സമയമെന്ന പോലീസുകാരൻ...


കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്തിന് സമീപമുള്ള സിഗ്നലിൽ  പച്ച കത്തുന്നതും കാത്ത് നിൽക്കുന്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. സമീപത്തുകൂടി ചില സ്ത്രീകൾ ജോലി കഴിഞ്ഞ് വീട്ടുസാധനങ്ങളും തൂക്കി പുതുവത്സരത്തെ സ്വീകരിക്കാനുള്ള ഓട്ടപാച്ചിൽ നടത്തുന്നു. ആ തിരക്കിൽ നിന്ന് കണ്ണെടുത്തപ്പോഴാണ്  വലത് വശത്തുള്ള ഷോപ്പിങ്ങ് കോംപ്ലക്സിൽ പുരുഷൻമാരുടെ ചെറിയ തിരക്ക് കണ്ടത്. കാര്യം എന്താണെന്ന് മനസ് ചോദിക്കുന്പോഴേക്കും  ഭാര്യ ഉത്തരം പറഞ്ഞു കഴിഞ്ഞിരുന്നു, പുരുഷൻമാർ അച്ചടക്കത്തോടെ നിരനിരയായി നിൽക്കണമെങ്കിൽ അത് ബിവറേജസ് അല്ലാതെ എന്താകാൻ. വൈകുന്നേരം വീട്ടിൽ അരിപുകയുന്നുണ്ടോ എന്ന് പോലും നോക്കാൻ സമയമില്ലാതെ പുതുവത്സരത്തിന്റെ ലഹരി നുണയാനുള്ള ആവേശത്തിൽ മിണ്ടാതെ, ബഹളം വെയ്ക്കാതെ, കാത്തിരിക്കുന്ന ആ പുരുഷകേസരികളുടെ ഒരു ഭാഗമായതിനാൽ ഞാനും കൂടുതൽ ഒന്നും പറയാതെ റേഡിയോയുടെ സ്വിച്ച് ഓൺ ചെയ്തു. അപ്പോഴേക്കും ഭാഗ്യത്തിന് സിഗ്നലും തുറന്ന് കിട്ടി. 

ചുമരിൽ ആണിയടിച്ച് തറപ്പിച്ചു വെച്ച കലണ്ടർ താളുകളിൽ നിന്ന് ഡിസംബർ 2015നെ പതുക്കെ അടർത്തി മാറ്റേണ്ടുന്ന നേരമായിരിക്കുന്നു. ഇനി 2016 ആണ്. ഏതൊരു വർഷവും പോലെ 2015ന്റെ ബാലൻസ് ഷീറ്റും നമുക്ക് ലാഭവും നഷ്ടവും നൽകിയിട്ടുണ്ടാകും. ജീവനെക്കാൾ നമ്മൾ സ്നേഹിച്ച എത്രയോ പേർ ജീവൻ തന്നെ ഉപേക്ഷിച്ച് പോയിരിക്കാം 2015ൽ. അതു പോലെ തന്നെ എത്രയോ പുതിയ ജീവനുകൾ നമ്മുടെ മുന്പിലേയ്ക്ക് ചിത്രശലഭങ്ങൾ പോലെ പാറി വന്നിരിക്കാം. സമയത്തിന് മുന്പിൽ നാമൊക്കെ എത്ര മാത്രം അശക്തരാണെന്ന് തെളിയിക്കുന്നുണ്ട് കടന്നുപോകുന്ന ഓരോ ദിനരാത്രവും. സംശയമുണ്ടെങ്കിൽ ഒരുവർഷം മുന്പത്തെ സ്വന്തം ഫോട്ടോ തന്നെ എടുത്തുനോക്കുക. കൊഴിഞ്ഞിട്ടുണ്ടാകും കുറച്ച് മുടിയിഴകൾ, ചുളിവ് വീണിട്ടുണ്ടാകും അങ്ങുമിങ്ങും, തടി കൂടിയോ അതോ കുറഞ്ഞോ, അങ്ങിനെ പല വ്യത്യാസങ്ങൾ ഓരോ രാവും പകലും നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു. 

ആൻഡ്രോയിഡ് ഫോണിന്റെ പ്ലാനറിൽ അടുത്ത ദിവസം നമ്മൾ ചെയ്യേണ്ട കാര്യങ്ങളെ പറ്റി പദ്ധതികളിടുന്പോഴും ജീവിതത്തിന്റെ നൈമിഷികതയെ പറ്റി നമ്മൾ അധികം ചിന്തിക്കാറില്ല. വീണ്ടും കലണ്ടറിനെ പറ്റി തന്നെ എന്റെ ചിന്തകൾ പോകുന്നു. ഈ ലോകത്ത് അതൊന്നും ഉപയോഗിക്കാത്ത എത്രയോ കോടി കണക്കിന് മനുഷ്യരുണ്ടാകില്ലെ. അടുത്ത നേരത്തേ ആഹാരത്തിന് വേണ്ടി, ഒരിറ്റു ജീവജലത്തിന് വേണ്ടിയൊക്കെ കൈയും കാലും ശരീരവും നീട്ടി അവർ യാചിക്കുന്നുണ്ടാകും. വയർ എരിഞ്ഞ് മരിക്കാതിരിക്കാൻ ശ്രമിക്കുന്പോൾ അവർക്ക് എന്ത് പുതുവർഷം, ആഘോഷങ്ങൾ. 

നഗരതിരക്കിൽ അലിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് വരുന്പോഴും കിട്ടി ഒരു ചുകന്ന സിഗ്നൽ. പുതുവത്സരരാവിൽ റോക്ക് ചെയ്യാൻ നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിൽ ഡാൻസ് പാർട്ടി വിളംബരം ചെയ്യുന്ന ബോർഡ് അവിടെ ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ തൂങ്ങികിടക്കുന്നു. രാത്രി ഏറെ വൈകിയിട്ടും റോഡിൽ തിരക്കൊഴിയുന്നില്ല. ഒരു പോലീസുകാരൻ അതിവേഗം തന്റെ കൈകൾ വീശി എതിർവശത്തുള്ള വാഹനങ്ങളോട് പോകാൻ പറയുന്നു. സമയവും ഇതു പോലെയുള്ള പോലീസുകാരനായിരിക്കുമോ എന്തോ. പെട്ടന്ന് പെട്ടന്ന് കൈവീശി ഓരോ സിഗ്നലിൽ നിന്നും നമ്മെ യാത്രയാക്കുന്ന പോലീസുകാരൻ. എന്തോ ഇപ്പോൾ കലണ്ടറിനോടും വെറുപ്പ് തോന്നുന്നു. എന്തിനാ വെറുതെ ഈ താളുകൾ, അക്കങ്ങൾ... വെറുതെ പേടിപ്പിക്കാൻ. 

കാലം ഇങ്ങിനെ കടന്നുപോകുന്പോൾ കവി പാടിയത് പോലെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് ചോദിക്കുന്നതിന് പകരം ഞാൻ ആര് എന്ന ചോദ്യത്തിലേയ്ക്ക് തന്നെയാണ് മനുഷ്യൻ എത്തേണ്ടത് എന്നാണ് എന്റെ തോന്നൽ. അങ്ങിനെയൊരു ചോദ്യം സ്വയം ചോദിച്ചാൽ പിന്നെ അവിടെ വെളുത്തവനും, കറുത്തവനുമില്ല. മതങ്ങളില്ല, ജാതികളില്ല, വർഗ്ഗങ്ങളില്ല‍, ലിംഗ ഭേദങ്ങളില്ല. ഉള്ളത് ഒന്ന് മാത്രം. പരമമായ സത്യം. ഞാൻ തന്നെ നീ എന്ന സത്യം. ആ സത്യത്തിലേയ്ക്കുള്ള യാത്രകളാകട്ടെ നമ്മുടെ ഓരോ ജീവന്റെയും ഒഴുക്ക്. ഒന്ന് നിൽക്കുന്പോൾ അടുത്തത്, അതിൽ നിന്ന് മറ്റൊന്ന്. അങ്ങിനെ വേണം കാലത്തിനെ രേഖപ്പെടുത്താൻ കേവല മനുഷ്യർ ഉണ്ടാക്കിയ കലണ്ടർ താളുകളെയും നോക്കി കാണാൻ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed