ലിംഗനീതിയും കാവ്യനീതിയും

ശരശയ്യ - നിതിൻ നാങ്ങോത്ത്
കുറ്റിപ്പുറം, മരട്, ചിറയിൻകീഴ്... ഗോഡ്സ് ഓൺ കണ്‍ട്രീസിലെ മൂന്ന് തങ്കപ്പെട്ട ഇടങ്ങൾ!! കുറ്റിപ്പുറത്ത് യുവാവിന്‍റെ ശൂരത സ്ത്രൈണമൂർച്ചയാൽ ധിം തരികിടതോം. മരടിൽ മഹിളകളുടെ കോറസ് യൂബർ ഡ്രൈവറുടെ അണ്ടർവെയറിന്‍റെ ബ്രാന്‍റ് കണ്ടെത്തി. ഫുൾ ബൈന്‍റിൽ മൂവർ പരാക്രമണം! ചിറയിൻകീഴിലാവട്ടെ ന്യായം പറഞ്ഞ മാന്യനെ ചുരുട്ടിക്കൂട്ടി ഇരുവർ പഞ്ചറൊട്ടിച്ചു. സെക്സിന്‍റെയും ക്രൈമിന്‍റെയും സൈകതഭൂവിൽ മലർന്നു കിടന്നുറങ്ങുകയാണ് കുറച്ചേറെക്കാലമായ് കേരളം.
ധീരോദാത്തമായ ഇത്തരം ആചാരങ്ങളുമായ് എത്രവേഗമാണ് നമ്മളുടെ പ്രബുദ്ധത പൊരുത്തപ്പെട്ടു പോവുന്നത്. ചിറയിൻകീഴിലെ കണ്ണിൽച്ചോരയില്ലായ്മ ലോകം മൊത്തം കണ്ടു കാണണം, വീഡിയോ സെറ്റിൽ നിന്നും സെറ്റിലേക്ക്. ഗ്രൂപ്പിൽ നിന്നും ഗ്രൂപ്പുകളിലേക്ക് ജൈത്രയാത്രയിലാണ്. ടൗണിൽ വാഹനത്തിരക്കുള്ള സമയത്ത് നടുറോഡിൽ ഇരുചക്രർ എട്ടോ പൂജ്യമോ വരച്ച് ഷൈൻ ചെയ്യുന്നു. ആർക്കും നൊ പ്രശ്നം. പെട്ടെന്നു എതിരെ വന്ന മറ്റൊരു ബൈക്ക്പ്രജ ബ്ലോക്കിൽ കാര്യമാരായുന്നു.പിന്നീടുളള കാഴ്ച ഹൃദയഭേദകമാണ്. ആ പാവത്തെ ‘സൈക്കിൾ ബാലൻസുകാർ’ ‘അടിച്ചും ചവിട്ടിയും കുത്തിയും ഇഞ്ചിപ്പരുവമാക്കുന്ന കാഴ്ച. കാണികളേറെയുണ്ട്. നൊ ഒച്ച, നെവർ പിടിച്ചു വെക്കൽ!! വെറുതെ ആരാന്‍റെ പ്രശ്നത്തിൽ തലയിട്ട് നമ്മളുടെ സമയം കളയുന്നു. ഈ നിസ്സംഗത, നിർവികാരത.. അതാവും വരും കേരളത്തിന്‍റെ മുഖമുദ്ര. ലൈഫ്, വളരെ നൈസായ് സ്കൂട്ട് ചെയ്യുന്നവർക്കുള്ളതത്രേ..
വിശിഷ്ട പീഡനത്തിനുളള മെഡലായി ഓൺലൈൻ ഡ്രൈവർക്ക് ജാമ്യമില്ലാ വകുപ്പിൽ ചാലിച്ച ഒരു കീർത്തീ പത്രം കിട്ടിബോധിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അവഹേളിച്ചതിന് അർഹതപ്പെട്ടത്. കരിങ്കല്ലിനാൽ കിട്ടിയ ഷിറ്റൊന്നും നിയമത്തിന്‍റെ മാർജിനിൽ വരില്ല. അസഭ്യം പറഞ്ഞതും ആളെക്കൂട്ടിയതും അപമര്യാദയായി പെരുമാറിയതും മഹാപരാധം. ഇതാണ് കാവ്യനീതി. കവിത പോലെ സുന്ദരമായ നീതി. നീതിപീഠങ്ങളിൽ ചോര തിളയ്ക്കട്ടെ. കാവ്യാമാധവനുള്ള നീതിയല്ല ദിലീപിനുള്ള നീതി. ദിലീപിനുള്ള നീതിയല്ല എമ്മല്ലേക്കുളളത്. എമ്മല്ലയേപ്പോലെയല്ല മന്ത്രി. കായലിൽ കളയുന്പോഴും കൗണ്ട് ചെയ്ത് കളയണം. കായലിൽ കായം കലക്കിയ മാതിരി സത്യം, ധർമ്മം, നീതി!! വാഴ് വേ മായം??
