ജീ­വി­തപു­ണ്യം


നിത രഞ്ചി ഇരുപത്തിയെട്ട് വയസ്സുള്ള ഒരു നേഴ്സും, രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാവുമാണ്. കോട്ടയം ജില്ലയിൽ‍ ചിങ്ങവനം സ്വദേശിയായ അനിതയെ വിവാഹം ചെയ്തത് തിരുവല്ലയിൽ‍ ഇരവിപേരൂരിലാണ്. രണ്ടാഴ്ച മുന്പ് ചെറിയ അസ്വസ്ഥതകൾ‍ മൂലം തിരുവല്ലയിലെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. രക്തത്തിലെ എച്ച്.ബി പോലെയുള്ള പലതും ക്രമാതീതമായി കുറഞ്ഞു. തലച്ചോറിൽ‍ രക്തസ്രാവം ഉണ്ടായി അബോധാവസ്ഥയിലായി. കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് അനിതയെ എത്തിച്ചു. പക്ഷെ അനിതയുടെ ബ്രെയിൻ ഡെത്ത് സംഭവിച്ചതിനാൽ‍ ജീവിതത്തിലേക്ക് ഇനിയും ഒരു തിരിച്ചുവരവ് അസാധ്യമെന്ന് മെഡിക്കൽ‍ ലോകം വിധിയെഴുതി. തങ്ങളുടെ പ്രിയപ്പെട്ടവൾ‍ മരണത്തിന്റെ കരാളഹസ്തങ്ങൾ‍ക്ക് അടിമയാകുന്നത് ബന്ധുക്കൾ‍ നിസ്സംഗതയോടെ നോക്കി നിന്നെങ്കിലും അവളുടെ അവയവങ്ങൾ‍ ദാനം ചെയ്യുവാൻ അവർ‍ സന്നദ്ധരായി. നാലു പേർ‍ക്ക് ജീവൻ നൽകി അനിത യാത്രയായി. 

മരണം ജീവിതത്തിലെ യാഥാർ‍ത്ഥ്യമെങ്കിലും, ചില അവയവങ്ങൾ‍ക്ക് മരണത്തിനപ്പുറം മറ്റുള്ളവരിലൂടെ ജീവിതയാത്ര തുടരുവാൻ അവസരമുണ്ടാക്കുന്നതാണ് ‘അവയവദാനം’. അവയവങ്ങൾ‍ മരണത്തിനപ്പുറം ജീവിക്കാൻ അനുവദിക്കുന്നതിലൂടെ, ചില മനുഷ്യജീവിതങ്ങളെ മരണത്തിന്റെ കരാളഹസ്തങ്ങളിൽ‍ നിന്ന് ചില കാലത്തേക്കെങ്കിലും രക്ഷപ്പെടുത്തി ജീവിക്കാൻ അനുവദിക്കുന്നത് അനേകർ‍ക്ക് തങ്ങളുടെ ജീവിതത്തിൽ‍ ആഞ്ഞടിച്ച കരിന്തിരി വീണ്ടും കത്തിജ്വലിക്കാൻ അവസരം യാഥാർ‍ത്ഥ്യമാകുന്നതാണ്. അത് അനേകർ‍ക്ക് ജീവിതത്തിൽ‍ പ്രത്യാശയുടെ പൊൻവെളിച്ചം പകരുവാനും ഇടയാകുന്നു. 

നമ്മുടെ പ്രിയപ്പെട്ടവർ‍ ഈ ലോകമാകുന്ന നാടകശാലയിലെ അവരുടെ ജീവിതഭാഗം ആടിത്തീർ‍ത്ത് കാലയവനികയ്ക്കുള്ളിലേക്ക് പലായനം ചെയ്യുന്നുവെങ്കിലും, അവയവദാനത്തിലൂടെ അവർ‍ ജീവിച്ചുകൊണ്ടിരിക്കുന്നതായി ചിന്തിക്കാം. അവർ‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് ഏവർ‍ക്കും സന്തോഷം പകരുന്നതാണ്. നമ്മുക്ക് മാത്രമല്ല സന്തോഷത്തിന്റെ ആത്മാവിനെ നൽകുന്നത് മറ്റുള്ളവർ‍ക്കു കൂടി ആകുന്പോൾ‍ അതിന്റെ മധുരം പല മടങ്ങാണ്. അനിത രഞ്ചി നൽകിയ നാലു ജീവിതങ്ങൾ‍ ജീവിക്കാനുള്ള അവസരം ലഭ്യമായത് എത്രയോ ആളുകൾ‍ക്കാണ് സന്തോഷത്തിന്റെ അനുഭവം പ്രധാനം ചെയ്തത് എന്നോർ‍ക്കുന്പോൾ‍ നമ്മുടെ ദുഃഖത്തിന് അൽപം ആശ്വാസത്തിന്റെ നീർ‍പുഴ ഒഴുകുവാൻ സാധിക്കുന്നില്ലേ?

