ലോകം ജാഗ്രതയോടെ കാത്തിരിക്കുന്ന ജനുവരി 20


ഇ.എ സലിം

നതയുടെ വിമോചനവും രാജ്യ പുരോഗതിയും ലക്ഷ്യമാക്കി സ്ഥാപിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ധൈഷണിക ഔന്നത്യവും ത്യാഗഭരിതമായ വ്യക്തിത്വത്തിന്റെ അനുപമ സവിശേഷതകളും താത്വിക ഗരിമയുമുള്ള നേതാക്കൾ അധികാരത്തിന്റെ പടവുകൾ ഏറുന്നു എന്ന പുതിയ കാലത്ത് ഉറച്ചു പോയ സങ്കൽപ്പത്തെ തകിടം മറിച്ചു കൊണ്ടുള്ള ജനകീയ തീരുമാനങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നതാണ് വർത്തമാനകാല ലോക ചിത്രം. 2014ലെ ഇന്ത്യൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ തുടങ്ങി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞു പോകണമെന്ന ബ്രെക്സിറ്റ് പ്രമേയത്തിന്റെ വിജയത്തിലൂടെയും ഇറ്റലിയിലും ജർമ്മനിയിലും വലതുപക്ഷ ജനപ്രിയ കക്ഷികൾക്ക്‌ വലിയ ജനസ്വാധീനം തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ കടന്നു അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപ് അധികാരം കയ്യാളുന്ന ഇടത്തിലേയ്ക്കു ആ കൊടുങ്കാറ്റു വീശുകയാണ്. ലോകത്തിന്റെ പല കോണുകളിൽ ഓരോരോ ദേശ രാഷ്ട്രങ്ങളിൽ അവിടുത്തെ ജനതകൾക്കു തീരുമാനങ്ങൾ എടുക്കുവാൻ അവസരം ഉണ്ടായപ്പോൾ അവരെല്ലാം സങ്കുചിതവും പ്രതിലോമപരവും മുഖ്യധാരാ വിധിയെഴുത്തുകളെ തള്ളിക്കളയുന്നതുമായ തീരുമാനങ്ങൾ എടുത്തിരിക്കുന്നുവെന്നും ലോകം വലതു പക്ഷത്തേക്ക് നിങ്ങുകയാണോയെന്നും ആശങ്കകൾ ഉയരുന്നുണ്ട്. സങ്കുചിത ദേശീയതയുടെ വക്താക്കളും അധികാരം നേടിയെടുക്കുവാനായി ദേശീയതയ്ക്കു ഇടുങ്ങിയ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നവരും എല്ലായിടങ്ങളിലും അവരുടെ ലക്ഷ്യം നേടുന്ന പ്രതീതി പടരുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും സൈനികത്താവളങ്ങൾ നില നിർത്തുകയും വിവിധ ഭൂഖണ്ധങ്ങളിൽ യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. വളർച്ചയെത്തിയ ജനാധിപത്യം പുലരുന്ന തും   ആഗോളമായ വിനിമയങ്ങളിൽ വ്യാപൃതരായവരും ഭൂമിയെ ആകെ എല്ലായ്പ്പോഴും അഭിസംബോധന ചെയ്യുന്നത് ശീലമാക്കിയവരുമായ ആ  വൻ ശക്തി രാജ്യത്തിലെ പരിഷ്കൃതരായ  ജനങ്ങളാണ് ട്രംപിനെപ്പോലെ ഒരാളുടെ സിദ്ധാന്തങ്ങളോട് യോജിച്ചത്.

