ഇടതുപക്ഷ ബദലിന്റെ പ്രസക്തി

തത്വശാസ്ത്രപരമായും ചരിത്രപരമായുമൊക്കെ മാർക്സിസം അതിജീവിക്കുക തന്നെയാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അപ്പോഴും സംഘടനാ മാർക്സിസത്തിന്റെ വ്യവസ്ഥാപിത രൂപങ്ങൾ ഗുരുതരമായ തകർച്ചയെ നേരിടുന്നുമുണ്ട്. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിന് പെട്ടെന്ന് നൽകാവുന്ന ഉത്തരങ്ങളിലൊന്ന് എത്ര ഉദാത്തമായ ദർശനവും അധികാരവുമായി കൂടിതൊടുന്പോൾ മലിനമായി തീരുന്നു എന്നതാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം സൂര്യനു കീഴിലുള്ള എല്ലാറ്റിനെയും കുറിച്ചും വാചാലനായിരുന്ന കാൾ മാർക്സ് അധികാര പ്രയോഗങ്ങളെക്കുറിച്ച് പൊതുവെ മൗനിയായിരുന്നത്. ഏതെങ്കിലും തരത്തിലുള്ള ഹിംസയുടെ പിൻബലമില്ലാതെ ഒരധികാരവും സ്ഥാപിക്കപ്പെടുകയോ നിലനിർത്തപ്പെടുകയോ ചെയ്യുന്നില്ല. അധികാരത്തിന്റെ പ്രയോഗങ്ങൾ സ്നേഹം, സഹാനുഭൂതി, മാനവികത തുടങ്ങിയ എല്ലാ നിർമ്മല വികാരങ്ങളെയും വ്രണപ്പെടുത്തുക പതിവാണ്. അപ്പോൾ പ്രസക്തമായ മറ്റൊരു ചോദ്യം ഉയർന്നുവരുന്നു. അധികാരമില്ലാതെ എങ്ങിനെയാണ് സമത്വം എന്നൊരാശയം പ്രയോഗവൽക്കരിക്കാൻ കഴിയുക. “അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻ” എന്ന് ഇടശ്ശേരി പാടിയത് സമത്വത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നു തന്നെയായിരുന്നു. അധികാരം കൈയിലുണ്ടായിരുന്നതു കൊണ്ട് തന്നെയാണ് ലോകത്തെല്ലായിടത്തും സാമൂഹ്യനീതിക്കു വേണ്ടിയുള്ള, ശരിയായതോ പിഴച്ചതോ ആയ ചുവടുകൾ വെക്കാൻ മാർക്സിസ്റ്റുകളെ പ്രാപ്തരാക്കിയത്. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഐക്യകേരളം രൂപം കൊണ്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റുകൾക്ക് പരിമിതമായ തോതിലാണെങ്കിലും അധികാരം കൈയേൽക്കാൻ സാധിച്ചു. ആ ഗവൺമെന്റ് ആദ്യം തന്നെ ഇറക്കിയ ഉത്തരവ് കുടിയൊഴിപ്പിക്കൽ നിരോധിക്കുന്നതായിരുന്നു. ആ സർക്കാരിനെ കുറിച്ചാണ് എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഹർഷദേവ് മാളവ്യ, കേരളത്തിൽ വന്ന് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ‘18 മാസം ചെന്ന കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചൊരു വിധി’ എന്ന പ്രസ്തുത റിപ്പോർട്ട് ഇന്ദിരയുടെ ജീവചരിത്ര ഗ്രന്ഥമായ ചെന്പനീർപൂ വീണ്ടും (The Red Rose Again) എന്ന പുസ്തകത്തിൽ എടുത്തു