സ്വാമിയുടെ സംഭവത്തിന് ശേഷം പുരുഷു ലോകം അങ്കലാപ്പിലായിരുന്നു. ലിംഗവിശപ്പുളള പെണ്ണുങ്ങമാർ എങ്ങനെ എപ്പോൾ പെരുമാറുമെന്ന് പറയുവതെങ്ങനെ? ഈ ലോകത്ത് ‘അറിയാൻ’ ഏറ്റവും പാട് പെണ്ണിനെയാണെന്ന് സാക്ഷാൽ ലിയോ ടോൾസ്റ്റോയി തന്നെ പറഞ്ഞിട്ടുണ്ട്. മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് താനീ ധീരകൃത്യം ചെയ്തതെന്ന് യുവതി പോലീസ് സമേതം മൊഴിഞ്ഞിട്ടുണ്ട്. എല്ലാരും കൂടി ഇങ്ങനെ തുടങ്ങിയാൽ ‘ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ’ ആയിപ്പോവില്ലേ നമ്മുടെ പെണ്ണരശു നാട്. സാമിക്കേസിന്‍റെ തുന്പും മുന്പും ഇനിയും നിജപ്പെട്ടിട്ടില്ല. എല്ലാ കർട്ടനും നീങ്ങിപ്പുറത്തു വരാൻ ശ്ശി കാലമെടുത്തേക്കുമായിരിക്കും. കാലം കുറച്ചെടുത്താലും അഗ്നി ശുദ്ധി വരുത്തി ട്രാക്കിലിറങ്ങിയ ഇ.പി സഖാവ് എല്ലാർക്കും ഒരു റിസേർച്ച് ഫെലോ ആണ്. ആള്‍ തിരിച്ച് കസേരയിലിരിക്കും. കസേര ഈസി ചെയറിലാടും. പല തലയും തെറിക്കും. തറയിൽ ബോളു പോലെ ഉരുളും. അണ്ടർ 17 വേൾഡ് കപ്പിനു മുന്പേ ആദ്യം പറഞ്ഞ കിക്കോഫ് ആരംഭിക്കുമായിരിക്കും.കായൽ മന്ത്രിയെ തൊട്ടില്ലേലും സാരമില്ല കീഴാറ്റൂർ വയലിൽ ഞാറ് നടരുത്.
ആദർശം, നീതി, ന്യായം, സത്യം ഇതൊക്കെ നിരോധിക്കപ്പെട്ട കറൻസികളായി. കിട്ടുന്നതും മാന്തി കീശയിലോ ലോക്കറിലോ ഇട്ടാൽ ശുഭപര്യവസായിയായ ഒരു ജീവിതം കിടച്ചേക്കും. നാട്, നാട്ടാര്, വിപ്ലവം, ദേശീയത, കേരളീയത എന്നൊക്കെ ഉദ്ഘോഷിച്ച് മുഷ്ടി ചുരുട്ടാൻ നിന്നാൽ മൃഷ്ടാന്നം തല്ലോ ചവിട്ടോ കിട്ടി എണ്ണത്തോണിയിൽ ശിഷ്ടകാലം വഴുവഴുക്കപ്പെടേണ്ടി വന്നേക്കാം. ‘തള്ളുന്നവർ’ വണ്ടിയും സീറ്റും കൊണ്ടു പോകുന്ന കാലമാ. ആത്മാർത്ഥതയ്ക്കോ പ്രായോഗിക പരിചയത്തിനോ ഗ്രാസ് വില. തള്ളാനോ മണിമണിയായി ഫ്ലാറ്ററിങ്ങോ കൈമുതലുണ്ടെങ്കിൽ മൊയലാളിയായി കേന്ദ്രത്തിലോ ഇന്ദ്രപ്രസ്ഥത്തിലോ കുതിരപ്പാച്ചിൽ നടത്താം. ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവെന്ന് ഇടയ്ക്കിടയ്ക്ക് പത്രസമ്മേളനം നടത്തണം എന്നു മാത്രം. വെറുതേ തലക്കനമുള്ള പൊത്തകമെഴുതി ബുള്ളറ്റ് സഹയാത്രികർക്ക് പണിയുണ്ടാക്കരുത്. ഐ ആം ഗൗരീ ലങ്കേഷ്, ഞാനാണ് അടുത്ത ഇര എന്ന ടാഗും, ക്യാപ്പും നെഞ്ചത്തോ നെറ്റിയിലോ പാകി ഒരുമാതിരിപ്പെട്ട എല്ലാ എഴുത്തുകാരും പ്രൊഫഷണൽ കില്ലേഴ്സിന്‍റെ പ്രോസ്പെറ്റിങ് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്. അത് ആൽഫബെറ്റ് ചെയ്യാനുളള കാലതാമസവും കൺഫ്യൂഷനും കൊണ്ടാവാം പോയന്‍റ് ബ്ലാങ്കിൽ കാഞ്ച ഐലയ്യ തിരസ്കരിക്കപ്പെട്ടത്. പി. സുരേന്ദ്രൻമാഷ് പിൻവലിച്ചതു പോലെ എഴുതിയ പുസ്തകങ്ങൾ മാനസാന്തരപ്പെട്ട് സറണ്ടർ ചെയ്യാനുളള ഒരു ചാൻസ് ഫാസിസഭീകര കൂടോത്രങ്ങൾ നല്‍കുമോ ആവോ?? തലയുള്ളവരും തലയിലുള്ളവരും ‘ചുപ്പാൻ’ തുടങ്ങിയാൽ ഹമ്മുറാബീ കീ ജയ്. ചെങ്കിസ്ഖാൻ കീ കീ ജയ്... ഒരു വശത്തൂടെ മതം മയക്കിയ പറവകളും നവം നവങ്ങളായ നിമജ്ജന ഘോഷയാത്രകളും ആകാശവും ഭൂമിയും കീഴടക്കുന്നുണ്ട്. ജയപരാജയങ്ങളുടെ പോസ്റ്റ്മോട്ടം ടേബിളിൽ കരുണാകരപുത്രൻ കരിങ്കാലികളെ സ്പെസിമൻ ചെയ്യുന്പോൾ പാവം സീമേച്ചിയെപ്പോലുള്ളവർ ഭരണിയിലിരിക്കേണ്ടി വരും.
രാഷ്ട്രീയവും മനവും മടുത്ത് കൊന്തയോ പൂണൂലോ കാഷായമോ പാഷാണമോ സ്വീകരിച്ച് ആദർശം അടുപ്പിലൊഴിക്കാത്ത നല്ല പൊതു പ്രവർത്തകർക്ക് അരങ്ങൊഴിയേണ്ടി വന്നേക്കും. കാലത്തിന്‍റെ കാവ്യനീതി ഇങ്ങനെ പരിവർത്തനത്തിന്‍റെ കുപ്പായത്തിലൂടെയും സംഭവിക്കാം. ആതിരയായാലും ഹാദിയയായാലും ‘മദജലം’ പുറപ്പെട്ടാൽ അതൊരു കലാപകബനിയുടെ ചോരശാസ്ത്രം പറഞ്ഞു തരും. കാലത്തിന്‍റെ കേൻസർ അത്രമേൽ മൂർച്ഛിച്ചിരിക്കുന്നു. റേഡിയേഷൻ കൊണ്ടൊന്നും തീരില്ല വേദന.. വ്യാധിയും. ക്രൈമും സെക്സും ജോയിന്‍റ് അക്കൗണ്ട് ഓപ്പൺ ചെയ്ത കേരളാബാങ്കിന്‍റെ നാളെ പരിതാപകരമാണ്. എനിക്ക് മാത്രം ഒന്നും സംഭവിക്കില്ലല്ലോ എന്ന ഒരു ‘റിലാക്സേഷ’നുണ്ട്.അതു മതി, താൽക്കാലിക ആശ്വാസത്തിന്.