ഒരു വർഗ്ഗ സമൂഹമെന്ന നിലയിലെ മനുഷ്യ ജാതിയുടെ ഉരുവപ്പെടൽ തുടങ്ങി ഇന്നോളവും യാഥാസ്ഥിതിക മായി തന്നെ ഇരിക്കുവാനുള്ള ഭൂരിപക്ഷ പ്രവണതയെ തോൽപ്പിച്ച് മനുഷ്യനെ പുരോഗതിയുടെയും വിമോചനത്തിന്റെയും പാതയിലൂടെ മുന്നോട്ടു നയിക്കുന്നത് ഉത്പതിഷ്ണുക്കളായ ന്യുനപക്ഷത്തിൻ്റെ ചിന്തയിലെയും നേതൃത്വത്തിലേയും തീയുടെ ഉർജ്ജമാണെന്നിരിക്കെ വർത്തമാനകാല പ്രവണത ഏതുതരം ദിശാ സൂചനയാണ് നൽകുന്നതെന്ന അപഗ്രഥനത്തിലാണ് സാമൂഹ്യ നിരീക്ഷകർ. ഇലക്ടറൽ കോളേജ് ഭൂരിപക്ഷം നേടിയെങ്കിലും മൂന്നു ദശലക്ഷം വോട്ടുകൾ തന്നെക്കാൾ കൂടുതലായി ഹിലാരി ക്ലിന്റൺ നേടിയിട്ടുണ്ട് എന്ന വസ്തുതയെ ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടു ഹില്ലാരിക്കു കിട്ടിയ ദശലക്ഷക്കണക്കിനു കള്ളവോട്ടുകൾ കുറച്ചാൽ തനിക്കു തന്നെയാണ് കൂടുതൽ വോട്ടുകൾ കിട്ടിയത് എന്നു ട്വീറ്റ് ചെയ്തു ഡൊണാൾഡ് ട്രംപ്. ആ പ്രവൃത്തി വരച്ചിടുന്നൊരു വ്യക്തിത്വമുണ്ട്. ജയിച്ചിട്ടു പോലും എതിരാളിയുടെ ഒരു ചെറിയ നേട്ടത്തിൽ അസഹിഷ്ണുവാണ്. അതിനെയും കിഴ്‌പ്പെടുത്തുവാൻ യാതൊരു തെളിവും ലഭ്യമല്ലാത്ത ഒരു അസംബന്ധ കാരണം സത്യമെന്ന പോലെ വിളിച്ച് പറയുവാൻ അദ്ദേഹത്തിനു  ഒരു മടിയുമില്ല. ദശലക്ഷക്കണക്കിന് കള്ളവോട്ട് എന്ന വിഷയം തകർത്തെറിയുന്നതു ട്രംപിനു തന്നെ ലോകത്തിലെ ഏറ്റവും വലുതെന്നു വിളിക്കപ്പെടുന്ന പദവിയിലേയ്ക്ക് മാർഗ്ഗമായ ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ശിലയുടെ വിശ്വാസ്യതയെയാണ്. ഇത്ര മാത്രം നിരുത്തരവാദപരമായ ഒരു വിളിച്ചു പറയലിനു മടിയില്ലാത്ത ആ മനോനിലയിൽ ഭൂമിയിലെ ഏറ്റവും വലിയ അധികാര പദവിയ്ക്കു എന്ത് സംഭവിക്കുമെന്നു ഭയപ്പാടോടെയാണ് ലോകം  ജനുവരി 20 ആയ നാളത്തെ ദിവസത്തെ  കാത്തിരിക്കുന്നത് .

