കീശ വീർപ്പിക്കൽ രാഷ്ട്രീയം!


ജെ. ബിന്ദുരാജ്

സ്വന്തം സ്വത്ത് പാർട്ടിയ്ക്കായി എഴുതിവയ്ക്കു­കയും പാർട്ടി ഓഫീസുകളിലെ ഒറ്റമുറിയിൽ താമസിച്ചുകൊണ്ട് പെൻഷൻ അടക്കം പാർട്ടി­ക്ക് സംഭാവന ചെയ്യുകയും ചെയ്ത രാഷ്ട്രീയ നേതാക്കൾ പഴയകാലത്തുണ്ടായിരുന്നു. തങ്ങളുടെ ശന്പളം വെട്ടിച്ചുരുക്കേണ്ടതിന്റെ ആവശ്യകത സഹപ്രവർത്തകരായ മന്ത്രിമാരെ ഉദ്ബോധിപ്പിക്കുകയും അത്തരത്തിൽ തീരു­മാനമെടുക്കുകയും ചെയ്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മുടെ നാട്ടിലുണ്ടായിരുന്നു. പക്ഷേ അതൊക്കെ പഴങ്കഥ. രാഷ്ട്രീയമാണ് പണമുണ്ടാക്കാൻ ഏറ്റവും മികച്ച ഉപാധിയെ­ന്ന് ഇന്ന് തിരിച്ചറിയാത്ത രാഷ്ട്രീയക്കാരില്ല. ത്യജിക്കുകയെന്നത് ഭുജിക്കുക എന്ന നിലയി­ലേക്ക് മാറിയ കാലം. അടിക്കടിയുള്ള വേ­തന വർദ്ധനവിനു പുറമേ, അഴിമതിയിലൂടെ എങ്ങനെ ഭാവി തലമുറയ്ക്കു കൂടി സന്പാദി­ക്കാനാകുമെന്നാണ് അവർ ഇന്ന് ആലോചി­ക്കുന്നത്.

അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി­യുടെ എം.എൽ.എമാരുടെ വരുമാനം ഓരോ അഞ്ച് വർഷം കൂടുന്തൊറും ഞെട്ടിക്കും വിധം വളരുന്നതായാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞയാഴ്ച പു­റത്തിറക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2009-ൽ അരുണാചൽ പ്രദേശിൽ നിന്നും തൃ­ണമൂൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിക്കുമ്പോൾ വനിതാ സ്ഥാനാർത്ഥിയായ കാര്യാ ബാഗാങ്ങിന്റെ ആസ്തി കേവലം നാലു ലക്ഷം രൂപയായിരുന്നെങ്കിൽ 2014-ൽ കോൺഗ്രസ് ടിക്കറ്റിൽ അവർ വീണ്ടും മത്സരിക്കാനിറങ്ങിയപ്പൊൾ അവരുടെ ആസ്തി 14.5 കോടി രൂപയായാണ് വളർന്നുകണ്ടത്. തരഞ്ഞെടുപ്പി­നുശേഷം അവർ ബി ജെ പിയിലേക്ക് കാലുമാ­റുകയും ചെയ്തു.

രാഷ്ട്രീയമാണ് മുതൽമുടക്കില്ലാതെ പണം കൊയ്യാനാകുന്ന ഏറ്റവും മികച്ച ബിസിനസ് എന്ന് തിരിച്ചറിഞ്ഞവരാരും രാഷ്ട്രീയത്തിൽ നി­ന്നും വിരമിക്കാൻ തീരുമാനിക്കാറുമില്ല. കൊടി­ വച്ച ഒരു കാറോ, ഭരണപക്ഷ പാർട്ടിയുടെ ഒരു എംഎൽഎയോ ആയാൽ പണം ചോദിച്ച് അങ്ങോട്ട് പോകേണ്ട ആവശ്യമില്ല. കാര്യങ്ങൾ സാധിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പണവു­മായി ഇങ്ങൊട്ടെത്തിക്കോളും. ബജറ്റ് വിൽപന തൊഴിലാക്കിയ മുൻ ധനമന്ത്രി വീട്ടിൽ കാശെ­ണ്ണാൻ യന്ത്രം പോലും വച്ചതൊന്നും സാങ്കൽ­പിക കഥയൊന്നുമല്ലെന്ന് അറിയാത്തവരില്ല. ബാർ കോഴക്കേസിൽ കെ.എം മാണിയെ കു­റ്റവിമുക്തനാക്കിക്കൊണ്ട് സംസ്ഥാന വിജിലൻ­സ് നൽകിയ മൂന്ന് റിപ്പോർട്ടുകളും വിജിലൻ­സ് കോടതി തള്ളുമ്പോഴും കരിങ്കൊഴയ്ക്കൽ തറവാട്ടിലെ കാരണവർക്ക് അതുകൊണ്ടാണ് വലിയ ഭാവഭേദമൊന്നുമില്ലാത്തത്. ഇതൊക്കെ എത്ര കണ്ടതാണെന്ന ഭാവം! യു.ഡി.എഫി­നും എൽ.ഡി.എഫിനും ഒരുപോലെ പ്രീയപ്പെട്ട മാണി സാറിനെ എങ്ങനേയും രക്ഷിച്ചെടുത്ത് കേരളാ കോൺഗ്രസ് എമ്മിനേയും കുടിയേറ്റ കർഷകരേയും ഒപ്പം ചേർക്കാൻ ഇടതു വലത് മുന്നണികൾ മത്സരിക്കുന്ന കാലത്തോളം ആരെ ഭയക്കാൻ!

ഇന്ത്യയിലെ മൊത്തം 4086 എം.എൽ.എമാരിൽ 3145 എം എൽ എമാർ തെരഞ്ഞെ­ടുപ്പ് കമ്മീഷന് സമർപ്പിച്ച വരുമാനത്തിന്റെ കണക്കുകൾ കഴിഞ്ഞയാഴ്ച അസോസിയേ­ഷൻ ഓഫ് ഡമോക്രാറ്റിക് റിഫൊംസ് പുറത്തു­വിട്ടിരുന്നു. എം.എൽ.എമാരുടെ വരുമാനത്തി­ ന്റെ വിശകലനത്തിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ രസകരമാണ്. ഇന്ത്യയിലെ എം. എൽ.എമാരുടെ ശരാശരി പ്രതിവർഷ വരുമാ­നം 24.59 ലക്ഷം രൂപയാണെന്നായിരുന്നു അത്. കർണാടകത്തിലെ എം.എൽ.എമാരായിരുന്നു ഏറ്റവും ധനികന്മാർ. കർണാടകത്തിലെ 203 എം.എൽ.എമാരുടെ മാത്രം ശരാശരി പ്രതി­വർഷ വരുമാനം 111 ലക്ഷം രൂപയായിരുന്നു. തക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 711 എം. എൽ.എമാർക്ക് ശരാശരി പ്രതിവർഷ വരുമാ­നം 51.99 ലക്ഷം രൂപയാണെന്നും റിപ്പോർട്ട് പറയുന്നു.

ഇതിൽ വേറെയുമുണ്ട് തമാശകൾ. വിദ്യാ­ഭ്യാസം ഏറ്റവും കുറഞ്ഞ എം.എൽ.എമാരാണ് ഏറ്റവും കൂടുതൽ പ്രതിവർഷ വരുമാനമുള്ളവർ എന്നതാണ് അതിലൊന്ന്. അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനുമിടയിൽ വിദ്യാഭ്യാ­സമുള്ള എം.എൽ.എമാർ പ്രതിവർഷം ശരാ­ശരി 31.03 ലക്ഷം രൂപ സന്പാദിക്കുമ്പോൾ ബിരുദധാരികളായ 63 ശതമാനം എം.എൽ.എമാരും പ്രതിവർഷം ശരാശരി സന്പാദിക്കു­ന്നത് 20.87 ലക്ഷം രൂപ മാത്രമാണ്. ഇതിൽ തന്നെ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള എം. എൽ.എമാരുടെ ശരാശരി പ്രതിവർഷ വരു­ മാനം 90 ലക്ഷം രൂപയാണെന്നും അറിയുക. ഡോക്ടറേറ്റുള്ള എം.എൽ.എമാരുടെ ശരാശരി പ്രതിവർഷ വരുമാനം 13 ലക്ഷം രൂപ മാത്രമാ­ണെന്നും ബിരുദാനന്തരബിരുദധാരിയുടേത് 20 ലക്ഷം രൂപയാണെന്നും അറിയുക. വിദ്യാഭ്യാ­സം കുറഞ്ഞവന് പണം ചോദിച്ചു വാങ്ങാൻ മടിയുണ്ടാകില്ലെന്നും നിയമത്തെ ഭയമുണ്ടാ­കില്ലെന്നതുമാണ് ഈ വരുമാന വർദ്ധനവിന് കാരണമെന്നും പ്രേത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ധനികരായ ഈ എം.എൽ.എമാരെ­ല്ലാം തന്നെ തങ്ങളുടെ തൊഴിലായി കാണിക്കുന്നത് കൃഷിയാണ് എന്നതാണ് രണ്ടാമത്തെ രസകരമായ കാര്യം. കൃഷിയാണ് തൊഴിലെങ്കിൽ അതിന് നികു­തി നൽകേണ്ടതില്ലെന്നതും വരുമാനം എവിടെ നി­ന്നാണ് വരുന്നതെന്നതിന് വലിയ വിശദീകരണമൊന്നും നൽകേണ്ടി വരുന്നില്ലെന്നതുമാണ് അതിന്റെ ഗുണം.

