‘സഹനശക്തി­ എന്ന സി­ദ്ധി­’


പലരുടേയും നാവിൻ തുന്പത്ത് പലപ്പോഴും തങ്ങിനിൽക്കാറുള്ള ഒരു പ്രസ്താവനയുണ്ട്, ‘സഹിക്കാനും ക്ഷമിക്കാനും പറയാനെന്തെളുപ്പം. പക്ഷേ അവനവന് അനുഭവപ്പെടുന്പോഴേ അത് അസാധ്യമെന്ന് മനസ്സിലാകൂ.’ ‘പച്ച മാങ്ങാ കടിച്ച് തിന്നുന്പോൾ അതിന്റെ ഉള്ളിലുള്ള മാങ്ങാണ്ടിയോട് അടുക്കുന്പോഴേ, മാങ്ങയുടെ പുളി അറിയുകയുള്ളൂ’ എന്ന് പഴമക്കാർ പറയുന്നതു കൂടെ കൂട്ടി വായിക്കുന്പോൾ സഹനശക്തി ഒരു സിദ്ധി തന്നെയെന്ന് നമുക്ക് ബോദ്ധ്യപ്പെടും. പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഒരുവശത്ത് മനക്കട്ടിയും മറുവശത്ത് സഹനശക്തിയുമുണ്ടാകണം. സഹിക്കുകയും വഹിക്കുകയും ചെയ്യുക എന്നത് പ്രശ്നത്തെ മറക്കുക എന്നതല്ല. പ്രശ്നത്തെ നേരിട്ട്, പ്രശ്നത്തെ മനസ്സിലാക്കി അതിെന ഒതുക്കുന്നതാണ് സഹനശക്തി. ഒരു പ്രശ്നത്തെ തൽക്കാലത്തേക്ക് ഒതുക്കിനിറുത്തി തരം വരുന്പോൾ പിന്നീട് പ്രതികരിക്കുന്നതിൽ സഹനശക്തി എന്ന സിദ്ധി ഇല്ല. പ്രശ്നത്തെ സഹനശക്തിയിൽ ചാലിച്ച് ചേർക്കുന്നതാണ് (Dissolve) സിദ്ധി. സഹനം സമുദ്രസമാനമാണ്. എന്തെല്ലാം മാലിന്യങ്ങൾ സമുദ്രത്തിലേക്ക് തള്ളിയാലും, സമുദ്രം അവയെ ഒക്കെ ഉൾക്കൊള്ളും, അതിന്റെ അഗാധതയിൽ ലയിപ്പിക്കും, കാലാന്തരത്തിൽ രൂപഭേദം വരുത്തും. സഹനശക്തിയിലൂടെ ഇപ്രകാരം നമ്മുടെ പ്രശ്നങ്ങളെ ഉൾക്കൊള്ളുവാനും മനോശക്തിയുടെ സാന്ദ്രതയിൽ ലയിപ്പിക്കുവാനും ക്രമേണ അത്തരം പ്രശ്നങ്ങൾക്കു തന്നെ പുതിയ രൂപവും ഭാവവും നല്കുവാനും സാധിക്കണം. അപ്പോൾ പ്രശ്നങ്ങൾ അപ്രത്യക്ഷമാകും. മലപോലെ ഇളകി വന്ന പ്രശ്നം എലി പോലെ ചെറുതായി മാറും.