തിരഞ്ഞെടുക്കപ്പെട്ട യാതൊരു സ്ഥാനത്തിന്റെയും കർമ്മ നിർവ്വഹണങ്ങളിൽ ജീവിതത്തിൽ ഒരിക്കലും ഏർപ്പെട്ടിട്ടില്ലാത്തയാൾ നേരിട്ട് പ്രസിഡണ്ട് പദവിയിൽ എത്തുന്ന യാദൃച്ഛികത കഴിഞ്ഞ നൂറു വർഷങ്ങളിൽ ഒരിക്കലും അമേരിക്കയിൽ സംഭവിച്ചിട്ടില്ല. എന്നാൽ അങ്ങനെ ഒരാളും സൈദ്ധാന്തികമായി പരമ ശൂന്യനുമായ ഡൊണാൾഡ് ട്രംപ് പരാജയപ്പെടുത്തിയിരിക്കുന്നത് നാലു പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരന്പര്യവും ഏറ്റവും ഉയർന്ന പദവികളുടെ അനുഭവ സന്പത്തും എട്ടു വർഷത്തെ വൈറ്റ് ഹൗസ് ജീവിതാനുഭവവും ഉള്ള എതിരാളിയെയാണ്. വിദേശികളെയും കുടിയേറ്റക്കാരെയും ആക്ഷേപിക്കുക, സ്ത്രീകളെയും അംഗവൈകല്യമുള്ളവരെയും അധിക്ഷേപിക്കുക, അമേരിക്കയുടെ സഖ്യ കക്ഷികൾക്ക് എതിരായ പ്രസ്ഥാവനകൾ നടത്തുക, വംശീയ വിദ്വേഷം പ്രസംഗിക്കുകയും വെറുപ്പിൻ്റെ ഭാഷ സർവ്വഥാ ഉപയോഗിക്കുകയും ചെയ്യുക എന്നത് ശൈലിയാക്കിയ ട്രംപിനെ അമേരിക്കയിലെ ജനങ്ങൾ ഒരിക്കലും സ്വീകരിക്കുകയില്ലെന്നു ലോകം വിശ്വസിച്ചു. ആഗോള കാലാവസ്ഥാ കരാറുകളെ ട്രംപ് തള്ളിപ്പറഞ്ഞു. പരമാവധി ജൈവ ഇന്ധനം ഉപയോഗിക്കുകയാണ് വേണ്ടെതെന്നും കൽക്കരിയുൾപ്പെടെ ഇന്ധനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നും ട്രംപ് വാദിച്ചു. ആകെ മനുഷ്യരുടെ ഭൂമിയിലെ അവശേഷിക്കൽ ലക്ഷ്യമാക്കി വൈകിയ വേളയിൽ ലോകം മുന്നിട്ടിറങ്ങിയ അതിജീവന വഴികളുടെ സിദ്ധാന്തത്തെയാണ് ട്രംപ് നിസ്സാരമായി തള്ളിക്കളഞ്ഞത്. ട്രംപിന്റെ വ്യക്തിസത്തയെയാണ് അതു സൂചിപ്പിക്കുന്നത്‌. ദൃഷ്ടാന്തമാകുന്നതും. രാഷ്ട്രീയ ചിന്തകനായ നോം ചോംസ്‌കി തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ അഭിപ്രായപ്പെട്ടത് ‘മനുഷ്യരുടെ സംഘ ജീവനം നാമിന്നറിയുന്ന ഏതെങ്കിലും രൂപത്തിൽ അതിജീവിക്കുമോയെന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തെയാണ് നാം നേരിടുന്നതെന്ന യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്ന വാക്കുകൾ കണ്ടെത്തുവാൻ പ്രയാസമായിരിക്കുന്നു’ എന്നാണ്.

