കണിയിലെ കാണാക്കെണികൾ


വിഷുക്കണി കാണുന്പോൾ ഞാൻ ചിന്തിച്ചത് കൃഷ്ണനെക്കുറിച്ചായിരുന്നു. വെണ്ണ കട്ടതും, കാളിയനെ മർദ്ദിച്ചതും, ഗോപസ്ത്രീകളെ ലൈനടിച്ചതും, ഗോക്കളെ മേയ്ച്ചതും ഒക്കെയാണ് പലരുടെയും മനസിൽ കൃഷ്ണനെക്കുറിച്ച് ആദ്യം വരുന്ന ചിന്തകൾ. പക്ഷെ ഞാൻ ചിന്തിച്ചത് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കറുത്ത നിറത്തെ സൗന്ദര്യസങ്കല്പങ്ങളിലൊന്നാക്കി മാറ്റിയ കറുപ്പിന്റെ ബ്രാൻഡ് അംബാസഡർ ആണ് കൃഷ്ണൻ എന്ന വസ്തുതയാണ്.

പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ, പ്രത്യേകിച്ച് സൂര്യപ്രകാശം അധികം ലഭിക്കാത്ത രാജ്യങ്ങളിലുള്ളവർ കാലാവസ്ഥയുടെ വ്യതിയാനം കാരണം വെളുത്തപ്പോൾ വെള്ള നിറമാണ് നല്ലതെന്ന് അവർ ലോകമെങ്ങും ബ്രാൻഡ് ചെയ്തു തുടങ്ങി. ഇരുണ്ട തവിട്ട് നിറമുള്ള ഇന്ത്യക്കാരുടെ ഇടയിലും മറ്റ് സാന്പത്തികവും സാമൂഹ്യവുമായ വികസനം കടന്ന് വരാത്ത അവികസിത രാജ്യങ്ങളിലേയ്ക്ക് അവർ വിവിധ തരം സൗന്ദര്യവർദ്ധക വസ്തുക്കൾ വിതരണം ചെയ്ത് ലാഭം കൊയ്തു തുടങ്ങി. ഇങ്ങിനെയുള്ള ഒരു പ്രചരണത്തിന്റെ ഭാഗമായാണ് മലയാളത്തിൽ ‘കാക്ക കുളിച്ചാൽ കൊക്കാകുമോ?’ എന്ന് തികച്ചും റേഷ്യൽ ആയ ഒരു പഴഞ്ചൊല്ല് കടന്നുവന്നത്.

റോഡിലും തോടിലും വീടിന്റെ പരിസരത്തും ഉള്ള മാലിന്യങ്ങൾ മുനിസിപ്പാലിറ്റിക്കാരില്ലാത്ത കാലത്ത് വൃത്തിയാക്കി സംരക്ഷിച്ച കാക്കയെ, വയലിലും കുളത്തിലും കുത്തിയിരുന്ന് വായ നോക്കുന്ന കൊക്കുമായി എങ്ങിനെയാണ് താരതമ്യം ചെയ്യുക! നമ്മുടെ അനുഭവം വെച്ച് ചോദിക്കേണ്ടത് കൊക്ക് കുളിച്ചാൽ കാക്കയാകുമോ എന്നാണ്.

ഇപ്പോൾ ടി.വിയിൽ സ്ഥിരം വരുന്ന ഒരു പരസ്യത്തിൽ ആദ്യം വിവാഹം കഴിക്കുവാൻ വിസമ്മതിക്കുന്ന പെൺകുട്ടി, പിന്നീട് മുഖത്ത് ഒരു ക്രീം പുരട്ടി ഒരാഴ്ചക്കുള്ളിൽ വെളുത്ത് വന്നപ്പോൾ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പറയുന്പോൾ പറ്റിക്കപ്പെടുന്നത് ഇന്ത്യയിലെ ഒരു ഭൂരിപക്ഷം വരുന്ന യുവതലമുറയെയാണ്. ഇത്തരം പരസ്യങ്ങൾ എന്ത് കൊണ്ട് സർക്കാർ നിരോധിക്കുന്നില്ല എന്ന ചോദ്യം ആരും ഇത് വരെ ഉയർത്തിയിട്ടില്ല എന്നതും അത്ഭുതകരം തന്നെ.

ഇന്ന് വിഷുദിനത്തോടൊപ്പം അംബേദ്കർ ജയന്തിയും കൊണ്ടാടുന്ന ദിവസമാണ്. ജാതിയുടെ പേരിൽ ക്രൂശിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചവരിൽ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് അംബേദ്കർ. സിനിമയിലായാലും ടി.വിയിലായാലും, പാവപ്പെട്ടവരുടെ, വീട്ടുജോലിക്കാരിയുടെ, വില്ലന്റെ, വില്ലത്തിയുടെ നിറം പലപ്പോഴും കറുപ്പാണ്. അറിഞ്ഞോ അറിയാതെയോ ബുദ്ധിയുണ്ടെന്ന് കരുതപ്പെടുന്ന എഴുത്തുകാരും, സംവിധായകരും, കാർട്ടൂണിസ്റ്റുകൾ വരെ കറുപ്പിനെ രണ്ടാം കിടയാക്കി മാറ്റാനുള്ള അജണ്ടകളുടെ ഇരകളായി മാറിയിട്ടുണ്ട്.

