വികസനത്തെ കൊലക്കയറാക്കി തീർക്കുന്നവരെ...

വിദേശ ശക്തികളുടെ താൽപര്യാർത്ഥം നാട്ടിലെ വിശാലമായ മലനിരകളിൽ വ്യാപകമായിതീർന്ന തേയിലയും റബ്ബറും കശുവണ്ടിയും ഇന്നു പലരീതിയിൽ ജനജീവിതത്തെ പ്രതിസന്ധിയിൽ എത്തിച്ചു. തേയില തോട്ടങ്ങൾ തൊഴിലാളികൾക്കും ഒപ്പം പ്രകൃതിക്കും സർക്കാരിനും ഒരുപോലെ മുറിവുകൾ ഉണ്ടാക്കുന്നു. റബ്ബർ മുഖ്യവിളയായി മാറിയ കേരളം എത്ര വലിയ തിരിച്ചടികളാണ് ഇന്നു നേരിടുന്നത്. ഒരു കാലത്ത് കേരളത്തെ സാന്പത്തികമായി താങ്ങി നിർത്തിയിരുന്ന ഈ ബ്രസീലിയൻ വിള ഒരിക്കലും ലഭാകരമാകുവാൻ കഴിയാത്ത തരത്തിൽ വിലത്തകർച്ചയിൽ ആണെന്നു പറയാം. അതുവഴി ദശലക്ഷം വരുന്ന കർഷകർക്ക് പ്രതിവർഷം 10000 കോടി രൂപയിലധികം വരുമാന നഷ്ടം ഉണ്ടാകുന്നു.വിദേശ നാണയം നേടിത്തരുന്ന വിളകളുടെ പട്ടികയിൽ മറ്റൊരു വില്ലനായി തീർന്ന കശുവണ്ടി, ഒരു കാലത്തെ പ്രധാന ചെറുകിട വ്യവസായമായിരുന്നു. കൊല്ലം ജില്ലയിൽ 5 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ അവസരം കൊടുത്തിരുന്ന, (അതും സ്ത്രീകൾക്ക്) വന്പിച്ച വിദേശ നാണയം നേടിവന്നിരുന്ന, കശുവണ്ടിരംഗം 90കൾക്ക് ശേഷം തിരച്ചടിയിലാണ്. കശുമാങ്ങ ഉത്പാദനം കുറവായതിനാൽ ടാൻസാനിയ തുടങ്ങിയ നാടുകളിൽനിന്നും കശുവണ്ടി ഇറക്കുമതി ചെയ്ത് പരിപ്പാക്കി കയറ്റുമതി ചെയതായിരുന്നു വിപണനം നടത്തിവന്നത്. ലോകവിപണി മാന്യം ഇത്തരം കൃഷികളെ വല്ലാതെ പ്രതിസന്ധിയിലാക്കി. 90കളിൽ ആരംഭിച്ച ആഗോളവൽക്കരണം നാണ്യവിപണിക്കും അനുബന്ധരംഗത്തിനും വൻ വളർച്ചയുണ്ടാക്കുമെന്നായിരുന്നു ബന്ധപെട്ടവുടെ വാദങ്ങൾ. എന്നാൽ ഇത്തരം മേഖലക്കുകൂടി പൂർണ്ണ തകർച്ചയാണ് അന്തർദേശീയ വൽക്കരണം വരുത്തിവെച്ചത്. ലോകം ഇന്നനുഭവിക്കുന്ന വൻ പ്രതിസന്ധിയുടെ കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്, കാർഷികമേഖലയിൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം നടപ്പിലാക്കപ്പെട്ട രാസ−വള-കീടനാശിനി-ആധുനിക വിത്ത് അടിസ്ഥാനപ്പെടുത്തിയ കൃഷി രീതിയാണ്. ബ്രസീൽ ഇന്ത്യ തുടങ്ങിയ പുതിയ ജനാധിപത്യ രാജ്യങ്ങൾ വൈദേശിക ശക്തികൾ വരുത്തി വെച്ച ദുരന്തങ്ങളിൽ നിന്നും മാറിനിന്ന് പുതിയ സ്വന്തം പാത കണ്ടെത്തുവാനുള്ള ശ്രമത്തിലാണെന്ന് 40കളിൽ പരക്കെ പ്രചരിച്ചിരുന്നു. എങ്കിലും ഇന്ത്യ മറ്റു പലരെയും എന്നപോലെ കാർഷിക വികസനത്തിനായി