സൗന്ദര്യം ഒരു ലഹരിയോ ?

വീണ്ടും ഒരു പ്രണയദിനം കൂടി കടന്നു വരുന്നു. പ്രണയത്തെക്കുറിച്ച് പറയുന്പോൾ മനസ്സിൽ ആദ്യം കടന്നു വരിക, റോമിയോയും, ജൂലിയറ്റും, ക്ലിയോപാട്രെയും, ആന്റണിയും, ഷാജഹാനും, മുംതാസും, സലിമും അനാർക്കലിയുമൊക്കെയാണ്.
സ്വാഭാവികമായും ഈ കഥാപാത്രങ്ങളെ ഓർക്കുന്പോൾ നമ്മൾ അറിയാതെ ഷേക്സ്പിയറിനേയും, മാർഗരറ്റ് മിച്ചെല്ലെറിനേയും, ഗൻജിയിലെ നിസാമിനേയും മുതൽ ചങ്ങന്പുഴയെ വരെ ഓർക്കുന്നു.
പക്ഷെ സ്ത്രീ സൗന്ദര്യത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും, പ്രേമത്തെകുറിച്ചും, കാമത്തെകുറിച്ചും അതിഗഹനമായി വിവരിച്ചിരിക്കുന്നത് 1228 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കാലടിയിൽ ജനിച്ച ആദി ശങ്കരാചാര്യരാണ്.
ലൈംഗികതയും പ്രേമവും ഒന്നാണെന്ന് ആദ്യമായി പറഞ്ഞത് ഫ്രോയ്ഡാണെന്നാണ് പാശ്ചാത്യ സമൂഹം നമ്മെ പഠിപ്പിച്ച് െവച്ചിരിക്കുന്നത്. എന്നാൽ ഇതിന് വളരെ മുന്പ് തന്നെ മനുവും, ശങ്കരാചാര്യരും ലൈംഗികതയും വിഷയാസക്തിയെക്കുറിച്ചും വിശദമായി വിവരണങ്ങൾ നൽകിയിട്ടുണ്ട്.
അകാമസ്യ ക്രിയാ കാചിദ്
ദൃശ്യതേ നേഹ കർഹി ചിത്
യാദയദ്ധി കുരുതേ കിംചിത്
തത് തത് കാമസ്യ ചേഷ്ഠിതം
കാമമില്ലാത്തവന് ലോകത്തിൽ യാതൊരു ക്രിയയും കാണപ്പെടുന്നതല്ല. നാം ചെയ്യുന്നതെല്ലാം കാമ പ്രേരണ മൂലമാണ്. ലൗകികവും ഭൗതികവുമായ എല്ലാ കർമ്മങ്ങളും ലൈംഗികമായ ആഗ്രഹങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
കാറൽ മാർക്സ‌്, പ്രാചീന കമ്യൂണിസവും, സോഷ്യലിസവും മാറിയതിന്റെപ്രധാന കാരണമായി പറഞ്ഞത് മനുഷ്യൻ വിവാഹം വഴി കുടുംബമെന്ന സങ്കൽപ്പം രൂപപെടുത്തുകയും, അതുവഴി സ്വകാര്യ സന്പത്ത് ആർജ്ജിക്കുവാനും അതുവഴി അത്യാഗ്രഹം കടന്നു വന്നു എന്നതാണ്. ഇതേ കാര്യം വർഷങ്ങൾക്ക് മുന്പ് ശങ്കരാചാര്യരും പറഞ്ഞിരുന്നു എന്നതാണ് സത്യം !
കാതേ കാന്താ ധനഗത ചിന്ത!
പ്രാപഞ്ചിക ജീവിതം ബന്ധമാണ്. ഭാര്യ ബന്ധുക്കൾ, സന്പത്ത്, വീട്, പുത്രൻ, തുടങ്ങിയ ബന്ധങ്ങളെ ചിന്തിച്ച് സന്തോഷം നശിപ്പിക്കുന്നുവെന്നും ശങ്കരൻ പറയുന്നു. സാമൂഹ്യ ശാസ്ത്രവും, സാന്പത്തിക ശാസ്ത്രവും, മന ശാസ്ത്രവും ഒരു പോലെ മനസ്സിലാക്കുകയും, പഠിക്കുകയും, ഗവേഷണം ചെയ്ത ശങ്കരാചാര്യരെ കുടുതൽ പഠിച്ചാൽ മനസിലാകും അദ്ദേഹം ഇന്നും ഒരു അത്ഭുതം തന്നെയാണ് എന്ന്.
മൂല ശ്ലോകം, അന്യയം, അന്വർത്ഥം, വ്യാഖ്യാനം എന്നിവയും− നമസ്കാരം, ആശിസ്സ്, സിഭധാന്തോക്തി, പരാക്രമം, വിഭൂതി, പ്രാർത്ഥന എന്നിങ്ങനെ സർവ്വ ലക്ഷണങ്ങളും ചേർന്ന അനശ്വരമായ രചനയാണ് സൗന്ദര്യ ലഹരി.