ഇപ്പോൾ പരക്കെ പറഞ്ഞു കേൾക്കുന്നത് എല്ലാ അഭിപ്രായ സർവ്വേകളെയും എല്ലാ രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനങ്ങളെയും തോൽപ്പിച്ചത് ട്രംപ് ആണെന്നാണ്. എന്നാൽ അതിനോട് വിയോജിക്കേണ്ടിയിരിക്കുന്നു. കാരണം എല്ലാ നിഗമന വിദഗ്‌ദ്ധരെയും പിന്നിലാക്കിയിരിക്കുന്നതും പ്രവചനങ്ങളെ അട്ടിമറിച്ചതും അമേരിക്കയിലെ ജനതയാണ്. ആഗോള തലത്തിൽ ഭൂമിയിലെ രാജ്യങ്ങളിൽ ഓരോന്നിലും ജനങ്ങൾ രാഷ്ട്രീയ പണ്ധിതന്മാരെ അന്പരപ്പിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മുപ്പതു വർഷങ്ങളായി ലോകത്തെ എന്പാടും ഗ്രസിച്ചതും മറ്റൊന്നു സാദ്ധ്യമല്ലെന്ന പ്രതീതി സൃഷട്ടിച്ചതുമായ ആഗോളവത്‌കരണം ഉദാരവത്‌കരണം തുടങ്ങിയ സാന്പത്തിക വ്യവസ്ഥയ്ക്കു വേണ്ടി നില കൊള്ളുന്ന ശക്തികളെയും, അതിൻ്റെ വക്താക്കളെയും, അതിൻ മേൽ പടുത്തുയർത്തിയ പരിഷ്കാര നടപടികളെയുമാണ് പകരം വരുന്നത് എന്തെന്നു പോലും നോക്കാതെ ജനങ്ങൾ തള്ളിക്കളയുന്നത്. പ്രത്യാഘാതവും അനന്തര ഫലങ്ങളും ഭീകരമായിരിക്കും എന്ന വിദഗ്‌ദ്ധ മുന്നറിയിപ്പുകളെ അവഗണിക്കാവുന്ന മനോനിലയിലേയ്ക്കു ഭൂരിപക്ഷ ജനത എത്തിച്ചേർന്ന സാമൂഹ്യ സാഹചര്യവും വിലയിരുത്തപ്പെടേണ്ടതാണ്. പ്രചാരണത്തിനു കൂടുതൽ പണം ചിലവഴിക്കുന്ന സ്ഥാനാർത്ഥിയ്ക്കു അധിക പ്രചാരണ തരംഗമുയർത്താൻ കഴിയുകയും അയാൾ വിജയിക്കുകയും ചെയ്യുന്ന പതിവിനു വിപരീതമായി ഇത്തവണ പ്രചാരണത്തിനു കൂടുതൽ പണം ചിലവഴിച്ച ഹില്ലരി ക്ലിന്റൺ പരാജയപ്പെട്ടതിൽ പ്രചാരണത്തിനു വെളിയിൽ സ്വന്തം അനുഭവങ്ങളിൽ നിന്നും ഉടലെടുത്ത ജനങ്ങളുടെ നിശ്ചയങ്ങൾ ഉണ്ട്. ട്രംപിന്റെ വരവ് ലോകത്തിന്റെ ഭാവിയെ തന്നെ അപകടത്തിൽ ആക്കുമോയെന്ന ഭീഷണിയെപ്പോലും നിസ്സാരവത്ക്കരിക്കുവാൻ ശക്തി നൽകുന്നതാണ് നിലവിലെ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ അവരുടെ ജീവിതങ്ങളിൽ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ.

കന്പോളമാണ് സത്യം. കന്പോളാധിഷ്തിതമാണ് സന്പത്തും ധനതത്വ ശാസ്ത്രവുമെല്ലാം എന്ന തത്വ ശാസ്ത്രവുമായി ഉത്‌പന്നങ്ങളും അവയുടെ വിനിമയങ്ങളും ആഗോളവത്‌കരിക്കുകയും ലോക രാഷ്ട്രീയത്തെ ആകെ അതിനനുസരിച്ച് പുനഃസംഘടനയ്ക്കു വിധേയമാക്കുകയും ഭരണപരമായ എല്ലാ ധർമ്മങ്ങൾക്കും മേൽ ധനകാര്യത്തിനു സ്ഥാനം നൽകുകയും ചെയ്ത നവ മുതലാളിത്തം അതിൻ്റെ ആവിർഭാവകാലത്തു സങ്കൽപ്പിക്കപ്പെട്ടതു പോലെ അവികസിത രാജ്യങ്ങളെ തങ്ങളുടെ ഉൽപന്ന മേന്മകളിലൂടെ കന്പോള മത്സരങ്ങളിൽ തോൽപ്പിച്ച് സാന്പത്തികമായി കിഴ്‌പ്പെടുത്തി നവ കോളനികൾ ആക്കിത്തിർക്കാമെന്ന സങ്കൽപം പാതി വഴിയിൽ തകർന്നു പോയി. ലോക ബാങ്ക് (IMF) അന്താരാഷ്‌ട്ര വ്യാപാര സംഘടന (WTO), തുടങ്ങിയ സ്ഥാപനങ്ങളും ഗാട്ട് പോലെയുള്ള വാണിജ്യക്കരാറുകളും ഉപയോഗിച്ച് ലോകത്തെയാകെ നവ മുതലാളിത്തത്തിന്റെ ചങ്ങലക്കണ്ണികളിൽ കോർത്തെടുക്കാമെന്നും അതിനു മേൽ ലോകമെന്ന മഹാ കന്പോളത്തിന്റെ യജമാനന്മാരായി വികസിത രാജ്യങ്ങൾക്കും അവരുടെ കോർപ്പറേറ്റുകൾക്കും വാഴാമെന്നും തയ്യാറാക്കിയ രാഷ്ട്ര മീമാംസ ആയി മാറിയ ധനകാര്യ ചിന്ത മുതലാളിത്തത്തിന്റെ തന്നെ ആന്തരിക വൈരുദ്ധ്യങ്ങളിൽ പെട്ട് മന്ദസ്ഥിതി പ്രാപിക്കുകയും പിന്നീട് ചലനാത്മകത നഷ്ടപ്പെടുകയും കഴിഞ്ഞ ദശകത്തിൽ വൻ മരവിപ്പിലൂടെ കടന്നു പോവുകയുമുണ്ടായി. ജനങ്ങളുടെ രക്ഷയെക്കാൾ വൻകിട ധനകാര്യ സ്ഥാപനങ്ങളുടെയും കോർപറേറ്റുകളുടെയും രക്ഷയുടെ ഭാഗത്താണ് സ്വാഭാവികമായും അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി നിലപാടു സ്വീകരിച്ചത്. എന്നാൽ തൊഴിലാഴികളും മർദ്ദിത ന്യൂനപക്ഷ ജനതയും അഭയമായിക്കരുതിയിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ രാജ്യ ഭാരം കൈക്കൊണ്ട പുതിയ നേതൃത്വവും ബാങ്കുകളുടെയും കോർപ്പറേറ്റുകളുടെയും രക്ഷയ്ക്കായുള്ള നയ സമീപനങ്ങളാണ് കൈക്കൊണ്ടത്. അതിൽ എപ്പോഴും നിർണ്ണായകമായ പങ്കു വഹിക്കുകയും റിപ്പബ്ലിക്കൻ പാർട്ടിയുമായി വ്യത്യാസം ഇല്ലാത്ത തരത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ ബന്ധുവായി വരേണ്യ വർഗ്ഗത്തിൻ്റെ ഭാഷയിലേയ്ക്ക് മാറിയ ഹില്ലരി ക്ലിന്റനു ഒരു മറുപടിയായിരുന്നു ഇത്തവണത്തെ വോട്ടിംഗ്.