ഉറ്റു നോക്കിയത് അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകളെ തന്നെ. അങ്ങനെ fordഉം Rock Fellerഉം പുതിയ കൃഷിക വീക്ഷണത്തിന്‍റെ ചൂണ്ടുപലകക്കരായി. അവരുടെ പ്രിയപ്പെട്ട ബഹുരാഷ്ട്ര കുത്തക സ്ഥാപനങ്ങൾ നമ്മുടെ കൃഷിയുടെ അജണ്ടകൾ തീരുമാനിച്ചു. രണ്ടാം യുദ്ധത്തിലെ പ്രധാന രാസായുധ നിർമ്മാണ കന്പനിയായMonsantoയുടെ Nitrogen ശേഖരത്തിനെ വളമായി മാറ്റി കച്ചവടം മെച്ചപ്പെടുതുവാൻ അവസരമൊരുക്കുന്നതിനായി Nitrogen അധിഷ്ടിത വളങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങൾ നമ്മുടെ രാജ്യത്തും ഉണ്ടായി. ഹരിത വിപ്ലവം മുന്നാം രാജ്യങ്ങളിൽ രാസ−കീട−നാശിനി അധിഷ്ഠിതമാക്കുന്നതിൽ ലോകസന്പന്ന രാജ്യങ്ങൾ കാട്ടിയ അമിത താൽപ്പര്യത്തിന് പിന്നിലെ ബഹുമുഖ തട്ടിപ്പുകൾ പിൽകാലത്ത് ഇന്ത്യക്ക് വരുത്തി വെച്ച ദുരന്തങ്ങൾ പല തരത്തിലുള്ളതാണ്. നാട്ടിലെ മരുവൽക്കരണത്തിനും കാൻസർ, വന്പിച്ച കൃഷി ചെലവ് തുടങ്ങിയ പ്രശ്നങ്ങളിലേക്കും നമ്മുടെ കാർഷിക ലോകം എത്തപെട്ടത് ഈ തെറ്റായ നിലപാടിലൂടെയാണ്. എന്നാൽ ഇന്നും അനുഭവങ്ങളിൽ നിന്നു കൂടിപാഠം പഠിക്കാതെ ജനിതക വിത്തുകളെ ന്യായീകരിക്കുവാൻ ശ്രമിക്കുന്ന രാഷ്ട്രീയ–ഉദ്യോഗസ്ഥ കുട്ടുകെട്ടുകൾ ഇതിലും വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതായി മനസ്സിലാക്കാം.
സാന്പത്തിക ദുരിതത്തിൽ ആടി ഉലഞ്ഞ മെക്സിക്കോ രാജ്യം കൃഷിയിൽകൂടി രക്ഷപെടുത്തുവാൻ നടത്തിയ 1990ലെ ശ്രമം അവരെ ജനിതക സോയകൃഷിയിലേയ്ക്ക് അടുപ്പിച്ചു. രണ്ടാം യുദ്ധത്തിലെ കച്ചവട സാധ്യതകളെ വൻതരത്തിൽ ഉപയോഗിച്ചു വളർന്ന Monsanto ഇവിടെയും സജ്ജീവമായി. അവർ വളർത്തിഎടുത്ത ജനിതക സോയയും അവയുടെ കളനാശിനി Glyphosateയും വ്യാപകമായി കൃഷി ഇടങ്ങളിൽ ഉപയോഗിച്ചു. 20 കോടി ലിറ്ററുകൾ 1.7കോടി ഹെക്ടെറുകളിൽ തളിച്ചത് ആയിരക്കണക്കിന് ജനങ്ങളിൽ തലച്ചോറിൽ മാന്ദ്യം, കാൻസർ, വന്ധ്യത, ത്വക്ക് രോഗം, ഞരന്പ് സന്പന്ധമായ അസുഖങ്ങൾ ഉണ്ടാക്കി.മെക്സിക്കോ മറ്റൊരു കുരുക്കിൽ പെട്ടു എന്ന് പറയാം. ഇതുമൂലം ഫ്രാൻസ്, ഡൻമാർക്ക്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കളനാശിനിയെ നിരോധിച്ചു. എന്നാൽ എന്നും Roundup കേരളത്തിലെ റബ്ബർ തോട്ടങ്ങളിൽ ഉപയോഗിച്ചുവരുന്നു. സർക്കാരും ജനങ്ങൾ കൂടിയും ഈ വിഷയത്തിൽ ഉത്ഖണ്ധാകുലരല്ല.
ലോകത്തെപിടിച്ചു കുലിക്കിയ ഭോപ്പാൽ ദുരന്തം (December2, 3 1984) 8000 ആളുകളെ ഒറ്റ രാത്രിയിൽ കൊലപ്പെടുത്തി. പിന്നീട് 5 ലക്ഷം ആളുകളെ നിത്യ രോഗികളാക്കി. Methyl Isocynite എന്ന കീടനാശിനി ശരിയായ രൂപത്തിൽ സൂക്ഷിക്കാത്ത കന്പനിയുടെ ഉടമസ്ഥരെ സുരക്ഷിത സ്ഥാനത്തെത്തിക്കുവാൻ കേന്ദ്ര –സംസ്ഥാന സർക്കാരുകൾ കാട്ടിയ അമിത താൽപര്യം ഇന്നും ജനാധിപത്യ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. പരമോന്നത കോടതിപോലും ഇരകളെ വേണ്ടവിധം പരിഗണിക്കാതെ മുഖം തിരിച്ചു പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരെ എല്ലാ MLAമാരും കൂടി കേരള നിയമസഭയിൽ നിയമം ഉണ്ടാക്കിയിട്ടും 5 വർഷത്തിനു ശേഷം രാഷ്ട്രപതി തന്നെ നിയമം തിരിച്ചയച്ചു. നമ്മുടെ നാട്ടിലെ (വളം)രാസ-കീടനാശിനി പ്രയോഗങ്ങളെയും അതിന്‍റെ ഉത്പാദനത്തെയും ഭീതിയോടെ നോക്കി കാണേണ്ട സാർക്കാർ, വിഷയത്തിൽ നിർജ്ജീവമായ നിലപാട് തുടരുന്പോൾ ജനങ്ങളുടെ ജീവിതം കൂടുതൽ അപകടകരമായി തീരും. കാൻസർ, പ്രമേഹം, ആത്സമ, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ വ്യാപകമായി തീരുവാനുള്ള പ്രധാന കാരണം വിഷാംശം കലർന്ന കാർഷികരംഗം തന്നെ.
