കൊല്ലത്തെ വെടിക്കെട്ടപകടവും ഭാവിയിൽ ചെയ്യാവുന്ന കരുതൽ നടപടികളും

ഇടത്തൊടി കെ. ഭാസ്കരൻ
കൊല്ലത്തെ പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ടപകടത്തെ ആർക്കും ചെറുതായി കാണാൻ കഴിയില്ല. നാളിതുവരെയായുണ്ടായ വെടിക്കെട്ടപകടങ്ങളിൽ ഏറ്റവും ഭീകരമായ ഒന്നാണിത്. ഇതിനെതിരെ ഹൈക്കോടതി കാര്യമായി ഇടപെടണമെന്ന് മിക്കവരിൽ നിന്നും ശബ്ദമുയർന്നിരിക്കുന്നു.
ഇവിടെ സർക്കാർ കാര്യമായി ചെയ്യേണ്ടത്, വെടിക്കെട്ട് സംബന്ധമായ നിയമാവലികൾ കർക്കശമായി ഏവരും (പ്രത്യേകിച്ചു അതതു ക്ഷേത്രങ്ങളുടെ പരിധിയിലുള്ള പോലീസ് അധികാരികൾ) വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജില്ലാ തലത്തിലോ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിലോ ആധികാരികമായി കമ്മറ്റികൾ രൂപീകരിച്ചു നിരീക്ഷിക്കേണ്ടതാണ്. ആ കമ്മറ്റിക്ക് പരമാധികാരം നൽകി ഒരു മെന്പറെയെങ്കിലും ഓരോ ആഘോഷ സ്ഥലത്തും നിർബന്ധമായും പങ്കെടുപ്പിച്ച് (പകലും രാത്രിയിലും), ഇതെല്ലാം നിരീക്ഷിക്കുകയും, ആഘോഷം നിർത്തിവെപ്പിക്കുന്നത് അടക്കം അവരുടെ അധികാര പരിധിയിൽ പെടുത്തുകയും വേണം. ഇന്ത്യാ മഹാരാജ്യത്ത് എല്ലാ കാര്യങ്ങൾക്കും വിശദമായ നിയമാവലികൾ നിലവിലുണ്ടെന്നതിനാൽ, അതു നടപ്പാക്കുന്നതിലുള്ള വീഴ്ചയും പൂരാഘോഷ കമ്മറ്റികളുടെ ഇത്തരത്തിലുള്ള അച്ചടക്ക ലംഘനവും ആണ് കൊല്ലത്തെ അന്പലത്തിൽ നാം കണ്ടത്.
വെടിക്കെട്ട് പാടെ നിരോധിക്കുന്നതിൽ അർത്ഥമില്ല. കാരണം ചില അന്പലങ്ങളിൽ ദിവസേന കതിന പൊട്ടിക്കൽ ഒരു ആചാരത്തിന്റെ ഭാഗമായും, ഭക്തരുടെ വഴിപാടായും ഇന്നും നിലനിന്നു പോരുന്നു. ഭക്തരുടെ ഓരോ ആവശ്യങ്ങൾക്കും ഇത്ര ഇത്ര കതിന പൊട്ടിക്കണം എന്ന് ആ ക്ഷേത്രങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. വെടിമരുന്നു നിരോധിക്കുന്നതിലൂടെ ഇത്തരം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അതു സാരമായി ബാധിക്കും.
മാത്രവുമല്ല, വെടിമരുന്നു നിർമാണവുമായി കുടുംബം പോറ്റുന്ന ഒട്ടനവധി തൊഴിലാളികൾ കേരളത്തിലും പുറത്തുമായുണ്ട്. അവരെയൊക്കെ മറ്റൊരു തൊഴിലിൽ പുനരധിവസിപ്പിക്കാൻ അത്ര എളുപ്പമല്ല. ഒരു ബാർബറെ സ്വർണപ്പണിക്കാരനാക്കാൻ പറ്റില്ലല്ലോ!
പിന്നെ, ആനകളെയും പൂരങ്ങൾക്കും വേലകൾക്കും പ്രദർശിപ്പിക്കുന്നതും വിലക്കണമെന്ന് ഒരു കൂട്ടർ. “ആനയില്ലാതെ പിന്നെ എന്തു പൂരം” എന്നു, തമാശയായാണെങ്കിലും പറഞ്ഞു കേട്ടിട്ടില്ലേ? ആനകളെ ക്ഷേത്രങ്ങളിൽ പ്രദർശിപ്പിച്ചു നിർത്തേണ്ട സമയത്തെ പറ്റിയും, അധികനേരം വെയിൽ കൊള്ളിപ്പിക്കാതെ നോക്കുന്നതിനെ പറ്റിയും, അധിക നേരം പ്രദർശിപ്പിച്ചു വഴി നടത്തുന്നതിൽ ചിട്ടയായ ഒരു സമയ പരിധി നിശ്ചയിച്ചും, ആനകളെ അവരുടെ താവളങ്ങളിൽ തളയ്ക്കാതെ യാതൊരു കാരണവശാലും വെടിക്കെട്ട് തുടങ്ങരുതെന്നുമൊക്കെയുള്ള കർശന ഉപാധികൾ പ്രാവർത്തികമാക്കുകയാണെങ്കിൽ ‘ആന ഇടഞ്ഞു’ എന്നുള്ള സ്ഥിതിവിശേഷം ഒരിക്കലും സംജാതമാവുകയില്ല. മദപ്പാടുള്ള, മറ്റു തരത്തിൽ കുറുന്പുള്ള ആനകളെ ഒരു കാരണവശാലും ഇത്തരത്തിൽ മറ്റാനകളുടെ കൂട്ടത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുത്. ചില ആന പാപ്പാന്മാർ അവരുടെ താൽക്കാലിക ലാഭത്തിനു വേണ്ടി ഇതെല്ലാം മറികടന്നു പോകാറുണ്ട്. ആനകളെ അന്പലങ്ങളിൽ കൊണ്ടുവന്നുകൂടായെന്നു പറയുന്പോൾ ആനകളെ മരം പിടിക്കാനും മറ്റു കൂപ്പു പണികൾക്കും ഒന്നും ഉപയോഗിക്കാനും പാടുള്ളതല്ലല്ലോ! അപ്പോൾ പിന്നെ എല്ലാ ആനകളെയും തിരിച്ചു വനത്തിലേക്ക് തന്നെ പറഞ്ഞു വിടുകയല്ലാതെ വേറെന്തു ചെയ്യാനാണ്. അതൊന്നും ഇന്ത്യയിൽ നടപ്പുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം താനും.
മേൽപ്പറഞ്ഞ ഉപാധികൾ ശരിയാംവണ്ണം പ്രാവർത്തികമാക്കിയാൽ ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാവുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.