പ്രതീക്ഷ നൽകുന്നവർ...
ഈ വർഷത്തെ ഐ.എ.എസ് റിസൽട്ടുകൾ പുറത്ത് വന്നിരിക്കുന്നു. രാജ്യത്തിന് അഭിമാനിക്കാൻ പറ്റുന്ന തരത്തിൽ ഇത്തവണ പെൺകുട്ടികളാണ് ആദ്യ രണ്ട് റാങ്കുകൾ കരസ്ഥമാക്കിയത്. അതിൽതന്നെ ആദ്യ റാങ്ക് നേടിയ ഇറാ സിംഗാൾ എന്ന പെൺകുട്ടിയെ നമ്മുടെ പൊതുസമൂഹം മുക്തകണ്ഠം പ്രശംസിക്കേണ്ടതുണ്ട്.
സുഷുമ്‌നാ നാഡിയെ ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗം ഈ ഡൽഹിസ്വദേശിനിക്ക് മുന്പിൽ തല കുനിച്ചു. അഞ്ച് തവണ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയപ്പോഴും ഉയർന്ന റാങ്കിൽ എത്താൻ പറ്റാതിരുന്നിട്ടും, ആ ശ്രമത്തിൽ നിന്നും പിൻമാറാതെ പരിശ്രമിച്ചാണ് ഇറ ഒന്നാം റാങ്കിന്റെ പൊന്നിൻ തിളക്കം നേടിയത്. സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച് വളർന്ന് കന്പ്യൂട്ടർ എഞ്ചിനിയറിംഗിൽ ബിരുദവും, ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട് ഈ പെൺകുട്ടി. തന്നെപ്പോലെ ഭിന്നശേഷിയുള്ളവരെ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഈ പെൺകുട്ടി പറയുന്പോൾ അതിന് അവരെ പ്രാപ്തയാക്കിയ മാതാപിതാക്കളോടും നന്ദി പറയേണ്ടതുണ്ട്.
രണ്ടാം റാങ്ക് നേടിയത് മലയാളിയായ പെൺകുട്ടിയാണെന്നത് അഭിമാനിക്കാൻ ഉതകുന്ന മറ്റൊരു നേട്ടമാണ്. കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസറായി വിരമിച്ച രാജകുമാരൻ നായരുടെയും ലതയുടെയും മകളായ ചങ്ങനാശ്ശേരി പൊൻകുന്നത്തിനടുത്ത ഇത്തിത്താനം സ്വദേശി രേണുരാജാണ് ആ നേട്ടം സ്വന്തമാക്കിയത്. ഭർത്താവ് ഭഗത് മംഗലാപുരത്ത് മെഡിക്കൽ പിജിക്ക് പഠിക്കുന്നു.
ഓരോതവണയും ഐ.എ.എസ് ഫലങ്ങൾ പുറത്തുവരുന്പോൾ നമ്മൾ മലയാളികൾ ഓർക്കാറുള്ള നിരവധി ഐ.എ.എസുകാരുണ്ട്. ഇലക്ഷൻ കമ്മീഷൻ എന്ന പദവി എന്തിനാണെന്ന് തെളിയിച്ച ടി.എൻ. ശേഷൻ മുതൽ ഐ.എ.എസ് അടക്കം എഴുതിയ എല്ലാ പരീക്ഷകൾക്കും ഒന്നാം റാങ്ക് വാങ്ങിയ രാജു നാരായണ സ്വാമി തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നിങ്ങനയുള്ള പദവികൾ കരസ്ഥമാക്കുന്നവരോട് പൊതുസമൂഹത്തിന് വലിയ ആദരവും, ബഹുമാനവും ഉണ്ട്. ഉദ്യോഗസ്ഥരാണെങ്കിലും ജനങ്ങൾക്ക് വേണ്ടി അവർ എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന വിശ്വാസമാണ് അതിന്റെ കാരണം.
