വിദ്യാഭ്യാസമോ വിദ്യാഭാസമോ?

കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ട വാർത്ത. ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയിൽ ഒരു പ്രഫസ്സർ കുറുകിയ ഷോട്ട്സ് ധരിച്ച് ക്ലാസ്സിൽ വന്ന ഒരു വിദ്യാർത്ഥിനിയോട് മാന്യമായി വസ്ത്രം ധരിച്ചു ക്ലാസ്സിൽ വരണമെന്ന് ഗുണദോഷിച്ചു. പെൺകുട്ടിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. ക്ലാസ്സിന് ശേഷം അവൾ അദ്ദേഹത്തെ ഓഫീസിൽ ചെന്ന് ചോദ്യം ചെയ്തു. അത് പറയാൻ താങ്കൾക്ക് എന്താണ് അധികാരം എന്ന ശിഷ്യയുടെ ചോദ്യം ചെയ്യൽ ആ അദ്ധ്യാപകനെ വളരെയേറെ ചൊടിപ്പിച്ചു. അദ്ദേഹം തന്റെ ഇക്കാര്യത്തിലുള്ള വീക്ഷണം വ്യക്തമാക്കി പെൺകുട്ടിയെ നന്നായി ശാസിച്ചു. ഇന്നിന്റെ തലമുറ എന്ത് കാട്ടിയാലും മിണ്ടാതെ സഹിച്ച് സ്വന്തം മൂല്യബോധത്തെ വിശ്രമിക്കാൻ വിട്ടുകൊണ്ട് ജോലി ചെയ്ത് പൊയ്ക്കൊള്ളണം.അല്ലെങ്കിൽ അവർ വികാരവ്രണിതരായി സംഘം ചേർന്നുകളയും, സഹായികളായി രാഷ്ട്രീയക്കോമരങ്ങളും കൂടെ ഉറഞ്ഞു തുള്ളും. ഈ ആധുനികകാല നിയമം പഠിച്ച വ്യക്തിയായിരുന്നില്ല ആ പ്രഫസ്സർ. വിദ്യാർത്ഥിനി വല്ലാതെ ക്ഷുഭിതയായി പുറത്തിറങ്ങി. വ്രണിതമായ തന്റെ വികാരത്തെപ്പറ്റി പറഞ്ഞ് അവൾ ആളെക്കൂട്ടി. സഹവിദ്യാർത്ഥികളും ഒത്തുകൂടി. കേട്ടവർ കേട്ടവർ വികാരവ്രണിതരായി. ഇക്കാലത്ത് അത് എളുപ്പം പകരുന്ന രോഗമാണല്ലോ! അടുത്ത ദിവസം മുതൽ എല്ലാ പെൺകുട്ടികളും ക്ലാസ്സിൽ ഷോട്ട്സ് ധരിച്ചു വരാൻ തീരുമാനിച്ചു നടപ്പാക്കി, പ്രതിഷേധം തുടരുകയാണത്രെ!
ജീവിതത്തിൽ ശരീരവും പണവും മാത്രമല്ല വിലപ്പെട്ടതായുള്ളത്, ഒരു വ്യക്തിത്വം കൂടിയുണ്ട്. അതിന്റെ അഭാവത്തിൽ ആദ്യത്തേത് രണ്ടും ലഭിച്ചാൽ നരകം ഇവിടെത്തന്നെ യാധാർത്ഥ്യമാകും. വ്യക്തിത്വം എന്ന വാക്കുകൊണ്ട് മനുഷ്യസ്വഭാവത്തിന്റെ ദീപ്തമായ വശങ്ങളാണ് വിവക്ഷിക്കുന്നത്. അത് പൊതുവിൽ വിലമതിക്കപ്പെടുന്ന മൂല്യങ്ങളോടും വിശ്വാസങ്ങളോടും നാം അനുവർത്തിക്കുന്ന സമീപനത്തിന്റെയും നമ്മുടെ ജീവിത ശൈലിയുടെയും ആകത്തുകയാണ്. ഒരു അദ്ധ്യാപകൻ പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തുകൊടുത്ത് പണം വാങ്ങുന്ന ആൾക്ക് തുല്യനല്ല. അദ്ദേഹം പുരോഗതിക്കും വ്യക്തി നിർമ്മാണത്തിനുമുള്ള വിലപ്പെട്ട ശക്തി പകരുന്ന ചൈതന്യ സ്രോതസ്സാണ്. ഏറെ അവധാനതയോടെ നിർവ്വഹിക്കേണ്ട പ്രക്രിയയാണത്. കൊടുക്കുന്ന ആൾ മൂല്യാധിഷ്ടിതമായ ഒരു ദാനമായും സ്വീകരിക്കുന്നയാൾ അനുഗുണമായ സമർപ്പണത്തോടെയും എകാഗ്ര മനോനിലയോടെയും ഭാഗഭാക്കാകേണ്ട പ്രക്രിയ. അത് പൂർണ്ണമാവാൻ ഷോട്ട്സും ടീ ഷർട്ടുമിട്ട് ഫ്രീക്കരായി ചെന്നാൽ പറ്റില്ല, വിദ്യാഭ്യാസ പ്രക്രിയക്ക് ശരീരമല്ല പ്രധാനം, മനസ്സും വ്യക്തിത്വവുമാണ്. ഒന്നിനെയും വിലമതിക്കാത്ത മനസ്സും ഫ്രീക്കായ ശരീരവും പരസ്പ്പര പൂരകമാണ്. ശരീരഭാഷയും മനസ്സിന്റെ ഭാഷയും തമ്മിൽ സാകല്യമുണ്ട്.