ചേർത്തിട്ടുണ്ട്. “കമ്യൂണിസ്റ്റ് മന്ത്രിസഭ ഓരോ ചുവടും ശ്രദ്ധാപൂർവ്വം എന്നാൽ ശരിയായും മുന്നോട്ടു പോകുകയാണ്. കുടിയൊഴിപ്പിക്കൽ നിരോധിച്ചതിലൂടെ ജന്മിക്കരം അവസാനിപ്പിച്ചതിലൂടെ ഈ സർക്കാരിന്റെ പാത ശരിയായ ദിശയിൽ തന്നെയാണ് എന്നംഗീകരിക്കേണ്ടി വരും. കേരളത്തിന്റെ ചരിത്രത്തിലിതാദ്യമായി അധികാരത്തിന്റെ ദണ്ധനീതി പ്രമാണിവർഗത്തിന്റെ ചൊൽപ്പടിക്കില്ലാതാക്കിയിരിക്കുന്നു. ഇക്കാലമത്രയും അടിച്ചമർത്തപ്പെട്ടവർ മുഖമുയർത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു.” ഒരുപക്ഷേ പ്രഥമ ഇ.എം.എസ് ഗവൺമെന്റിന് ലഭിച്ച ഏറ്റവും നല്ല സ്വഭാവ സർട്ടിഫിക്കറ്റ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ കൈയിൽ നിന്നായിരുന്നു എന്നത് വിരോധാഭാസമായി തോന്നാം. പക്ഷേ ചരിത്രം എന്നും അങ്ങിനെയായിരുന്നു. അത്തരം ഒരു സർക്കാരിനെയാണ് വിമോചന സമരത്തിലൂടെ അധികാര ഭ്രഷ്ടമാക്കാൻ കോൺഗ്രസ് പരിശ്രമിച്ചത്. അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാന്പത്തിക സഹായം ഉൾപ്പെടെ കൈപ്പറ്റിയായിരുന്നു ഈ സമരാഭാസം എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അവസാനം ഭരണഘടനയുടെ 356ാം വകുപ്പ് ദുരുപയോഗപ്പെടുത്തിയാണ് ജനാധിപത്യവാദിയായി അറിയപ്പെട്ടിരുന്ന ജവഹർലാൽ നെഹ്റുവിന് ആ ഗവൺമെന്റിനെ പിരിച്ചുവിടേണ്ടി വന്നത് എന്നതും ചരിത്രം. കേരളത്തിലെയും പടിഞ്ഞാറൻ ബംഗാളിലെയും ത്രിപുരയിലെയുമൊക്കെ ഇടതുപക്ഷ ഗവൺമെന്റുകൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന് ആശ്വാസം പകരുന്ന നടപടികൾക്കായി അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതും വസ്തുത തന്നെയാണ്. പക്ഷേ അപ്പോഴും അധികാരത്തിനും പദവികൾക്കും വേണ്ടിയുള്ള കിടമത്സരങ്ങളും ഗോഗ്വാവിളികളും ഉയർന്നിട്ടുണ്ടാവാം. പക്ഷേ അതൊന്നും അന്നത്തെ പശ്ചാത്തലത്തിൽ പുറംലോകം അറിഞ്ഞിരുന്നില്ല. അധികാരവുമായി കണ്ടുമുട്ടുന്പോഴുള്ള മലിനീകരണ പ്രവണതകൾ ഇത്തരം പ്രസ്ഥാനങ്ങളുടെ ഘടനയെ തന്നെ തകർക്കുന്ന നിലയിലേക്ക് ഇന്ന് വളർന്നു വന്നിട്ടുണ്ട് എന്നതും യാഥാർത്ഥ്യം. ഈ സ്വഭാവ സവിശേഷതകൾ, ഇപ്പോൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് അകന്നുമാറാനും കേവലമായ പാർലമെന്ററി അടവുകളിലേക്ക് ചെറുതാകാനും ആസന്നമായ തിരഞ്ഞെടുപ്പിലെ അധികാരാരോഹണം എന്ന മിനിമം പരിപാടിയിലേക്ക് ചുരുങ്ങാനുമൊക്കെ കാരണമാകുന്നു എന്നതും വാസ്തവം.
