വിവാഹങ്ങൾക്ക് വിട പറയുന്ന കാലം...

കഴിഞ്ഞ ദിവസം വരും കാലങ്ങളിൽ വിവാഹങ്ങളുടെ എണ്ണം കുറയുമെന്ന് പ്രവചിക്കുന്ന ഒരു കുറിപ്പ് വായിക്കാനിടയായി. അമേരിക്കയിൽ 1960കൾ വരെ 72 ശതമാനം പേരും വിവാഹബന്ധത്തിൽ ഏർപ്പെട്ടവരായിരുന്നു. എന്നാൽ 2014 ആകുന്പോഴേക്കും വെറും 36 ശതമാനം പേർ മാത്രമാണ് ഇവിടെ വിവാഹത്തിലും ദാന്പത്യത്തിലും വിശ്വസിച്ച് ജീവിതം കഴിക്കുന്നത്. ഇതേ അവസ്ഥ ലോകമെന്പാടും വ്യാപിക്കുമെന്നാണ് ആ ലേഖനം ചൂണ്ടി കാണിക്കുന്നത്. അതിന് കാരണങ്ങളായി ചില കാര്യങ്ങൾ പറയുന്നുണ്ട്. അതിവിടെ സൂചിപ്പിക്കട്ടെ.
സമയമില്ല: ഇന്നുള്ളത് പോലെ ഇന്റർനെറ്റോ, മറ്റ് സമയംകൊല്ലി പരിപാടികളോ ഒരു ഇരുപത് വർഷം മുന്പുവരെ വ്യാപകമായിരുന്നില്ല. ഒന്നുകിൽ പുസ്തകം വായിച്ചിരിക്കുകയോ, തീയറ്ററിൽ പോയി സിനിമ കാണുകയോ അതുമല്ലെങ്കിൽ വിവാഹം കഴിക്കുകയോ ചെയ്തില്ലെങ്കിൽ ജീവിതം നരകതുല്യമാകുന്ന അവസ്ഥയായിരുന്നു മിക്ക നഗരവാസികൾക്കുമുണ്ടായിരുന്നത്. അന്നുണ്ടായിരുന്ന ഒത്തുകൂടലുകൾ പോലും വിവാഹിതർക്ക് വേണ്ടിയുള്ളതായിരുന്നു. ആ സ്ഥിതി വിശേഷം ഇന്ന് മാറിയിരിക്കുന്നു. 24 മണിക്കൂറും ഇന്റർനെറ്റിന്റെ വലകളിൽ കുരുങ്ങികിടന്നും, ടെലിവിഷനിലെ നൂറ് കണക്കിന് ചാനലുകൾ ഓരോ നിമിഷവും റിമോട്ടിൽ മാറ്റിയും, വലിയ മാളുകളും, ആഡംബര റിസോർട്ടുകളുമൊക്കെ സന്ദർശിച്ചും ജീവിതം മുന്പോട്ട് പോകുന്പോൾ ഒരൽപ്പ നേരം പോലും വെറുതെ ഇരുന്ന് ബോറടിക്കാൻ പുതുതലമുറയ്ക്ക് ഇന്ന് സമയം കിട്ടുന്നില്ല. ജോലിയിൽ ഉള്ള സമ്മർദ്ദമാണെങ്കിൽ വേറെ. അവിടെയും തിരക്കോടെ തിരക്ക് തന്നെ. വിവാഹം കഴിക്കാതെ തന്നെ ഇത്രയും തിരക്കുള്ളപ്പോൾ എന്തിനാണ് മറ്റൊരാളെ കൂടി ഈ ബഹളത്തിന്റെ ഭാഗമാക്കുന്നതെന്നാണ് പുതിയ തലമുറയുടെ ചിന്ത.
ലൈംഗികത: വിവാഹം കഴിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് പുനരുൽപാദനവും ശരീരത്തിന്റെ ലൈംഗിക ദാഹത്തെ ശമിപ്പിക്കലും തന്നെയാണ്. വിവാഹം കഴിക്കുന്നത് വരേയ്ക്കും ലൈംഗികതയിൽ ഏർപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയ തെറ്റായിട്ടാണ് കരുതപ്പെടുന്നത്. ഈ ധാരണ മാറി തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. വിവാഹം കഴിച്ചതിന് ശേഷം ഉണ്ടാകുന്ന ബന്ധങ്ങളും ഇന്ന് സർവസാധാരണമായിരിക്കുന്നു. മാത്രമല്ല, ലൈംഗികതയോടുള്ള അഭിനിവേശം ഇല്ലാതാക്കാൻ ആയിരക്കണക്കിന് പോണോഗ്രാഫി സൈറ്റുകളാണ് വിരൽതുന്പുകളിൽ നമ്മെ തേടിയെത്തുന്നത്. ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി റോബോട്ടുകളെവരെ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. വരും കാലങ്ങളിൽ മനുഷ്യനായിട്ടുള്ള ഇണയ്ക്ക് പകരം റോബോട്ടുകളെ തെരഞ്ഞെടുക്കുന്ന അവസ്ഥയും വന്ന് ചേരാതിരിക്കില്ല. കഴിഞ്ഞ നൂറ്റാണ്ട് വരെ പത്തും പന്ത്രണ്ടും പ്രസവിച്ചിരുന്ന സ്ത്രീകൾ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. ഇന്ന് കൂടി പോയാൽ രണ്ടോ മൂന്നോ എന്ന അവസ്ഥയിലേയ്ക്ക് സമൂഹം എത്തിയിരിക്കുന്നു. പലരും കുട്ടികൾ വേണ്ടതില്ലെന്ന നിലപാടും സ്വീകരിക്കുന്നു. വിവാഹം കഴിക്കാതെ തന്നെ കൃത്രിമ ബീജധാരണം വഴി അമ്മമാരാകുന്ന സ്ത്രീകളും അതു പോലെ ദത്തെടുത്ത് കുട്ടികളെ വളർത്തുന്നവരുടെ എണ്ണവും നമ്മുടെ ഇടയിൽ കൂടുന്നുണ്ട്.