ഈ അടുത്തകാലത്ത് ഒരു അമ്മ അവരുടെ രണ്ട് ആൺമക്കളെക്കുറിച്ചുള്ള ആത്മകഥാ കഥനം നടത്തിയപ്പോൾ െവളിവായ ഒരു സത്യം പങ്കുവെയ്ക്കുന്നു. അവരുടെ മൂത്തമകൻ 7ാം ക്ലാസു വരെ ഇവിടെയാണ് പഠിച്ചിരുന്നത്. 8ാം ക്ലാസിൽ അവനെ നാട്ടിൽ ഒരു ബോർഡിംഗ് സ്കൂളിൽ ചേർത്തു. 12ാം ക്ലാസു വരെ ബോർഡിംഗ് വിദ്യാർത്ഥിയായിരുന്നു. ഇളയമകനേയും ബോർഡിംഗിൽ വിട്ടാൽ വീട് ഉറങ്ങിപ്പോകുമല്ലോ എന്നു കരുതി ഇവിടെത്തന്നെ പഠിത്തം തുടരാൻ നിർബ്ബന്ധിച്ചു. രണ്ടുേപരും 12 പൂർത്തിയാക്കി, ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു. എന്നാൽ അവർ തമ്മിൽ പെരുമാറ്റത്തിൽ അജഗജാന്തരമുണ്ട്. മൂത്തയാൾ ബോർഡിംഗിൽ ആയിരുന്നതുകൊണ്ട് മറ്റുള്ളവരെ ഉൾക്കൊള്ളുവാൻ പഠിച്ചുകഴിഞ്ഞു. സുഖസൗകര്യങ്ങൾ തനിക്കു മാത്രമുള്ളതല്ലെന്നും സ്വകാര്യത പലപ്പോഴും കൂട്ടമായി ഒരു മുറിയിൽ താമസിക്കുന്പോൾ വെച്ചുപുലർത്താൻ സാധിക്കുകയില്ലെന്നും നമ്മുടെ സ്വകാര്യസുഖങ്ങൾ പലപ്പോഴും ബലികഴിക്കേണ്ടി വരുമെന്നും അവൻ പഠിച്ചിരിക്കുന്നു. തൽഫലമായി ഏതു ജീവിതസാഹചര്യത്തിലായാലും അവനെത്തന്നെ ഒതുക്കി നിറുത്തുവാൻ അവന് സാധിക്കുന്നു. അസംതൃപ്തിയില്ല താനും. എന്നാൽ ഇളയമകനാകട്ടെ എല്ലാ വിധ സ്വകാര്യസൗകര്യങ്ങളോടും കൂടെ ഗൾഫിൽ വാണ കുട്ടിയാണ്. സ്വന്തം പഠനമുറി, മൊബൈൽ, കന്പ്യൂട്ടർ എന്നിത്യാദികൾ അവനെ സുഖലോലുപനാക്കിയെന്ന് മാത്രമല്ല, അവനെ അവനിലേക്ക് തന്നെ ഒതുക്കി നിറുത്താൻ പ്രേരിപ്പിച്ചു. പുറം ലോകത്തിന്റെ ചൂടും പാടുമേൽക്കുന്പോൾ അവൻ അസ്വസ്ഥനാകുന്നു, കോപിക്കുന്നു, നിസ്സഹകരിക്കുന്നു. പലപ്പോഴും നിഷേധാത്മക നിലപാടിലാണയാൾ. സഹനശക്തിയുടെ ബാലപാഠം പോലും അഭ്യസിക്കാത്ത ഈ ഇളയമകൻ ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ നന്നേ ബുദ്ധിമുട്ടും. നാട്ടിലെ കുട്ടികളും ഗൾഫിലെ കുട്ടികളും തമ്മിലുള്ള ഒരു പ്രധാന പൊരുത്തക്കേടാണിത്. എല്ലാവരുമല്ലെങ്കിൽ കൂടെ, കുറേപ്പേരെങ്കിലും: സഹിക്കാനും വഹിക്കാനുമുള്ള മനക്കട്ടിയും സിദ്ധിയും ഇല്ലാത്തതാണ് ഗൾഫിലെ കുമാരീകുമാരന്മാർ പ്രശ്ന പരിഹാരത്തിന് അതിർത്തികളിലേക്ക് (Extremers) പായുന്നതിന് കാരണം. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് നിസഹകരണം, മിണ്ടാട്ടമില്ലായ്മ, ആത്മഹത്യാഭീഷണി ഇവയൊക്കെയാണ് അവരുടെ ശൈലി. ഇതുമൂലം പരശതം ഗൾഫിലുള്ള മാതാപിതാക്കളുടെയും സ്വസ്ഥത നശിച്ചിരിക്കുന്നു.