കഴിഞ്ഞ മൂന്നു നാലു ദശകങ്ങളിലൂടെ സമൂഹത്തെയും ജനങ്ങളെയും ആദ്യം സന്പൂർണ്ണ ഉപഭോക്തൃ ജീവികൾ ആക്കി മാറ്റുകയും അത്തരം ജീവിതത്തിനു പാകമാകും വിധം വാങ്ങൽ ശേഷി ഉയർത്താൻ ആവശ്യമായ ധന ലഭ്യത ഉറപ്പാക്കുന്ന ബാങ്കിങ്ങ് സംവിധാനത്തിനു പാകത്തിൽ ഭരണ ക്രമത്തെ ഉടച്ചു വാർക്കുകയും ധനകാര്യം കൈകാര്യം ചെയ്യുന്നവർ എല്ലായിടങ്ങളിലും മുഖ്യ പുരോഹിതന്മാരാവുകയും ചെയ്തു. പിന്നീട് മാന്ദ്യം അനുഭവപ്പെട്ടപ്പോൾ ജനങ്ങളെ കഷ്ടപ്പെടുവാൻ വിട്ടിട്ടു കോർപറേറ്റുകളെ സംരക്ഷിക്കുവാൻ ഭരണത്തെ ഉപയോഗപ്പെടുത്തുകയാണ് ലോകത്തിലെ മിക്കവാറും എല്ലാ ഗവൺമെന്റുകളും ചെയ്തത്. ഭരിക്കുന്ന കക്ഷികളുടെ ആദർശങ്ങളിലെ ഇടതു വലതു നിലപാടുകൾ ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്തിയില്ല എന്നാണ് കാണാൻ കഴിഞ്ഞത്. എല്ലാവരും ഒരേപോലെ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും നടത്തിപ്പുകാരായി. അമേരിക്കയിലെ തെരഞ്ഞെടുപ്പിനായി ഇരുനൂറു ദശലക്ഷം വോട്ടർമാരാണ് ഒക്ടോബറിൽ രജിസ്റ്റർ ചെയ്തത്. 2008നെ അപേക്ഷിച്ച് അന്പത് ദശലക്ഷം പേർ കൂടുതൽ. എന്നാൽ വോട്ടു ചെയ്യുവാൻ എത്തിയത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ അതേ കണക്കിൽ മാത്രവും. 2012ൽ മിട്ടു റോംനിയും 2008ൽ ജോൺ മക്കെയിനും നേടിയതിനേക്കാൾ കുറവാണ് ട്രംപ് നേടിയ വോട്ട്. അത് തെളിയിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ അനുഭാവികളാണ് വോട്ടു ചെയ്യാൻ പോകാതിരുന്നതെന്നാണ്. ഒരു സ്ത്രീയെ അവരുടെ പ്രസിഡന്റായി സമ്മതിക്കാത്തതാണ് അമേരിക്കയിലെ ജനങ്ങളുടെ മനോഭാവം എന്ന കാരണം കണ്ടെത്തൽ അൽപവും ഉചിതമായി തോന്നുന്നില്ല എന്തെന്നാൽ പേരിൽ മുസ്ലിം പേരിൻ്റെ ഒരു ഭാഗം പേറുന്ന ഒരു കറുത്ത വർഗ്ഗക്കാരനെ സ്വന്തം പ്രസിഡന്റായി രണ്ടു തവണ അവർ സ്വകരിച്ചു കഴിഞ്ഞു. മാത്രവുമല്ല ആൺ പെൺ വിവേചനം പോലും അപ്രസക്തമാക്കുന്ന തരത്തിൽ വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് കയറി വന്ന റിയൽ എേസ്റ്ററ്റു മുതലാളിയും അരാഷ്ട്രീയ ധനികനുമായ  ട്രംപ് എതിരാളിയായിരിക്കുന്പോൾ.

