റെ പുത്രിയായ ഷാനെ കയ്യിലെടുത്തു ലാളിച്ചതു തൊട്ടിങ്ങോട്ടുള്ള ഓർമ്മകളുണ്ട് ബാബുവേട്ടന്. ചെന്നൈയിലെ രാമപുരം, കെ.കെ നഗർ വാസകാലത്ത് ഇടയ്ക്കെപ്പോഴൊക്കെയൊ കണ്ടുള്ള പരിചയം മാത്രമാണ് ആ കുടുംബത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. വ്യക്തിപരമായി അത്ര അടുപ്പമൊന്നുമില്ലെങ്കിലും ഷാനിന്റെ വേർപാട് നെഞ്ചിൽ നൊന്പരമാകുന്നു. ജോൺസൺ മാഷിനോടുള്ള ഇഷ്ടം മാത്രമല്ല അതിനു കാരണം. വിധി ഇങ്ങനെയൊക്കെയാകാമോ എന്ന സങ്കടകരമായ സംശയത്തിന് അകാലത്തിലുള്ള ഈ വേർപാട് കാരണമാകുന്നു.

2011 ലെ ഒരു ഓഗസ്റ്റ് മാസത്തിലായിരുന്നു ഭൂമിമലയാളത്തിന് ഒരുപാടു നല്ല പാട്ടുകൾ സമ്മാനിച്ച ജോൺസൺ മാഷ് ആരും പ്രതീക്ഷിക്കാത്തൊരു നേരത്ത് നമ്മെ വിട്ടുപോയത്. മലയാളിക്കാകെ വേദന പകർന്ന ആ വേർപാടിന് ആറു മാസം മാത്രം പ്രായമായപ്പോൾ ജോൺസൺ മാഷിന്റെ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകൻ റെൻ പിതാവിനെ പിന്തുടർന്നു. ഒരു വാഹനാപകടമായിരുന്നു റെന്നിനെ ഓർമ്മയാക്കിയത്. റെന്നിന്റെ ഓർമ്മകൾക്കു മുന്നിൽ പിതാവിന്റെ ഒരു പാട്ടുകൊണ്ടു സഹോദരിയും സംഗീതജ്ഞയുമായ സഹോദരി ഷാനൊരുക്കിയ സംഗീതാർച്ചന ശ്രദ്ധേയമായിരുന്നു. അച്ഛന്റെ വഴിയേ നടന്ന് മലയാള ചലച്ചിത്ര സംഗീത രംഗത്ത് ശ്രദ്ധേയമായ പെൺ സാന്നിദ്ധ്യമായിത്തീരുകയായിരുന്നു ആ സംഗീത പുത്രി. കൂടുതൽ പ്രശസ്തിയിലേക്കുള്ള ആ വഴിയിൽ നിന്നും ഷാൻ ഇടയ്ക്കിറങ്ങിപ്പോയിരിക്കുന്നു. 

വേർപാടുകൾ എന്നും എപ്പോഴും വേദന പകരുന്നതാണ്. വേർപാടുകൾ അനിവാര്യതയുമാണ്. പിറന്ന്, വളർന്ന് വാർദ്ധക്യത്തിലെത്തിയുള്ള ജീവിതാന്ത്യങ്ങൾ ആ വേദന ഒട്ടൊന്നില്ലാതാക്കുന്നു. അതാണ് സ്വാഭാവികത. എന്നാൽ ചിലയിടങ്ങളിൽ, ചില കുടുംബങ്ങളിൽ ചിലപ്പോഴൊക്കെ,  ഈ സ്വാഭാവികത സാദ്ധ്യമാകുന്നില്ല. നമ്മൾ കേൾക്കാനാഗ്രഹിക്കാത്ത വർത്തമാനങ്ങൾ ചിലയിടങ്ങളിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്നു. ജോൺസൺ മാഷ്, റെൻ, ഒടുക്കം ഷാൻ. ഇത് ആകസ്മികമാണോ. വിധി ചിലരെ വേട്ടയാടുന്നു എന്നൊക്കെ നമ്മളതിനെ ആലങ്കാരികമായി വിളിക്കുന്നു. ശാസ്ത്ര സങ്കേതങ്ങളുടെ പിൻബലത്തിൽ, സൂര്യനു കീഴിലും അപ്പുറത്തുമുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കു പോലും ഇത്തരം സാഹചര്യങ്ങളെക്കുറിച്ചു പറയേണ്ടി വരുന്പോൾ ഉത്തരം മുട്ടുന്നു. 

All are equal, Some are more equal അഥവാ എല്ലാവരും തുല്യരാണ്. ചിലർ കൂടുതൽ തുല്യരാണ് എന്നൊരു ചൊല്ലുണ്ട്. ഇതിനു സമാനമായാണ് ഇന്നലെ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ മന്നം ജയന്തി ആഘോഷ ചടങ്ങിൽ ഭരത് സുരേഷ് ഗോപി നടത്തിയ എല്ലാവരും അനുഗ്രഹീതരാണ്... അതിൽ ചിലർ കൂടുതൽ അനുഗ്രഹീതരുമെന്ന പ്രയോഗം. ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ചില ധാരണകളെ നമുക്കിതിനോടു ചേർത്തു വെയ്ക്കാം. ജ്ഞാനികൾക്കുപോലും യുക്തിസഹമായി വിശദീകരിക്കാൻ ഇനിയുമാകാത്ത ഈ പ്രതിഭാസങ്ങളിൽ മരണത്തെ ഇഹലോക ദുരിതങ്ങളിൽ നിന്നുള്ള മുക്തിയായും നിത്യ ജീവിതത്തിലേക്കുള്ള യാത്രയായും വിലയിരുത്തുന്നുണ്ട്. അങ്ങനെ വരുന്പോൾ മൂത്തു നരയ്ക്കും മുന്പുള്ള ഈ തിരിച്ചു പോക്ക് സ്വയം കൃതമല്ലെങ്കിൽ അതൊരു അനുഗ്രഹം തന്നെയാകുന്നു. നിത്യ ദുരിതങ്ങളിൽ നിന്നുള്ള നിത്യ മുക്തി. ഒരു തരത്തിൽ അവർ കൂടുതൽ അനുഗ്രവിക്കപ്പെട്ടവരാകുന്നു. ചിലരെ, ചില കുടുംബങ്ങളെ വിധി വേട്ടയാടുന്നു എന്നും ദുരന്തം പിന്തുടരുന്ന കുടുംബം എന്നുമൊക്കെയുള്ള പ്രയോഗങ്ങൾ നമുക്കപ്പോൾ തിരുത്തേണ്ടിയും വരും. 

മരണപ്പെട്ടു, ഒടുവിൽ മരണത്തിനു കീഴടങ്ങി  തുടങ്ങിയ ശൈലികളും ഇതിനൊപ്പം നമുക്കു തിരുത്തേണ്ടി വരും. താഴ്ചയിലേക്കുള്ള ഒരു പതിക്കലാണ് മരണമെന്നും അതൊരു കീഴടങ്ങലാണെന്നുമൊക്കെയുള്ളത് മനുഷ്യൻ തന്നെ സൃഷ്ടിച്ച ധാരണകളാണ്. ഒരുറപ്പുമില്ലാത്ത കേവല മിഥ്യാധാരണ. നിത്യതയ്ക്കായുള്ള മനുഷ്യ മനസ്സിന്‍റെ അഭിവാഞ്ചയുടെ സൃഷ്ടി. ഒരിക്കലും ഒഴിവാക്കാനാവാത്തതിനെക്കുറിച്ച് ആശങ്കപ്പെടുന്നതും സങ്കടപ്പടുന്നതും നിരർത്ഥകത തന്നെ. എങ്കിലും ഇതൊരു തരത്തിലും അകാലത്തിലുള്ള മരണം വരിക്കലുകളെ പ്രശംസിക്കലോ പ്രോത്സാഹിപ്പിക്കലോ മഹത്വവൽക്കരിക്കലോ അല്ല. മുന്നോട്ടുള്ള നമ്മളോരോരുത്തരുടെയും പ്രയാണത്തിന് പല യാഥാർത്ഥ്യങ്ങളും അംഗീകരിച്ചുകൊണ്ടുള്ള തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നത് ഗുണകരമായിരിക്കും. എന്തു സത്യങ്ങൾ അംഗീകരിച്ചാലും വേർപാടുകൾ വേദനാജനകമാണ്. ഭർത്താവിനെയും മകനെയും ഒടുവിൽ ഏക മകളെയും നഷ്ടമായ റാണി ജോൺസൺ ആ വേദനയുടെ ആഴങ്ങളിലാണ്. എളുപ്പമല്ലെങ്കിലും ആ സങ്കടക്കടൽ താണ്ടാൻ അവർക്കൊക്കെ മനക്കരുത്തുണ്ടാവട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. ഒപ്പം നിത്യത അസാദ്ധ്യമായ ഈ ജീവിതത്തിൽ അന്യർക്കു നിത്യ ദുഃഖങ്ങളുണ്ടാക്കാതിരിക്കാൻ നമുക്കു ബദ്ധ ശ്രദ്ധാലുക്കളുമാകാം.

You might also like

Most Viewed