ചെ­റി­യ കാ­ര്യങ്ങളും ശ്രദ്ധി­ക്കു­ക


ഡോ. ജോൺ പനയ്ക്കൽ

ന്നും മുന്നോട്ട് നീങ്ങുന്നില്ല എന്ന് പലപ്പോഴും പലരും പരാതിപ്പെടാറുണ്ട്. സംഗതികളുടെ കിടപ്പ് കിടന്നിടത്തു തന്നെ. ജീവിതത്തിന് ഒരു താളവുമില്ല. എന്താ

ണീ ജീവിതത്തിന്റെ താളം? സംഗീതം ആസ്വാദ്യജനകമാകണമെങ്കിൽ താളം വേണം. എല്ലാറ്റിനും ഒരു താളമുണ്ട്. ഹൃദയത്തിന്റെ തുടിപ്പിന് വരെ ഒരു താളമുണ്ട്. ഈ പ്രപഞ്ചം തന്നെ യുഗങ്ങളായി നിലകൊള്ളുന്നത് ഒരു താളത്തിലാണ്. താളമോ ചലനമോ ഇല്ലാത്ത അവസ്ഥ സങ്കൽപ്പിക്കാൻ കൂടെ അസാധ്യമാണ്. കൊണ്ടും കൊടുത്തും ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചും ജീവിതം മുന്നോട്ടു നീങ്ങണമെങ്കിൽ മനുഷ്യ ജീവിതത്തിനും ഒരു താളം വേണം. ചുരുക്കത്തിൽ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരക ശക്തിയാകുന്നത് ഈ താളമാണ്. താളം നിലച്ചാൽ ജീവിതം അവതാളത്തിലാകും. പ്ലാനും പദ്ധതിയുമനുസരിച്ച് ജീവിതത്തിന്റെ തേര് തെളിക്കാൻ ഒരു താളം വേണം തീർച്ച.

താളം തെറ്റിയാൽ നിരാശയാണ് പിന്നെ. നമുക്ക് ചുറ്റും ആശയറ്റ ജീവിതങ്ങളും ചേക്കേറിയിട്ടുണ്ടാകും. പൊട്ടക്കിണറിന്റെ അവസ്ഥയായിരിക്കും ഇത്തരം ആശയറ്റ ജീവിതങ്ങൾക്ക്. ആശ നശിക്കാനുള്ള പ്രധാന കാരണം വലിയ കാര്യങ്ങളുടെ പിറകെ നാം കൂടിയിരിക്കുന്നതിനാലാണ്. We run after Big things ചിന്തിച്ച് കൂട്ടുന്നത് അപ്രാപ്യമായ വൻകാര്യങ്ങളെക്കുറിച്ചാണ്. കടവും കെണിയുമുണ്ടാക്കി നാട്ടിൽ നിന്ന് പ്രവാസ ജീവിതത്തിലേയ്ക്ക് കച്ചകെട്ടി വന്നവരിൽ ഭൂരിഭാഗം പേരും കാലുറയ്ക്കുന്നതിന് മുന്പേ വീട് പണിയെക്കുറിച്ചും മക്കളുടെ ഉപരിപഠനത്തെക്കുറിച്ചും കൂടുതൽ സ്വത്ത് വെട്ടിപ്പിടിക്കുന്നതെക്കുറിച്ചുമാണ് ദിവാസ്വപ്നം കാണുന്നത്. ചെറിയ കാര്യങ്ങൾ നാം ശ്രദ്ധിക്കാറില്ല. ചിന്ന ചിന്ന കാര്യങ്ങൾ നമ്മുടെ അജണ്ടയിൽ പലപ്പോഴും സ്ഥാനം പിടിക്കാറില്ല. അതുകൊണ്ട് ജീവിത താളം തെറ്റും. ചെറിയ കാര്യങ്ങളിൽക്കൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ ആശകൾ ആവശ്യമായി മാറും. അത്തരം ആവശ്യങ്ങളുമായി മുന്നോട്ടു നീങ്ങുന്പോഴാണ് ജീവിതത്തിനൊരു താളം കിട്ടുന്നത്. വലിയവയുടെ ഇടയിൽ ചെറിയവയ്ക്കു കൂടെ സ്ഥാനവും മാനവും കൊടുത്ത ഡേ പ്ലാൻ നമുക്ക് ഉണ്ടാകുന്പോൾ ജീവിതം ഫലവത്താണ് എന്ന് അനുഭവപ്പെടും. ചുറ്റുപാടും വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചിലിൽ ചെറിയവ ദൃഷ്ടിയിൽ പെടാറേ ഇല്ല എന്നത് ഒരു സത്യമാണ്. ചെറു സ്പന്ദനങ്ങളിൽ ജീവിത കർമ്മം കുടിയിരിക്കുന്നത് തിരിച്ചറിയാൻ അപ്പോൾ അസാധ്യമായി വരും.

