ഇത് തെമ്മാടിത്തരം...
                                                            ഏട്ടാ, ഈ ഗൾഫിലൊക്കെ പെട്രോളിന് വില കുറഞ്ഞെന്ന് നിങ്ങൾ പറയുന്നു. പിന്നെന്താ ഇവിടെ ഇതിനൊന്നും വില കുറയാത്തത്. ഇപ്പോഴും ലിറ്ററിന് 65 ആണല്ലോ പെട്രോളിന്.
അത് പിന്നെ, ഇപ്പോഴല്ലേടി ഇതൊക്കെ ഒന്നു കുറഞ്ഞത്. പഴയ നഷ്ടങ്ങളൊക്കെ നികത്തി കുറച്ച് ലാഭമുണ്ടാക്കാൻ നമ്മുടെ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുകയല്ലെ. എന്നിട്ട് വേണം നമ്മുടെ അണ്ണന് രാജ്യമൊക്കെ വികസിപ്പിച്ച് ഒരു പരുവത്തിലാക്കാൻ.
വികസിച്ചു വികസിച്ചു പൊട്ടാതിരുന്നാൽ മതിയായിരുന്നു. പച്ചക്ക
റിയ്ക്കൊക്കെ എന്നാ വിലയാ. പെട്രോളിന് വില കുറഞ്ഞാൽ അതൊക്കെ കുറയുമെന്നാ അങ്ങേതിലെ ശാന്ത പറയുന്നേ. 
അതൊക്കെ ശരി തന്നാ, എന്നാലും കുറച്ച് നീക്കിയിരിപ്പു വേണ്ടടീ..നീ ഒന്ന് ക്ഷമി.. അണ്ണൻ ഓടി നടക്കുന്നത് നീയും കാണുന്നില്ലേ...
നമ്മുടെ നാട്ടിൽ ഇക്കാലത്ത് നടക്കാവുന്ന ഒരു സാങ്കൽപ്പിക സംഭാഷണമാണ് മുകളിൽ കൊടുത്തത്. ക്രൂഡ് ഓയിലിന് കഴി
ഞ്ഞ ഏഴുവർഷത്തിനിടിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഉള്ളത്. അടുത്ത വർഷമാകുന്പോഴേക്കും ഇത് വീണ്ടും കുറഞ്ഞേക്കാം എന്നും വിദഗ്ദ്ധർ പ്രവചിക്കുന്നു. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ പെട്രോളിയം ഉപഭോഗ രാജ്യമാണ് ഇന്ത്യ. മുന്പ് എണ്ണകന്പനികൾക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ എണ്ണ ഉത്്പാദക രാജ്യത്തേയ്ക്ക് കപ്പൽ അയക്കേണ്ടി വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണ ഉത്പാദകർ തന്നെ നേരിട്ട് കപ്പൽ ചാർജ്ജ് പോലും വാങ്ങാതെ നമ്മുടെ നാട്ടിൽ വിപണിയിടെ വലുപ്പം മനസ്സിലാക്കി എണ്ണ എത്തിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ പണം അടയ്ക്കാൻ മുന്പ് 30 ദിവസം നൽകിയിരുന്ന ഉത്പ്പാദകർ ഇപ്പോൾ ആ സാവകാശം 90 ദിവസം വരെയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും ഗുണം ഉപഭോക്താക്കൾക്ക് നൽകാൻ പെട്രോളിയം കന്പനികളോ കേന്ദ്ര സർക്കാരോ ഇപ്പോഴും തയ്യാറാകുന്നില്ല എന്നത് ഏതൊരു സാധാരണക്കാരനെയും അതിശയപ്പെടുത്തുന്ന കാര്യമാണ്. 
ഇറക്കുമതി ചെയ്യേണ്ട ഉത്പ്പന്നമായതിനാൽ അന്താരാഷ്ട്ര വിപണിയിൽ വില കൂടുന്പോൾ നമ്മുടെ നാട്ടിലെ എണ്ണ വില വർദ്ധിപ്പിക്കാതെ മറ്റ് വഴിയില്ലെന്നാണ് കഴിഞ്ഞ കുറേക്കാലങ്ങളായി വിവിധ സർക്കാരുകളും അവർക്ക് ഓശാന പാടികൊണ്ടിരുന്ന മാധ്യമങ്ങളും ഒക്കെ നമ്മെ പഠിപ്പിച്ചു കൊണ്ടിരുന്നത്. സത്യത്തിൽ നമുക്ക് നൽകുന്ന എണ്ണയുടെ വിലയിൽ മൂന്നിലൊന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചാർത്തി തരുന്ന വിവിധ നികുതികളാണെന്ന കാര്യം വളരെ വിദഗ്ദ്ധമായി മറച്ചുപിടിച്ചാണ് സർക്കാരുകളും വിവിധ സാന്പത്തികവിദഗ്ദ്ധരും ഇത്രയും കാലം നമ്മെ പറ്റിച്ചു കൊണ്ടിരുന്നത്. ഇതൊക്കെ കൂടാതെ പെട്രോൾ, ഡീസൽ വില നിശ്ചയിക്കാനുള്ള അവകാശവും സർക്കാർ ഇപ്പോൾ പെട്രോളിയം കന്പനികൾക്ക് നൽകിയിട്ടുണ്ട്. ഇവർ വില കുറയ്ക്കാൻ തീരുമാനിച്ചാൽ ഉടൻ തന്നെ കേന്ദ്രസർക്കാർ എക്സൈസ് നികുതി വർദ്ധിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതായത് വില കൂടുന്പോൾ യഥേഷ്ടം വില വർദ്ധിപ്പിക്കുകയുമാകാം, വില കുറയേണ്ട സമയത്ത് കേന്ദ്രസർക്കാർ നികുതി കൂട്ടി അതിനൊട്ടനുവദിക്കുകയും ഇല്ല എന്നതായിരിക്കുന്നു ഇപ്പോഴത്തെ അവസ്ഥ.
2014 ജൂലൈയിൽ ബാരലിന് 115 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 40 ഡോളറായി താഴ്ന്നപ്പോഴും പെട്രോൾ വില 77 രൂപയിൽ നിന്നു 65 രൂപയായും, ഡീസൽ വില 61 രൂപയിൽ നിന്ന് 51 രൂപയായും മാത്രമാണ് കുറഞ്ഞത്. എണ്ണ ഇറക്കുമതി ചെയ്യുന്ന പല രാജ്യങ്ങളും കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിലയിൽ 40 മുതൽ 55 ശതമാനം വരെ വില കുറച്ചപ്പോൾ നമ്മുടെ രാജ്യത്ത് കുറഞ്ഞത് 15 ശതമാനം മാത്രം. പെട്രോളിയം ഉത്പ്പന്നങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഇത്രയും വലിയ ജനവിരുദ്ധനയം തുടരുന്പോഴും അതിനെതിരെ പ്രതിപക്ഷ കക്ഷികളിൽ നിന്ന് ഒരു പ്രതിഷേധവും ഉയരുന്നില്ല. ഈ മൃദുസമീപനം തന്നെയാണ് തോന്നുന്നത് പോലെ എണ്ണയുടെ പേരിലുള്ള ഈ പകൽക്കൊള്ള നടത്താൻ കേന്ദ്രസർക്കാറിന് ധൈര്യം നൽകുന്നതും.
പെട്രോളും ഡീസലും കേവലം ഏതെങ്കിലും രണ്ടു വസ്തുക്കളല്ല. മറിച്ച് ഒട്ടനവധി അവശ്യ വസ്തുക്കളുടെ വില നിർണ്ണയിക്കുന്നതിൽ പ്രഥമസ്ഥാനത്തു നിൽക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴത്തെ വിലയിടിവ് മുതലെടുത്തു കൊണ്ട് അവശ്യ വസ്തുക്കളുടെ വിലകുറയ്ക്കാതെ  വരുമാന വർദ്ധനവിനുള്ള അവസരമാക്കി മാറ്റുന്നത് അക്ഷന്തവ്യമായ പിഴവും അങ്ങേയറ്റം ഉത്തരവാദിത്വ രഹിതമായ നടപടിയുമാണെന്ന് പറയാതിരിക്കാൻ ആവില്ല.  എണ്ണ പോലെയുള്ള അവശ്യവസ്തുക്കൾ ജനങ്ങൾക്കു നൽകുന്ന ഒരു ഇടനിലക്കാരനാണ് കേന്ദ്ര സർക്കാർ. മറ്റു രീതിയിൽ  ജനങ്ങൾക്കു ഇന്ധനം ലഭിക്കാൻ അവസരമില്ലാതിരിക്കേ, അതിന് അമിതമായ തോതിൽ നികുതി ഏർപ്പെടുത്തി വിൽക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും, തെമ്മാടിത്തരവുമാണ്. ഒരു ഉത്പ്പന്നത്തിന്റെ വില കുറയുന്പോൾ അതിന്റെ പരമാവധി ഗുണം ലഭിക്കേണ്ടത് ഉപഭോക്താക്കൾക്കാണ്, ഇടനിലക്കാരനല്ല എന്ന സാമാന്യ തത്വം പോലും ഇവിടെ സർക്കാർ മറന്നുപോകുന്നു. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാഷ്ട്രത്തിൽ ജനവിരുദ്ധമായ ഇത്തരം നിലപാടുകളെചോദ്യം ചെയ്യാൻ പോലും നട്ടെല്ലുള്ള ഒരു രാഷ്ട്രീയ കക്ഷിയോ വ്യ
ക്തിയോ ഇല്ലെന്നുള്ളത് അത്യന്തം ആപകൽക്കരമാണ്. അതു വരും കാലങ്ങളിൽ കൂടുതൽ ദോഷം മാത്രമേ ചെയ്യൂ എന്നതും ഉറപ്പാണ്!!
												
										