ഒരു സ്ത്രീ(ദേവി)യുടെ കിരീടം മുതൽ കാൽപ്പാദം വരെയുള്ള ഓരോ ഭാഗവും വിശദമായി വിവരിച്ച് വർണ്ണിക്കുന്പോൾ തന്നെ സ്ത്രീക്ക് നൽകേണ്ട എല്ലാ ബഹുമാനവും അദ്ദേഹം നൽകുകയും ചെയ്യുന്നു. ഇത്തരമൊരു കൃതി എഴുതിയത് ഒരു സന്യാസിയാണെന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.
Feb 14 Valentines Day ആക്കി വിപണി ലക്ഷ്യമാക്കി പ്രണയ ദിനമാക്കിയപ്പോൾ ആരോ എപ്പോഴോ പ്രണയത്തിന്റെ സിംബലായി ഹൃദയത്തെ മാറ്റി. പ്രണയിക്കുന്നവർ അടുത്ത് വരുന്പോൾ ഹൃദയമിടിപ്പ് കൂടുന്നതും, പ്രണയം നഷ്ടപ്പെടുന്പോൾ ഹൃദയം തകരുന്നതുമായിരിക്കാം ഹൃദയത്തെ പ്രണയത്തിന്റെ ചിഹ്നമായി മാറ്റിയതിന്റെ പിന്നിലുള്ള പ്രേരണ.
പലപ്പോഴും പ്രണയത്തിൽ പെടുന്നവർക്ക് നഷ്ടപ്പെടുന്നത് ബുദ്ധിപരമായ ചിന്തയാണ്. പ്രേമത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കാമത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചു നാം അന്വേഷിക്കുന്പോൾ തേടുന്നത് സന്തോഷത്തിന്റെ ഉറവിടമാണ്. ഇതിനെ കുറിച്ച് അറിയാനും, ചിന്തിക്കാനും ഉപകരിക്കുന്ന ശങ്കരന്റെ ചിന്തകൾക്ക് ഇന്നും പ്രസക്തിയേറെയാണ്.
അകാമസ്യ ക്രിയാ കാചിദ്
ദൃശ്യതേ നേഹ കർഹി ചിത്
യാദയദ്ധി കുരുതേ കിംചിത്
തത് തത് കാമസ്യ ചേഷ്ഠിതം
വൃദ്ധനായി കഴിഞ്ഞാൽ കാമവികാരം എവിടെ? വെള്ളം വറ്റിയാൽ പൊയ്ക എവിടെ? സന്പത്ത് ക്ഷയിച്ചാൽ പരിവാരങ്ങൾ എവിടെ? തത്ത്വം അറിഞ്ഞാൽ സംസാരം എവിടെ? എന്ന ചിന്ത ജീവിത കാലം മുഴുവൻ കൊണ്ട് നടന്നാൽ സമൂഹത്തിലെ കൊള്ളയും കൊലയും ഇല്ലാതാകും. പ്രണയത്തെ മാനിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്പോൾ തന്നെ അതിലെ ചതിക്കുഴികൾ തിരിച്ചറിയാനും, പ്രേമ നൈരാശ്യം വന്നാൽ ദുഃഖത്തിൽ നിന്ന് മോചനം ലഭിക്കാനും ഈ ചിന്തകൾ ഉപകരിക്കും.
വാലന്റൈൻസ് ഡേയ്ക്ക് ശേഷം ഒരു ശിശുദിനവും, മാതൃദിനവും, എയിഡ്സ് ദിനവും വരുന്നുണ്ട് എന്ന് ഓർമ്മികുന്പോൾ തന്നെ മനസ്സിൽ ഓർക്കേണ്ടത് ഇത്ര മാത്രം.
ജടിലോ മുണ്ധി ലുഞ്ചിത കേശ:
കാഷയംബാര ബഹുകൃത വേഷ:
പശ്യന്നപി ച ന പശ്യതി മൂഡോ:
ഹ്യുദര നിമിത്തം ബഹുകൃത വേഷ:
ഒരുവൻ ജട വളർത്തിയും, വേറൊരുവൻ തലയിൽ റബ്ബർ ബാൻഡ് ഇട്ടു കെട്ടിയും, വേറൊരുവൻ ശിരസ്സ് മൊട്ടയടിച്ച് യോയോ രീതിയിലും, ഇനിയൊരുത്തൻ താടി രോമങ്ങൾ വെടിപാക്കിയും, വേറൊരുത്തൻ കാവി വസ്ത്രമുടുത്തും ഫെബ്രുവരി 14ന് പലയിടങ്ങളിലും കാണപ്പെടാം! ഇങ്ങിനെ പല വിധത്തിൽ നടക്കുന്ന മൂഢൻ എല്ലാം കാണുന്നുവെങ്കിലും യാഥാർത്ഥ്യം കാണുന്നില്ല! ഇതെല്ലാം വയറും, മനസ്സും നിറയ്ക്കാനുള്ള വേഷം കെട്ടൽ മാത്രമാണ്!