നമ്മുടെ ആചാരങ്ങൾ വെറും ചടങ്ങുകളോ?

ആചാരങ്ങൾക്ക് പ്രസിദ്ധമാണ് നമ്മുടെ മണ്ണ്. വിദേശികളുടെ പോലും മനം കവരുന്ന ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും മലയാളിയുടെ ജീവിതശൈലിയുടെ ഒരു ഭാഗമായിത്തീർന്നിരിക്കുന്നു. ഉത്സവങ്ങളായാലും പെരുന്നാളുകളായാലും ദേശീയവും പ്രാദേശികവുമായ ആഘോഷങ്ങളായാലും എല്ലാം തന്നെ ശ്രദ്ധേയവും ഒരുമ വിളിച്ചറിയിക്കുന്നവയുമാണ്. ഉത്സവകാലഘട്ടത്തിൽ നാട്ടിൽ അവധിക്കു പോയി ആഘോഷങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുക എന്നത് പ്രവാസിക്കും ഒരു ഹരമാണ്. എന്നാൽ കാലാകാലങ്ങളിലായി ഉണ്ടാകുന്ന ദുരന്തങ്ങൾ ഒരു വീണ്ടുവിചാരത്തിനു നമ്മെ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അപ്രസക്തങ്ങളായ ഉത്തരങ്ങളാണ് വിവിധ സ്രോതസ്സുകളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ഉഗ്രസ്ഫോടനശേഷിയുള്ള കരിമരുന്നുകൊണ്ടുള്ള കന്പക്കെട്ട്, കരിവീരന്മാരെ എഴുന്നള്ളിച്ചുള്ള ഉത്സവത്തിമിർപ്പ്, സുരക്ഷിതത്വം ഉറപ്പുവരുത്താതെ ജനക്കൂട്ടത്തെ തിക്കിലും തിരക്കിലുമാക്കുന്ന സംഗമങ്ങൾ ഇവയൊക്കെ മനുഷ്യജീവന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് അനുഭവങ്ങളിലൂടെ പഠിച്ച്, അവയുടെ ശൈലി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കഴിഞ്ഞ ആഴ്ച ഉണ്ടായ വെടിക്കെട്ട്അപകടത്തിൽ 113 ജീവൻ എടുക്കപ്പെട്ടു. അഞ്ഞൂറോളം പേർ പരിക്കേറ്റ് ആശുപത്രിക്കിടക്കയിൽ അഭയം പ്രാപിച്ചിരിക്കുന്നു. അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ടിന്റെ പിതൃത്വമേറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. കോടതി രാത്രികാലങ്ങളിലെ ഉഗ്രശബ്ദമുള്ള കന്പക്കെട്ട് നിരോധിച്ചിരിക്കുന്നു. പൊതുവെ ഇത്തരം കരിമരുന്നു പ്രയോഗങ്ങളും അപകടസാധ്യതയുള്ള ആഘോഷങ്ങളും ഒഴിവാക്കണമെന്ന ആരവം കേൾക്കാമെങ്കിൽ, ചില ശബ്ദങ്ങൾ ഇവ ആചാരങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞ് നിരോധത്തെ എതിർക്കുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും പലതാണ്. ചൈനീസ് മാതൃകയിലുള്ള ആകാശകാഴ്ചകൾ, ഒരു നിശ്ചിത അളവിലുള്ള ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന കന്പക്കെട്ടുകൾ, പകൽമാത്രം വെടി പടഹ്വധ്വനികൾ, രാത്രി നിശബ്ദം എന്നിങ്ങനെ എന്തെല്ലാം നമ്മുടെ വാർത്താമാധ്യമങ്ങളിൽ ചർച്ചാ വിഷയങ്ങളായിരുന്നു. കുറെ കോലാഹലങ്ങൾക്കും വാചക കസർത്തുകൾക്കും ശേഷം നാം ഈ സംഭവത്തെ എഴുതിത്തള്ളും പിന്നീട് സമാനമായ മറ്റൊരു ദുരന്തമുണ്ടാകുന്നതു വരെ. അപ്പോഴും എപ്പോഴും കാതലായ ഒരു ചോദ്യം അവശേഷിക്കുന്നു. നമ്മുടെ ആചാരങ്ങൾ വെറും ചടങ്ങുകളോ?