രാഷ്ട്രീയത്തിലൂടെ അതിവേഗം പണമുണ്ടാ­ക്കാനാകുമെന്നതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകി പണച്ചാക്കുകൾ പെയ്മെന്റ് സ്ഥാനാർത്ഥികളായി രംഗപ്രവേശം ചെയ്യുന്ന കാ­ഴ്ചയും കുറച്ചുകാലമായി നാം എല്ലാ പാർട്ടികളി­ലും കാണുന്നുണ്ട്. ഇടതു സ്വതന്ത്രനായി വിജയി­ച്ച പി.വി അൻവറും തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടറുമായ ബെന്നറ്റ് എബ്രഹാമും കുട്ടനാട്ടിൽ ഇടതു സ്വതന്ത്രനായ തോമസ് ചാണ്ടിയുമെല്ലാം പെയ്മെന്റ് സ്ഥാനാർ­ത്ഥികളായി രംഗപ്രവേശം ചെയ്തവരാണെന്ന് പാർട്ടിക്കാർ തന്നെ സമ്മതിക്കുന്നുമുണ്ടല്ലോ. ഇത്തരം പണച്ചാക്കുകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം സ്വന്തം കീശ വീർപ്പിക്കാനുള്ള ഉപാധിയെന്നതി­നപ്പുറം മറ്റൊന്നുമല്ലെന്ന് ആർക്കാണറിയാത്തത്? ഇത്തരക്കാരെ പാർട്ടി ടിക്കറ്റുകളിൽ മത്സരിപ്പിക്കുന്ന പാർട്ടിയുടെ അവശേഷിക്കുന്ന യശസ്സും കളഞ്ഞു­ കുളിക്കുമെന്നും ജനമനസ്സുകളിൽ പാർട്ടിയെപ്പറ്റി കൂടുതൽ അവമതിപ്പുണ്ടാക്കാനേ ഇടയാക്കുകയുള്ളുവെന്നതും വേറെ കാര്യം. പക്ഷേ പണറാഞ്ചി സഖാക്കന്മാർക്ക് ഇപ്പോൾ അതൊന്നും ഒരു വിഷയമയല്ല. അവരുടെ കണ്ണിൽ രാഷ്ട്രീയം സ്വന്തം നേട്ടങ്ങൾക്കും ഉപയോഗത്തിനുമായുള്ള ഒരു ഉപാധി മാത്രമാണ്.

 

