വെടിക്കെട്ടു രാഷ്ട്രീയം

എൻ്റേതൊരു സാധാരണ നാട്ടിൻപുറമാണ്. കോട്ടയം ജില്ലയിലെ നെടുംകുന്നം. നാട്ടിൻപുറത്തിൻ്റെ എല്ലാ നന്മകളും ചെറു ദോഷങ്ങളും ഒക്കെയുള്ള ഒരു ഗ്രാമപഞ്ചായത്ത്. ഭൂപരിധി കുറഞ്ഞ ഒരു പ്രദേശമായിട്ടും ഒരു രാജ്യത്തിൻ്റെ തന്നെ എല്ലാ പ്രതിരൂപങ്ങളും അവിടെ എനിക്കു കാണാനായിരുന്നു. ഭരണത്തിലും സാധാരണ ജീവിതത്തിലുമെല്ലാം ഇതു പ്രകടമായിരുന്നു. പാരയും ചാക്കിട്ടു പിടുത്തവും അതിരുമാന്തലെന്ന അതിർത്തി തർക്കവും അതിരുകൾ ഭേദിച്ചുള്ള കൈയേറ്റ ആക്രമണങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. കൈവായ്പ്പ തൊട്ട് കഴുത്തറപ്പൻ പലിശയ്ക്കുള്ള കൊടും ബ്ലേഡു വരെ അവിടെ ബാങ്കിംഗ് സംവിധാനത്തിനു പ്രതിരൂപമായി. നുണച്ചിപ്പാറുവും ബേക്കറി വർക്കിയുമൊക്കെ നാട്ടുവാർത്തകളെ കാട്ടുതീ പോലെ പടർത്തി എൻ്റെ നാട്ടിലെ മാധ്യമ പ്രതിരൂപങ്ങളായി. അങ്ങനെ നേരുകളും നുണകളുമൊക്കെ സഹവർത്തിത്വത്തോടെ കഴിയുന്ന ആ നാട്ടിലെ വർത്തമാനങ്ങളിലെല്ലാം ഒരൽപ്പം വാസ്തവാതീതമായ പൊടിപ്പും തൊങ്ങലുമൊക്കെ കാണം. അതുകൊണ്ടു തന്നെ ഈ വിവരണത്തിലും അതുണ്ട്. ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും വാസ്തവാതീതമാണ്.
കൂണു മുളയ്ക്കുന്നതു പോലെയായിരുന്നു ഒരു കാലത്ത് ഞങ്ങളുടെ നാട്ടിലെ പ്രധാന ടൗണായ (നാലും കൂടിയ കവല എന്നർത്ഥം) കാവുംനടയിൽ ചാരായക്കടകൾ മുളച്ചു പൊന്തിയിരുന്നത്. എല്ലാ മാടക്കടകളിലും യഥേഷ്ടം പട്ടച്ചാരായം കിട്ടുമെന്ന അവസ്ഥ. നാരങ്ങാ വെള്ളം കുടിക്കുകയെന്ന വ്യാജേന അത്രത്തോളം ലാഘവത്തിൽ പട്ടച്ചാരായം ആവശ്യത്തിനു ലഭ്യമായിരുന്നു. പട്ടയടിച്ചു നാലു കാലിലിഴയുന്ന പാന്പുകളെക്കൊണ്ട് പൊതു ജനത്തിനു സ്വൈര്യ ജീവിതം ദുസ്സഹമായി. മദ്യമുള്ളിടത്ത് സ്വാഭാവികമായും മദ്യവർജ്ജന സമിതിക്കും സ്കോപ്പുണ്ട്. പഞ്ചായത്തിൻ്റെ നായകൻ തന്നെയായിരുന്നു മദ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും നായക സ്ഥാനത്ത്. വലിയ ജനപിന്തുണയോടെ സമരം വിജയിച്ചു. നായകൻ്റെ തൊപ്പിയിൽ ഒരു തിളങ്ങുന്ന തൂവൽ കൂടിയായി. ഇതെല്ലാം കഴിഞ്ഞ് ഏറെ നാൾ കഴിയും മുന്പ് പ്രസിഡണ്ട് ഇഷ്ടക്കാരുമൊത്ത് ഒന്നു മിനുങ്ങി. സംഗതി ഒരൽപ്പം ഓവറായി. ആള് ശരിക്കും നാറി. പ്രതിച്ഛായ കുളമായി. തൊട്ടടുത്ത പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആളിൻ്റെ പ്രസിഡണ്ടു സ്ഥാനവും നഷ്ടമായി. മെച്ചപ്പെട്ട പ്രതിച്ഛായയുള്ള മറ്റൊരാൾ ആ സ്ഥാനത്തെത്തി. പക്ഷേ മാസമൊന്നു തികയും മുന്നേ ജനങ്ങൾ പഴയ പ്രസിഡണ്ടിൻ്റെ അപദാനങ്ങൾ പാടിത്തുടങ്ങി. പുതിയ പ്രസിഡണ്ട് മാന്യനും സുന്ദരനുമൊക്കെയായിരുന്നെങ്കിലും ജനങ്ങളുമായി ഇടപഴകുന്നതിൽ പിന്നോട്ടായിരുന്നു. പഴയ പ്രസിഡണ്ടാവട്ടെ ചെണ്ടപ്പുറത്തു കോലു വെയ്ക്കുന്നിടത്തെല്ലാം സന്നിഹിതനായിരുന്നു.