കേരളത്തിന്‍റെ പൊതു ഭൂപ്രകൃതിയിൽ നിന്നും തെല്ലു വ്യത്യസ്തമായ കാസർഗോഡ് നിബിഡ വനങ്ങൾ ഇല്ലാത്ത തുറസ്സായ മലനിരകളാൽ ശ്രദ്ധിക്കപ്പെട്ടിരുന്നതിനാൽ വിസ്താരമായ പ്രദേശത്ത് Kerala Plantation വകുപ്പ് കശുമാവ് കൃഷി വ്യപകമാക്കി. അതിന്‍റെ ഉത്പാദനം വിദേശത്തേക്കുള്ള കശുവണ്ടി കയറ്റുമതിയെ ലക്ഷ്യം വെച്ചായിരുന്നു. കശുമാവിൻ തോട്ടങ്ങളിൽ കീടനാശിനിയായി 1979 മുതൽ Endosulphan ഉപയോഗിച്ചു. അതും വായു മാർഗ്ഗം. 4600 hectorൽ 2000വരെ 20 വർഷം തളിക്കൽ തുടർന്നു. കാസർഗോഡ് ജില്ലയുടെ പ്രത്യേകത അവിടെയുള്ള വ്യാപകമായ വെട്ടുകല്ലുകൾക്കിടയിലെ ജലസാന്നിദ്ധ്യമാണ്.ഒരു ഡസനിലധികം ചെറുതും വലുതുമായ നദികൾ ഉള്ള പ്രദേശത്തെ ജല മാനേജ്മെന്‍റ് ലോകപ്രശസ്തമാണ് (സുരങ്ക). എന്റോസൾഫാൻ ചുവപ്പ് വിഭാഗത്തിൽ പെടുന്ന organochlorine രാസപദാർത്ഥമായാതിനാലും അതിന്‍റെ half life (പകുതി അളവ് നിർവീര്യമാകുവാൻ എടുക്കുന്ന സമയം) 9 മാസം മുതൽ 6 വർഷം. മനുഷ്യനിൽ 10 parts per millionsനുമുകളിൽ അപകടം വരുത്തുന്ന കീടനാശിനിയുടെ തോത് കീടനാശിനി തളിച്ച 12 ലധികം പഞ്ചായത്തുകളിൽ 100 parts per millions ആയിരുന്നു എന്നതിൽ നിന്നും അപകടത്തിന്‍റെ തോത് എത്ര വലുതാണെന്ന് മനസ്സിലാക്കാം. ബുദ്ധി മാന്ദ്യം, കൈ−കാൽ വൈകല്യം, ത്വക്ക് രോഗം, വന്ധ്യത, അവയവങ്ങളുടെ വികലമായ വളർച്ച തുടങ്ങിയ നിരവധി ദുരന്തങ്ങൾക്ക് കാരണമായ ഈ കീടനാശിനി Stockhome സമ്മേളനത്തിൽ വെച്ച് നിരോധിച്ചു (2011). എന്നാൽ നിരോധനം നമ്മുടെ നാട്ടിൽ എത്തിയില്ല. 70 തിനടുത്ത് രാജ്യങ്ങളിൽ പ്രസ്തുത കീടനാശിനി നിരോധിച്ചു. കാസർഗോഡിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ആദ്യം വളർത്തു മൃഗങ്ങളിലും പിന്നീട് നവജാത ശിശുക്കളിലും കണ്ടു തുടങ്ങിയ രോഗത്തെ ഗൗരവതരമായി മനസ്സിലാക്കുവാൻ നാട്ടുകാർക്കു കഴിഞ്ഞില്ല. ജനകീയരായ ആരോഗ്യപ്രവർത്തകർ നടത്തിയ പഠനങ്ങൾ, ഒപ്പം സ്വന്തം കുടുംബ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ശ്രീമതി. ലീലകുമാരി നടത്തിയ നിയമപോരാട്ടം എന്റോസൾഫാൻ തളിക്കൽ നിർത്തിവെക്കുവാൻ തോട്ടം കന്പനിയെ നിർബന്ധിതമാക്കി. എന്നാൽ Kerala Plantation Corporation എന്റോസൾഫാൻ കീടനാശിനിയുടെ അപകടം ബോദ്ധ്യപ്പെടുവാൻ വിസ്സമ്മതിച്ചു. മാത്രവുമല്ല കന്പനിതൊഴിലാളി യൂണിയനുകൾ എന്റോസൾഫാന് അനുകൂലമായി അഭിപ്രായം പറയുന്നവരായി രംഗത്ത് വന്നു. എന്റോസൾഫാൻ വിരുദ്ധ സമരം തൊഴിലാളികളുടെ തൊഴിൽ മേഖലക്കു ഭീഷണിയാണെന്ന് അഭിപ്രായം ഉയർന്നു. വൻ അപകട സാധ്യതയുള്ള കീടനാശിനി തൊഴിലാളികൾ നേരിട്ട് കൈകാര്യം ചെയ്തു വരികയും പലരും രൂക്ഷമായ ത്വക്ക് കാൻസർ രോഗങ്ങൾക്കു വിധേയമായി മരിച്ചു വീണിട്ടും തൊഴിലാളി സംഘടനകൾ എന്റോസൾഫാൻ തളിക്കലിന് അനുകൂലമായിരുന്നു.
എന്റോസൾഫാൻ തളിക്കൽ തോട്ടം അധികാരികൾ നിർത്തി വെച്ചുവെങ്കിലും കീടനാശിനിയുടെ വർദ്ധിച്ച സാന്നിദ്ധ്യം വരുത്തി വെച്ച ദുരിത ജീവിതങ്ങളോടു കരുണ ഇല്ലാതെയാണ് സർക്കാർ സംവിധാനങ്ങൾ പെരുമാറിയത്.അന്താരാഷ്ട്ര സമ്മേളനത്തിൽ എന്റോസൾഫാൻ നിരോധിക്കുവാൻ വോട്ടെടുപ്പ് നടന്നപ്പോൾ ഉത്പാദനം തുടരണമെന്ന് വാദിച്ച ഏക രാജ്യം ഇന്ത്യയാണെന്നു പറഞ്ഞാൽ നമ്മുടെ രാജ്യം ജനങ്ങളുടെ സുരക്ഷിതത്ത്വത്തിനു നൽകുന്ന വില മനസിലാകും. ലോകത്ത് ഏറ്റവും കൂടുതൽ എന്റോസൾഫാൻ ഇന്നും ഉത്പാദിപ്പിക്കുന്ന, ഉപയോഗിക്കുന്ന, കയറ്റുമതിചെയ്യുന്ന− രാജ്യമായ ഇവിടെ കീടനാശിനി വരുത്തുന്ന കൂട്ടകുരുതിയും മറ്റു ദുരന്തവും സർക്കാരിനെ വേവലാതിപ്പെടുത്തുന്നില്ല. കർണ്ണാടകയും കേരളവും മാത്രമാണ് ഉപയോഗം നിരോധിച്ചിരിക്കുന്നത്. രാജ്യത്താകെ നിരോധനം നടപ്പക്കാത്തതിനാൽ നിരോധനം ഫലപ്രദമല്ല. കാസർഗോട്ടെ 11പഞ്ചായത്തുകളിൽ (എൻമകജെ, ബേലൂർ, കല്ലാർ, പെരിയ, പുല്ലൂർ, കയ്യൂർ മുതലായ..) എന്റോസൾഫാൻ ഇരകളായി 5837 ആളുകളെ തിരിച്ചറിഞ്ഞു. ഇവരെ ഇരകളായി സർക്കാർ അവസാനം അംഗീകരിച്ചു എങ്കിലും ക്രൂരമായ അവഗണന സർക്കാർ തുടരുന്നു. ആനുകൂല്യങ്ങൾ ലഭ്യമാകുവാൻ യോഗ്യരായി കണ്ടെത്തിയത് ഇതിൽ 2791 ആളുകളെ മാത്രം. സമരക്കാരുടെ നിരന്തരശ്രമഭലമായി National Human Rights Commission വിഷയത്തിൽ ഇടപെടുകയും എന്റോസൾഫാൻ നിരോധിക്കുവാൻ 2010 ഡിസംബർ മാസം നിർദ്ദേശിക്കുകയും ചെയ്തു. ഒപ്പം സംസ്ഥാന സർക്കാരിനു താഴെ പറയുന്ന നിർദേശങ്ങൾ നൽകി. മരണപ്പെട്ടവർക്ക്/കിടപ്പിലയവർക്ക് 5 ലക്ഷം. വൈകല്യം ബാധിച്ചവർക്ക് 3 ലക്ഷം. പാലക്കാട്ടും സമാന പഠനങ്ങൾ നടത്തി ഇരകളെ കണ്ടെത്തുക.