ഈശ്വരന്മാരെ പ്രീതിപ്പെടുത്തുന്നതിനുള്ള നിരവധി ആചാരങ്ങൾ നമ്മുടെ ഇടയിൽ നിലവിലുണ്ട്. പക്ഷേ മനുഷ്യക്കുരുതിക്ക് വഴിത്തിരിയിടുന്ന ആചാരങ്ങൾ ഇന്നത്തെ ആധുനിക സമൂഹം എങ്ങനെ വിലയിരുത്തും എന്നത് ഈശ്വരന്മാർക്കു പോലും അറിവുള്ള സത്യമാണ്. മൃഗബലിയും നരബലിയും നിലവിലിരുന്ന ശിലായുഗ സംസ്കാരത്തിൽ നിന്ന് ഉയിർത്തേഴുന്നേറ്റ മനുഷ്യൻ ആചാരങ്ങളെ തിരിച്ചറിയാതെ, അവയുടെ പ്രത്യാഘാതങ്ങളെ വിലയിരുത്താതെ, അന്ധമായി പിൻതുടരുകയാണെങ്കിൽ അത്തരം ആചാരങ്ങളെ വെറും ചടങ്ങുകളായി മാത്രമേ കരുതുവാൻ സാധിക്കു. ഇതിനൊക്കെ ആരെ പഴിചാരാനൊക്കും? ജീവിതം തന്നെ ഇന്ന് ഒരു ചടങ്ങായി മാറിയിരിക്കുകയല്ലേ? പുറമെയുള്ള മോടിയും ഭാവവും പ്രൗഢിയും മാത്രം. അകമേ ഒന്നുമില്ല. ആചാരങ്ങൾ എന്തിനുവേണ്ടിയാണെന്ന് നാം തിരിച്ചറിയണം. അവ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയാണ്. അനുഭവങ്ങളില്ലാത്ത ആരാധനയും ആചാരങ്ങളും വെറും പുറം പൂച്ച് മാത്രം. ചിലരുടെയൊക്കെ ഉപജീവനത്തിനായി മാത്രം അത്തരം ആചാരങ്ങൾ പരിണമിക്കുമപ്പോൾ. അന്ധവിശ്വാസത്തിലധിഷ്ഠിതമായ ആചാരങ്ങളെ എതിർത്താൽ ഈശ്വരകോപമുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് നിർബന്ധപൂർവം ആ വക ആചാരങ്ങളെ പൊതുജനത്തിൽ അടിച്ചേൽപ്പിക്കുന്ന ചില സ്ഥാപിത താൽപര്യക്കാർ മനസിലാക്കുന്നില്ല, ദൈവം മനുഷ്യനെ നിഗ്രഹിക്കുന്ന ആചാരങ്ങളിൽ പ്രസാദിക്കുന്നവനല്ല എന്ന സത്യം.
യവന പുരാണങ്ങളിൽ ഹെർക്കുലീസ് മിഴിവുറ്റ ഒരു കഥാപാത്രമാണ്. ഹെറാക്ലീസ് എന്ന യവന നാമത്തിന്റെ ലത്തീൻ രൂപമാണ് ഹെർക്കുലീസ്. അമാനുഷിക കായബലത്തിന്റെ പര്യായമാണ് ആ നാമം. ഹെർക്കുലീസിനെപ്പറ്റി ഒരു കഥയുണ്ട്. ഹെർക്കുലീസ് യൗവനത്തിലേക്ക് കടന്നപ്പോൾ തന്റെ മുന്നിൽ രണ്ടു പാതകൾ തെളിഞ്ഞു കണ്ടു. ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്നതായിരുന്നു പ്രശ്നം. ആദ്യത്തേത്, കഠിനമായ നിയന്ത്രണങ്ങളിലൂടെയും അത്യദ്ധ്വാനത്തിലൂടെയും പോകേണ്ട ധാർമിക പാത. മറ്റേത് സുഗമവും ഉല്ലാസപ്രദവുമായ തിന്മയുടെ പാത. അങ്ങനെ നിൽക്കുന്പോൾ യുവാവായ അദ്ദേഹത്തെ രണ്ട് വനിതകൾ സമീപിച്ചു. ഒന്നിന്റെ പേര് നന്മ, മറ്റേത് തിന്മ. ഇരുവരും വലിയശബ്ദമൊന്നുമുണ്ടാക്കിയില്ല. അവരുടെ വേഷവിധാനങ്ങളിൽ നിന്ന് അവർ തമ്മിലുള്ള വ്യത്യാസം പ്രകടമായിരുന്നു. ഒരാൾ സർവ്വാംഗവിഭൂഷിതയായ സൗന്ദര്യ ധാമം. ആരെയും ആകർഷിക്കുന്ന എടുപ്പും നടപ്പും. അതിരറ്റ ആനന്ദവും ആഹ്ലാദവും നൽകാൻ തനിക്ക് കഴിയുമെന്ന മട്ടിൽ അവൾ ഹെർക്കുലീസിനെ തന്നിലേക്ക് ആകർഷിച്ചു. മറ്റവൾ ഉണങ്ങി വരണ്ട ശരീരപ്രകൃതി. ഒട്ടും തന്നെ ആകർഷകമല്ലാത്ത കെട്ടും മട്ടും. സംസാരം വളരെ സൂക്ഷ്മതയോടെയും നിയന്ത്രണത്തോടെയും. ആവേശവും ആഹ്ലാദവും ജനിപ്പിക്കുന്നതൊന്നും അവൾ വാഗ്ദാനം ചെയ്തില്ല. വിയർപ്പൊഴുക്കേണ്ട കഠിനാദ്ധ്വാനവും പ്രതിബന്ധങ്ങളും പ്രയാസങ്ങളുമാണവൾ മുന്നിലേക്ക് വെച്ചത്. എന്നാൽ അവയിൽ കൂടെ ലഭിക്കുന്ന ശ്രേഷ്ഠ പാരിതോഷികം ഒരു ‘ദൈവമായി’ തീരുക എന്നുള്ളതായിരുന്നു. ഹെർക്കുലീസ് ഈ രണ്ടാമത്തെ വനിതയെ പിൻതുടർന്നു.
യവന പുരാണത്തിൽ ശ്രമസാധ്യമായ പന്ത്രണ്ട് കാര്യങ്ങൾ ഹെർക്കുലീസ് നിർവഹിച്ചുവെന്നും തൽഫലമായി അമർത്യതയുടെ വരം പ്രാപിച്ച് ഒളിന്പസ് മലയിൽ ദേവന്മാരോടൊപ്പം സ്ഥാനം ലഭിച്ചുവെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു വേദശാസ്ത്രജ്ഞൻ ഹെർക്കുലീസിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്. ആത്മനിയന്ത്രണം, സ്വയവർജനം, പരസേവനം, ധാർമികവും ആത്മീയവുമായ പോരാട്ടം എന്നിവയിൽ കൂടി ക്ലേശപൂർണമായ പാത പിൻതുടരുന്നവർ പാപത്തിൽ നിന്നുള്ള ശുദ്ധീകരണവും ഈശ്വരാനുഗ്രഹം മൂലമുള്ള മുഖപ്രസന്നതയും പ്രാപിക്കുമെന്ന് അദ്ദേഹം സമർത്ഥിച്ചിരിക്കുന്നു. ആത്യന്തികമായ പരബ്രഹ്മത്തോട് അങ്ങനെയുള്ളവർ ലയിക്കും. ഈ അനുഭവത്തെ ‘തെയോസിസ്’ അഥവാ ദൈവീകരിക്കപ്പെടുക എന്നദ്ദേഹം വിശേഷിപ്പിക്കുന്നു.