മംഗള കർമ്മങ്ങൾക്കെല്ലാം ക്ഷണിക്കപ്പെട്ടു തന്നെ നടത്തിപ്പുകാരിൽ മുന്പനായി ആളുണ്ടായിരുന്നു. അടിപിടി, അപകടം, അന്തരിക്കൽ എന്നിത്യാദി ഘട്ടങ്ങളിൽ കുന്പിടിയെപ്പോലെ എല്ലായിടങ്ങളിലും ക്ഷണവും ക്ഷണ പത്രികയുമൊന്നുമില്ലാതെ ആൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
അത് ആളുടെ സ്വാഭാവികമായ ചെയ്തിയായിരുന്നു. വീട്ടുകാരെക്കാളും ഉത്തരവാദിത്വത്തോടെയായിരുന്നു ആൾ പലകാര്യങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്. അക്കാര്യങ്ങളൊക്കെ ഏറ്റവും മികച്ച രീതിയിൽ ഒരു പ്രതിഫലേച്ഛയുമില്ലാതെ ചെയ്തു തീർക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. നാണിയമ്മൂമ്മ മരിച്ചന്നു കേട്ടാൽ ആളെത്തുന്നത് മാവു വെട്ടാനുള്ള ആളുമായിട്ടായിരുന്നു. പല ചടങ്ങുകളിലും ബന്ധുക്കൾ മറക്കുന്ന വസ്തുക്കളൊക്കെ നിമിഷാർദ്ധങ്ങൾ കൊണ്ട് സംഘടിപ്പിച്ച് അദ്ദേഹം നാട്ടുകാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരാളുടെ സ്ഥാനത്ത് മനുഷ്യനോട് ഇടപെടാൻ വിമുഖത കാട്ടുന്ന ഒരാളെ ജനം അംഗീകരിക്കില്ല എന്നുറപ്പ്. അതാണ് ഞങ്ങളുടെ നാട്ടിൽ അന്നു സംഭവിച്ചത്. ജനങ്ങൾക്കൊരു ആവശ്യമുണ്ടാവുന്പോൾ പ്രത്യയശാസ്ത്രപരമായി അതിനെ അനലൈസ് ചെയ്തു നേരം പാഴാക്കാതെ മുന്നിൽ നിന്നു നയിക്കുന്നവനാകണം നല്ല നേതാവ്. അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് ക്ഷണനേരം കൊണ്ട് അവർക്കൊപ്പമെത്താനും അവർക്ക് ആത്മവിശ്വാസം പകരാനും പലപ്പോഴും സ്വന്തമുത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യാതെ പരസ്പരം പഴിചാരി നിൽക്കുന്ന ഉദ്യോഗസ്ഥ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കാനുമൊക്കെ അത്തരം നേതാക്കളുടെ സാന്നിദ്ധ്യവും സന്ദർശനവുമൊക്കെ ഗുണകരമാകും എന്നുറപ്പ്.
അതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പരവൂർ വെടിക്കെട്ടപകട വേളയിൽ ചെയ്തത്. സെഡ് കാറ്റഗറി സുരക്ഷാപൂച്ചകളുടെ വളയത്തിൽ പൊതു ജീവിതം താറുമാറാക്കി കൈയും വീശിയെത്തുന്ന ഒരു പ്രധാനമന്ത്രിയെയല്ല പരവൂരിൽ നമ്മൾ കണ്ടത്. തങ്ങളോട് രാഷ്ട്രീയപരമായ നീതി കാട്ടാത്ത ഭൂമിമലയാളത്തോട് അവഗണന കാട്ടുന്ന ഒരു രാഷ്ട്രീയക്കാരനെയും അദ്ദേഹത്തിൽ നമുക്കു കാണാനായില്ല. വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘവുമായാണ് അദ്ദേഹം പറന്നിറങ്ങിയതു തന്നെ. അതുകൊണ്ടു കൂടിയാണ് മുത്തശ്ശിപ്പത്രം പോലും മോഡി പ്രശംസയുമായി രംഗത്തെത്തിയത്.
എന്നിട്ടും ദിവസങ്ങൾ കഴിഞ്ഞ് അതിനെതിരെയും പതിവുപോലെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ നമുക്കു കഴിയുന്നു. സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായി എന്നത് ഇതിനകം തന്നെ വ്യക്തമായ കാര്യമാണ്. അതേ പോലീസിൻ്റെ നായകനാണ് വി.ഐ.പി സന്ദർശനത്തിനെതിരെ വിമർശനവുമായി ഇപ്പോൾ രംഗത്തെത്തിയതെന്ന കാര്യം കൗതുകകരമാണ്. ആരോഗ്യ വകുപ്പു ഡയറക്ടറുടെതായും വിമശനവും തിരുത്തലുമെല്ലാം വന്നു കഴിഞ്ഞു. ഇതിനൊക്കെ പിന്നിൽ രാഷ്ട്രീയമുണ്ടാകാമെന്ന് സ്വാഭാവികമായും സംശയിക്കാം. വെടിക്കെട്ടിനെയും വേദനയെയും സഹായ ഹസ്തങ്ങളെയും പോലും രാഷ്ട്രീയമായി കാണുകയും അത് തങ്ങൾക്കനുകൂലമാക്കി ഉപയോഗിക്കുകയും ചെയ്യുന്ന നെറികേട് പക്ഷേ, ഭൂമി മലയാളം തിരിച്ചറിയുമെന്ന് ഉറപ്പ്.