ദുഃഖാചരണത്തിനും, മരണത്തിനും, പ്രതിഷേധത്തിന്റെ ചിഹ്നമായിട്ടും ഉപയോഗിക്കുന്ന നിറം കറുപ്പ് തന്നെ. ഒരു വ്യക്തിയുടെ മുഖത്തേക്ക് കറുത്ത മഷി ഒഴിക്കുന്നതും പോസ്റ്ററിൽ കറുത്ത കരി പുരട്ടി പ്രതിഷേധിക്കുന്നതും നമ്മളറിയാതെ ഒരു അജണ്ടയുടെ ട്രാപ്പിൽ പിണഞ്ഞതിന്റെ സൂചനകളാണ് വെളിവാക്കുന്നത്. പലപ്പോഴും തന്ത്രശാലികളായ ബ്രാൻ‍ഡിംഗ് വിദഗ്്ദ്ധർ പരസ്യം വഴിയും മാധ്യമങ്ങൾ വഴിയും ജാതിമത സംഘടനകൾ വഴിയും നടപ്പിലാക്കുന്ന അജണ്ടകൾ നമ്മൾ തിരിച്ചറിയില്ല എന്നതാണ് സത്യം.

സിനിമാനടൻ മുകേഷ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നുറപ്പായപ്പോൾ ഒരു പെയിന്റ് കന്പനി അദ്ദേഹം മോഡലായി വരുന്ന പരസ്യത്തിൽ വരുത്തിയ മാറ്റം ഇതിനൊരു ഉദാഹരണമാണ്. ഒരു നേതാവിന്റെ വേഷത്തിൽ വരുന്ന മുകേഷ് പുതിയ കെട്ടിടത്തിൽ അഴുക്കുണ്ടെന്ന് പറയുന്ന വ്യക്തിയുടെ കണ്ണട മാറ്റി അഴുക്ക് കെട്ടിടത്തിനല്ല പകരം നിങ്ങൾ കാണുന്ന കണ്ണുകൾക്കാണെന്ന് പറയുന്നതും ഈ തിരഞ്ഞടെപ്പ് വേളയിലെ ഒരു പൊളിറ്റിക്കൽ േസ്റ്ററ്റ്മെന്റാണ്.

മലയാളത്തിലെ പല ചാനലുകളിലും രാഷ്ട്രീയപാർട്ടികളുടെ കഥ പറയുന്ന സിനിമകളും ഗാനങ്ങളും ഈ തിരഞ്ഞെടുപ്പ് കാലത്ത് കൂടി വരുന്നത് എത്രപേർ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നറിയില്ല. നേരിട്ട് പറയാതെ, പരസ്യം ചെയ്യാതെ ഹിഡൻ അജണ്ടകളോട് കൂടി കടന്ന് വരുന്ന വിവിധ ക്യാന്പയിനുകൾ ഒരു ചെറിയ ന്യൂനപക്ഷം മാത്രമേ തിരിച്ചറിയുന്നുള്ളൂ എന്നതാണ് സത്യം. ഇതുപോലെ നമ്മുടെ ഓരോ ആഘോഷങ്ങൾക്കും ഓരോ അജണ്ടകൾ ഉണ്ടായിരുന്നു. പക്ഷേ അവ നല്ല കാര്യങ്ങൾ സംഭവിക്കാനുള്ള അജണ്ടകളായിരുന്നു എന്നതാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.

 

വിഷു എന്ന ഉത്സവവും നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. രാവിലെ ഉറക്കത്തിൽ കണ്ണടച്ച് വിഷുക്കണി കാണുവാൻ നടക്കുന്ന ഒരു നിമിഷം, നമ്മൾ കാഴ്ച ശക്തിയെക്കുറിച്ച് ചിന്തിക്കും. കണ്ണ് കാണാത്തവരെക്കുറിച്ച് ഓർക്കും. പിന്നീട് കണ്ണ് തുറന്നു നോക്കുന്പോൾ ഓരോ വിഷുക്കണിയും നമ്മെ പലതും ഓർമ്മിപ്പിക്കും. കൃഷിയുടെ ആവശ്യകത ഓർമ്മിപ്പിക്കുന്ന പഴം പച്ചക്കറികളും, നിക്ഷേപത്തിന്റെ ആവശ്യം ഓർമ്മിപ്പിക്കുന്ന സ്വർണ നാണയവും, ഉള്ളതിൽ കുറച്ച് മറ്റുളവർക്ക് ദാനം ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്ന വിഷു കൈനീട്ടവും, നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ നാം തന്നെ എന്ന് ഓർമിപ്പിക്കുന്ന കണ്ണാടിയും ഒരു ആഘോഷത്തിലൂടെ കടന്നുവരുന്ന രഹസ്യ അജണ്ടകളാണ്. ഓരോ ആഘോഷങ്ങളും ഇത്തരം നല്ല സന്ദേശങ്ങൾ നൽകുന്ന നന്മ പകരുന്ന ഉത്സവങ്ങൾ ആകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്, ഒരു ചോദ്യം.... ശരിക്കും വൈകീട്ട് എന്താ പരിപാടി?!

You might also like

Most Viewed