റമദാൻ പിന്നിടുന്പോൾ

ലോകമെന്പാടുമുള്ള മുസ്്ലീം സഹോദരങ്ങൾ ഒരു റമദാൻ കൂടി ആചരിച്ചതിന്റെ നിറവിലാണ്. കഠിന വ്രതത്തിന്റെയും, പ്രത്യേക നിഷ്ഠയുടെയുമായ ജീവിതശൈലി ഒരു മാസം തുടർന്ന് പുണ്യം ആർജ്ജിച്ചവർക്ക് റമദാൻ ആശംസകൾ നേരുന്നു. റമദാൻ ദിനങ്ങളിലെ പ്രത്യേക നിഷ്ഠയുടെ ജീവിതശൈലി റമദാൻ പിന്നിടുന്പോളും തുടരുകയെന്നത് ഓരോ റമദാനും ഏവരെയും ആഹ്വാനം ചെയ്യുന്നു. അതാണ് റമദാന്റെ ശ്രേഷ്ഠത.
റമാദാൻ ദിനങ്ങളെ പുണ്യത്തിന്റേതാക്കി മാറ്റുന്നത് അത് ‘ഭക്തിയുടെ’ ദിനങ്ങളാണെന്നതാണ്. ദൈവത്തോടുള്ള ബന്ധവും, മനുഷ്യന് ദൈവത്തിലുള്ള ആശ്രയത്വവും വെളിവാകത്തക്കവിധത്തിലുള്ള ജീവിതശൈലിയാണ് രാവിലെയും വൈകിട്ടും പ്രാർത്ഥനയോടെ നോന്പ് ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും ശഠിക്കുന്നത്. ദൈവത്തിലുള്ള ആശ്രയമില്ലാതെ മനുഷ്യന് നിലനിലിപ്പില്ല എന്ന തത്വം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. നാം ഓരോരുത്തരും ദൈവത്തിന്റെ മക്കളാണ് എന്നത് ദൈവാശ്രയത്തിൽ ജീവിക്കുവാൻ പ്രേരിപ്പിക്കുന്നു. റമദാൻ ദിനങ്ങളിൽ മാത്രമല്ല ജീവിതത്തിന്റെ അവസാന നിമിഷം വരെ ദൈവാശ്രയത്തോടെ ജീവിതത്തെ രൂപപ്പെടുത്തുവാൻ സാധിക്കുന്പോഴാണ് റമാദാന്റെ പ്രസക്തി ഏറുന്നതും അത് ജീവിതത്തെ സ്വാധീനിക്കുന്നതും. ആയതിനാൽ റമദാൻ പിന്നിടുന്പോഴും ദൈവാശ്രയവും, ഭക്തിയുടെ ജീവിതവും തുടരുവാൻ ഓരോരുത്തർക്കും ഇടയാകണം.റമദാൻ ദിനങ്ങളിലെ പ്രത്യേകത വെറിക്കൂത്തുകളിൽ നിന്ന് സ്വയം അകന്ന് ദുഷ്ടതകൾക്ക് അവധി നൽകി, മദ്യത്തിന് അടിമയാകാതെ സ്വയം ശുദ്ധിയുടെ പാത തുടരുന്നു എന്നതാണ്. ഈ ദിനങ്ങൾ മലിനപ്പെടാതിരിക്കാനും, കളങ്കപ്പെടാതിരിക്കാനും മിക്കവരും ശ്രദ്ധിക്കാറുണ്ട്. അതാണ് വൃത്തത്തെ ഇത്ര കാഠിന്യമുള്ളതാക്കി മാറ്റുന്നത്. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ദിനങ്ങളായി അവ രൂപാന്തരപ്പെടുന്നു എന്നത് അവയെ പ്രത്യേകതയുള്ളതാക്കുന്നു. ഇന്ന് മനുഷ്യൻ ദുഷ്ടതയുടെ പര്യായമായി മാറിയിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. മൃഗം പോലും തന്റെ ആഹാരത്തിനായി മാത്രം കൊല നടത്തുന്പോൾ മനുഷ്യന്റെ ദുഷ്ടത ഏറിവന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ദുഷ്ടത പ്രകൃതിയെ പോലും അവതാളത്തിലാക്കിയിരിക്കുന്നു. എന്നാൽ ഈ പുണ്യദിനങ്ങളിൽ മാത്രമല്ല തുടർന്നും ജീവിത വിശുദ്ധിയുടെ വ്യക്തിത്വങ്ങളായി രൂപപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. റമദാൻ പിന്നിടുന്പോൾ സ്വാർത്ഥത വെടിഞ്ഞ്, നന്മയുടെ ജീവിതശൈലിയെ പ്രാപിച്ച് ജീവിതത്തെ ധന്യതയിലേക്ക് നയിക്കാൻ ഇടയാകണം.