യു.എസ്.എയിലെ വാഷിംഗ്ടൺ ഡിസി മെട്രോ േസ്റ്റഷനിൽ 2007 ജനുവരിയിൽ ഒരു തണുത്ത പ്രഭാതത്തിൽ നടന്ന സംഭവം. റെയിൽവേ േസ്റ്റഷന്റെ പ്രധാന കവാടത്തിൽ ഒരു മനുഷ്യൻ ഒതുങ്ങി നിന്ന് വയലിൻ വായിച്ചു കൊണ്ടിരിരിക്കുന്നു. 5 പാട്ടുകൾ 45 മിനുട്ടിനുള്ളിൽ അദ്ദേഹം വായിച്ചു തീർത്തു. ഏകദേശം 2000 ആളുകൾ ഈ സമയം കൊണ്ട് അതിലെ കടന്നുപോയി. കൂടുതൽ പേരും ജോലിസ്ഥലത്തേയ്ക്ക് ധൃതിയിൽ പോകുന്നവരായിരുന്നു. മൂന്ന് മിനുട്ട് കഴിഞ്ഞപ്പോൾ ഒരു മദ്ധ്യവയസ്കൻ ഇദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് കടന്നുപോയി. നാല് മിനുട്ട് കൂടെ കഴിഞ്ഞപ്പോൾ വയലിനിസ്റ്റിന് ആദ്യത്തെ ഡോളർ കിട്ടി. ഒരു സ്ത്രീ അദ്ദേഹത്തിന്റെ മുന്പിൽ മലർത്തി വെച്ച ഹാറ്റിൽ ഒരു ഡോളർ എറിഞ്ഞു കൊടുത്തു. എന്നിട്ട് ധൃതിപ്പെട്ട് ജോലി സ്ഥലത്തേയ്ക്ക് പാഞ്ഞുപോയി. 6 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു യുവാവ് വയലിനിസ്റ്റിന് എതിർവശത്തുള്ള ഭിത്തിയിൽ ചാരി നിന്ന് സസൂക്ഷ്മം അദ്ദേഹത്തെ ഒന്ന് നോക്കി. എന്നിട്ടയാൾ വാച്ചിൽ നോക്കിയിട്ട് പെട്ടെന്ന് കടന്നുപോയി. 10 മിനുട്ട് കഴിഞ്ഞപ്പോൾ 3 വയസുള്ള ഒരു കുട്ടി വയലിനിസ്റ്റിന്റെ മുന്നിൽ വായും പിള‍ർന്ന് നോക്കിനിൽക്കുന്നു. പക്ഷേ ആ കുട്ടിയുടെ വലതുകൈ അമ്മയുടെ കൈയിൽ അമർന്നിരുന്നു. അതിന്റെ അമ്മ അതിനെ പിടിച്ചു വലിച്ചു കൊണ്ട് ഓടി. കുട്ടി തിരിഞ്ഞു നോക്കിക്കൊണ്ടേ ഇരുന്നു. വയലിനിസ്റ്റ് 45 മിനുട്ടു നേരം തുടർച്ചയായി വയലിൻ വായിച്ചു കൊണ്ടിരുന്നു. 6 പേർ നിന്ന് കുറേ നിമിഷം ശ്രദ്ധിച്ചു. 20 പേർ ഹാറ്റിലേക്ക് പണം എറിഞ്ഞിട്ട് ശ്രദ്ധിക്കാതെ കടന്നുപോയി. വയലിനിസ്റ്റിന് ആകെ 32 ഡോളർ കിട്ടി. വയലിൻ വായന നിന്നു. ആരും ശ്രദ്ധിച്ചില്ല. ആരും കൈയടിച്ചില്ല. ആരും അഭിനന്ദിച്ചില്ല. ആ വയലിനിസ്റ്റ് ലോകത്തിലെ ഏറ്റവും വലിയ സംഗീതജ്ഞനായ ജോഷ്വാ ബെൽ ആയിരുന്നുവെന്ന് ആരും തിരിച്ചറിഞ്ഞില്ല. മൂന്നര മില്യൺ ഡോളർ വിലയുള്ള ഒരു വയലിൻ ആയിരുന്നു ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത്. ഇന്നു വരെ രൂപം കൊണ്ട intericate piece ആയിരുന്നു അദ്ദേഹം ആ വയലിനിൽ വായിച്ചത്. ഒരു വർഷം മുന്പ് ബോസ്റ്റണിൽ ജോഷ്വാ ബെല്ലിന്റെ ഒരു ഷോ ഹൗസ് ഫുൾ ആയിരുന്നു. ഒരു ടിക്കറ്റിന് 100 ഡോളറും. വാഷിംഗ്ടൺ പോസ്റ്റ് എന്ന ദിനപത്രമാണ് അദ്ദേഹത്തിന്റെ ഈ റെയിൽവേ േസ്റ്റഷന്റെ പ്രധാന കവാടത്തിലെ ഷോ സംഘടിപ്പിച്ചത്. ജനത്തിന്റെ വീക്ഷണം, അഭിരുചി, മുൻഗണന, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ ഇവ അളക്കുവാൻ വേണ്ടി ദിനപത്രം മനഃപൂർവ്വം സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. ഈ സംഭവകഥയിൽ നിന്ന് നാം എന്തു മനസ്സിലാക്കണം?