നിരന്തര മെഡിക്കൽ ക്യാന്പകൾ സംഘടിപ്പിക്കുക. ഈ നിർദേശങ്ങളെ അട്ടിമറിക്കുവാൻ സർക്കാർ ബോധപൂർവ്വം ശ്രമിച്ചു എന്നു പറയുന്നതാകും കൂടുതൽ ശരി. മാത്രമല്ല സർക്കാർ 2014ൽ കരാറിൽ സമ്മതിച്ച ഉറപ്പുകൾ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. കടം എഴുതി തള്ളുവാൻ വിമുഖരാണ് സർക്കാർ. സൗജന്യ മരുന്ന് വിതരണം നടക്കുന്നില്ല വാർഷിക മെഡിക്കൽ ക്യാന്പും മെഡിക്കൽ കോളേജ് ആരംഭിച്ചിട്ടില്ല. (സംസ്ഥാനത്ത് 35 സ്ഥാപനങ്ങൾ ഉള്ളപ്പോൾ ഇവിടെ ഒന്നുപോലും ഇല്ല.) Buded സ്കൂൾ പ്രവർത്തന അന്തീക്ഷം പരിതാപകരമാണ്. അവിടെ ഭക്ഷണത്തിന് അനുവദിച്ച തുക കുട്ടിക്കൊന്നിനു 5രൂപ മാത്രം. പെൻഷൻ തുക 5000 രൂപയാക്കുവാൻ ഒരു താൽപര്യവും ഉണ്ടായിട്ടില്ല. ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എന്റോസൾഫാൻ നിർവ്വീര്യമാക്കൽ നടപ്പാക്കിയിട്ടില്ല. നെഞ്ചം പറന്പിൽ കുഴിച്ചിട്ട കീടനാശിനി ഇന്നും പരിസര മലിനീകരണം നടത്തിവരുന്നു.
ഒരു ജില്ലയിലെ നിരപരാധികളായ ആയിരക്കണക്കിനു ജനങ്ങളുടെ മുകളിൽ ദുരിതം വിതച്ച സർക്കാർ സംവിധാനം അതിന്‍റെ ദുരന്തം പേറുന്ന ജനതയോടു കരുണയില്ലാതെ പെരുമാറുന്പോൾ നീതിയും സുരക്ഷയും ജനങ്ങൾക്ക് നൽകേണ്ടവർ ഉത്തരവാദിത്തങ്ങൾ അവർ തന്നെ മറന്നു പോകുന്നു എന്നതാണ് വസ്തുത. ഒപ്പം നാട്ടിലെ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും ജനങ്ങളുടെ സുരക്ഷയിലും പ്രധാനമായി തൊഴിൽ അവസരങ്ങളെ മാത്രം ഉറ്റുനോക്കുവാൻ ശ്രമിക്കുന്പോൾ അവർ തങ്ങളിരിക്കുന്ന കൊന്പുകൾ മുറിക്കുകയാണെന്ന് മറക്കുന്നു. സാമ്രാജ്യത്വ രാജ്യങ്ങൾ അവരുടെ ജനങ്ങളുടെ സുരക്ഷയിൽ എടുക്കുന്ന താൽപര്യങ്ങൾ പോലും ജനാധിപത്യ രാജ്യത്തിന് മാതൃകയാക്കുവാൻ കഴിയാതെ നമ്മുടെ ജനാധിപത്യത്തിന്‍റെ ലക്ഷ്യത്തെ നേതാക്കൾ അട്ടിമറിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കുന്നതാണ് സത്യം. ജനാധിപത്യം വിജയിക്കുന്നത് അവസാനത്തെ ആളിനെയും പരിഗണിക്കുന്പോൾ മാത്രം എന്ന ഗാന്ധിയൻ സ്വപങ്ങൾക്ക് മുകളിലാണ് നാം ഇന്ന് വികസനരഥങ്ങൾ ഉരുട്ടികയറ്റുന്നതെന്ന്‍ എന്നായിരിക്കും നായകർ തിരിച്ചറിയുക!!.