ഇന്ത്യയ്ക്ക് വേണം, നോബൽ സമ്മാനങ്ങളുടെ മാതൃകയിലെ പത്മ അവാർഡുകൾ


ഇ.എ സലിം

പൊയ്പോയ ദശകങ്ങളിൽ ഇന്ത്യൻ സിനിമയിൽ താര റാണിയായിരുന്ന ആശാ പരേഖിനു ഇപ്പോൾ പ്രായം എഴുപത്തിമൂന്നായി. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ ബോംബെയിലെ വീട് ഒരു കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ്.  നിതിൻ ഗഡ്കരിയെ സന്ദർശിക്കുവാൻ ആശാ പരേഖ് ചെന്നപ്പോൾ അവിടെ ലിഫ്റ്റ്‌ തകരാറിലായിരുന്നു. ആ പന്ത്രണ്ടു നിലകളും നടന്നു കയറിയാണ് നടി സന്ദർശന ലക്ഷ്യം തന്നെ ധരിപ്പിച്ചതെന്നു മന്ത്രി ജനുവരി ആദ്യ വാരത്തിൽ നാഗ്പൂരിൽ ഒരു പൊതു യോഗത്തിൽ പറഞ്ഞു. 92ൽ പത്മശ്രീ ലഭിച്ച തനിക്കു ഇപ്പോൾ ഒരു പത്മഭൂഷൺ കിട്ടാൻ നേരമായി. അത് മന്ത്രിയോട് ആവശ്യപ്പെടുവാനാണു നടി ചെന്നതെന്നും തന്നെ നേരിൽ കണ്ടു പറയുവാൻ അവർ അത്രയും പടി കയറിയതിൽ തനിക്കു വിഷമം തോന്നിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്മ അവാർഡുകളുടെ നേരമെത്തിയപ്പോൾ ശുപാർശക്കെത്തുന്നവരുടെ സമ്മർദ്ദം തലവേദനയാകുന്നെന്നും നിതിൻ ഗഡ്കരി ആ യോഗത്തിൽ പറയുകയുണ്ടായി.  കൊല്ലം തോറും രാജ്യം നൽകി വരുന്ന പത്മ പുരസ്കാരങ്ങളുടെ സമ്മോഹന ശേഷി അത്ര മാത്രമാണ്. ആ പുരസ്കാരങ്ങൾ അവയുടെ ആകർഷണ വലയത്തിൽ ചില വ്യക്തികളെ പെടുത്തുകയും അവർ പുരസ്കാരം നേടി ജന്മസാഫല്യം തേടുവാൻ എന്തും ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്നു. നടി അവരുടെ നേർ ബുദ്ധിക്ക് പന്ത്രണ്ടു നില പടി കയറുന്നതിൽ അവസാനിപ്പിച്ചിരിക്കാമെന്നു തോന്നുന്നു. കാരണം ആശാ പരേഖിനു ഈ വർഷം പത്മഭൂഷൺ ലഭിച്ചില്ല. എന്നാൽ ഇക്കാര്യത്തിൽ എന്തെല്ലാമാണ് പുരസ്കാര കാംക്ഷികൾ ചെയ്യേണ്ടതെന്നതിനു ഒരു കൈപ്പുസ്തകമായ രഞ്ജിത്ത് സിനിമ പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് വായനക്കാർ കണ്ടു പഠിച്ചിട്ടുണ്ടാകുമെന്നതിനാൽ വിശദീകരിക്കുന്നില്ല.

കല, സാഹിത്യം, വിദ്യാഭ്യാസം, മെഡിസിൻ, പൊതു പ്രവർത്തനം തുടങ്ങി ജീവിതത്തിന്റെ അനവധി മണ്ധലങ്ങളിൽ അനിതര സാധാരണവും സർവ്വ ശ്രേ ഷ്ഠവുമായ നേട്ടങ്ങൾ രാഷ്ട്രത്തിനു വേണ്ടി കൈവരിക്കുകയോ സേവനങ്ങൾ പ്രദാനം ചെയ്യുകയോ ചെയ്ത പൗരന്മാരെ രാഷ്ട്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണം എന്ന ഉദാത്തമായ സങ്കൽപ്പത്തിൽ ഊന്നിയാണ് 1954ൽ നെഹ്‌റു പത്മ അവാർഡുകൾ എർപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിനു മുന്പുണ്ടായിരുന്ന ഫ്യൂഡൽ −കൊളോണിയൽ വ്യവസ്ഥകളിൽ ഭരണകൂടങ്ങൾ പൗരന്മാർക്കുവേണ്ടി ഏർപ്പെടുത്തിയിരുന്ന സ്ഥാനമാനങ്ങൾ അതതു വ്യവസ്ഥയ്ക്കും ഭരണാധികാരിക്കും വിടുവേല ചെയ്യുന്ന സ്തുതി പാഠകർക്ക് എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങളായിരുന്നതിനാൽ സ്വതന്ത്ര ഇന്ത്യയിൽ രാജ്യം പൗരനു സ്ഥാനമാനങ്ങൾ നൽകേണ്ടതില്ല എന്ന എതിർ വാദങ്ങൾ അന്നേ ഉയർന്നിരുന്നു. പൗരന്മാരുടെ സമത്വം എന്ന ഭരണഘടനാ തത്വത്തിനു തന്നെ പത്്മ അവാർഡുകൾ എതിരാകും എന്ന വിമർശനത്തെ അംഗീകരിച്ചു കൊണ്ട് പത്മ അവാർഡുകൾ പദവി അല്ലെന്നും പേരിനു മുന്നിലോ പിന്നിലോ വെയ്ക്കുവാൻ പാടില്ല എന്നും അനന്തരാവകാശം ഉണ്ടാവില്ലെന്നും ഏതെങ്കിലും സവിശേഷമായ പ്രത്യേകാവകാശം ലഭിക്കുകയില്ലെന്നും  നിബന്ധന ചെയ്തു. പത്മ അവാർഡുകൾ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ബാക്കി പത്രമാണ്‌ എന്ന പേരിൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷം വന്ന ജനതാ സർക്കാർ അവരുടെ ഭരണകാലത്ത് പത്മ അവാർഡുകൾ നൽകിയില്ല. ജനതാദൾ യുണൈറ്റഡ് നേതാവും ഏറ്റവും മികച്ച പാർലിമെന്റേറിയനുള്ള പ്രസിഡണ്ടിന്റെ അവാർഡ് ജേതാവുമായ ശരത് യാദവ് 2015ൽ പത്മ അവാർഡ് ജേതാക്കളെ വിമർശിച്ചു കൊണ്ടു നടത്തിയ പ്രസ്ഥാവന ദേശീയ തലത്തിൽ വലിയ ചർച്ച ആവുകയുണ്ടായി. അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ നീതിയുക്തത ഇല്ലായ്മയും അനവധാനതയും തൊണ്ണൂറുകളിൽ സുപ്രീം കോടതി വ്യവഹാരങ്ങളിൽ കുരുങ്ങി പത്മ അവാർഡ് മൂന്നു വർഷങ്ങളിൽ ഇല്ലാതെ പോയി.

