മരുന്നുകളുടെ കൈമാറ്റം...


മികച്ച ആരോഗ്യമാണ് നല്ല സന്പത്ത് എന്ന മുദ്രാവാക്യം ചെറുപ്പം മുതൽ നമ്മൾ കേൾക്കുന്നതാണ്. ഇന്ന് സന്പത്തുണ്ടെങ്കിലേ നല്ല ആരോഗ്യം ലഭിക്കൂ എന്നായിരിക്കുന്നു കാര്യങ്ങൾ. ലോകമെന്പാടും ഇന്ന് ആരോഗ്യരംഗം കിടമത്സരങ്ങളുടെ കൂടി മേഖലയാണ്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ കൂൺ പോലെ നമ്മുടെ നാട്ടിൽ മുളച്ചുവരികയാണ്. ഒരു പനി വന്നാൽപോലും ഓടിച്ചെന്ന് കിടക്കുന്നത് കെട്ടിലും മട്ടിലുമൊക്കെ കാണാൻ കൊള്ളാവുന്ന ഇത്തരം ആശുപത്രികളിലാണ്. ഇവിടെ എത്ര തന്നെ തുക ചെലവഴിക്കാനും നമ്മൾ മടികാണിക്കാറില്ല. ആരോഗ്യ ഇൻഷൂറൻസുകളും, ആരോഗ്യ ലോണുകളും ഇന്ന് ധാരാളമായി ലഭിക്കുന്നതും ചിലവ് കൂടിയ ആശുപത്രികളെ സമീപിക്കാൻ പ്രേരണയാകുന്നുണ്ട്. എന്തായാലും ഇന്ന് തോന്ന്യാക്ഷരത്തിൽ ആശുപത്രികളെ പറ്റിയല്ല സൂചിപ്പിക്കുന്നത്. മറിച്ച് മരുന്നുകളെ പറ്റിയാണ്.

ആശുപത്രി വ്യവസായം പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ വ്യവസായമാണ് മരുന്നുനിർമ്മാണവും, അതിന്റെ വിൽപ്പനയും. മരുന്ന് കന്പനികളുടെ മാർക്കറ്റിങ്ങ് എക്സിക്യുട്ടീവുകളാണ് ഭൂരിഭാഗം ഡോക്ടർമാരും എന്ന ആരോപണം പണ്ടുമുതൽക്കേ നിലനിൽക്കുന്നതാണ്. മറ്റ് ഉത്പന്നങ്ങൾ പോലെ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയിൽ വാങ്ങാൻ സാധിക്കാത്ത ഒരു ഉത്പന്നമാണ് മരുന്നുകൾ. തങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഏതാണെന്ന് തീരുമാനിക്കാൻ രോഗികൾക്ക് അവകാശമില്ല. അതിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ അത്യാവശ്യമാണ്. ഏത് കന്പനിയുടെ മരുന്ന് എത്രനാൾ കഴിക്കണമെന്ന് നിശ്ചയിക്കുന്നതും ഡോക്ടർമാരാണ്. എത്ര നിസാരമാണെങ്കിലും ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അവന്റെ രോഗം അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്് വേണ്ട മരുന്നിനായി എത്ര തന്നെ ചെലവ് വന്നാലും അത് വഹിക്കാൻ രോഗികളോ അവരുടെ ബന്ധുക്കളോ തയ്യാറാകുന്നു. ഈ പ്രത്യേകത കാരണം മറ്റേത് മേഖലകളേക്കാളും ഉപഭോക്താക്കൾ ഏറ്റവും ക്രൂരമായി ചൂഷണത്തിന് വിധേയമാകുന്നത് മരുന്നുവിപണന രംഗത്ത് തന്നെയാണ്. ജീവിതകാലത്ത് ഉണ്ടാക്കിയ സന്പാദ്യം മുഴുവൻ ആശുപത്രി കിടക്കയിൽ കഴിഞ്ഞു കൊണ്ട് ജീവൻ നിലനിർത്താനായി ചെലവിടുന്നവരാണ് മിക്കവരും.