തിരക്കിനിടയിൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാനും അവയുടെ സൗന്ദര്യമാസ്വദിക്കാൻ കഴിയാത്ത, നമ്മുടെ ഓട്ടം നാം തുടർന്നു കൊണ്ടേ ഇരിക്കും. ചെറിയ ചലനങ്ങളിലെ മഹത്വം വിവേചിച്ചറിയാൻ കഴിയാതെ വലിയവ മനസിൽ നിറച്ച് കൂട്ടി പരക്കം പായുന്ന പ്രകൃതം നമുക്ക് ഒരു ശീലമായി മാറും. ചെറിയ കാര്യങ്ങളിലും ആസ്വാദ്യത കണ്ടെത്താൻ കഴുകന്റെ കണ്ണുകളും  പ്രാവിന്റെ നിഷ്കളങ്കതയും വേണം.

ഞാൻ പലപ്പോഴും ട്രെയിനിൽ യാത്ര െചയ്യുന്പോൾ ശ്രദ്ധിക്കാറുള്ള ഒരു കാര്യമുണ്ട്. പൊട്ടക്കണ്ണനായ ഒരു കുമാരൻ. അവന്റെ ഇളയ പെങ്ങളുടെ കൈ പിടിച്ച് സാവകാശം നടന്നടുക്കുന്നു എന്റെ ഇരിപ്പടത്തിലേയ്ക്ക്. പാടുന്നുണ്ടവൻ. ഇന്പമേറിയ പഴയ സിനിമാഗാനങ്ങൾ. അവന്റെ ഒട്ടിയ വയറിൽ അവൻ താളമടിക്കുന്നുണ്ട്. ഒരുപാട് സംഗീതോപകരണങ്ങളുടെ അകന്പടിയോടെ പ്രസിദ്ധമായ ഗായകർ പാടിയ അത്തരം പഴയഗാനങ്ങൾ ഈ കുമാരന്റെ കണ്ഠത്തിൽ നിന്നും വേദന ചാലിച്ച സ്വരത്തിൽ അടർന്നു വീഴുന്പോൾ എന്തൊരു നിർവൃതി. പക്ഷേ അവൻ ആരാലും ശ്രദ്ധിക്കപ്പെടുന്നില്ല. അവന്റെ ഇളയ സഹോദരിയുടെ ഭിക്ഷ യാചിക്കുന്ന നീട്ടപ്പെട്ട കൈകളിലേയ്ക്ക് നോക്കുവാൻ പോലും നമുക്ക് മനസ്സില്ല. കുപ്പത്തൊട്ടിയിൽ കിടന്നു തിളങ്ങുന്ന ആ മുത്തുമണി ശ്രദ്ധിക്കാൻ ആർക്ക് കഴിയും?