അടിക്കടി രാഷ്ട്രീയ പാർട്ടി മാറുന്ന എം.എൽ.എമാരുടെ സന്പത്തിലുള്ള വളർച്ചയും നമ്മൾ കാ­ണാതെ പോകരുത്. അരുണാചൽ പ്രദേശിൽ നിന്നു­ള്ള കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഗോജൻ ഗാഡി എന്ന എം.എൽ.എ 2009-ൽ മത്സരിക്കുന്ന സമയത്ത് ആസ്തിയായി കാണിച്ചത് 19 കോടി രൂപയായി­രുന്നെങ്കിൽ അഞ്ച് വർഷത്തിനു ശേഷം അത് 89 കോടി രൂപയായാണ് വളർന്നത്. ഇപ്പോൾ ബി.ജെ.പിയിലാണ് അയാളുടെ സ്ഥാനം. ആശയങ്ങളുടെ പേരിലല്ല, മറിച്ച് ഏത് രാഷ്ട്രീയ പാർട്ടിയിലേക്ക് മാറുന്നുവെന്നതിനനുസരിച്ചാണ് ഇന്ന് രാഷ്ട്രീയ നേതാക്കളുടെ ആസ്തി ഉയരുന്നതെന്ന് വ്യക്തം. രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് എന്തു സഹായവും ചെയ്തു നൽകാൻ ബിസ്സിനസുകാർ ക്യൂ നിൽക്കു­ന്ന കാലമാണിത്.

 

മകൾക്കും ഭർത്താവിനും സ്റ്റാർട്ട്അപ്പ് ബിസ്സി­നസ് തുടങ്ങാൻ പത്തും പതിനഞ്ചും കോടി രൂപ മാൾ മുതലാളിമാരിൽ നിന്നും വാങ്ങിയ കമ്മ്യൂണിസ്റ്റ് മേലാളന്മാരുടെ കഥകൾ പാണന്മാർ പാടി നടക്കുന്നുണ്ട് നവകേരളത്തിലും. രാഷ്ട്രീയക്കാർ­ക്കും മക്കൾക്കും ചെയ്തു നൽകുന്ന ഏതൊരു സഹായവും പിൽക്കാലത്ത് സർക്കാർ നടപടികൾ പ്രഖ്യാപിക്കുന്പോൾ തങ്ങൾക്ക് അനുകൂ­ലമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണാ­യകമാകുമെന്ന് അറിയാത്ത മുതലാളിമാരില്ലല്ലോ. പത്തോ പതിനഞ്ചോ കോടി രൂപ രാഷ്ട്രീയ മേലാ­ളന്മാരുടെ മക്കൾക്കും മരുമക്കൾക്കുമായി ചിലവഴി­ച്ചാലും നവകേരളം സൃഷ്ടിക്കുന്പോൾ അതിലോരു ഭൂമിയുടെ പങ്ക് തങ്ങളുടെ കന്പനികൾക്ക് 90 വർ­ഷത്തിന് തുച്ഛമായ തുകയ്ക്ക് ലീസിന് കിട്ടിയാൽ ആ നഷ്ടമൊക്കെ എന്ത്? വിനോദസഞ്ചാര മേഖലകളിൽ സർവ്വ പാരിസ്ഥിതിക മാനദണ്ധങ്ങളും ലംഘിച്ച് പഞ്ചനക്ഷത്ര റിസോർട്ടുകൾ കെട്ടിപ്പൊക്കാനും സർക്കാർ ഭൂമി കൈവശപ്പെടുത്താനുമൊക്കെ ഇവർക്കാകുന്നതിൽ അതുകൊണ്ട് അത്ഭുതപ്പെ­ടേണ്ടതില്ല. പാർട്ടി എന്നത് പണമുണ്ടാക്കാനുള്ള ഉപാധിയും അണികൾ എന്നത് തങ്ങളുടെ തെറ്റായ ചെയ്തികളെ ചെറുക്കുന്നവരെ കൈയൂക്കു കൊണ്ട് നേരിടാനുമുള്ള സംഘവുമായി രാഷ്ട്രീയ പാർ­ട്ടികൾ തെറ്റിദ്ധരിക്കുന്നു. പാർട്ടിയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച പി. കൃഷ്ണപിള്ളയും എ.ക.ജിയും ഇ.എം.എസും അസംഖ്യം കർഷക നേതാക്കളും കയ്യൂരിന്റേയും കരിവെള്ളൂരിന്റേയും സമരചരിത്രവുമൊക്കെ പാർട്ടിക്ക് ഇടയ്ക്കിടെ പുറത്തെടുത്ത് കാ­ട്ടാനുള്ള പഴയ തഴന്പുകൾ മാത്രം.

 

ഇന്ത്യയില എം.എൽ.എമാരുടെ ശരാശരി വരു­മാനം 25 ലക്ഷം രൂപയോളമാണെന്ന് കണക്കുകൾ മുൻനിർത്തി എ.ഡി.ആർ കണ്ടെത്തിയിട്ടുണ്ടെങ്കി­ലും നമ്മുടെ എം.എൽ.എമാരുടേയും എം.പിമാരു­ടേയും ശന്പളം വർദ്ധിപ്പിക്കുന്നതിൽ സർക്കാരുകൾ കാട്ടുന്ന 'ശുഷ്കാന്തി' എടുത്തുപറയേണ്ടതാണ്. സംസ്ഥാന ഖജനാവിന്റെ മോശപ്പെട്ട അവസ്ഥയെ­പ്പറ്റി സദാ പരിതപിക്കുന്പോൾ കേരളത്തില ഇടതു സർക്കാർ 2018 മാർച്ചിൽ ജനപ്രതിനിധി­കളുടെ ശന്പളത്തിൽ വലിയ വർദ്ധനവാണ് വരു­ത്തിയതെന്നത് മറക്കരുത്. മുണ്ടു മുറുക്കേണ്ടത് നാട്ടുകാരാണെന്നും തങ്ങളല്ലെന്നുമാണ് അവരുടെ നിലപാടെന്ന് വ്യക്തം.

 

മന്ത്രിമാരുടെ ശന്പളം 55,012 രൂപയിൽ നിന്നും 90,000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ എം.എൽ. എമാരുടെ ശന്പളം 39,500 രൂപയിൽ നിന്നും 70,000 രൂപയായും വർദ്ധിപ്പിക്കപ്പെട്ടു. ഇതിനു പുറമേ, ശന്പളേതര ആനുകൂല്യങ്ങളിലും വലിയ വർ­ദ്ധനവ് വരുത്താൻ സർക്കാർ മടിച്ചില്ല. രാജ്യത്ത് തെലുങ്കാനയിലെ എം.എൽ.എമാരാണ് ഏറ്റവുമധി­കം ശന്പളം വാങ്ങുന്നത്. 2,50,000 രൂപയാണ് ഒരു തെലുങ്കാന എം.എൽ.എയുടെ പ്രതിമാസ ശന്പളം. തൊട്ടു പിന്നിൽ 2,14,000 രൂപയുമായി പഞ്ചാബും 2,10,000 രൂപയുമായി ഝാർഖണ്ടും 2,00,000 രൂപയു­മായി ആന്ധ്രാപ്രദേശുമുണ്ട്. എം.പിമാരുടെ കാര്യം പറയേണ്ടതില്ല. ശന്പളവും ആനുകൂല്യങ്ങളും കൂടി പ്രതിമാസം 2,92,000 രൂപ അവർക്ക് ലഭിക്കുന്നുണ്ട്. അതുപോല തന്നെ രാഷ്ട്രപതിക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് നാലു ലക്ഷം രൂപയും ഗവർണർമാർക്ക് 3.5 ലക്ഷം രൂപയും പ്രധാനമന്ത്രിക്ക് 1,60,000 രൂപയുമാണ് നിലവിലെ ശന്പളം. വീടും വാഹനങ്ങളും ജീവനക്കാരുമടക്കം സർക്കാർ തന്നെയാണ് ഇവർക്ക് വേണ്ട എല്ലാ സംവിധാനങ്ങളും സൗജന്യമായി ഒരുക്കുന്നതി­നാൽ എന്തിനാണ് ജനതയുടെ നികുതിപ്പണത്തിൽ നിന്നും ഇവർ അന്യായമായി ഇത്രയും വലിയ തുക ശന്പളമായി പറ്റുന്നതെന്ന് മാത്രം ആരും ചോദിക്കു­ന്നില്ല.

 

