ചന്ദ്രേട്ടൻ എവിടെയാ?
എനിക്കും ഒരു സാമൂഹ്യപ്രവർത്തകൻ ആകണമെന്നുണ്ട്. അതിനെന്താ വഴി? തികച്ചും നിഷ്കളങ്കമായിട്ടായിരുന്നു സുഹൃത്ത് ആ ചോദ്യം ചോദിച്ചത്. ഓഫീസ് സമയമൊക്കെ കഴിഞ്ഞ് ബാക്കിയുള്ള നേരം അൽപ്പം സാമൂഹ്യപ്രവർത്തനം നടത്താമെന്നായിരുന്നു സുഹൃത്തിന്റെ പദ്ധതി. ഈ പ്രവൃത്തിയിലേയ്ക്ക് ഇറങ്ങിചെല്ലാൻ വല്ല അപ്ലിക്കേഷനും കൊടുക്കേണ്ടതുണ്ടോ എന്നായിരുന്നു സുഹൃത്തിന്റെ മറ്റൊരു സംശയം.
എന്തായാലും രസകരമായ ഈ ചോദ്യങ്ങൾക്ക് ഒടുവിൽ ഞാൻ സാമൂഹ്യപ്രവർത്തനം എന്ന മഹത്തായ പ്രവൃത്തിയെ പറ്റി കുറച്ച് കാര്യങ്ങൾ സുഹൃത്തിനോട് പങ്കുവെച്ചു. പ്രവാസലോകത്ത് രണ്ടോ മൂന്നോ തരത്തിലുള്ള സാമൂഹ്യപ്രവർത്തനമാണ് പ്രധാനമായും നടക്കുന്നത്. അതിൽ ഏറ്റവും സാധാരണമായി കാണുന്നത് തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ടാണ്. നാട്ടിൽ പോകാൻ സമ്മതിക്കാത്ത സ്പോൺസറുടെ പീഢനം മുതൽ മാസങ്ങളായി ശന്പളം കിട്ടാത്ത അവസ്ഥ വരെ ഇതിലുണ്ടാകാം. ഇത്തരം പ്രശ്നങ്ങളുണ്ടായാൽ ഇന്നും സാധാരണക്കാരനായ പ്രവാസിക്ക് എന്ത് ചെയ്യണം എന്നറിയില്ല. പരമാവധി പേരും എത്തുന്നത് ഇന്ത്യൻ എംബസിയിലാണ്. അതും മാസത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഓപ്പൺ ഹൗസ് എന്ന ചടങ്ങിലാണ് വലിയൊരു വിഭാഗം പേരും എത്തുന്നത്. ഇവിടെ വരുന്നവരെ സഹായിക്കുന്നതിനായിട്ടാണ് ഒരു കൂട്ടം സാമൂഹ്യപ്രവർത്തകർ നിരന്തരം ഓടി നടക്കുന്നത്. ഏറ്റവും നല്ലൊരു കാര്യം തന്നെയാണ് അതും. എംബസിക്ക് പുറമേ, എമിഗ്രേഷൻ, എൽ.എം.ആർ.എ, ലേബർ മന്ത്രാലയം തുടങ്ങി പോലീസ് േസ്റ്റഷൻ വരെ ഈ സാമൂഹ്യപ്രവർത്തകർ തങ്ങളുടെ ജോലി സമയം പോലും മാറ്റിവെച്ചു കൊണ്ട് എത്തേണ്ടി വരും. എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വരുന്ന മറ്റൊരു സംഭവം ഒരു വ്യക്തി മരിച്ചാൽ അദ്ദേഹത്തിന്റെ മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നത് സംബന്ധിച്ച കാര്യങ്ങൾക്കാണ്. സ്വാഭാവിക മരണമല്ലെങ്കിൽ പേപ്പർ ജോലികൾ കുറച്ചു കൂടി വർദ്ധിക്കും. മോർച്ചറിയിൽ നിന്നും മൃതശരീരം കുളിപ്പിച്ച് നാട്ടിലേയ്ക്ക് കയറ്റി അയക്കുന്നത് വരെയുള്ള ധാരാളം ജോലി ഈ സാമൂഹ്യപ്രവർത്തനത്തിലുമുണ്ട്. ഇത് രണ്ടും കൂടാതെ മറ്റൊന്ന് പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. അതിൽ ആശുപത്രികളുടെ സഹായത്തോടെ നടത്തുന്ന രക്തദാനക്യാന്പ് മുതൽ ജീവിതശൈലീ രോഗങ്ങളുടെ പരിശോധനവരെ പെടുന്നു. ഇതോടൊപ്പം സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അസാന്നിദ്ധ്യത്തിൽ ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുന്ന പ്രവാസികളായ രോഗികളെ സഹായിക്കുന്ന പ്രവർത്തനവും ഇവിടെ നടക്കുന്നുണ്ട്. കൂടാതെ പലിശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ആത്മഹത്യ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളെ കൗൺസിലിങ്ങിലൂടെ ആശ്വാസം നൽകാൻ ശ്രമിക്കുന്നവർ, യോഗ, ധ്യാനം തുടങ്ങിയ പരിശീലനങ്ങളിലൂടെ പ്രവാസി ജനതയുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകുന്നവർ എന്നിവരൊക്കെ സാമൂഹ്യപ്രവർത്തകർ തന്നെയാണ്. ഇങ്ങിനെ വിശാലമായി കിടക്കുന്ന ഒരു വിഷയത്തിൽ ഏത് വിഭാഗത്തിലാണ് സ്പെഷ്യലിസ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച് സുഹൃത്തിനെ ആലോചിക്കാൻ വിട്ട് ഞാൻ ഇതുമായി ബന്ധപ്പെട്ട മറ്റു ചിന്തകളിലേയ്ക്ക് കടന്നു.
പ്രവാസലോകത്തെ സാമൂഹ്യപ്രവർത്തനം തരംതിരിച്ചാൽ രണ്ടായി നമുക്ക് കാണാം. ഒന്ന് അത്യാവശ്യം പബ്ലിസിറ്റിയൊക്കെ കിട്ടുന്ന, ഇടയ്ക്ക് മൊമെന്റോകളും, അവാർഡുകളുമൊക്കെ വാങ്ങാൻ പറ്റുന്ന വിഭാഗം. മറ്റേത് ആരവങ്ങളിൽ നിന്ന് മാറി നിന്ന് തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുന്നവർ. ഇവർ രണ്ട് പേരും ഒരു പോലെ പ്രശംസ അർഹിക്കുന്നവർ തന്നെ. കാരണം സൗകര്യമുണ്ടെങ്കിൽ പോലും സ്വന്തം ബന്ധുവിനെ സഹായിക്കാൻ പോലും സമയമോ മനസോ കാണിക്കാത്തവരാണ് മിക്കവരും. അവിടെ ഇത്തരക്കാർ പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ലാതെയോ എത്തുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്.
കഴിഞ്ഞ ദിവസം ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ പെട്ട ഒരു സുഹൃത്തിനെ കാണാൻ ഇടയായി. മുപ്പത്തിയഞ്ച് വർഷമായി ബഹ്റിനിൽ താമസിക്കുന്ന വടകരക്കാരൻ ചന്ദ്രേട്ടൻ. തന്റെ ചെറിയൊരു ജോലിക്കിടയിൽ എല്ലാ ദിവസവും വൈകുന്നേരം വീടിനടുത്തുള്ള സൽമാനിയ ആശുപത്രിയിൽ ചെന്ന് അവിടെ കഷ്ടതകൾ അനുഭവിക്കുന്ന രോഗികളെ കാണാനും, അവർക്ക് ഇടയ്ക്കൊക്കെ നല്ല ചൂടു കഞ്ഞിയും കറിയുമെത്തിക്കാനുമാണ് ചന്ദ്രേട്ടൻ ശ്രമിക്കാറുള്ളത്.