ലോകത്തിലെ ഏറ്റവും വലിയ ഒരു സംഗീതജ്ഞന്റെ ഏറ്റവും വലിയ സംഗീതത്തിന് വില കൂടിയ വയലിനിലുള്ള ഈണത്തിന് ചെവി കൊടുക്കാൻ സമയമില്ലാത്ത മനുഷ്യർക്ക് ഈ അന്ധകുമാരന്റെ നാദധാരയിൽ എന്ത് കൗതുകം? എത്ര എത്ര നല്ല കാര്യങ്ങൾ ചെറിയവയാണെന്നും വില കുറഞ്ഞവയാണെന്നും പറഞ്ഞ് തള്ളി അതിന്റെ ഭംഗി ആസ്വദിക്കാതെ നാം വലിച്ചെറിയാറുണ്ട്. ചെറിയ കാര്യങ്ങളിലും ശ്രദ്ധിക്കുക. വലിയ സന്ദേശങ്ങൾ അവയിൽ അന്തർലീനമായിരിക്കും. അത്തരം സന്ദേശങ്ങളിൽ നിന്ന് ഊർജമുൾക്കൊണ്ട് ജീവിതത്തിന്റെ താളമുണ്ടാക്കിയ അനേകം അനുഭവങ്ങൾ ചരിത്രത്തിന്റെ ഏടുകളിലുണ്ട്.