ഇതിനു പുറമേയാണ് മന്ത്രിമാർ പഴ്സണൽ സ്റ്റാഫിന്റെ മറവിൽ നടത്തുന്ന ആശ്രിത നി­യമനങ്ങളിലൂടെ ഖജനാവിന് നഷ്ടപ്പെടുന്ന തുക. ഈ പഴ്സണൽ സ്റ്റാഫുകളെ രണ്ടു വർഷത്തിൽ മാറ്റി നിയമിച്ച് അവർക്ക് ആജീവനാന്ത പെൻഷനു­ള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു അവർ. ആരോഗ്യമന്ത്രി പദത്തിലിരുന്ന പി.കെ ശ്രീമതി ടീച്ചർ സ്വന്തം മരുമകളെ പഴ്സണൽ സ്റ്റാഫായി നിയമിച്ച് നാണം കെട്ടത് കഴിഞ്ഞ ഇടതു ഭരണകാ­ലത്തെ കാഴ്ചയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താകട്ടെ, ജോപ്പനും ജിക്കുവുമൊക്കെ കൂടി പഴ്സണൽ സ്റ്റാഫിന്റെ അനന്തമായ അധികാ­രങ്ങൾ ഏതെല്ലാം വിധത്തിലാണ് കൈയാളുന്നതെ­ന്നും നാം കണ്ടു. പിണറായി വിജയൻ അധികാ­രത്തിലേറിയ സമയത്ത് മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫുകൾ ഏതു മട്ടിൽ പ്രവർത്തിക്കണമെന്നതിന് കർക്കശമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതാണ്.

 

ഒരു മന്ത്രിയുടെ ജീവനക്കാരനും മറ്റ് വകുപ്പു­കളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിരുന്നു. പക്ഷേ മന്ത്രിമാരുടെ ജീവനക്കാർ പി.എസ്.സി വഴിയുള്ള നിയമനമായി­രിക്കണമെന്നും മിനിമം വിദ്യാഭ്യാസ യോഗ്യതയെ­ങ്കിലും ഉള്ളവരായിരിക്കുകയും ചെയ്യണമെന്ന നി­ർദ്ദേശങ്ങളെല്ലാം തന്നെ ഈ സർക്കാരും പാലിച്ചു കണ്ടില്ല. ഇന്ന് ഓരോ മന്ത്രിമാർക്കും 25 പഴ്സണൽ സ്റ്റാഫു വീതമാണ് ഉള്ളത്. ഇവരിൽ എത്ര പേർ ഇടയിൽ വച്ച് മാറ്റപ്പെട്ടുവെന്നും എത്ര പേർ പുതു­തായി നിയമിക്കപ്പെട്ടുവെന്നും അതുവഴി പെൻഷൻ അർഹത നേടിയെടുത്തുവെന്നും പരിശോധിക്കപ്പെ­ടേണ്ട വിഷയം തന്നെയാണ്.

 

ജനപ്രതിനിധി ജനസേവകനായി വർത്തിക്കേ­ണ്ടവനാണെന്ന പ്രാഥമിക തത്വം പോലും അട്ടിമറി­ക്കപ്പെടുകയാണ് ഇന്ത്യയിൽ. വലിയ വരുമാനമുള്ള എം.എൽ.എമാരും എം.പിമാരും ജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും തങ്ങൾക്ക് വലിയ വേതനം വേണമെന്ന് ശഠിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയില ഒരു സാധാരണക്കാരൻ പ്രതിദിനം 32 രൂപയിൽ സുഭിക്ഷമായി കഴിഞ്ഞുപോകുമെന്ന് വി­ലയിരുത്തുന്ന സർക്കാരുകൾ എന്തിന് ജനപ്രതിനി­ധികളുടെ ശന്പളക്കാര്യം വരുന്പോൾ മാത്രം ആ സു­ഭിക്ഷതയെല്ലാം മറന്നുപോകുന്നത്? ശന്പളമായും കിന്പളമായും പണം കൈപ്പറ്റാൻ മടിയില്ലാത്ത ആ വർഗത്തിന്റെ കൈയിൽ ഖജനാവിന്റെ താക്കോൽ നൽകുന്പോൾ ബജറ്റുകൾ കച്ചവടങ്ങളായി മാറു­ന്നതും വിമാനനിർമ്മാണത്തിൽ അനുഭവ പരിചയം പോലുമില്ലാത്ത അംബാനിയുടെ പേര് യുദ്ധവിമാന നിർമ്മാണത്തിന് പ്രധാനമന്ത്രി നിർദ്ദേശിക്കുന്നതും സാധാരണ കാര്യം മാത്രമായി കാണാൻ ജനതയും ഇപ്പോൾ പഠിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ കൂടപ്പിറപ്പാണല്ലോ അധികാരവർഗത്തിന്റെ അഴിമതി­കളോടുള്ള ജനതയുടെ കണ്ണടയ്ക്കലുകളും!

You might also like

Most Viewed