അവയവദാനം അഥവാ പരിഷ്കൃത ചിന്ത...

പ്രദീപ് പുറവങ്കര
അവയവ ദാനമെന്നത് പരിഷ്കൃതമായ ഒരു സമൂഹത്തിൽ ഏറെപ്രചാരവും അംഗീകാരവും ലഭിക്കുന്ന കാര്യമാണ്. നമ്മുടെ രാജ്യത്ത് മാത്രം ഓരോ വർഷവും അവയവങ്ങൾ ലഭിക്കാതെ അഞ്ച് ലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നത്. എത്രയോ ഹതഭാഗ്യരായ മനുഷ്യർക്ക് ജീവിതം തിരികെ ലഭിക്കുന്ന പുണ്യ കർമ്മമായിട്ടാണ് മിക്കവരും ഈ പ്രവർത്തിയെ കാണുന്നത്. പക്ഷെ അടുത്ത കാലത്ത് ഇങ്ങിനെയുള്ളവരെ പോലും വിഷമത്തിലാക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് പ്രധാന കാരണമാകുന്നത് അവയവ ദാനത്തിനെതിരെ ചിലർ നടത്തി വരുന്ന കുപ്രചരണങ്ങളാണ്. മതപരമായ വിലക്കുകളും, പ്രമുഖ വ്യക്തിത്വങ്ങൾ സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രചരണങ്ങളുമാണ് മരിക്കുന്പോൾ പോലും അവയവദാനം നടത്താൻ ആളുകളിൽ വിമുഖത സൃഷ്ടിക്കുന്നത്.
2012 മുതൽക്ക് മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് കേരളം അവയവദാന രംഗത്ത് സജീവമായത്. 262 ദാതാക്കളിൽ നിന്നായി 717 പേരിലേയ്ക്ക് മരണാനന്തര അവയവദാനത്തിലൂടെ അവയവങ്ങൾ മാറ്റിവെയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. 2012ന് ശേഷം ഓരോ വർഷവും അവയവദാന പ്രക്രിയ വർദ്ധിച്ചുവന്നുവെങ്കിലും അടുത്തകാലത്തായി ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 ൽ കേരളത്തിൽ 18 ഹൃദയവും 64 കരളും 113 വൃക്കകളും മാറ്റിവെയ്ക്കാൻ കഴിഞ്ഞിടത്ത് 2017 ൽ ഇതുവരെ രണ്ട് ഹൃദയവും 9 കരളും 20 കിഡ്‌നിയും മാത്രമെ മാറ്റിവെക്കാൻ സാധിച്ചിട്ടുള്ളു. അനുയോജ്യനായ ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, അവയവദാന പ്രക്രിയയിലെ നിയമപരമായ തടസ്സങ്ങൾ, ഈ രംഗത്ത് നിലനില്‍ക്കുന്ന കച്ചവട താത്പര്യങ്ങൾ തുടങ്ങി പലതും മുന്പേ തന്നെ അവയവദാന പരിപാടികളെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദൈവം തന്ന ശരീരഭാഗങ്ങൾ മനുഷ്യന് കൈമാറ്റം നടത്താൻ അധികാരമില്ലെന്ന രീതിയിലാണ് പ്രചരണങ്ങൾ നടക്കുന്നത്. ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയും ഇത്തരം വാദഗതികൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. 1994 ൽ അവയവം മാറ്റിവെക്കൽ നിയമം തന്നെ പാസ്സായിട്ടുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്നു കൂടി ഈ നേരത്ത് ഓർക്കണം.
ഡോക്ടർമാരും മുന്പത്തെ പോലെ ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ല. മനപൂർവ്വം മസ്തിഷ്‌ക മരണം റിപ്പോർട്ട് ചെയ്യുന്നു എന്ന തരത്തിൽ തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുന്നതും, വിഷയം കോടതിയിലേയ്ക്ക് പോവുന്നതും ഡോക്ടർമാരെ ആശങ്കപ്പെടുത്തുന്നു. മണിക്കൂറുകളോളം നീളുന്ന ദൈർഘ്യമേറിയ അവയവമാറ്റ പ്രക്രിയയ്ക്കും പല ഡോക്ടർമാർക്കും താത്പര്യമില്ലാത്ത സ്ഥിതിയുമുണ്ട്. ഇതോടൊപ്പം അവയവങ്ങൾ മാറ്റിവെച്ചാലും രോഗി അധിക കാലം ജീവിച്ചിരിക്കില്ല എന്നതാണ് മറ്റൊരു പ്രചാരണം. എന്തായാലും കേരളം പോലെ പുരോഗമന ആശയങ്ങളെയും ചിന്തകളെയും പരിപോഷിപ്പിക്കുന്ന ഒരു സമൂഹത്തിൽ വല്ലാത്തൊരു ദുരവസ്ഥയാണ് ഇത്തരം പ്രചരണങ്ങൾ ഉണ്ടാക്കുന്നതെന്ന് പറയാതെ വയ്യ.