മനുഷ്യന് അസഹ്യമായ ആചാരങ്ങളിലൂടെയുള്ള ‘തെയോസിസ്’ ആണ് ദേവാലയ ഭരണകർത്താക്കൾ ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് തെറ്റിപ്പോയി. യുവാവായ ഹെർക്കുലീസിന്റെ മുന്നിലെ പ്രശ്നം ഇന്ന് കുറേക്കൂടി രൂക്ഷമായി യുവലോകം അഭിമുഖീകരിക്കുന്നു, രണ്ടു വനിതകളിൽ ആരെ സ്വീകരിക്കണമെന്നുള്ള പ്രശ്നം. തികഞ്ഞ ലക്ഷ്യബോധവും അത് പ്രാപിക്കുവാനുള്ള ദൃഢനിശ്ചയവുമുള്ളവർക്കു മാത്രമേ ‘നന്മ’യെ വരിക്കാൻ കഴിയൂ. വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന മാധ്യമങ്ങളുടെ അതിപ്രസരം അനിയന്ത്രിതമായി അനുഭവപ്പെടുന്ന കാലമാണിത്, സുന്ദര കലയായ നൃത്തം ഈശ്വര സന്നിധിയിൽ ഭക്തിയുടെയും സ്വയാർപ്പണത്തിന്റെയും ദീപ്തമായ പ്രകടനമായിരുന്നു ഒരുകാലത്ത്. ഇപ്പോൾ അതിനെ പേക്കൂത്തുകളെപ്പോലെ മൃഗീയവികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന കലയാക്കി വികലമാക്കിയിരിക്കുന്നു. ഇത് ഈ കലയിൽ മാത്രമല്ല, സർവത്ര എല്ലാറ്റിലും തന്നെ. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ മനുഷ്യനിൽ ദൈവികത ഉണർത്തുന്നതാവണം. അധികമായാൽ അമൃതും വിഷമല്ലേ? ഒരു സമൂഹത്തെ മുഴുവൻ അസ്വസ്ഥരാക്കിക്കൊണ്ട്, അവരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ആചാരങ്ങളുടെ പേരിൽ, ഈശ്വര പ്രസാദമെന്ന ലേബലിൽ അപകടം വിളിച്ചു വരുത്തുന്ന പരിപാടികളും കർമ്മങ്ങളും സംവിധാനവും ഒരുക്കുന്നവർ ചിന്തിക്കണം; നിങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾ നിങ്ങൾക്കു തന്നെ ഒരു കാലത്ത് വിനയായിത്തീരും!
എനിക്കറിയാവുന്ന ഒരു ആരാധനാലയത്തിലെ ഒരനുഭവകഥ ഇന്ന് നാട്ടിൽപാട്ടാണ്. ആ ആരാധനാലയത്തിന്റെ ചുറ്റിലും തിങ്ങിപാർക്കുന്നത് അന്യമതസ്ഥരാണ്. മതഭ്രാന്തനായ ഒരു പ്രവാസി ഈ ആരാധനാലയത്തിലേക്ക് ഉച്ചഭാഷിണി നേർച്ചയായി കൊടുത്തു. പക്ഷേ നേർച്ച കൊടുക്കുന്പോൾ ഒരു കണ്ടീഷനുണ്ടായിരുന്നു. ഉച്ചഭാഷിണിയിലൂടെ വലിയ ശബ്ദത്തിൽ സ്തുതിഗീതങ്ങൾ അന്യമതസ്ഥരുടെ കാതടപ്പിക്കുന്ന തരത്തിൽ കേൾപ്പിക്കണം പോലും. കാരണം അദ്ദേഹത്തിന്റെ വീട് ഈ അന്യമതസ്ഥരുടെ ആരാധനാലയത്തിന് തൊട്ടടുത്താണ്. അവിടെ അദ്ദേഹത്തിനും കുടുംബത്തിനും ഉച്ചഭാഷിണിയുടെ ഘോരശബ്ദം മൂലം സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. ആരാധനാലയത്തിന്റെ ഭാരവാഹികൾ വാക്കു പാലിച്ചു. വെളുപ്പിന് നാല് മണിമുതൽ പ്രഭാതത്തിൽ ഏഴ് മണിവരെ മൂന്നു മണിക്കൂറും വൈകീട്ട് അഞ്ച് മണിമുതൽ രാത്രി എട്ട് മണിവരെ മൂന്നു മണിക്കൂറും ഉച്ചത്തിൽ ഉച്ചഭാഷിണി പ്രവർത്തിക്കാൻ തുടങ്ങി. അന്യമതസ്ഥരുടെ മക്കളുടെ പഠിത്തത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. ശബ്ദം മൂലം ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ആരാധനാലയത്തിന്റെ തൊട്ട് അയൽപക്കത്തുള്ള രണ്ടുമൂന്നു വീടുകളിൽ മരണം കാത്തുകിടക്കുന്ന വന്ദ്യവയോധികരുടെ സ്വസ്ഥതയും നഷ്ടപ്പെടുന്നു. പരാതിപ്പെടാൻ ആർക്കും ചങ്കുറപ്പില്ല. കാരണം ആരാധനാലായത്തിന്റെ ഭരണം ഒരു പ്രബലമായ രാഷ്ട്രീയ കക്ഷിയുടെ യുവജനവിഭാഗത്തിനാണ്. പരാതിപ്പെടുന്നവനെ വെള്ളം കുടിപ്പിക്കാൻ അവർക്കറിയാം പോലും!