എന്നാൽ ചില വാർത്തകളും ഇടപെടലുകളും കാണുന്പോൾ ഈ മിടുക്കൻമാരും, മിടുക്കികളും, രാഷ്ട്രീയക്കാരുടെ തോന്ന്യവാസങ്ങൾക്ക് വിധേയരാവേണ്ടി വരുന്നല്ലോ എന്ന ആശങ്കയും ബാക്കിയാകുന്നു. കഴിഞ്ഞ രാത്രി പുറത്ത് വന്ന ഒരു ഉത്തരവാണ് ഈ ചിന്തയുടെ ആധാരം.
മലയാളികൾ ഏറെ ആദരിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ ഋഷിരാജ് സിംഗ് ഐ.പി.എസിന്റേത്. മലയാളിയല്ലെങ്കിൽ കൂടി മലയാളത്തോട് പറ്റിചേർന്നു കിടക്കുന്ന കറതീർന്ന പോലീസുദ്യോഗസ്ഥൻ. ചിലർ ചില സ്ഥാനത്തിരിക്കുന്പോഴാണ് അതിന്റെ വില മനസ്സിലാകുന്നതെന്ന് ഓർമ്മിപ്പിക്കുന്നു അദ്ദേഹം. ഋഷിരാജ് സിംഗ് ട്രാഫിക്ക് കമ്മീഷണറായി ജോലി ചെയ്തപ്പോഴാണ് കേരളത്തിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കാനും, കാറോടിക്കുന്നവർ സീറ്റ് ബെൽറ്റിടാനും ആരംഭിച്ചത്. ഏത് സമയവും ഋഷിരാജ് സിംഗ് റോഡിൽ കൈ നീട്ടി നിൽക്കുമെന്ന ധാരണ അന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നടപടികൾ ജനശ്രദ്ധ ആകർഷിച്ചത് കൊണ്ടാവാം ആ ഡിപ്പാർട്ട്മെന്റിൽ നിന്ന് വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ കസേരയിലേയ്ക്ക് അദ്ദേഹത്തെ രാഷ്ട്രീയക്കാർ മാറ്റി പ്രതിഷ്ഠിച്ചു. എന്നാൽ ഇരിക്കുന്ന കസേരയോട് നീതി പുലർത്തുമെന്ന നിലപാടുമായി രാഷ്ട്രീയക്കാരുടെയും, സിനിമാക്കാരുടെയും, വ്യവസായികളുടെയും വൈദ്യുതി മോഷണങ്ങൾക്കെതിരെ കർശന നടപടികളുമായി അദ്ദേഹം ഇവിടെയും മുന്പോട്ട് പോയി. ഖജനാവിന് കിട്ടേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് ഋഷിരാജ് സിംഗിന്റെ ഇടപെടൽ മൂലം കിട്ടിയത്.
കഴിഞ്ഞ ദിവസം ഈ പ്രവർത്തനത്തിനും ഇടങ്കോൽ വീണിരിക്കുന്നു. വൈദ്യുതി മോഷ്ടിച്ച ഒരു വ്യവസായ പ്രമുഖനെതിരെ നടപടിയെടുക്കാൻ തുനിഞ്ഞ ഋഷിരാജ് സിംഗിനെ ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി നിയമിച്ചിരിക്കുന്നു. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.
ഇത് കേരളമാണ്. ഇവിടെ ഇങ്ങിനെയൊക്കെയേ നടക്കുകയുള്ളൂ എന്ന് ഒരിക്കൽ കൂടി വിളിച്ചുപറയുകയാണ് ഈ ഉത്തരവ്. പ്രതിഷേധിക്കാൻ കഴിയാതെ പതുങ്ങിയിരിക്കുന്പോൾ ഇനി ആംഡ് പോലീസെങ്കിലും കുറച്ച് നന്നാകുമായിരിക്കും എന്ന പ്രതീക്ഷ മാത്രം.