പറയാതെ വയ്യ, ഈ അടുത്തകാലത്ത് നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് സ്വർണം കടത്തിയ ചെറുപ്പക്കാരൻ സംഗതി അധികാരികളുടെ ശ്രദ്ധയിൽ വരുമെന്നറിഞ്ഞപ്പോൾ അത് കടത്താൻ കൂട്ടു നിന്ന രണ്ട് സ്്നേഹിതരെ കഴുത്തറത്ത് കുഴിച്ചു മൂടി. നാളുകൾക്ക് മുന്പ് പ്ലാൻ ചെയ്ത ഈ കൊലപാതകത്തിനും ശവം മറയ്ക്കലിനും 10 സെന്റ് സ്ഥലം തന്നെ അവർ വില കൊടുത്തു വാങ്ങിയിരുന്നു. അവസാനം പോലീസ് അവരെ അറസ്റ്റ് ചെയ്തു കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഉരുത്തിരിഞ്ഞ ഒരു ചെറിയ സത്യമുണ്ട്. ഈ കൊലപാതകികളായ രണ്ടു ചെറുപ്പക്കാരും സാമാന്യം നല്ല സാന്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗങ്ങളാണ്. അവരുടെ അസാധാരണമായ സാമർത്ഥ്യത്തിൽ വീട്ടിലെ മറ്റുള്ളവരൊക്കെ അഭിമാനം കൊണ്ടിരുന്നു. പക്ഷേ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ മാതാപിതാക്കൾ മറന്നു പോയി. അവൻ സന്പാദിച്ചു കൂട്ടുന്ന ധനകൂന്പാരത്തിലായിരുന്നു വീട്ടുകാരുടെ ശ്രദ്ധ. അവരുടെ കൂട്ടുകാ‍ർ ആരൊക്കെ? ജോലി എന്ത്? വീടിനു പുറത്തു പോയാൽ എവിടേക്കേ പോകുന്നു? വീട്ടിലുള്ളപ്പോൾ വരുന്ന ഫോൺകോളുകൾ ആരുടെയൊക്കെ? എന്നൊക്കെയുള്ള കാര്യങ്ങൾ ചെറിയ കാര്യങ്ങളായി മാതാപിതാക്കൾ തള്ളി. അവയെപ്പറ്റി ചിന്തിക്കുക പോലും അവർ ചെയ്തില്ല. ഫലമെന്ത്? പട്ടം പറപ്പിച്ചവന്റെ കൈയിൽ നിന്നും ചരട് നഷ്ടപ്പെട്ട പ്രതീതി. ഇനി ആ മക്കളെപ്പറ്റി പരിതപിച്ചു കൊണ്ട് എന്ത് ഫലം. അവർ സമൂഹത്തിന്റെ പുഴുക്കുത്തുകളായി മാറിക്കഴിഞ്ഞു. കൗമാരത്തിലെത്തിയ മക്കളെ, “അവർക്ക് പ്രായമായി. മക്കളാണെങ്കിലും തന്നോളമെത്തിയാൽ അവരെ താൻ എന്നു വിളിക്കണം.” എന്ന വിശ്വാസ പ്രമാണവുമായി കഴിയുന്ന മാതാപിതാക്കൾ അഴിഞ്ഞാടാൻ അനുവദിച്ചാൽ മേൽപ്പറഞ്ഞ ദുഃസ്ഥിതി വന്നു കൂടായ്കയില്ല. അവരുടെ ജീവിതശൈലിയിലെ ചെറിയ കാര്യങ്ങളിൽ പോലും ഒരു കണ്ണു വെയ്ക്കുന്നത് ഉചിതമായിരിക്കും. രണ്ടും കണ്ണും തുറന്ന് പിടിച്ച് എപ്പോഴും അവർക്ക് ഒരു പേടിസ്വപ്നമായി നിലനിൽക്കണമെന്നില്ല ഇതിന്റെ അർത്ഥം. സ്നേഹവും വാത്സല്യവും ചാലിച്ചു ചേർത്ത സമീപനം അവരുടെ ചെറിയ കാര്യങ്ങളുടെ സുതാര്യത വെളിപ്പെടുത്തും.

ഈയടുത്ത കാലത്ത് ഒരു ചെറുപ്പക്കാരന്റെ ടെലിഫോൺ കോൾ രാത്രി എനിക്ക് കിട്ടി. “സാർ, എന്റെ അമ്മ എന്നെ വീട്ടിൽ കയറ്റുന്നില്ല,” “എന്തുപറ്റി?” ഞാൻ ഒരു ക്ലബ്ബിൽ സ്നൂക്കർ കളിക്കാൻ പോയി.” “അമ്മയോട് പറ‍ഞ്ഞിട്ടാണോ പോയത്?” “അതെ, പക്ഷെ തിരികെയെത്താൻ താമസിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മ കതക് തുറക്കുന്നില്ല.” തന്റെ അച്ഛനെവിടെ?” “അച്ഛന് അമ്മയെ പേടിയായതുകൊണ്ട് കതക് തുറന്ന് തരികയില്ല. സാറ് അമ്മയോട് ഒന്ന് സംസാരിക്കുമോ?”

ഇങ്ങനെ കതകിന് കുറ്റിയിടുന്ന അമ്മമാരും ഭാര്യമാരും നമുക്ക് ചുറ്റും ഒട്ടും കുറവല്ല. ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഇവരും വിദഗ്ദ്ധരാണ്. പക്ഷേ നോക്കേണ്ടതുപോലെ നോക്കാനും കാണേണ്ടതുപോലെ കാണാനും ഗ്രഹിക്കേണ്ടതു പോലെ ഗ്രഹിക്കാനും അവർക്കറിഞ്ഞു കൂടാ എന്ന സത്യം അവശേഷിക്കുന്നു.‍