കുറെ നാൾ കഴിഞ്ഞപ്പോൾ ഉച്ചഭാഷിണി സംഭാവന നൽകിയ പ്രവാസിയുടെ യുവതിയായ സഹധർമ്മിണിക്ക് ഒരു ആകസ്മിക രോഗം ബാധിക്കുകയും അവർ പെട്ടെന്ന് മരിക്കുകയും ചെയ്തു. ഈ മരണത്തെ നാട്ടുകാർ വ്യാഖ്യാനിക്കുവാൻ തുടങ്ങി. അന്യമതസ്ഥരെ അസ്വസ്ഥരാക്കിയതു കൊണ്ട് അവരുടെ ദേവൻ കോപിച്ചു, അതുകൊണ്ട് ഈ ദുരോഗ്യം പ്രവാസിക്ക് നേരിട്ടു എന്നൊക്കെ പരക്കെ വാർത്തയായി. എങ്കിലും കോളാന്പി ഇപ്പോഴും കമുകിൽ തന്നെ!
ഒരു ദേവൻ കോപിച്ച് ദുരന്തം വരുത്തിയെങ്കിൽ സ്തുതിഗീതത്താൽ പ്രീതിപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റേ ദേവൻ എന്തുകൊണ്ട് അത് തടഞ്ഞില്ല! ചോദ്യം പ്രസക്തമല്ലേ? പക്ഷേ ഉത്തരമില്ല. അക്ഷരകേരളത്തിലെ അക്ഷരാഭ്യാസമുള്ളവരുടെ ഇടയിലെ അരക്ഷിതാവസ്ഥയുടെ ഒരു ചെറുചി്ത്രം മാത്രമാണിവിടെ വരച്ചുകാട്ടിയത്.
ആഭിചാരവും മന്ത്രവാദവും മറ്റും ഇന്നും നമ്മുടെ അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്നവരുടെ ഇടയിൽ പ്രാബല്യത്തിലുണ്ടെങ്കിൽ നമ്മുടെ ആചാരങ്ങൾക്ക് കാലത്തിനനുസരിച്ച് കോലം മാറ്റാൻ സാധ്യമല്ല. അയൽക്കാരന്റെ മനോസുഖം കെടുത്തി നാം എന്ത് കാട്ടികൂട്ടിയാലും ആ മനസിൽ നിന്ന് പുറപ്പെടുന്ന ആധിയുടെ കിരണങ്ങൾ വലിയ വിനകൾ വരുത്തി കൂട്ടുമെന്നതിന് തർക്കമില്ല. മതാചാരങ്ങൾ മനുഷ്യന്റെ ആത്മീയ പുഷ്ടിക്കു വേണ്ടിയുളളതാണ്; അവന്റെ മനോസ്വസ്ഥത ഹനിക്കുന്നതിനു വേണ്ടിയുള്ളതല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് ജല്പനം നടത്തി കൈമലർത്തുന്ന ഭരണാധികാരികളും നിയമത്തി്ന്റെ കാവൽക്കാരായ ഉത്തരവാദിത്വപ്പെട്ടവരും കണ്ണടയ്ക്കാതെ കാര്യങ്ങൾ നിയമാനുസൃതമായി നടത്താൻ പരിശ്രമിക്കാതെ ‘നിരോധം’ കൊണ്ട് ഒന്നും നേടാനില്ല. ‘നിരോധം’ വേണ്ടത് മനുഷ്യന്റെ ചിന്തകൾക്കാണ്. സ്ഫുടം ചെയ്യേണ്ടത് മനുഷ്യന്റെ മാനവികതയെ ആണ്. ആചാരങ്ങൾ ആചാരങ്ങളുടെ വഴിയെ താണ്ധവനൃത്തം ചവിട്ടുന്പോൾ നിയമം നിയമത്തിന്റെ ശവപ്പെട്ടിയിലൊതുങ്ങിയിരുന്നാൽ എന്ത് പ്രയോജനം. ജനം ശബ്ദിക്കണം, പൊതുജനം ഉണരണം. വിരുദ്ധാചാരങ്ങളുടെ നിർമാർജനത്തിനായി!