ജീവിതത്തിലെ ഏത് ഘട്ടവും പൂർണ്ണമാവാൻ അനുഗുണമായ ചുറ്റുപാടുകൾ കൂടിയേ കഴിയൂ. ഒരു അന്താരാഷ്ട്ര നയതന്ത്രയോഗത്തിൽ പങ്കെടുക്കാൻ ചില വസ്ത്രധാരണ രീതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, വിവാഹച്ചടങ്ങിൽ വരനും വധുവിനും അവരുടേതായ വസ്ത്രധാരണ ശൈലികളുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിന് അതിന്റേതായ വസ്ത്രധാരണമുണ്ട്. നമ്മുടെ ലോകത്ത് ഔദ്യോഗികമായ ഏത് ചടങ്ങിന് പങ്കെടുക്കുവാനും ഒരു വസ്ത്രധാരണ ശൈലി പലപ്പോഴും ക്ഷണക്കത്തിൽത്തന്നെ സൂചിപ്പിച്ചു കാണാറുണ്ട്. അപ്പോൾ വ്യക്തിത്വ രൂപീകരണത്തിലെ നാഴികക്കല്ലായ വിദ്യാഭ്യാസ പ്രക്രിയയിൽ മാത്രം അതൊന്നും പാടില്ലേ? ശരീര പ്രദർശനത്തിനുള്ള വസ്ത്രവുമണിഞ്ഞ് ജ്ഞാനസന്പാദനതിനായി ഗുരുക്കന്മാരുടെ മുന്നിൽ ആധുനിക അവതാരങ്ങൾ! ഇന്ന് പല ക്യാന്പസ്സുകളും പഠനമൊഴിച്ചുള്ള മറ്റെല്ലാറ്റിന്റെയും വിളഭൂമിയാകുന്നതിൽ എന്തത്ഭുതം!!
പഠനത്തിന് ചേരുന്ന വസ്ത്രമേത്, ചേരാത്തതേത് എന്ന് ആരാണ് തീരുമാനിച്ചത്, എന്താണതിന്റെ മാനദണ്ധം, ആരെങ്കിലും തീരുമാനിച്ചത് അനുസരിക്കാൻ ഞങ്ങൾക്കെന്ത് ബാധ്യത എന്നെല്ലാമുള്ള കുതർക്കങ്ങൾ ഉയർന്ന് വരുമെന്നതിൽ സംശയമില്ല. അത്തരം വരട്ടുവാദങ്ങൾ ഉന്നയിക്കുന്നവരോട് നിങ്ങൾ സംസ്ക്കാരത്തെ അറിയുക എന്ന് മാത്രമേ പറയാനുള്ളൂ. ആർക്കും വേണ്ടാത്തത് ഇപ്പോൾ അതാണല്ലോ. അതിൽനിന്നും ഏറ്റവും അകന്ന് ജീവിക്കുന്നവൻ ബൗദ്ധികതയുടെ വക്താവാകും. പഴഞ്ചൻ വ്യവസ്ഥിതികൾക്കെതിരെ ധിക്കാരികളാകുന്നത് തെറ്റല്ല, പക്ഷെ ധിക്കാരം മാത്രമാണ് വിപ്ലവം, ആധുനികത എന്നൊക്കെ വിചാരിച്ച് മുന്നോട്ടു പോയാൽ പിന്നെ ശാദ്വല ഭൂമികകൾ ഒഴിഞ്ഞ ജീവിതത്തിന്റെ മരുത്തിൽ തണൽ ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടി വരും. ഡാർവിന്റെ പരിണാമ സത്യം ആധുനിക മനുഷ്യനിലൂടെ അനുസ്യൂതമായ ഒരു പ്രക്രിയയായി തുടരുന്നത് ഇവിടെ കാണുന്നു. മനുഷ്യൻ വഴിമാറി പുതിയ ഒരു ഇരുകാൽ ജീവി ഉണ്ടാകുകയാണ്. ആ ജീവിക്ക് ഒന്നും ബാധകമല്ല, ആരോടും ഒന്നിനോടും പ്രതിബദ്ധതയുമില്ല, എല്ലാം കാലഹരണപ്പെട്ടത്. പരിണാമത്തിന്റെ പരമാവസ്ഥയിൽ ചെന്നശേഷമുള്ള ഒരു തിരിച്ചുപോക്കാണോ ഇതെന്നും സംശയിക്കുന്നു. ഏതായാലും ഇതിൽ പരിണാമത്തിന്റെ കൈ സ്പർശമുണ്ട്, ഏത് സാമാന്യബുദ്ധിക്കും ഈ അഭിപ്രായം യുക്തിസഹമല്ലാത്തതായി വിലയിരുത്തുക എളുപ്പമാവാം. അതിന് ബുദ്ധിജീവിയുടെ തോൾസഞ്ചി അണിയേണ്ട കാര്യമില്ല. പക്ഷെ അത്തരം കാപട്യങ്ങൾ ഈ ലോകത്തെ വളരെ അസുന്ദരമാക്കുന്നു എന്ന് പറയാതെ വയ്യ.