ഇതൊക്കെ കൊണ്ടാണ് ഇടതുപക്ഷ വിരുദ്ധമായ അതിശക്തമായ അരാഷ്ട്രീയ പരിസരം സൃഷ്ടിച്ചെടുക്കാൻ മൂലധന ശക്തികൾക്ക് എളുപ്പമാകുന്നത്. ഇത് സമൂഹത്തിലെ അങ്ങേയറ്റത്തെ വലതുരാഷ്ട്രീയ ശക്തികൾക്കും ഇങ്ങേയറ്റത്തെ ഇടതുപക്ഷ തീവ്രവാദികൾക്കുമൊക്കെ ഒരേ പ്ലാറ്റ്ഫോമിൽ നിന്ന് വ്യവസ്ഥാപിത ഇടതുപക്ഷരാഷ്ട്രീയ പാർട്ടികൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കാൻ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. സി.പി.ഐ(എം) പോലൊരു രാഷ്ട്രീയപാർട്ടിയിലെ ജീർണ്ണതകളും ആ പാർട്ടി പ്രതിനിധാനം ചെയ്യുന്നതായി പറയപ്പെടുന്ന മൂലധന താൽപര്യങ്ങളും ചൂണ്ടിക്കാട്ടി, നടക്കുന്ന മാർക്സിസ്റ്റ് വിരുദ്ധ പ്രചാര വേലകൾ ലക്ഷ്യം കാണുന്നുണ്ട്. പക്ഷേ ഈ പ്രചാരവേലകൾ നടത്തുന്നവർ പരിഗണിക്കപ്പെടാതെ പോകുന്ന വസ്തുനിഷ്ഠമായ ഒരു യാഥാർത്ഥ്യമുണ്ട്. സി.പി.ഐ(എം) പോലൊരു പാർട്ടിക്ക് സംഭവിക്കുന്ന മൂല്യതകർച്ചയും ബലക്ഷയവുമൊക്കെയാണല്ലോ ആവേശത്തോടെ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ(എം)ൽ നിന്ന് വിഘടിച്ചു പോയ വിവിധ മാർക്സിസ്റ്റ് ഗ്രൂപ്പുകൾ എന്നിവയൊക്കെ ഈ പ്രചാരവേലയുടെ മുൻപന്തിയിൽ തന്നെയുണ്ട്. പക്ഷേ ഇവർ ഓർക്കാതെ പോകുന്നത് സി.പി.ഐ(എം) തകർച്ചയെ നേരിടുന്പോൾ കൂടുതൽ ശരിയായ ഇടതുപക്ഷ നിലപാട് കൈക്കൊള്ളുന്ന, അവകാശപ്പെടുന്ന ഏതെങ്കിലും ഇടതുപക്ഷ ഗ്രൂപ്പുകൾ ശക്തിപ്പെടുകയല്ല സംഭവിക്കുന്നത്. അവയും അതേ അനുപാതത്തിലോ അല്ലെങ്കിൽ അതിലും വേഗത്തിലോ ശിഥിലമാകുക തന്നെയാണ്. സി.പി.ഐ(എം) തകർച്ചയെ നേരിടുന്നതിനേക്കാൾ വേഗത്തിലാണ് സി.പി.ഐയും, ആർ.എസ്.പിയും ആർ.എം.പിയും, എസ്.യു.സി.ഐയും മാവോയിസ്റ്റുകളും മറ്റ് മാർക്സിസ്റ്റ് ഗ്രൂപ്പുകളുമൊക്കെ ശിഥിലമായിക്കൊണ്ടിരിക്കുന്നത്. അതായത് സി.പി.ഐ(എം) പോലൊരു വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാർട്ടിയുടെ തകർച്ച ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് ഒരു സഹായവും ചെയ്യുന്നില്ല. പകരം ഇടതുപക്ഷത്തെ പൊതുവായാണ് തകർച്ച ബാധിക്കുന്നത്. അതിന്റെ നേട്ടം അനുഭവിക്കുന്നത് മിക്കപ്പോഴും സംഘപരിവാർ സംഘടനകൾ തന്നെയാണ്. പല തരത്തിലുള്ള തിക്താനുഭവങ്ങളുള്ള കവികളും സാഹിത്യകാരന്മാരുമൊക്കെയായ, സത്യസന്ധരും നല്ലവരുമായ കുറേപ്പേർക്ക് തങ്ങളുടെ ആത്മനിഷ്ഠമായ രോഷം പ്രകടിപ്പിക്കാൻ അവസരമൊരുക്കുമെന്നല്ലാതെ ശരിയായ ഒരു ഇടതു ബദൽ ഊട്ടി വളർത്തുന്നതിന് ഇതൊന്നും സഹായകമാകുന്നില്ല എന്നതാണ് കേരളത്തിന്റെയെങ്കിലും വസ്തുനിഷ്ഠമായ യാഥാർത്ഥ്യം. ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ആർ.എം.പിയുടെ അവസ്ഥ മാത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകാവുന്നതേയുള്ളൂ. അതായത് ഇടതുപക്ഷ വായ്താരികളോടെ സത്യസന്ധരായ ധാരാളം ഇടതുപക്ഷ ബുദ്ധിജീവികൾ നടത്തുന്ന വിമർശനത്തിന്റെ കുന്തമുന സി.പി.ഐ(എം)നെതിരെ മാത്രം തിരിച്ചുവെക്കുകയും അതുവഴി അങ്ങേയറ്റത്തെ കോർപ്പറേറ്റ് മൂലധന വലതുപക്ഷ ഫാസിസ്റ്റ് താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ വിശുദ്ധരാക്കപ്പെടാൻ ഇതിടയാക്കുകയും ചെയ്യുന്നു. ഇവിടെ ലളിതമായ യുക്തികളിൽ ഊന്നി നിന്ന് ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്താനാവില്ല. അത്രയേറെ സങ്കീർണമാണ് രാഷ്ട്രീയ സാഹചര്യങ്ങൾ. വ്യവസ്ഥാപിത ഇടതുപക്ഷം മൂലധന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലേക്കും ജീർണതയിലേക്കും വഴുതിവീഴുന്നതിനെ തുറന്നു കാട്ടിക്കൊണ്ടുള്ള സമരം അനിവാര്യം തന്നെ. അതു പക്ഷേ ഏകപക്ഷീയമായി സി.പി.ഐ(എം) വിരുദ്ധ പ്രചാരവേലകളിലൂടെ മാത്രം നിർവഹിക്കാവുന്നതല്ല. എല്ലാവിധ വലതുപക്ഷ മൂലധന രാഷ്ട്രീയത്തെയും ശക്തമായി തുറന്നുകാട്ടി കൊണ്ടായിരിക്കണം അത്. ഇന്നത്തെ വസ്തുനിഷ്ഠമായ രാഷ്ട്രീയ സാഹചര്യം ഫാസിസ്റ്റ് വിരുദ്ധവും കോർപ്പറേറ്റ് വിരുദ്ധവുമായ രാഷ്ട്രീയ സമരങ്ങളാണ് ആവശ്യപ്പെടുന്നത്. അതിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന കക്ഷികളാണ് സി.പി.ഐ(എം) പോലുള്ള പാർട്ടികൾ. ആളുകളെ അണിനിരത്താനുള്ള അവരുടെ ആർജ്ജിത ശേഷി, മഹത്തായ അതിന്റെ സമരപൈതൃകം ഒക്കെ ഇത്തരുണത്തിൽ നാം കണക്കിലെടുക്കണം. നവഉദാരവൽകരണ കാലഘട്ടത്തോടെ കോർപ്പറേറ്റ് മൂലധന ശക്തികൾക്കും ഫാസിസ്റ്റ് അനുകൂല അസഹിഷ്ണുതകൾക്കുമൊക്കെ ഇത്തരം പാർട്ടികളിൽ ഉണ്ടായിവന്ന ഭയാനകമായ സ്വാധീനത്തെ അവഗണിക്കുകയുമരുത്. കൂടുതൽ കൂടുതൽ വിശാലമായ ഒരു ഇടതുപക്ഷ ബദൽ വികസിപ്പിക്കാനും ഇടതുപക്ഷ കാഴ്ചപ്പാടുകൾ ഉയർത്തുന്നവരുടെ വിശാലമായ സമരമുന്നണി രൂപപ്പെടുത്താനുമാണ് ജാഗ്രതയുണ്ടാവേണ്ടത്. ഇത്തരം ഒരു ഇടതുപക്ഷ കേന്ദ്രത്തിന് ചുറ്റും ജനാധിപത്യവാദികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കാനും കഴിയണം, അത് കേവലമായ പാർലമെന്ററി സമരമായി ചുരുങ്ങാതിരിക്കാൻ ജാഗ്രത വേണം. സമൂഹത്തിൽ അവശത അനുഭവിക്കുന്ന ധാരാളം വിഭാഗങ്ങൾ അവരവരുടെ പ്രശ്നങ്ങളുയർത്തി സമരരംഗത്തേക്ക് ധാരാളമായി കടന്നുവരുന്നുണ്ട്. പാർശ്വവൽകൃത വിഭാഗങ്ങളാണ് ഇതിൽ പലതും. പിന്നോക്ക വിഭാഗങ്ങൾ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ, പാരിസ്ഥിതികമായ ചൂഷണത്തിനിരയാവുന്നവർ എന്നിവരെക്കെയാണ് ഇത്തരം സമരരംഗത്ത് അണിനിരക്കുന്നത്. ഇവയൊക്കെ മിക്കവാറും മുഖ്യധാരാ ഇടതുപക്ഷങ്ങൾക്ക് പുറത്താണ് സംഭവിക്കുന്നത്. ഇത്തരം സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന മുഖ്യധാരാ ഇടതുപക്ഷത്തെ അപഹസിക്കുന്നതിന് പകരം അവരെക്കൂടി ഇത്തരം സമരങ്ങളിൽ അണിനിരത്താൻ നിർബന്ധിതമാക്കുന്ന പ്രചാരണ പ്രക്ഷോഭ ക്യാന്പയിൻ പ്രവർത്തനങ്ങളാണ് ബോധപൂർവ്വം വളർത്തിയെടുക്കേണ്ടത്.
കേരളത്തിൽ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസ്ഥാപിത ഇടതുപക്ഷം രാഷ്ട്രീയ അധികാരത്തിൽ വരാനാണല്ലോ സാധ്യത. അതുപക്ഷെ ഒരിക്കലും അവരുടെ പോസറ്റീവ് രാഷ്ട്രീയത്തിനുള്ള അംഗീകാരം കൊണ്ടല്ല. പകരം യു.ഡി.എഫിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തിൽ നിന്ന് ലഭിക്കുന്ന നെഗറ്റീവ് വോട്ടുകൾ കൊണ്ടാണ് എന്ന് മറക്കരുത്. എന്തുകൊണ്ടാണ് പുരോഗമനപരമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും വളർത്തി ഇടതുപക്ഷത്തിന്റെ പോസിറ്റീവ് വോട്ടായി അത് മാറാത്തത്? ഇടതുപക്ഷം വർഗ്ഗരാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ് ഇതിന് കാരണം. ഈ നെഗറ്റീവ് ജനവിധിയുടെ ഫലമായാണല്ലോ ഒന്നിടവിട്ട ഇടവേളകളിൽ എൽ.ഡി.എഫും യു.ഡി.എഫും അധികാരത്തിൽ വരുന്നത്.
വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളിൽ ജനങ്ങൾക്ക് ഒരു വ്യത്യസ്തതയും അനുഭവപ്പെടുന്നില്ല. ഉദാഹരണത്തിന് വികസനം പരിസ്ഥിതി എന്നിവ സംബന്ധിച്ച ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നയങ്ങളിൽ ജനങ്ങൾക്ക് വ്യത്യാസങ്ങളൊന്നും തോന്നുന്നില്ല. കേരള വികസനം സാധ്യമാകണമെങ്കിൽ നേരിട്ടുള്ള വിദേശനിക്ഷേപം (Foregin Direct Investment) നേടിയെടുക്കുക തന്നെയാണാവശ്യം എന്ന് ഇടതു നേതാക്കൾ പറയുന്പോൾ ഇത്തരം ആശയകുഴപ്പങ്ങൾ സ്വാഭാവികമാണ്. നമ്മുടെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളിൽ വന്ന എഫ്.ഡി.