രാജീവ് വെള്ളിക്കോത്തിനോടൊപ്പം ചന്ദ്രേട്ടനെ കണ്ടുമുട്ടിയപ്പോൾ ഒരു സാധാരണക്കാരൻ എന്ന ഫീലിങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിക്കുള്ളിൽ ഓരോ ചുവട് മുന്പോട്ട് വെച്ചപ്പോഴും പതിയെ ആ അനുഭവം മാറി കൊണ്ടിരുന്നു. ഓരോ നിലയിലും രോഗികളായി കിടക്കുന്ന നിരവധി പേർ ചന്ദ്രേട്ടനെ കാത്തിരിക്കുന്നു. ഓരോ രോഗിയെയും പേരെടുത്ത് വിളിച്ച് വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ച്, കുടുംബാഗത്തെ പോലെ ആശ്വസിപ്പിച്ച് ചന്ദ്രേട്ടൻ അവർക്കിടയിലൂടെ നടന്നുനീങ്ങുന്നു. രണ്ട് കിഡ്നിയും പോയി ഡയാലിസിസിന് കാത്തിരിക്കുന്ന രണ്ട് ചെറുപ്പക്കാർ, തലക്കടിയേറ്റ് ബോധം പോയ അഞ്ജാതൻ, വാഹനാപകടത്തിൽ കാലും കൈയും അനക്കാൻ പറ്റാതെ കിടക്കുന്ന തിരുവനന്തപുരം സ്വദേശി, വിമാനത്തിൽ വെച്ച് പ്രഷർ കയറി പക്ഷാഘാതം വന്ന കണ്ണൂർ സ്വദേശി എന്ന് വേണ്ട ഓർമ്മ മുഴുവൻ നഷ്ടമായ ബംഗ്ലാദേശിയുമൊക്കെ ചിരിക്കുന്നത് ചന്ദ്രേട്ടനെ കാണുന്പോൾ മാത്രം. ചന്ദ്രേട്ടനെ ഒരു ദിവസം പോലും കണ്ടില്ലെങ്കിൽ അവിടെയുള്ളവർ ചോദിക്കുമത്രെ, ചന്ദ്രേട്ടൻ എവിടെയാ എന്ന് ?
എല്ലാവരെയും കണ്ട് ആശ്വസിപ്പിച്ച് ചന്ദ്രേട്ടനോടൊപ്പം ഇറങ്ങുന്പോൾ ജാതിയുടേയും, മതത്തിന്റേയും വർഗ്ഗത്തിന്റേയും പ്രവർത്തിയുടേയും പേരിൽ പരസ്പരം പോരടിക്കുന്ന നീചജന്മങ്ങളെ ഓർത്ത്, അത്തരം മനുഷ്യരുടെ ഇടയിൽ ജീവിക്കേണ്ടി വരുന്ന ഗതികേടോർത്ത് എന്റെയും തല കുനിഞ്ഞുപോയി. പറ്റുമെങ്കിൽ ഇവരെയൊക്കെ ആഴ്ച്ചയ്ക്ക് ഒരിക്കലെങ്കിലും ഇത്തരം ആശുപത്രികൾ കാണിക്കണം. കാരണം അവിടെ മരണകിടക്കയിൽ കിടക്കുന്നവരുടെ തലയ്ക്ക് മുകളിലൂടെ പോകുന്ന ട്യൂബുകളിൽ വ്യത്യസ്തകരമായ ജാതിയും,മതവും, വർഗ്ഗവും, രാഷ്ട്രീയവും ഒന്നും തന്നെ കാണില്ല. എല്ലാം ജീവൻ രക്ഷിക്കാനുള്ള ഒരേ തരം മരുന്നുകൾ മാത്രമായിരിക്കും. ഒപ്പം നമ്മുടെ സമൂഹത്തിൽ കൂടുതൽ ചന്ദ്രേട്ടന്‍മാരുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... സ്നേഹത്തോടെ..