സ്വാതന്ത്ര്യം: മൂന്നാമത്തെ പ്രശ്നം വിവാഹമെന്ന കോന്പർമൈസിലേയ്ക്ക് എടുത്തു ചാടാൻ പലർക്കും താൽപര്യമില്ലാതായിരിക്കുന്നു എന്നതാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിന് വിവാഹവും പങ്കാളിയുമൊക്കെ ഒരു വിലങ്ങ് തടിയാകുമെന്ന് വലിയൊരു വിഭാഗം ആളുകൾ ഇന്ന് കരുതുന്നു. ഇന്നത്തെ പിഞ്ചു കുഞ്ഞുങ്ങൾ പോലും അവരുടേതായ ഒരു ലോകം മാതാപിതാക്കളോട് ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, സ്ത്രീകൾക്ക് ഇന്ന് മുന്പത്തേക്കാൾ ഏറെ സാന്പത്തിക സ്വാതന്ത്ര്യമുണ്ട്. മുന്പ് സാന്പത്തികമായ നിലനിൽപ്പിന് വേണ്ടി കൂടിയാണ് ഒരു പുരുഷന്റെ കീഴിൽ ജീവിക്കാൻ സത്രീകൾ തുനിഞ്ഞതെങ്കിൽ ഇന്ന് അവർക്ക് അത് ആവശ്യമില്ലാതായിരിക്കുന്നു. ഇതേ അവസ്ഥ പുരുഷൻമാർക്കുമുണ്ടായിട്ടുണ്ട്. വീട്ട് ജോലി ചെയ്യാൻ ഒരു ഭാര്യ വേണമെന്നില്ലെന്നും, അതിന് യന്ത്രങ്ങൾ തന്നെ ധാരാളമാണെന്നുമുള്ള ചിന്തയാണ് അവർക്കുണ്ടാകുന്നത്. സാന്പത്തികമായി നല്ല നിലയിലാണെങ്കിൽ ജോലിക്കാരെ വെച്ചെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ പറ്റുമെന്നും അവർ കരുതുന്നു. ഇതൊടൊപ്പം എപ്പോൾ വേണമെങ്കിലും വലിച്ചെറിയാവുന്ന രീതിയിലുള്ള ലിവ് ഇൻ റിലേഷൻഷിപ്പ് പോലെയുള്ള ബന്ധങ്ങളും ഏറെ വർദ്ധിക്കുന്നു.
സ്വവർഗസ്നേഹം: സ്വവർഗസ്നേഹികളായവരെ ഇന്ന് തുറന്ന് സമീപനവുമായി ആധുനിക സമൂഹം സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. അവരും നമ്മിൽ പെട്ടവർ തന്നെയാണെന്ന് നിയമം മുഖേന സമ്മതിച്ച് കൊടുത്തിട്ടുമുണ്ട്. ഇതു കാരണം ഭാവിയിൽ നമ്മുടെ കുട്ടികൾ ഒരേ മതത്തിലോ, ജാതിയിലോ പെട്ടവരെ പോയിട്ട് ഒരേ വർഗത്തിലുള്ളവരെ ജീവിത പങ്കാളിയാക്കുമോ എന്ന് ആശങ്കപ്പെടുന്നവരുടെ എണ്ണവും നമ്മുടെ ഇടയിൽ വർദ്ധിക്കുന്നു.
ഇങ്ങിനെ നിരവധി കാരണങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിവാഹമെന്ന പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം ചുരുങ്ങാൻ വഴി വെക്കുക എന്ന് ആ ലേഖനം പറയുന്നു. വിവാഹം കഴിച്ചതിന്റെ പിറ്റേന്ന് തന്നെ ഡിവേർസ് പെറ്റീഷനുമായി കുടുംബകോടതിയെ സമീപ്പിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നതും മാറുന്ന ഇത്തരം ചിന്തകളുടെ ഭാഗമായിരിക്കും എന്നാശ്വസിക്കാം !!