നമ്മുടെ ഇടയിലെ മരുന്നുകന്പനികൾ വിവിധ ബ്രാൻഡ് നാമത്തിലാണ് മരുന്നുകൾ വിപണിയിൽ ഇറക്കുന്നത്. എല്ലാ മരുന്നുകൾക്കും ഒരു രാസനാമവും ജനറിക്നാമവും ബ്രാൻഡ് നാമവുമുണ്ടാകും. വിവിധ കന്പനികൾ‍ ഒരേ മരുന്ന് വ്യത്യസ്ത ബ്രാൻഡുകളിൽ വ്യത്യസ്ത വിലയ്ക്കാണ് വിറ്റുവരുന്നത്. തങ്ങളുടെ ഔഷധത്തിന് മറ്റു കന്പനികളുടെ മരുന്നുകൾക്കില്ലാത്ത മികവുണ്ടെന്ന് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചും വിലയേറിയ പാരിതോഷികങ്ങളും മറ്റും നൽ‍കി പ്രലോഭിപ്പിച്ചുമാണ് മരുന്നുകന്പനികൾ തങ്ങളുടെ ബ്രാൻഡ് മരുന്നുകൾ രോഗികളിൽ വലിയ വിലയ്ക്ക് എത്തിക്കുന്നത്.

ഇങ്ങിനെ അനാവശ്യമായി പണം പിടുങ്ങുന്ന മരുന്നു കന്പനികളിൽ നിന്ന് മാറി നിൽക്കുവാൻ പൊതുസമൂഹത്തിന് കഴിയണമെന്നില്ല. എന്നാൽ മറ്റൊരു കാര്യം നമുക്കേവർക്കും ചെയ്യാൻ സാധിക്കും. നമ്മുടെയൊക്കെ വീടുകളിൽ ധാരാളം മരുന്നുകൾ ആവശ്യത്തിനും അനാവശ്യത്തിനും വാങ്ങി വെയ്ക്കാറുണ്ട്. ഒന്നോ രണ്ടോ ഗുളികകൾ കഴിക്കുന്പോഴേയ്ക്കും അസുഖം മാറിയിട്ടുണ്ടെങ്കിൽ ബാക്കി ഗുളികകൾ ഉപയോഗിക്കപ്പെടാതെ മാറ്റിവെയ്ക്കും. ഒടുവിൽ എക്സ്പയറി ഡേറ്റും കഴിഞ്ഞ് ആ മരുന്നുകൾ ഉപയോഗശൂന്യമാകും. ഇത്തരത്തിൽ ബാക്കിയാകുന്ന മരുന്നുകൾ തിരികെ സൗജന്യമായെങ്കിലും നൽകാൻ ഒരു പദ്ധതി തയ്യാറാക്കിയാൽ മരുന്ന് വാങ്ങാൻ പണമില്ലാത്തവർക്ക് അത് വലിയ ആശ്വാസമാകും. ക്യാൻസർ പോലുള്ള വലിയ രോഗങ്ങൾക്ക് അടിമകളായി മാറുന്നവർ വളരെ വിലകൂടിയ മരുന്നുകളാണ് വാങ്ങി വെയ്ക്കുന്നത്. ഇവർ അസുഖം മൂർച്ഛിച്ച് മരണപ്പെടുകയാണെങ്കിൽ ആ മരുന്നുകളൊക്കെ വെറുതെ പാഴായി പോകുന്ന അവസ്ഥ നിലവിൽ നമ്മുടെ നാട്ടിലുണ്ട്. ഗവൺമെന്റോ സന്നദ്ധ സംഘടനകളോ ഇത് കണക്കിലെടുത്തു കൊണ്ട് ഉപയോഗശൂന്യമായി പോകുന്ന വില കൂടിയ മരുന്നുകൾ തിരികെ ശേഖരിക്കാനുള്ള മാർഗ്ഗം തയ്യാറാക്കണം. അങ്ങിനെയെങ്കിൽ നിർദ്ധനരായ എത്രയോ ആളുകൾക്ക് തങ്ങളുടെ ജീവിതം കുറച്ചുകാലം കൂടി മുന്പോട്ട് തള്ളി നീക്കാൻ സാധിക്കും. ഇത് ഒരു സ്വപ്നം മാത്രം, നടക്കേണ്ട സ്വപ്നം.

 

പ്രദീപ് പുറവങ്കര

You might also like

  • Lulu Exchange
  • Straight Forward

Most Viewed