മനുഷ്യ ഉദ്യമങ്ങളുടെ ഏതെങ്കിലും ഒരു പ്രത്യേക മണ്ധലത്തിൽ ഒരു വ്യക്തി നേടിയെടുത്ത സവിശേഷമായ ഗുണോത്കർഷത്തിനാണ് സമ്മാനമെങ്കിൽ അത് നിശ്ചയിക്കുവാനുള്ള കഴിവും യോഗ്യതയും ഗവൺമെന്റ് സെക്രട്ടറി തലത്തിലെ ഒരു കമ്മിറ്റിയ്ക്കില്ല. ഒരാൾ രാഷ്ട്ര നിർമ്മാണത്തിനു നൽകിയ സംഭാവനയ്ക്കാണ് സമ്മാനമെങ്കിൽ 120 കോടി മനുഷ്യരിൽ നിന്നും 100 പേരെ തിരഞ്ഞെടുക്കുവാൻ പത്തു പേരടങ്ങിയ അത്തരം ഒരു കമ്മിറ്റി മതിയാവുകയില്ല. ഒരാളിന്റെ ആജീവനാന്ത സേവനങ്ങളെയും നേട്ടങ്ങളെയും ആണോ അതോ ഒരു സവിശേഷ കാര്യത്തെയാണൊ വിലയിരുത്തുന്നതെന്നതും വ്യക്തമല്ല. നവ താരുണ്യത്തിൽ തന്നെ വിദ്യാബാലനും സൈഫ് അലിഖാനും പ്രിയങ്ക ചോപ്രയ്ക്കും പത്മശ്രീ ലഭിക്കുന്നു. സിനിമാ സംഗീതത്തിൽ എത്രയെങ്കിലും ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള എസ്. ജാനകിയ്ക്ക് എഴുപതു കഴിഞ്ഞിട്ടും ലഭിക്കുന്നില്ല എന്നതാണു പ്രതിഭാസം.  അവ്യക്തതയുടെ ഈ ഇടങ്ങളിലേക്കാണ് സന്ദേഹങ്ങളും വിമർശനങ്ങളും കോടതി വ്യവഹാരങ്ങളും വന്നു കയറുന്നത്. ഒന്നാം ക്ലാസിലെ കണക്കു പരീക്ഷ മുതൽ എല്ലാ കലാ കായിക മത്സരങ്ങൾക്കും സാഹിത്യത്തിനും സിനിമക്കുമുള്ള ദേശീയ അവാർഡുകൾക്കു വരെ പുരസ്കാരങ്ങൾ ലഭിക്കുവാൻ തനതു സവിശേഷ മണ്ധലത്തിൽ പ്രാഗത്ഭ്യം ഉള്ളവരോട് നേരിട്ടു മത്സരിക്കുകയും അതതു വിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യവും പരിചയസന്പത്തും തഴക്കവുമുള്ളവർ  വിലയിരുത്തി വിധി പറയുകയും ചെയ്യും. പക്ഷെ പത്മ അവാർഡുകളും 2003 മുതൽ പ്രവാസികൾക്കു വേണ്ടി ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകളും ലഭിക്കുവാൻ ആരോടും ഒന്നിനും മത്സരിക്കേണ്ടതില്ല. ഒരു വിധി കർത്താവിന്റെ പരിശോധനയ്ക്കും യാതൊന്നും വിധേയമാക്കേണ്ടതില്ല. മറിച്ചു എങ്ങിനെ നേടിയെടുക്കാം എന്ന നടപടി ക്രമങ്ങൾ അറിഞ്ഞാൽ മാത്രം മതിയെന്നതു  വലിയ ഒരു ന്യൂനത ആയി തുടരുന്നു. അവാർഡ് ജേതാവിനു വ്യക്തിപരമായി വലിയ പ്രചോദനവും പ്രേരണയും അഭിമാനവും ആയിരിക്കുന്പോൾ തന്നെ ഈ അവാർഡുകളുടെ തിളക്കം വല്ലാതെ കുറയ്ക്കുന്നതാണ് ആ ന്യൂനതകൾ.

മുതിർന്ന പത്ര പ്രവർത്തകനായ കുൽദീപ് നയ്യാരുടെ ആത്മകഥയാണ് ‘വരികൾക്കപ്പുറം’. അതിൽ ഒരു അനുഭവ സാക്ഷ്യമുണ്ട്. ആഭ്യന്തര വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി അദ്ദേഹം ജോലി നോക്കവേ 1961ലെ പത്മ അവാർഡ് പട്ടിക ഏറെക്കുറെ അദ്ദേഹം തനിച്ചാണ് തയ്യാറാക്കിയത്. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും അംഗീകരിച്ച പട്ടിക പ്രസിഡണ്ട് രാജേന്ദ്ര പ്രസാദിന്റെ പക്കൽ എത്തിയപ്പോൾ പ്രസിഡണ്ട് അതിൽ മിസ്‌ ലാസറസ് എന്ന പേരു കൂടി ചേർത്തു തിരിച്ചു വിട്ടു.  വളരെ പാടു പെട്ടാണ് അതു ചെന്നൈയിലെ ഒരു വിദ്യാഭ്യാസ പ്രവർത്തകയാണെന്നു കണ്ടു പിടിച്ചത്. പത്മശ്രീ അവാർഡ് ജേതാവാണെന്നു അവരെ വിളിച്ചറിയിച്ച ശേഷം പുതുക്കിയ പട്ടിക പ്രസിഡണ്ടിനയച്ചു. താൻ നിർദ്ദേശിച്ചതു ഒരു നഴ്സിനെയാണെന്ന് പറഞ്ഞ് രാജേന്ദ്ര പ്രസാദ് പട്ടിക തിരിച്ചയച്ചു. വിജയ വാഡയിൽ നിന്നും ഹൈദ്രാബാദിലേക്കുള്ള യാത്രയിൽ രോഗ ബാധിതനായ രാജേന്ദ്ര പ്രസാദിനെ ചികിത്സിച്ച നഴ്സ് ആണ് മിസ്‌ ലാസറസെന്നു പ്രസിഡണ്ടിന്റെ ഓഫീസിൽ നിന്നും അറിയിക്കുകയും ചെയ്തു. 1961ൽ രണ്ടു മിസ്‌ ലാസറസുമാർക്ക് പത്മശ്രീ ലഭിച്ചു. പുരസ്കാരം തിരസ്കരിച്ചവരിൽ ചിലരുടെ കാരണങ്ങൾ  പറയപ്പെടേണ്ടതാണ്. തന്റെ സംഗീതത്തെ വിലയിരുത്തുവാൻ കമ്മിറ്റി മതിയാകില്ലെന്നു സിതാർ ആചാര്യൻ  ഉസ്താദ് വിലായത്ത് ഖാൻ (1964, 1968).  േസ്റ്ററ്റ് അല്ല തന്റെ പ്രവൃത്തി മണ്ധലത്തിൽ നിന്നുള്ളവരാണ് നിശ്ചയിക്കേണ്ടതെന്ന് ചരിത്രകാരി രൊമീല ഥാപ്പർ (1992,2005), അനുചിതമെന്നു ടെക്നൊക്രാറ്റ് കെ. സുബ്രമഹ്ണ്യം (1999), ആദരവല്ല, അപമാനമെന്നു കഥക് നർത്തകി സിതാര ദേവി (2002), സ്ഥാപിത പിതാക്കളാണു അർഹിക്കുന്നതെന്നു ആർ.എസ്.എസ് താത്വികൻ ദത്തൊപാന്ത് തെങ്ങാടി (2003), ഭരണഘടനാ വിരുദ്ധമെന്നു സുകുമാർ അഴീക്കോട് (2007), പ്രജകൾക്കു അവാർഡു കൊടുക്കുന്നതു േസ്റ്ററ്റിന്റെ കർത്തവ്യമല്ലെന്നു മുൻ ന്യയാധിപൻ രജീന്ദർ സച്ചാർ (2008), പത്ര പ്രവർത്തകർ േസ്റ്ററ്റിന്റെ അവാർഡ് വാങ്ങുന്നത് തെറ്റാണെന്ന് പി. സായി നാഥ് (2009).

2014 മേയിൽ അധികാരത്തിൽ എത്തിയ എൻ.ഡി.എ സർക്കാർ 2015ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഗൾഫ് മേഖലയിൽ നിന്നും അഷറഫ് പലർക്കുന്നുമ്മെൽ എന്ന മലയാളി ജീവകാരുണ്യ പ്രവർത്തകനാണ്  സമ്മാനിതനായത്. ആ തിരഞ്ഞെടുപ്പിന്റെ ഔചിത്യത്തിൽ എല്ലാ വിമർശനങ്ങളുടെയും മുന ഒടിഞ്ഞു പോയിരുന്നു. അതിൽ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയതിന്റെ സൗന്ദര്യം വഹിക്കുന്ന ഒരു നിര പത്മ അവാർഡ് ജേതാക്കളെയാണ് 2015ലെ റിപ്പബ്ലിക് ദിനത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ  എൻ.ഡി.എ സർക്കാരും ഇക്കാര്യത്തിൽ അവരുടെ മുൻഗാമികളുടെ അതേ പാതയിൽ തന്നെയാണ്. പൊതു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മേളപ്പെരുക്കങ്ങൾ ഉച്ചസ്ഥായിയിൽ ആയിരിക്കുന്പോൾ"മോഡി അധികാരത്തിൽ വന്നാൽ ഡോളറിനു 40 എന്ന നിലയിലേക്ക് രൂപ ശക്തിപ്പെടും എന്നറിയുന്നത് ഉത്സാഹ ജനകമാണ്" എന്നു റ്റ്വീറ്റ് ചെയത് കൊണ്ടു ജീവനകലക്കു അപ്പുറം സാന്പത്തിക ശാസ്ത്രത്തിലെ പ്രവചനം നടത്തി പ്രചാരണത്തിൽ ഏർപ്പെട്ടിരുന്നു ശ്രീശ്രീ രവിശങ്കർ. പത്്മ വിഭൂഷൺ ലഭിച്ചവരിൽ അദ്ദേഹമുണ്ട്. എൻ.ഡി.എയിലും സർക്കാരിലും ഇതര ചിന്തകളോടു വളരുന്ന അസഹിഷ്ണുതയുടെ വെളിപ്പെട്ട അടയാളങ്ങളിന്മേൽ പ്രതിഷേധവും പ്രതിരോധവുമായി രംഗത്തിറങ്ങിയത് രാജ്യത്തെ കലാ സാഹിത്യ സാംസ്കാരിക രംഗമായിരുന്നു. ആ തരംഗം വലിയ ഒരു മുന്നേറ്റമായി വളർന്നു വരുന്പോൾ ‘ഇല്ല, അസഹിഷ്ണുത ഇല്ല’ എന്നു പറയുന്നവരായ കലാകാരന്മാരുടെ ഒരു പ്രകടനം നടക്കുകയുണ്ടായി. പ്രശസ്ത നടനും ബി.ജെ.പി എം.പിയായ കിരൺ ഖേരിന്റെ ഭർത്താവുമായ അനുപം ഖേർ ആയിരുന്നു പ്രകടനത്തിന്റെ നേതൃത്വത്തിൽ. അനുപം ഖേറിനു മാത്രമല്ല, മധുർ ഭണ്ധാർക്കർക്കും മാലിനി അവസ്ഥിക്കും ഉൾപ്പെടെ പ്രകടനത്തിന്റേതായി പത്ര മാധ്യമങ്ങളിൽ വന്ന ചിത്രത്തിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും പത്മശ്രീ ഉണ്ട്.  ആ അറ്റം വരെ പോകുവാൻ സർക്കാർ മുതിരുമെന്നു ആരും കരുതിയതേയില്ല.

അവാർഡുകളും അംഗീകാരങ്ങളും ആവശ്യമാണ്. 120ൽ അധികം കോടികൾ വരുന്ന ഒരു ജനതയിലെ പ്രതിഭാശാലികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വരും തലമുറയ്ക്കു ആവേശം പകരും വിധം  അർഹമായ വിധത്തിൽ ആദരിക്കപ്പെടുകയും വേണം. ഓരോ റിപ്പബ്ലിക് ദിനത്തിലും ലോകത്തെയാകെ സാക്ഷ്യപ്പെടുത്തി ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും അംഗീകാരങ്ങൾ ആ പ്രതിഭാ ശാലികൾ ഏറ്റു വാങ്ങണം. ഇപ്പോഴത്തെ പത്മ ശ്രീയും ഭൂഷനും വിഭൂഷനുമല്ല. ഇന്ത്യയുടെ പുതിയ പത്മ അവാർഡുകൾ. സാഹിത്യത്തിന്, സംഗീതത്തിന്, ഫിസിക്സിന്, കെമിസ്ട്രിക്ക്, ചരിത്രത്തിന്, പൊതു ഭരണത്തിന്, വൈദ്യ ശാസ്ത്രത്തിന്, സാമൂഹ്യ പ്രവർത്തനത്തിന്, വിദ്യാഭാസ പ്രവർത്തനത്തിന്, അദ്ധ്യാപനത്തിന്, വിവിധ എഞ്ചിനീയറിങ്ങ് ശാഖകൾക്ക് അങ്ങിനെയങ്ങിനെ ജീവിതത്തിന്റെ എല്ലാ മണ്ധലങ്ങളിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച പ്രതിഭകൾക്ക് ഇന്ത്യയുടെ പത്മ അവാർഡുകൾ നൽകണം. നോബൽ സമ്മാനങ്ങൾക്ക് എന്ന പോലെ, അക്കാദമി അവാർഡുകൾക്ക് എന്ന പോലെ ലോകം ഇതിനോടകം രൂപപ്പെടുത്തിയിട്ടുള്ള ഉന്നതമായ മാനദണ്ധങ്ങൾ ഉപയോഗിച്ച് വേണം ആ അവാർഡുകൾ നിർണ്ണയിക്കപ്പെടേണ്ടതും ജേതാക്കളെ തിരഞ്ഞെടുക്കേണ്ടതും. അങ്ങിനെ നേടുന്ന പത്മ അവാർഡ് ജേതാവിനു ഇന്ത്യയുടെ സാംസ്കാരിക നഭസ്സിൽ താരശോഭ ലഭിക്കും.

You might also like

Most Viewed