ഷാ­ർ­ജയിൽ നി­ന്ന് ഒരു­ അതി­ഥി­യെ­ത്തു­ന്പോൾ...


പ്രദീപ് പു­റവങ്കര

കേരളവും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ആ ബന്ധത്തിന്റെ തീവ്രതയും, ശക്തിയും വർദ്ധിപ്പിക്കുന്നതാണ് പരസ്പരം അവിടെയും ഇവിടെയുമുള്ള ഭരണാധികാരികൾ നടത്തിവരുന്ന ഓരോ സന്ദർശനവും. കഴിഞ്ഞ ദിവസം മുതൽ ഷാർജയുടെ ഭരണാധികാരിയായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിൽ നടത്തി വരുന്ന സന്ദർശനവും ഈ ഗണത്തിൽ പെട്ടത് തന്നെ. ഈ വർഷം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സമയം കണ്ടെത്തിയിരുന്നു. കുവൈത്ത് ഭരണാധികാരിയും ഈ വർഷം കേരളത്തിലെത്തി. ഇങ്ങിനെ പരസ്പരം കണ്ടതുകൊണ്ട് വളരെ പെട്ടന്ന് വലിയ സംഭവങ്ങളൊക്കെ നടക്കുമെന്ന് പറയാൻ സാധിക്കില്ലെങ്കിലും നീണ്ട കാലയളവിലേയ്ക്കുള്ള വലിയ ബന്ധങ്ങളാണ് ഇത്തരം കൂടികാഴ്ചകളും ചർച്ചകളുമൊക്കെ ബാക്കി വെക്കുന്നത്. 

ലോകം പൊതുവേ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാന്പത്തിക മാന്ദ്യത്തെയും, അതുപോലെ തന്നെ നേരിട്ടു കൊണ്ടിരിക്കുന്ന യുദ്ധഭീഷണിയെയും മറികടക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് ലോകനേതാക്കളും, ലോകജനതയും ഇപ്പോഴുള്ളത്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി മറിച്ചല്ല. ഗൾഫ് മേഖലയിലെ ഓരോ ചലനങ്ങളുടെയും പ്രത്യാഘാതങ്ങൾ കേരളത്തിലെ വീടകങ്ങളിൽ പോലും വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ്. പ്രത്യേകിച്ച് ഈ രാജ്യങ്ങളുടെ മുഖ്യ സാന്പത്തിക സ്രോതസായ എണ്ണ വിപണിയിലുണ്ടായ ഇടിവും, മറ്റിതര ഇന്ധനങ്ങളുടെ കണ്ടുപിടുത്തവും, പിന്നെ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളും കുറച്ചൊക്കെ പ്രവാസികളുടെ ജീവിതത്തെ ഉലച്ചിട്ടുണ്ട് എന്നത് യാത്ഥാർത്ഥ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ ഭരണാധികാരികളുടെ പരസ്പരമുള്ള സ്നേഹവും, സഹകരണവും വർദ്ധിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെ. 

വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചെറുകിട ജോലികൾക്ക് പഴയത് പോലെ കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്ക് വിമാനം കയറുന്നവരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു. പണ്ടുള്ളത് പോലെ ഡിഗ്രി പാസായാലുടൻ വിസയുമെടുത്ത് ഗൾഫിലെത്തി ഇവിടെയൊരു കോൾഡ് സ്റ്റോറിൽ ജോലി സംഘടിപ്പിക്കാമെന്ന ആഗ്രഹവും പൊതുവേ മലയാളി യുവാക്കളുടെ മനസിൽ നിന്ന് മാഞ്ഞിട്ടുണ്ട്.  നാട്ടിൽ ബന്ധുക്കൾക്കൊപ്പം നിന്നു കൊണ്ട് ഇവിടെ കിട്ടുന്നതിലും മെച്ചമായ വേതനം ലഭിക്കുന്ന ഒരു സാഹചര്യമാണ്  അവരെ അങ്ങിനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ മുന്പ് മലയാളികൾ സജീവമായിരുന്ന പല തൊഴിൽ മേഖലകളിലേയ്ക്കും അന്യരാജ്യങ്ങളിൽ നിന്നുള്ളവർ കുടിയേറ്റം ആരംഭിച്ച് കഴിഞ്ഞു. പക്ഷെ അതേസമയം പ്രൊഫഷണലുകളായ നിരവധി പേർ ഇന്നും നമ്മുടെ നാട്ടിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ എത്തുന്നുണ്ട്. അതായാത് പ്രവാസലോകത്ത് ബ്ലൂകോളർ ജോലി ചെയ്യുന്നവരിൽ നിന്ന് പതിയെ മലയാളി സമൂഹം വൈറ്റ് കോളർ ജോലിയിലേയ്ക്ക് മാറി തുടങ്ങിയിരിക്കുന്നു എന്നതാണ് മനസിലാക്കേണ്ടത്. മുന്പ് യൂറോപ്യൻ സമൂഹം കൈകാര്യം ചെയ്തിരുന്ന നിരവധി മേഖലകളിൽ ഇത്തരത്തിൽ മലയാളികൾ കയറി വന്നു തുടങ്ങിയിട്ടുണ്ട്. ഇത് വലിയൊരു മാറ്റമാണ്. വരും കാലങ്ങളിൽ ഈ മാറ്റത്തിന്റെ ഊക്ക് കൂടാൻ തന്നെയാണ് സാധ്യത എന്ന് സാന്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്തായാലും ലോകം ഒരു വിരൽതുന്പിനോളം ചുരുങ്ങുന്ന കാലത്ത് പരസ്പരം എത്രത്തോളം അറിയാൻ സാധിക്കുമോ അത്രത്തോളം നല്ലത് എന്ന സന്ദേശമാണ് ഉന്നത തലത്തിലുള്ള  ഓരോ സന്ദർശനവും ബാക്കിവെക്കുന്നത് എന്ന ഓർമ്മപ്പെടുത്തലോടെ... 

You might also like

Most Viewed