അവയവദാനമെന്നത് ഏറ്റവും വലിയ പുണ്യമായി മതങ്ങൾ‍ പഠിപ്പിക്കുന്നു. ഓരോരുത്തരുടെയും ജീവിതമെന്നത് അനേകരുടെ പുണ്യത്തിന്റെ ബാക്കിപത്രമാകയാൽ‍ നമ്മുടെ ജീവിതം കൊണ്ട് നൽകാവുന്ന വലിയ പുണ്യമാണിത്. ഈ പുണ്യത്തിലൂടെ ചിലർ‍ക്കെങ്കിലും ജീവിതത്തിലെ പച്ചപ്പിനെ വീണ്ടും അനുഭവിക്കാനുള്ള അവസരം സൃഷ്ടിക്കുന്നത് പുണ്യത്തിന്റെ സൂപ്പർ‍ലേറ്റീവാകയാൽ‍ അവയദാനം നടത്താനും, അത് പ്രേരിപ്പിക്കാനും നമ്മുക്ക് സാധിക്കണം.അവയവദാനം നിവൃത്തിക്കപ്പെടാൻ അതിനോട് ക്രിയാത്മകമായ ‘സമീപനം’ ഉണ്ടാകണം. പ്രിയപ്പെട്ടവരുടെ മരണം മൂലമുള്ള സന്താപത്തിന്റെ തോതിന് അൽപമെങ്കിലും അയവുവരുത്താനും, ആശ്വാസത്തിന്റെ കുളിർ‍ത്തെന്നൽ‍ അനുഭവിക്കാനും ഉള്ള മാർ‍ഗ്ഗമായി അതിനെ കാണണം. അതുപോലെ അവയവദാനം പ്രാവർ‍ത്തികമാക്കാനുള്ള ‘സന്നദ്ധതയും’ അത്യാവശ്യമാണ്. അനിതയുടെ കാര്യത്തിൽ‍ തന്നെ എട്ട് മണിക്കൂറോളം വേണ്ടി വന്നു അവയവങ്ങൾ‍ എല്ലാം മാറ്റുവാനായി. അതിനുശേഷമാണ് മൃതശരീരം വിട്ടുകിട്ടിയത്. അതിനുള്ള ക്ഷമയും സന്നദ്ധതയും ബന്ധുക്കൾ‍ കാണിച്ചെങ്കിലേ അവയവദാനം യാഥാർ‍ത്ഥ്യമാകുകയുള്ളു. 

അവയവദാനം ഒരു സംസ്കാരമായി മാറണം. ഏത് മലയാളി മരണത്തെ പുൽകിയാലും ഉപയോഗിക്കാവുന്ന അവയവങ്ങൾ‍ മറ്റുള്ള‍വർ‍ക്ക് ദാനമായി നൽകിയതിനു ശേഷം സംസ്കരിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറണം. അങ്ങനെ ചിലരെങ്കിലും കുറച്ചുനാൾ‍ കൂടി സൂര്യന്റെ ചൂടും, മഴയുടെ കുളിർമ്‍മയും അനുഭവിക്കാൻ ഇടയാകണം. ജീവിതത്തിൽ‍ പ്രവർ‍ത്തിക്കാവുന്ന ഏറ്റവും വിലമതിക്കാനാവാത്ത ഒരു പുണ്യമാണ് അവയവദാനമെന്നതിനാൽ‍, നമ്മുടെ പ്രിയപ്പെട്ടവരുടെ മരണവാർ‍ത്തയുടെ ആദ്യത്തെ പ്രതികരണം അവയവദാനമെന്നതാകട്ടെ.

You might also like

Most Viewed