ഒരു ബ്ലാങ്ക് സെൽഫി

സമയം പാതിരാത്രിയായിരിക്കുന്നു. ദേശീയ പാതയാണെങ്കിലും അപ്പോഴവിടെ ഗതാഗതം കാര്യമായി ഉണ്ടായിരുന്നില്ല. പേര് ദേശീയപാത എന്നാണെങ്കിലും വഴിവിളക്കുകളൊന്നും അവിടെ കത്തുന്നുണ്ടായിരുന്നില്ല. സാമാന്യം വേഗതയിലാണ് അയാൾ കാറോടിച്ചുകൊണ്ടിരുന്നത്. ബിസിനസ് മീറ്റിംഗ് കഴിഞ്ഞുള്ള ഡ്രൈവാണ്. വീട്ടിലെത്തേണ്ട കാര്യമുള്ളതിനാലാണ് അസമയത്തുള്ള ആ ഡ്രൈവ്. കറുത്ത ഇരുട്ടിനെ കീറിമുറിച്ച് അയാളുടെ കാറിന്റെ നിയോൺ ലാംപ് റോഡിൽ പ്രകാശ വർഷം പൊഴിക്കുന്നു. വഴി നല്ലതാണ്. അതുകൊണ്ട് ഉറക്കം കടന്നാക്രമണം നടത്താതിരിക്കാൻ ആവശ്യത്തിലേറെ ശ്രദ്ധയോടെയാണ് ഡ്രൈവിംഗ്. സീറ്റിൽ നിന്നും മുന്നോട്ടാഞ്ഞ് സ്റ്റീയറിംഗിൽ ആവശ്യത്തിലേറെ ബലം കൊടുത്തുകൊണ്ടുള്ള ഇരിപ്പ്. കണ്ണ് റോഡിൽ തന്നെയാണ്. അതിനിടെയാണ് റോഡിന്റെ ഇടത്തരികിൽ നിന്നും ഒരു ഹെഡ് ലൈറ്റ് പ്രകാശിച്ചു നിൽക്കുന്നതു കണ്ടത്.
ശ്രദ്ധ ഒന്നു പാളി. വണ്ടി ഒരൽപ്പം മുന്നോട്ടു പോയിരിക്കുന്നു. ബ്രേക്കിൽ കാലമർന്നു. റിയർ വ്യൂ മിററിൽ കാര്യമായൊന്നും വ്യക്തമല്ല. പിന്നാലെ വണ്ടികളൊന്നുമില്ല. അയാൾ കാർ പിന്നോട്ടെടുത്തു. വെട്ടം കണ്ടിടത്ത് എത്തിയതും സൂക്ഷിച്ചു നോക്കി. ഒരു ലൈറ്റ് തെളിഞ്ഞു കത്തി നിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിജനമായ ഇടങ്ങളിൽ തനിയെ ഇറങ്ങിച്ചെല്ലുന്നത് എപ്പോഴും ബുദ്ധിയാവണമെന്നില്ല. കൃത്രിമമായ ഇത്തരം സീനുകൾ സൃഷ്ടിച്ച് സുമനസ്സുകളെ അപായപ്പെടുത്തി കൊള്ളയടിക്കുന്ന സംഘങ്ങളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷേ ഇത് അത്തരത്തിലൊന്നല്ല. അടുത്തെങ്ങും വേറേ ആരുമില്ല. റോഡരികിലെ ഒരു ദിശാസൂചി ഒടിഞ്ഞു തകർന്നു കിടക്കുന്നു. അതിലിടിച്ച് വാഹനം തലകീഴായി മറിഞ്ഞതാവാം. പാതിരാത്രി കഴിഞ്ഞ നേരത്ത് വാഹനമോടിച്ചിരുന്നയാളെ ഒരു നിമിഷത്തേയ്ക്ക് ഉറക്കം കടന്നാക്രമിച്ചതാവാം. അല്ലെങ്കിൽ എതിരെ വന്ന മര്യാദാരഹിതനായ ഡ്രൈവർ അയാളുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ മടിച്ചതാവാം. എന്തായാലും തലകീഴായി കിടന്ന ആ വാഹനം അപകടത്തിൽപെട്ടിട്ട് ഏറെ നേരമായിട്ടുണ്ടാവില്ല. അതിന്റെ ടയറുകൾ ആകാശത്തേയ്ക്കു നോക്കി ഇപ്പോഴും കറങ്ങുന്നുണ്ട്.