ഐയുടെ അളവ് കേരളവുമായി താരതമ്യം ചെയ്യുന്പോൾ വളരെ കൂടുതലാണെന്നും എഫ്.ഡി.ഐയുടെ വരവിനായി കേരളവും പരിശ്രമിക്കേണ്ടതുണ്ട് എന്ന് നേതാക്കൾ വിശദീകരിക്കുന്പോൾ, അതെങ്ങിനെയാണ് ബദൽ വികസനമാകുക? ഇതേ ‘വികസനപാത’ തന്നെയല്ലേ മോഡിയും രാഹുൽഗാന്ധിയുമൊക്കെ മുന്നോട്ടു വെക്കുന്നത്? എല്ലാ രാഷ്ട്രീയപാർട്ടികളും ഇപ്പോൾ ജൈവകൃഷിയെക്കുറിച്ച് പറയുന്നു. ഇടത്തരക്കാർക്കിടയിൽ അതൊരുതരം ഫേഷൻ ജ്വരമായി പടർന്നു പിടിക്കുന്നുമുണ്ട്. കുടുംബകൃഷി, ആദർശകൃഷി, അലങ്കാര കൃഷി എന്നീ നിലകളിലൊക്കെ അതിന് വലിയ പ്രസക്തിയുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളിലായി ഇത്തരം കൃഷിയിലേർപ്പെടുന്ന രാസവളവും കീടനാശിനികളും ഉപയോഗിക്കാത്ത ഒരാളാണ് ഈ ലേഖകൻ. അത് തുടരുകയും ചെയ്യും. ഇത്തരം കൃഷിയിലൂടെ പച്ചക്കറി ഉല്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കാനും കേരളത്തിന് കഴിഞ്ഞു. അതു വാസ്തവം തന്നെ. പക്ഷേ അനുഭവത്തിന്റെ വെളിച്ചത്തിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന ഒരു കാബേജിന് 40 രൂപയിലധികം ചിലവ് വരും. ഇത്തരത്തിൽ വ്യവസായ അടിസ്ഥാനത്തിലുള്ള ജൈവകൃഷിക്ക് കേരളത്തിൽ സാധ്യതയുണ്ടോ? ജൈവകൃഷിക്ക് അടിസ്ഥാനപരമായി വേണ്ടത് കാലിവളം, (മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം) പച്ചിലത്തൂപ്പ്, ചാരം എന്നിവയാണ്. എന്നാൽ അതിന്റെയൊക്കെ അവസ്ഥയെന്താണ് കേരളത്തിൽ? കന്നുകാലി വളർത്തൽ കുറ്റിയറ്റ് പോയ സംസ്ഥാനമാണ് കേരളം. എവിടെ നിന്നാണ് നമുക്ക് കാലിവളം കിട്ടുക? അഥവാ കിട്ടുകയാണെങ്കിൽ തന്നെ അതിന്റെ ഭീമമായ ചിലവ് ആര് വഹിക്കും? കാടും പടലുമൊക്കെ നശിപ്പിച്ച് കോൺക്രീറ്റ് കെട്ടിടം നിറഞ്ഞ കേരളത്തിൽ എവിടെനിന്നാണ് ആവശ്യത്തിന് പച്ചില തൂപ്പും വെണ്ണീരും ലഭിക്കുക? പാചകം ഗ്യാസടുപ്പുകളിലേക്ക് മാറിയ ഇക്കാലത്ത് ചാരത്തിന് എവിടെയാണ് പോകുക? അതായത് ജൈവകൃഷി എന്ന് എല്ലാവരും കൂടി ഒച്ച വെച്ചതുകൊണ്ടായില്ല. അതിനെ ഇന്നത്തെ നിലയിൽ ഒരു കാർഷിക നയമാക്കാനും കഴിയില്ല. ഇത്തരം വസ്തുനിഷ്ഠ സാഹചര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കണം ഇടതുപക്ഷം അതിന്റെ കാർഷിക നയങ്ങൾ പ്രഖ്യാപിക്കേണ്ടത്. ഇത്തരം ശരിയായ ഇടതുപക്ഷ നയങ്ങൾക്കുവേണ്ടിയുള്ള സമരമാണ് ഒരു യഥാർത്ഥ ഇടതുബദൽ വികസിപ്പിക്കാനുള്ള മുന്നുപാധി. ഇടതുപക്ഷമായി ഉറച്ചു നിന്നുകൊണ്ടേ ഇത് നിർവഹിക്കാനാകൂ.