ധനകാര്യ സ്ഥാപനങ്ങളുമായുള്ള വ്യാപാരത്തിൽ collateral
security
എന്ന ഒരു വ്യവസ്ഥയുണ്ട്. പണം വസൂലമാക്കാനുള്ള ഒരു ഈട് എന്നതാണിനർത്ഥം. എന്നാൽ വൈദ്യശാസ്ത്രത്തിലും

collateral എന്ന പ്രയോഗമുണ്ട്. മൂന്ന് വർഷം മുന്പുള്ള എന്റെ അനുഭവസാക്ഷ്യം ഹൃദയസംബന്ധമായി ചില അസ്വസ്ഥതകളുമായി ഒരു കാർഡിയോളജിസ്റ്റിന്റെ അടുത്ത് എത്തിയപ്പോൾ പരിശോധനയ്ക്ക് ശേഷം അദ്ദേഹം എനിക്ക് മൂന്ന് ബ്ലോക്ക് ഉണ്ടെന്നും ബൈപ്പാസ് സർജറി ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. എങ്കിലും സമഗ്രമായ ഒരു സെക്കന്റ് ഒപ്പീനിയന് വേണ്ടി മറ്റൊരാശുപത്രിയെ സമീപിക്കാനും ശട്ടം കെട്ടി. വിശദമായ പരിശോധനക്ക് ശേഷം രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടത് വിചിത്രമായിരുന്നു. മൂന്ന് ബ്ലോക്ക് ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ ആ ബ്ലോക്കിനെ കവർ ചെയ്തുകൊണ്ട് രക്തപ്രവാഹത്തിന് സഹായകമാകുമാറ് ഒരു ചെറു ധമിനി രൂപം കൊണ്ടിരിക്കുന്നു. മനുഷ്യശരീരത്തിന്റെ ഒരു പ്രതിഭാസമാണിത്. ഇതിനെ collateral എന്ന് പറയും. ഈ
collateral develop ചെയ്ത് വന്നതു കൊണ്ട് തൽക്കാലം ബൈപ്പാസ് വേണ്ട. അധികമാരുടെയും ശ്രദ്ധയിൽ ഈ collateral ചെന്നു െപടുകയില്ല. വലിയ ബ്ലോക്കിന്റെ വ്യാപ്തിയെക്കുറിച്ചും അത് നീക്കം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ചും വിശകലനം ചെയ്യുന്പോൾ ചെറിയ collateral ശ്രദ്ധിക്കാറില്ല. ജീവിതത്തിലും ഇത്തരം collateral ഉണ്ട്. പ്രതിസന്ധികൾ ഉണ്ടാകുന്പോൾ അവയെ തരണം ചെയ്യുന്നതിനുള്ള മാ‍‍ർഗ്ഗങ്ങൾ തേടി പരക്കം പായുന്ന മനുഷ്യർ അത്തരം പ്രതിസന്ധികളിൽ ഒളിഞ്ഞ് കിടക്കുന്ന മറ്റുവഴികളെപ്പറ്റി collateral ശ്രദ്ധിക്കാറില്ല. കാരണം അവ ശ്രദ്ധിക്കത്തക്കവണ്ണം ഗൗരവമേറിയവ ആയിരിക്കുകയില്ല. നദിക്ക് പോഷകനദികൾ പോലെ ഓരോ പ്രതിസന്ധിക്കും ഒരു പരിഹാരം പ്രതിസന്ധികൾക്കിടയിൽ തന്നെ അന്തർലീനമായിട്ടുണ്ടാകും. ചെറിയ കാര്യങ്ങളിലും ശ്രദ്ധിക്കുന്ന കണ്ണിനും മനസിനും മാത്രമേ അത്തരം മറുവഴികളെ കാണാനും ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. collateral ൽ വിശ്വസിക്കുക. collateral മായി ജീവിക്കുക. മറുവഴികൾ മലർക്കെ മുന്പിലുണ്ട്. അത് കാണുന്നില്ല എന്ന് മാത്രം. അതിന് ചെറിയ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന പ്രകൃതമുണ്ടായാൽ മതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed