സന്പൂർണ്ണ സാക്ഷര സംസ്കാര കേരളം

മാലിനി എസ് നായർ
ഗുണ്ടായിസം ഒരു പന പോലെ കേരളത്തിൽ വളർന്നു പന്തലിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്നതോ അതോ കാണാത്തതോ, അറിയില്ല. സരിതയെന്ന ‘അഴിമതിക്കാറ്റ്’ പ്രമുഖർക്കെതിരെ ആഞ്ഞടിക്കുന്പോൾ ചിലതൊന്നും ആരും കണ്ടില്ലെന്ന് വരും. എന്നാൽ രാഷ്ട്രീയപരമായി ഉണ്ടായ ഗുണ്ടായിസം കണ്ണിൽ തട്ടിയിട്ടുണ്ട് കഴിഞ്ഞ ദിവസം. നയതന്ത്രജ്ഞൻ ടി.പി ശ്രീനിവാസനെ മുഖത്തടിച്ചത് എസ്.എഫ്.ഐക്കാരയതിനാൽ സംഭവം വിവാദമായി. എന്തായാലും ഏത് രാഷ്ട്രീയ മേലാളൻമാരായാലും ചെയ്തത് തെമ്മാടിത്തരം തന്നെ. പിന്നെ എന്ത് ചെയ്താലും അത് ന്യായീകരിക്കുന്ന ഒരു അടവ് രീതി നിലനിൽക്കുന്നുണ്ടല്ലോ. ശ്രീനിവാസൻ സമരക്കാരുടെ തന്തക്ക് വിളിച്ചെന്നും അതുകൊണ്ടാണ് തല്ലിയതെന്നുമാണ് സമരക്കാർ പറയുന്നത്. എന്തോ അത് അതിന്റെ വഴിക്ക് നടക്കുന്നു...
അതിനിടെ ഇന്നലെ മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു കൂട്ടം ചെറുപ്പക്കാർ തെരുവു പട്ടിയെ തല്ലികൊല്ലുന്ന പോലെ ഒരു യുവാവിനെ നടുറോഡിലിട്ട് തല്ലികൊന്നു. അസഹിഷ്ണുത അസഹിഷ്ണുത... ദളിതർ കൊല്ലപ്പെടുന്നു, ആത്മഹത്യ ചെയ്യുന്നു, അവർക്ക് അതില്ല, ഇതില്ല എന്തൊരു പുകിലാ സോഷ്യൽ മീഡിയയിലും മറ്റ് വാഗ്വാദങ്ങളിലും. ഗുണ്ടായിസം വളരുന്നതിൽ ആർക്കും പരാതിയില്ല പരിഭവമില്ല. നല്ല സാക്ഷരത കൈവരിച്ച കേരളം!
ആ ചെറുപ്പക്കാരനെ തല്ലികൊല്ലുന്നതാണെങ്കിലോ ഏതോ ഒരു വിരുതൻ അടിപൊളിയായി ക്യാമറയിൽ പകർത്തിയിട്ടുമുണ്ട്. പക്ഷെ കണ്ടുനിന്നവർ അടികൊണ്ട് വീണവന്റെ ബോധം പോയതിന് ശേഷമാണ് ആശുപത്രിയിലേയ്ക്ക് എടുത്തോടിയത്. പത്രത്തിൽ വാർത്ത കണ്ടു നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെന്ന്, ആരെ പകുതി ചത്ത ആ ചെറുപ്പക്കാരനെയോ?. ലജ്ജ തോന്നുന്നില്ലേ മനുഷ്യാ നിനക്ക്. ആ വീഡിയോ എടുത്ത നേരം തൊട്ടരികിൽ റോഡുപണിക്കിറക്കിയ കുറച്ച് ബോളർ എടുത്ത് നിനക്ക് ആ അക്രമികളെ എറിഞ്ഞോടിക്കാമായിരുന്നില്ലേ. കന്പുകൊണ്ട് നിന്റെ നേർക്ക് അവർ വരുമായിരുന്നെങ്കിൽ മണ്ണ് വാരി കണ്ണിലേക്കിടാമായിരുന്നില്ലേ... നീ ഒരു പക്ഷെ നിന്റെ ജീവനെ ഭയന്നാകും അത് ചെയ്യാതിരുന്നത്. പക്ഷെ നിന്റെ ജീവൻ നിലനിർത്തി തന്നെ കൂട്ടംകൂടി പ്രതികരിച്ചിരുന്നെങ്കിൽ ആ ചെറുപ്പക്കാരന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു... അക്രമം വളരുന്നത് അനുവദിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും ഇത്തരം നഷ്ടപ്പെടുന്ന ജീവനുകൾക്ക്..