സഹനശക്തി ഒരു വ്യക്തിത്വ വിശേഷമാണ്. ഇത് നന്നേ ചെറുപ്പത്തിൽ മക്കളെ അഭ്യസിപ്പിക്കാൻ മാതാപിതാക്കൾ ബാദ്ധ്യസ്ഥരാണ്. ‘പറ്റില്ല’ (No) എന്ന മറുപടി ദൃഢമായി മക്കളോട് പറയാൻ എത്രമാതാപിതാക്കൾക്ക് കഴിയും? കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ ആവശ്യപ്പെടുന്നതൊക്കെ വാത്സല്യപൂർവ്വം നടത്തിക്കൊടുക്കുന്ന മാതാപിതാക്കൾ കഠിന ഹൃദയരാകണമെന്നല്ല ഇതിന്റെ അർത്ഥം. ഇഷ്ടാനിഷ്ടങ്ങളെ അരിച്ച് പെറുക്കാൻ ചെറുപ്പം മുതലെ അവർക്ക് പരിശീലനം നൽകിയാൽ സഹനശക്തി അവരിൽ ചെറുബാല്യത്തിൽ തന്നെ (Ear
ly childhood, 3−7 years)
രൂഢമൂലമാകും. കുഞ്ഞുങ്ങളെ സുകൃതവേളകളിൽ അടുത്ത് വിളിച്ചിരുത്തി അവരുടെ നിഷേധിക്കപ്പെട്ട ആവശ്യങ്ങൾ എന്തുകൊണ്ട് സാധിച്ചു കൊടുത്തില്ല എന്ന് സ്നേഹപൂർവ്വം തെര്യപ്പെടുത്തുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ അവരുടെ ശ്രമത്തിൽ വിജയിക്കുക മാത്രമല്ല പിൽക്കാലത്ത് അവരുടെ മക്കളെ ഓർത്ത് അഭിമാനപുളകിതരാവുകയും ചെയ്യും.

എനിക്ക് പരിചയമുള്ള ഒരു 12 വയസ്സുകാരിപെൺകുട്ടി. അതിബാല്യത്തിൽ അവൾക്ക് ഒരു രോഗം പിടിപെട്ടു. രക്ഷപ്പെടുമെന്ന് കരുതിയില്ല. ഭാഗ്യത്തിന് ജീവൻ തിരികെ കിട്ടി. അസുഖം ഭേദമായപ്പോൾ മുതൽ അവൾ വീട്ടിൽ പ്രത്യേക ശ്രദ്ധയ്ക്കായി പരിശ്രമം തുടങ്ങി (Attention seeking child). മാതാപിതാക്കൾക്ക് അവളോട് ഒരു പ്രത്യേക മനസ്സലിവ് ഉണ്ടായിരുന്നു. അവൾ ആവശ്യപ്പെടുന്നതെന്തും അവർ നൽകാൻ തുടങ്ങി. അവളുടെ ആവശ്യങ്ങൾക്ക് അറുതിയില്ലായിരുന്നു. ഇപ്പോൾ കൗമാരത്തിന്റെ പടിവാതിൽക്കൽ എത്തിയിട്ടും അവളുടെ ദുർവാശിക്ക് അന്തമില്ല. വീട്ടിലുള്ളപ്പോൾ പഠിക്കാൻ മനസ്സില്ല. പുസ്തകത്തിൽ തൊടില്ല. ഭക്ഷണത്തോട് വിരക്തി. എപ്പോഴും ഫാസ്റ്റ് ഫുഡ് വേണം. ടി.വിയിൽ കണ്ണും നട്ടിരിക്കണം. ടി.വി ഓഫ് ചെയ്യുകയില്ല. ഭൂരിഭാഗം സമയവും മൊബൈലിലാണ് ശ്രദ്ധ. മാതാപിതാക്കൾ ശകാരിച്ചപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ്. ‘നിങ്ങൾ നിങ്ങളുടെ മൂത്തമകളേയും സ്നേഹിച്ച് സുഖമായി ജീവിച്ചോളൂ’ ഒരു കൂസലുമില്ലാതെ ആ കുട്ടി അവളുടെ മാതാപിതാക്കളോട് തുറന്നടിച്ചു. അവർക്കിപ്പോൾ ഉറക്കമില്ല. രാത്രി മുഴുവൻ മകൾക്ക് കാവലിരിക്കുകയാണ്. എപ്പോഴാണ് ആത്മഹത്യ എന്ന അതിക്രമം കാട്ടുന്നതെന്ന് ഭയന്ന് ക്ഷീണിത നയനങ്ങളോടെ അവർ ഉറക്കമറ്റിരിക്കുന്നു! ദൈവപുത്രൻ രണ്ടാമത് അവതരിച്ച് അവളോട് സുവിശേഷമറിയിച്ചാലും അവൾ സംസാരിക്കുകയില്ല. ആ കുട്ടിയുടെ ഉപബോധമനസ് അവളെ കുരങ്ങ് കളിപ്പിക്കുകയാണ്. അവളുടെ ഉപബോധമനസ്സിൽ ഇങ്ങനെ ധാരാളം സൂത്രങ്ങൾ കുടിയിരിപ്പുണ്ട്. ചെറുപ്പത്തിൽ ഈ സൂത്രങ്ങളൊക്കെ പരീക്ഷിച്ച് വിജയിച്ച അനുഭവമുണ്ട് ആ ഉപബോധമനസ്സിന്. അപ്പോൾ കളി തുടങ്ങുകയല്ലേ നല്ലത് എന്ന ഭാവമാണ് അവളറിയാതെ അവൾക്ക്. സഹിക്കാനും വഹിക്കാനും ക്ഷമിക്കാനുമുള്ള പരിശീലനം ലഭിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങൾ ഇങ്ങനെ extremeൽ എത്തി പ്രതികരിക്കുന്നതിൽ അവരെ കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല. സ്നേഹത്തിൽ പൊതിഞ്ഞ ശിക്ഷണവും ശാസനയും കിട്ടാത്ത കുട്ടികൾ കയറു പൊട്ടിച്ച് കിണറ്റിൽ ചാടും. ഇങ്ങനെ സ്വസ്ഥത നശിച്ച നിരവധി കുടുംബങ്ങൾ നമ്മുടെ ചുറ്റുപാടുമുണ്ട്.

പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ വിവേകവും ധൈര്യവും സ്വയം സുരക്ഷിതത്വവും ആവശ്യമാണ്. പ്രശ്നങ്ങളെ നേരിട്ടെങ്കിൽ മാത്രമേ സഹനം സാധ്യമാകൂ. സഹനത്തിലൂടെ മാത്രമേ ജീവിച്ച് മുന്നേറാൻ സാധിക്കൂ. സഹനത്തിലൂടെ മാത്രമേ ജീവിതം പങ്കുവെക്കാനും മറ്റുള്ളവരെ അംഗീകരിക്കാനും മറ്റുള്ളവരിൽ നിന്നും നമുക്ക് അംഗീകാരം ലഭിക്കാനും സാധിക്കൂ. സഹനശക്തിയിൽ പുഞ്ചിരിയുണ്ടാകാറുണ്ട്. സഹനത്തിലെ പുഞ്ചിരിയ്ക്കാണ് കൂടുതൽ അഴക്. ഒരാൾ നമ്മെ പ്രശംസിക്കുന്പോൾ നമുക്ക് ഉണ്ടാകുന്ന പുഞ്ചരിക്ക് സഹനത്തിന്റെ ഗന്ധമില്ല. ഒരുവൻ നമ്മെ ശകാരിക്കുന്പോൾ, നമ്മോട് ദേഷ്യപ്പെടുന്പോൾ, നമ്മെ കുറ്റപ്പെടുത്തുന്പോൾ അവയ്ക്ക് പ്രതികരിക്കാതെ അവയെ ഉൾക്കൊള്ളുന്പോൾ മനസ്സിലും മുഖത്തും സഹനശക്തിയുടെ പ്രഭ വിടരും. അതാണ് സഹനത്തിന്റെ പുഞ്ചിരി. നമുക്ക് യാതൊരു ആത്മബന്ധവുമില്ലാത്ത ഒരു വ്യക്തിയെ നോക്കാനും സംസാരിക്കാനും അയാളുടെ വികാരങ്ങളെ ഒപ്പിയെടുക്കാനും അയാളോട് ക്ഷമിക്കാനും അയാളെ സ്നേഹിക്കാനും ബഹുമാനിക്കാനും നമുക്ക് ആവശ്യമായ പ്രഥമഗുണം സഹനശക്തിയാണ്. പർവ്വതസമാനമെന്ന് വിവക്ഷിക്കപ്പെടുന്ന പ്രശ്നത്തെ ഒരു കളിപ്പന്തുപോലെ ചെറുതാക്കി ഉൾക്കൊള്ളാൻ സാധിക്കുമെങ്കിൽ സഹനശക്തി നാം അഭ്യസിച്ചു കഴിഞ്ഞു. പലപ്പോഴും ചെറിയവയെ പർവ്വതീകരിക്കുകയാണ് നമ്മുടെ പതിവ്. പ്രതിസന്ധികളേയും പ്രശ്നങ്ങളെയും വലുതാക്കി ചിത്രീകരിച്ച് നമ്മുടെ മനസ്സിലവയെ ഇട്ട് ഉരുട്ടുകയോ മറ്റുള്ളവരോട് അവയെപ്പറ്റി എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയോ െചയ്യുന്പോഴാണ് ഒരു വിഷയം പർവ്വതീകരിക്കപ്പെടുന്നത്. നമുക്ക് അങ്ങനെ ഒരു സ്വാഭാവമുണ്ടോ എന്ന് പരിശോധിച്ചിട്ട് അതിനൊരു വിരാമമിടുന്നത് നന്നായിരിക്കും. ജ്ഞാനത്തിലൂടെയും ധ്യാനത്തിലൂടെയും നിശബ്ദതയിലൂടെയും സഹനശക്തി എന്ന അമൂല്യമായ സിദ്ധി കൈവരിക്കാൻ സാധിക്കും. സന്ദേഹത്തെ സംതൃപ്തിയിലേക്ക് മാറ്റാൻ സഹനശക്തിക്ക് കഴിയും.

ഭാര്യയെ കലശലായി സംശയിക്കുന്ന ഒരുചെറുപ്പക്കാരന്റെ ദുരവസ്ഥ മനസ്സിലാക്കുന്പോൾ സഹനത്തിന്റെ വില മനസ്സിലാകും. സുന്ദരിയും സുശീലയും ചെറുപ്പക്കാരിയുമാണ് അയാളുടെ ഭാര്യ. വിദ്യാഭ്യാസം താരതമ്യേന കുറവാണവൾക്ക്. അവളുടെ ആകാര സൗഷ്ടവത്തിൽ ആകൃഷ്ടനായാണ് അയാൾ അവളെ വിവാഹം കഴിച്ചത്. താൻ രൂപത്തിലും ഭാവത്തിലും അവൾക്ക് ‘പോതിച്ചവനാണോ’ എന്നയാൾക്ക് ഒരു ഭയം. ഈ ഉൾഭയം അയാളെ ക്രമേണ ഒരു സംശയരോഗിയാക്കി മാറ്റി. വീട്ടിൽ മാത്രം ഒതുങ്ങിക്കഴിയുന്ന ഭാര്യയെ തനിച്ചാക്കിയിട്ട് ഓഫീസിൽ പോകാൻ അയാൾക്ക് മടി. അഥവാ ജോലിക്ക് പോയാൽ തന്നെ കൂടെക്കൂടെ അവളെ ഫോണിൽ വിളിച്ച് ദീർഘനേരം സംസാരിച്ചുകൊണ്ടിരിക്കും. ഫോണിൽ സംസാരിക്കുന്പോൾ സംഭാഷണത്തിലല്ല പരിസരത്തിലാണ് അയാളുെട ശ്രദ്ധ മുഴുവൻ. മറ്റാരെങ്കിലും അവളോടൊപ്പമുണ്ടോ എന്ന സംശയത്തിൽ നിന്നാണിത്. വീട്ടിൽ വന്നുകഴിഞ്ഞാൽ ഫോൺ പരിശോധിക്കുകയും ഇന്റർനെറ്റ് ഉപയോഗിച്ചതിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയുമാണയാളുടെ ആദ്യപണി. പിന്നീട് കിളച്ചതിനേയും മുളച്ചതിനേയും പറ്റി ഒക്കെ ചോദ്യങ്ങൾ. ഉത്തരങ്ങളിൽ പിടിച്ച് വീണ്ടും ഉപചോദ്യങ്ങൾ. പെൺകുട്ടിക്ക് സ്വസ്ഥത നഷ്ടപ്പെട്ടു. തന്റെ ഭർത്താവ് തന്നെ അതിദാരുണമായി സംശയിക്കുന്നുവെന്നവൾ മനസ്സിലാക്കി. എരിതീയിൽ എണ്ണയൊഴിക്കും പോലെ ഭർത്താവ് അയാളുടെ സുഹൃത്തുക്കളെക്കൊണ്ട് അവൾക്ക് അനോണിമസ് കോൾ വിളിപ്പിച്ചുകൊണ്ടിരുന്നു. അവിടെയൊന്നും അവളെ വീഴ്ത്താൻ അയാൾക്ക് കഴിയാത്തതുകൊണ്ട് ഒരു അടുത്ത സുഹൃത്തിനെ വീട്ടിൽ തനിയെ ഇരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് പരീക്ഷണത്തിനായി പറഞ്ഞുവിട്ടു. ദുഷ്ടൻ അവളുടെ ചാരിത്ര്യശുദ്ധി പരിശോധിക്കാൻ ചെയ്ത കടുംകൈ ആയിരുന്നു അത്. അവിടെയും അവളെ വീഴ്ത്താൻ അയാൾക്ക് കഴിഞ്ഞില്ല. അപ്പോൾ അയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. വയറ്റിൽ കലശലായ വേദന. വായുവിന്റെ ഉപദ്രവം. അൾസറാണെന്ന് സ്വയം വിധിയെഴുതി. ഡോക്ടറെ കണ്ടു. ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ വിധിയെഴുതി. അപ്പോൾ കഴുത്തിലായി വേദന. സ്പോണ്ടിലൊസിസ് ആണെന്നയാൾ വിധിയെഴുതി. ഡോക്ടർ ഇ.ഇ.ജിയിലൂടെ അങ്ങനെയൊരു കുഴപ്പവുമില്ലെന്ന് വിധിയെഴുതി. പിന്നെ ഡയബറ്റീസ്, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ അങ്ങനെ ഓരോന്നായി പരാതിപ്പെട്ടതനുസരിച്ച് പരിശോധിപ്പിച്ച് ഇവയൊന്നുമില്ലെന്നു തീരുമാനിക്കപ്പെട്ടു. ഒടുവിൽ നാട്ടിൽപോയി ഒരു പ്രസിദ്ധമായ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ചെലവേറിയ ഒരു എക്സിക്യൂട്ടീവ് ചെക്കപ്പ് നടത്തി. അതിലും കുഴപ്പമൊന്നുമില്ല. ഇവിടെ കുഴപ്പം രോഗഗ്രസ്ഥമായ അയാളുടെ മനസ്സാണ്. ഇക്കാലമത്രയും പരിഹാസങ്ങളും പരാതികളും ഏറ്റുവാങ്ങി തന്റെ ഭർത്താവിനെ സഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ആ ഭാര്യയുടെ സഹനശക്തിയെപ്പറ്റി ചിന്തിച്ചു നോക്കൂ. സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഒന്നുകിൽ വിവാഹമോചനം അല്ലെങ്കിൽ ആത്മഹത്യ.

സഹനശക്തിയുള്ള ആൾ ഒരിക്കലും സ്വയം ചോദിക്കുകയില്ല. “എനിക്ക് എന്തിന് ഇങ്ങനെയൊക്കെ സംഭവിക്കുന്നു?” എന്ന്. അവർ മറ്റ് വ്യാപാരങ്ങളിൽ മുഴുകിയിരിക്കും. ജീവിതത്തിലെ അതിപ്രധാനമായ മറ്റു വിഷയങ്ങളുമായി അവർ മനസ്സിൽ വേഴ്ച നടത്തിക്കൊണ്ടിരിക്കുന്പോൾ ഇത്തരം ബാലിശമായ ചിന്തകൾക്ക് അവിടെ ഇടമില്ല. കതിരിനിടയിൽ പതിരിനെന്തു പ്രാധാന്യം? ഭയമുള്ള ഒരു വ്യക്തിയ്ക്ക് മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് പൂർണ്ണതയിൽ ആഴമുണ്ടെന്ന് മനഃശാസ്ത്രജ്ഞർ പഠിപ്പിക്കുന്നത്. ചെറുകാര്യങ്ങളെപ്പോലും വലിച്ചുനീട്ടി, ഊതിവീർപ്പിക്കുന്നവരുടെ മനസ്സിൽ അവർ ശൂന്യരാണ്. ശൂന്യമായ പാത്രങ്ങളിൽ കൊട്ടുന്പോഴേ മുഴക്കം കേൾക്കുകയുള്ളൂ. അതുപോലെ ശൂന്യമായ മനസ്സും പിറുപിറുത്ത് ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കും, അപശബ്ദം. മനസ്സു നിറഞ്ഞവർ നിശബ്ദരായിക്കും. മനസ്സ് ഒഴിഞ്ഞവർ സംസാരിച്ചു കൊണ്ടേയിരിക്കും. “ഇതെന്ത്? എന്തുകൊണ്ട്? അതിങ്ങനെയല്ലേ അങ്ങനെയാണ്! അതൊരിക്കലും അങ്ങനെയാകില്ല!” എന്നിങ്ങനെ ശബ്ദമുയർത്തുന്നവർ ശൂന്യമായ ലോഹപാത്രങ്ങൾ പുറപ്പെടുവിക്കുന്ന മുഴക്കം പോലെ വായിട്ടടിക്കുന്നവരാണ്. അവരിൽ കഴന്പില്ല. അവർക്ക് സഹനശക്തിയില്ല. അവർ അവരെത്തന്നെ സ്വയം കുറ്റം വിധിക്കുന്നു. സ്വയം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അകതാരിലെ അനുഭവ സന്പത്തിൽ ഒരുവൻ നിറഞ്ഞുനിന്നാൽ മനോഃനിശബ്ദതയുടെ നിർവൃതിയിലാകാൻ അയാൾക്ക് കഴിയും.

സഹനശക്തിയുടെ അതിരുകൾ വിസ്തൃതമാക്കാമെന്നും ജീവിതം പഠിപ്പിക്കും. ചില ജീവിതസാഹചര്യങ്ങൾ നമ്മുടെ സഹനശക്തിയെ പരീക്ഷിക്കുവാനുള്ള ചോദ്യകടലാസുകളാകും. അവ അരോചകമായ വാക്കുകളോ, അപ്രതീക്ഷിതമായ പീഢനങ്ങളോ ആയിരിക്കാം. നമുക്ക് മുന്നിൽ നിരത്തിവയ്ക്കുന്ന പ്രതിബന്ധങ്ങൾ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തെ തന്നെ പിടിച്ച് നിറുത്തിയേക്കാം. ഒരുതരം അനിശ്ചിതത്വത്തിൽ നാം നട്ടം തിരിഞ്ഞേക്കാം. പലപ്പോഴും ഒരു U turn എടുക്കാൻ നാം നിർബ്ബന്ധിതരായേക്കാം. നമ്മുെട വിശ്വസ്തരും കൂട്ടുജോലിക്കാരും ജീവിതസഖികളും ബന്ധുക്കളും സ്വന്തം മക്കൾ വരെയും നമ്മുടെ ശത്രുക്കളായി മാറി നമുക്ക് കടകവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചെന്നിരിക്കും. അത്തരം സന്ദർഭങ്ങളിൽ വഴിമുട്ടി (Dead End) പ്പോയി എന്ന് കരുതി പിന്തിരിയുകയല്ല ചെയ്യേണ്ടത്. അത്തരം സന്ദർഭങ്ങളെ സഹനശക്തിയുടെ അതിരുകൾ വിസ്തൃതമാക്കാനുള്ള പ്രേരകഘടകങ്ങളായി നമുക്ക് അനുകൂലമായി ഉപയോഗിക്കുവാൻ ശ്രമിക്കണം.

നമ്മുടെ സ്വസ്ഥതയ്ക്കാണ് ഊന്നൽ നൽകേണ്ടത്. അത് നമ്മുടെ ഉള്ളിൽ നിന്നു തന്നെ ഉടലെടുക്കണം. പരിസരങ്ങളിൽ നിന്നുള്ള സ്വസ്ഥത പരിവർത്തനത്തിന് പ്രേരകമാകില്ല. സഹനശക്തി ഉള്ളിൽ സ്വസ്ഥതയുടെ തീരവും തിരയും തീർക്കും തീർച്ച.

You might also like

  • Lulu Exchange
  • Straight Forward

Most Viewed