റമദാനെ പുണ്യദിനങ്ങളാക്കി മാറ്റുന്ന മറ്റൊരു ഘടകം അതിലെ ‘കാരുണ്യ പ്രവൃത്തികളാണ്’. സക്കാത്തും മറ്റെല്ലാ കാരുണ്യത്തിന്റെയും ഉറവിടമായി അത് മാറുന്നു. ഇതിലൂടെ ഓരോരുത്തരുടെയും സന്പത്തിന് പുതിയൊരു ചിന്ത നൽകുന്നു. സന്പത്ത് നാം ആർജ്ജിക്കുന്നതല്ല പിന്നെയോ അത് ദൈവത്തിന്റെ ദാനമാകുന്നു എന്ന ചിന്തയ്ക്ക് വഴിയൊരുക്കുന്നു. നമുക്കുള്ളവ നാം പങ്കിടുന്നത് ഔദാര്യമല്ല നമ്മുടെ കടമയാണ് എന്നതാണ് ഇത് നൽകുന്നത്. നമ്മുക്കുള്ളതെല്ലാം മറ്റുള്ളവരുടെയും അധ്വാനത്തിന്റെ ഫലം കൂടെയാകയാൽ നമ്മുക്കുള്ളവയെ പങ്കിടേണ്ടത് വളരെ അത്യാവശ്യമാണ്. കെട്ടികിടക്കുന്ന വെള്ളം മാലിന്യം കൊണ്ട് നിറയുന്നുവെങ്കിൽ, ഒഴുകുന്ന വെള്ളം ജീവന്റെ ഉറവിടമായി മത്സ്യസന്പത്തിന്റെ ഉറവിടമാകുന്നതു പോലെ പങ്കിടുന്പോൾ മാത്രമെ ജീവന്റെ തുടിപ്പ് ലഭ്യമാകു എന്നത് പങ്കിടുവാനുള്ള പ്രേരണ ലഭ്യമാകണം.
റമദാൻ ചില ദിവസങ്ങളായി മാത്രം അവശേഷിക്കാനുള്ള ഒന്നായിത്തീരാതെ അത് ജീവിതശൈലിയും, ജീവിതത്തെ നയിക്കുന്നതും, നിയന്ത്രിക്കുന്നതുമാകണം. അതാണ് റമദാന്റെ പുണ്യവും, അതിനെ പ്രസക്തിയുള്ളതുമാക്കുന്നത്. റമദാനിലെ ദൈവാശ്രയവും, വിശുദ്ധജീവിതവും, കാരുണ്യവുമെല്ലാം റമദാൻ പിന്നിടുന്പോളും തുടരുവാൻ ഇടയാകണം. റമദാൻ കാലവും റമദാനിന് ശേഷവുമുള്ള ജീവിതരീതിക്ക് വ്യത്യാസമില്ലാത്ത അവസ്ഥ കൈവരിക്കണം. അതായിരിക്കട്ടെ നമ്മുടെ ജീവിതത്തെ ഏറെ പുണ്യമുള്ളതാക്കുന്നത്.