തിരസ്കരിക്കും എന്നു പ്രഖ്യാപിച്ച കാര്യങ്ങളുടെ പേരിൽ തന്നെയാണ് ജനങ്ങൾ ട്രംപിനെ തിരഞ്ഞെടുത്തത്. ആഗോള വത്‌ക്കരണവും കന്പോള സന്പദ് വ്യവസ്ഥയുമാണ് തങ്ങളുടെ ജോലികൾ നഷ്ടപ്പെടുവാനും മാന്ദ്യം ബാധിച്ച സാന്പത്തിക സ്ഥിതിയിൽ ബാങ്ക് അടവുകൾക്കു വഴിയില്ലാത്ത കടക്കെണിയിൽ പെട്ട നിസ്വരായിത്തീരുവാനും വഴിയൊരുക്കിയതെന്ന അനുഭവ പ്രത്യക്ഷത്തോട് ജനങ്ങൾ സക്രിയമായി പ്രതികരിക്കുന്നതിന്റെ ഫലമാണ് തുടക്കത്തിൽ പരാമർശിച്ച എല്ലാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും കാരണം. മൂന്ന്‌ ദശകങ്ങളിലെ ആഗോള വത്‌കൃത കന്പോള വ്യവസ്ഥയുടെ പരിണിത ഫലങ്ങൾ ജനങ്ങളിലേയ്ക്ക് നേരിട്ടെത്തിയത് ഇക്കഴിഞ്ഞ പത്ത് വർഷങ്ങളിലാണ്. തകർച്ചയെ നേരിടുന്ന ബാങ്കുകളെ രക്ഷിക്കുവാൻ ‘ബെയിൽ ഔട്ട്’ എന്നു വിളിച്ച രക്ഷാ പദ്ധതികൾ പൊതു സന്പത്തിൽ നിന്നുള്ള ധനം വിനിയോഗിച്ച് കൊണ്ട് നടപ്പിലാക്കാൻ അമേരിക്ക ഉൾപ്പെടെ അനവധി വികസിത രാജ്യങ്ങൾ നിർബന്ധിതരായി. ബാങ്കുകളിലെ പലിശ നിരക്ക് ചുരുങ്ങുകയും ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും ബാങ്ക് സന്പാദ്യങ്ങളുടെ മൂല്യം നഷ്ടപ്പെടുകയും ജനങ്ങൾ കഷ്ടത്തിലാവുകയും ചെയ്തു. ആഗോള വികസിത രാജ്യങ്ങൾക്കു അവരുടെ പുരോഗമിച്ച വ്യവസായം കൊണ്ട് ലോകത്തെ മുഴുവൻ ഉപഭോക്താക്കളെയും സ്വന്തമാക്കാമെന്നും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പിന്നണിക്കാരായ ആഫ്രോ ഏഷ്യൻ രാജ്യങ്ങളെ സ്വതന്ത്ര കന്പോളങ്ങളിൽ കീഴടക്കാമെന്നുമുള്ള കണക്കു കൂട്ടലിലാണ്  ആഗോള കന്പോള വ്യവസ്ഥയുടെ പാശ്ചാത്യ ഉപജ്ഞാതാക്കൾ കരുനീക്കയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. മനുഷ്യ ശേഷി വിലക്കുറവിൽ ധാരാളമായി ലഭ്യമായ ചൈന പോലെയുള്ള രാജ്യങ്ങളുടെ വളരെക്കുറഞ്ഞ നിർമ്മാണച്ചിലവിന്റെ അടിസ്ഥാനത്തിലെ കന്പോള മത്സരത്തോട് പിടിച്ചു നിൽക്കുവാൻ വ്യവസായ വത്‌കൃത വികസിത രാജ്യങ്ങൾക്കാണ് കഴിയാതെ പോയത്. ആ രാജ്യങ്ങളിലെ തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സാധ്യമാക്കുന്നതിനേക്കാൾ വലിയ പ്രാധാന്യമാണ് സന്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കുവാൻ ആ രാജ്യങ്ങൾക്കു കൊടുക്കേണ്ടി വന്നത്.

സന്പാദ്യവും തൊഴിലും നഷ്ടപ്പെട്ട സാമാന്യ പൗരനു ഗവൺമെന്റുകളിലും രാഷ്ട്രീയ പ്രകൃയയിലും ഉണ്ടായിരുന്ന വിശ്വാസമാണ് നഷ്ടപ്പെട്ടത്. അതേസമയം തന്നെ ആഗോളവത്കരണത്തിൻ്റെ ഭാഗമായുണ്ടായ ‘ഗ്ലോബൽ ധനകാര്യ−ഐടി− സ്റ്റാർട്ട് അപ്പ്’  സ്ഥാപന മേധാവികളുടെ ശന്പളവും മറ്റു ആനുകൂല്യങ്ങളും എല്ലാ സങ്കൽപ്പങ്ങളെയും ഭേദിച്ച് കൊണ്ട് ഉയർന്നു പോയി. അവർ അതി ധനികരായി അന്തരം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോൾ വളരെയധികം ആവർത്തിക്കപ്പെട്ടതു പോലെ അതീവ ധനികരായ 0.1% പിന്നെയും പിന്നെയും ധനമേറിയവരായി. കടം വളർന്നു കയറുന്പോൾ ജനങ്ങൾക്ക് സന്പദ് വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെടുകയും അതിനു നിദാനമായ രാഷ്ട്രീയ വ്യവസ്ഥയുടെ എതിർ ചേരിയെ അവർ പിന്തുണയ്ക്കുവാൻ തുടങ്ങുകയും ചെയ്തതിന്റെ പരിണിതിയാണ് ആ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ‘റിഫ്‌ളക്‌സ് ആക്ഷൻ’ എന്നു പറയാവുന്ന തരത്തിലെ ക്ഷിപ്ര പ്രതികരണങ്ങളാണവയെന്നു കരുതാം. ഇന്ത്യയിൽ സംഭവിച്ചതാകട്ടെ ആഗോളവത്കരണത്തിന്റെ മറ്റൊരു പാർശ്വ ഫലമായിരുന്നു. സ്വതന്ത്ര വിപണിയുടെ വ്യാപനത്തിനു തടസ്സമായി നിൽക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് വിഭവങ്ങളുടെ വിനിയോഗങ്ങൾക്ക്  മേൽ ഗവൺമെന്റുകൾ കാലങ്ങളിലൂടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ (ലൈസൻസ് രാജ് എന്നു വിളിച്ച് പുച്ഛിച്ചിരുന്ന നിയമ സംവിധാനങ്ങൾ) റദ്ദാക്കി ഏകജാലകമെന്ന സംവിധാനം ഏർപ്പെടുത്തിയത് ഉദാരവത്കരണത്തിന്റെ ആവശ്യപ്രകാരമായിരുന്നു. ആ ജാലകത്തിലൂടെ രാജ്യത്തെ പ്രകൃതി വിഭവങ്ങളും വരുമാന സ്രോതസ്സുകളും കോർപ്പറേറ്റുകളുടെ അതിധന സഞ്ചയത്തിലേയ്ക്കു ഒഴുകുവാൻ കളമൊരുക്കിയ ഇടനിലക്കാർക്കും അതിന്റെ പങ്കു ലഭിച്ചു. ചെറുതാക്കപ്പെട്ട (down sized) ഗവൺമെന്റിനു അത് നോക്കി വെറുതെ നിൽക്കേണ്ടി വന്നു. ആ നിലപാടുകളിന്മേൽ വെളിച്ചത്തായ കോഴക്കഥകളോടുള്ള നിസ്സഹായരായ ജനതയുടെ പ്രതികരണമായിരുന്നു 2014 ഇന്ത്യൻ  ലെ തിരഞ്ഞെടുപ്പിന്റെ ഫലം.  ഇന്ത്യയിലും, ജർമ്മനിയിലും, ഇറ്റലിയിലും, ബ്രിട്ടണിലും അമേരിക്കയിലും ഇപ്പോൾ വിജയിച്ചു നിൽക്കുന്ന ശക്തികൾ സങ്കുചിത ദേശീയതയുടെയും വംശീയ വൈരത്തിന്റെയും ഉപാസകരാണെന്നും അത് മാനവികതയ്ക്കു വിരുദ്ധമായ താത്വിക നിലപാടാണെന്നും ജനങ്ങൾ പെട്ടെന്നു തിരിച്ചറിയുകയും തിരുത്തുകയും ചെയ്യും. അമേരിക്കയിൽ ഈ തിരഞ്ഞെടുപ്പിൽ ബെർണി സാണ്ടേഴ്സിന് ലഭിച്ച പിന്തുണ കൂരിരുട്ടിലെ ഒരു വെള്ളി വെളിച്ചമാണ്. അദ്ദേഹം ആ രാജ്യത്ത് വിതച്ച ഇടതു പുരോഗമന ചിന്തയുടെ വിത്തുകൾ മുളയ്ക്കുക തന്നെ ചെയ്യുമെന്നു കരുതണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed