ആരോട് പറയാൻ

“ഇവർക്ക് ഒരു ജനറേറ്റർ എങ്കിലും വെച്ചൂടെ, വെറുതെ മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കാൻ”. കണ്ണൂരിൽ അകലെയുള്ള മലയോര ഗ്രാമത്തിൽ നിന്നും തന്റെ പഴയ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ വന്ന മദ്ധ്യവയസ്കനായ ജീപ്പ് ഡ്രൈവർ അതേകാരണം കൊണ്ട് തന്നെ എറണാകുളത്ത് നിന്നും വരേണ്ടി വന്ന എന്നോട് മുകളിലെ ചോദ്യം ചോദിച്ചപ്പോൾ, നമ്മുടെ നാടിന്റെ ഭരണസംവിധാനങ്ങളെ പഴിക്കാനാണ് എനിക്കും തോന്നിയത്.
ജില്ലയുടെ പല സ്ഥലത്തു നിന്നും, അന്യദേശങ്ങളിൽ നിന്നു പോലും പല ആവശ്യങ്ങൾക്കായി ആയിരങ്ങളാണ് ആർ.ടി.ഒ ഓഫീസ് പോലുള്ള ഇടങ്ങളിൽ ഒരു ദിവസം എത്തിച്ചേരുന്നത്. ഇവിടെയുള്ളവർ തങ്ങളുടെ ആവശ്യങ്ങൾക്കായി പുറപ്പെടുന്നതിന് മുന്പ് ആദ്യം ചെയ്യേണ്ട ചില പ്രാഥമിക കർമ്മങ്ങളുണ്ട്. പോകുന്ന ഭാഗത്ത് വൈദ്യുതിയുണ്ടോ, ആ ഭാഗത്ത് വല്ല പ്രാദേശിക ഹർത്താലുണ്ടോ, സമരങ്ങളോ അല്ല വല്ല നേതാവിന്റെയും യാത്രകൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ഉറപ്പായും യാത്ര വിഫലമാകാനാണ് സാധ്യത.
ഇന്ന് നമ്മുടെ നാട്ടിലെ മിക്ക ഓഫീസുകളും ഓൺലൈൻ ആയിത്തുടങ്ങിയിട്ടുണ്ട്. വില്ലേജ് ഓഫീസ് മുതൽ ഭരണസിരാ കേന്ദ്രങ്ങൾ വരെ ഇതിൽ പെടുന്നു. ഉദ്യോഗസ്ഥരുടെ കൈക്കൂലി പണത്തിൽ ഇത് ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും കന്പ്യൂട്ടറുകൾ പ്രവർത്തിക്കാൻ വേണ്ട വൈദ്യുതിയെപ്പറ്റിയുള്ള ചിന്തകൾ അധികാരികൾക്കില്ല. നേരത്തെ സൂചിപ്പിച്ചത് പോലെ കണ്ണൂർ ജില്ല ആർ.ടി.ഒ ഓഫീസിൽ അറുപത് കന്പ്യൂട്ടറുകളാണ് ഉള്ളത്. എന്നാൽ വൈദ്യുതി പോയതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാർക്ക് സൊറ പറഞ്ഞിരിക്കാനുള്ള അവസരമാണ് അത് സൃഷ്ടിച്ചത്. ഒപ്പം വളരെയേറെ ബുദ്ധിമുട്ടി അവിടെയെത്തുന്ന പൊതുജനത്തിനോട് പരിഹാസരൂപേണ ഇന്ന് ഇവിടെ ഒന്നുമില്ല മാഷേ എന്ന് പറഞ്ഞ് അവർ മടക്കി അയയ്ക്കും. ഇതിൽ ഗൾഫിൽ നിന്ന് ഒരാഴ്ച്ചത്തേയ്ക്ക് നാട്ടിൽ വന്നവർ മുതൽ വളരെ ദൂരത്ത് നിന്ന് ഒരു ദിവസത്തെ വരുമാനം പോലും വേണ്ടെന്ന് െവച്ച് ഇവിടെയെത്തുന്നവർ വരെയുണ്ടാകും.
എത്രയോ ലക്ഷം രൂപയുടെ ധന വിനിമയമാണ് ആർ.ടി.ഒ ഓഫീസുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഒരു ദിവസം നടക്കുന്നത്, അതിന്റെ ഒരു ശതമാനം പോലും വേണ്ടി വരില്ല ഒരു ജനറേറ്റർ സ്ഥാപിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ. എന്തുകൊണ്ട് ഇത് നടക്കുന്നില്ല എന്ന് ചോദിച്ചാൽ ഏതൊരു മലയാളിക്കും ഒരേ ഉത്തരം നാടല്ലെ സർ എന്ത് ചെയ്യാൻ!
അതേസമയം പത്തു ദിവസങ്ങൾക്ക് മുന്പ് ബഹ്റനിലെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ പോയ നല്ലൊരു അനുഭവം എനിക്കുണ്ടായി. സഹപ്രവർത്തകനായ നിസാറിനൊപ്പം ഇസാ ടൗണിലെ ട്രാഫിക് മന്ത്രാലയത്തിൽ രാവിലെ ഏഴരയ്ക്ക് തന്നെയെത്തിയപ്പോൾ പ്രതീക്ഷിച്ചത് കുറഞ്ഞത് ഒരു മൂന്ന് മണിക്കൂറെങ്കിലും സമയമെടുക്കും എന്നായിരുന്നു. എന്നാൽ പുതിയ ലൈസൻസ് കയ്യിൽ കിട്ടിയത് വെറും മൂന്ന് മിനിറ്റു കൊണ്ടായിരുന്നു. ഏറെ സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോൾ എത്ര ബുദ്ധിമുട്ടായാലും ഗൾഫിൽ പിടിച്ചു നിൽക്കാൻ മലയാളികളെ പ്രരിപ്പിക്കുന്ന പ്രധാന ഘടകം ഇത്തരം സേവനങ്ങളാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
ഇത് മനസ്സിലാക്കുന്ന ജനപ്രതിനിധികൾ നമുക്കുണ്ടെങ്കിലും അവർ കണ്ണടച്ച് ഇരുട്ടാക്കുന്നതാണ് മലയാളികളുടെ ശാപവും ദുര്യോഗവും. അവർ രാവിലെ മുതൽ മുങ്ങിനീരാടുന്നത് സരിതയുടെ സാരിത്തുന്പിലും സോളാറിലും ബാറിലുമൊക്കെയാണ്. അതിനിടയിൽ എന്ത് ജനം, എന്ത് ജന സേവനം!! നമുക്ക് വേണം പണം അതിനാകട്ടെ ഓരോ യാത്രയും, എന്ന മുദ്രാവാക്യവുമായി നാടുനീളെ പ്രസംഗിച്ച് നടക്കുന്ന ഈ ജന നേതാക്കൾ, നമ്മുടെ മുന്നിലൂടെ ചിരിച്ച് ചുളിയാത്ത ഖദറുമിട്ട് ഞെളിഞ്ഞ് സഞ്ചരിക്കുന്പോൾ നമുക്കും വരിവരിയായി അറക്കാൻ കൊണ്ടു പോകുന്ന മാടുകളെപ്പോലെ പതിയെ പോളിങ്ങ് ബൂത്തിലേയ്ക്ക് നടക്കാം. ജനാധിപത്യം കാത്തു സംരക്ഷിച്ച് സായൂജ്യമടയാം. അല്ലാതെ എന്ത് ചെയ്യാൻ!!