അയാൾ വണ്ടി ഒരൽപ്പം ഓരത്തേയ്ക്കു ചേർത്തു നിർത്തി. അയാളുടെ കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ റോഡരുകിൽ തലകീഴായി കിടക്കുന്ന വാഹനം വ്യക്തമായി കാണാം. വണ്ടിയുടെ എഞ്ചിൻ നിന്നിട്ടില്ല. എന്തോ ചില ചലനങ്ങൾ അകത്തുണ്ടെന്നു തോന്നുന്നു. അയാൾ ഫോണെടുത്തു. നാശം അതിന് ഇവിടെ റെയ്ഞ്ചില്ല. സെൽ ഫോൺ കന്പനികൾ സേവന സൗകര്യങ്ങളെക്കുറിച്ച് പരസ്യം കൊടുക്കുന്നതിനു കണക്കില്ല. പക്ഷേ ആവശ്യത്തിന് ഒന്നു വിളിക്കണമെങ്കിൽ നിലവിളിക്കുകയല്ലാതെ വഴിയില്ല. ഫോൺ കൂടിയില്ലാതെ അവിടെ നിൽക്കുന്നതും പരതുന്നതും നിരർത്ഥകമാണ്. ഈ പാതിരാത്രിക്ക് അടുത്തു വരുന്ന വാഹനങ്ങളിലുള്ളവർ അവിടെ വണ്ടി നിർത്തണം എന്നു നിബന്ധമില്ല. അയാൾ സ്വന്തം കാറിന്റെ വെളിച്ചത്തിന് അഭിമുഖമായി മുന്നോട്ടു നീങ്ങി നിന്ന് ഇടങ്കൈയിൽ സ്മാർട്ഫോൺ നീട്ടിപ്പിടിച്ചു.
ക്ലിക്ക്.
ആ ഇരുട്ടിലും പടം പതിഞ്ഞിട്ടുണ്ട്. പശ്ചാത്തലത്തിൽ തലകീഴായി കിടക്കുന്ന കാർ. അതിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞു കത്തുന്നു. തന്റെ സെൽഫി കളക്ഷനിൽ അത്യപൂർവ്വമായ ഒന്ന്. ഫോൺ ലോക് ബട്ടണിൽ കൈയമർത്തിക്കൊണ്ട് അയാൾ സ്വന്തം കാറിൽ തിരിച്ചു കയറി. വലംകൈ സ്റ്റിയറിംഗിലും ഇടംകൈ ഗിയർ ഷാഫ്റ്റിലും വെച്ചുകൊണ്ട് അയാൾ വീണ്ടുമൊരിക്കൽക്കൂടി ആ ദൃശ്യത്തിലേക്കു അവസാനമായി ഒന്നു പാളി നോക്കി. എന്നിട്ട് അതിവേഗം വണ്ടി മുന്നോട്ടടുത്തു.
തലകീഴായി മറിഞ്ഞു കിടന്ന ആ കാറിന്റെ ഇടതു വിൻഡോയിൽ കൂടി കരുണയർത്ഥിച്ചു നീണ്ട ഒരു കൈ അപ്പോഴേയ്ക്കും നിശ്ചലമായിത്തുടങ്ങിയിരുന്നു. വണ്ടി ഓടിക്കുന്നതിനിടയിൽ തനിക്കു ലഭിച്ച ആ അപൂർവ്വ സെൽഫി ഒന്നുകൂടി കണ്ടാസ്വദിക്കുകയായിരുന്നു അയാളപ്പോൾ.
കഷ്ടം എന്നല്ലാതെ ഇതിനെക്കുറിച്ചൊന്നും പറയാനാവില്ല. ഇത് എന്റെ ഒരു സൃഷ്ടി മാത്രമായി കണ്ടു വേണമെങ്കിൽ സമാധാനിക്കാം. ഇതിലുമെത്രയോ കഷ്ടവും നിന്ദ്യവുമാണ് പെരുന്പാവൂരിലരങ്ങേറുന്ന സെൽഫിക്കൂത്ത്. അതിൽ സങ്കടത്തിന്റെ മുഖംമൂടിയുമണിഞ്ഞ് രാഷ്ട്രീയ ലാഭം ലാക്കാക്കിയെത്തുന്ന രാഷ്ട്രീയക്കാരും അവസരത്തിനൊത്ത് കറുപ്പണിഞ്ഞ് ചായമണിയാതെ അഭിനയിക്കുന്ന സിനിമക്കാരും സെൽഫികൾക്കു മാത്രമായെത്തുന്ന സാധാരണക്കാരുമുണ്ട്. മറ്റുള്ളവരുടെ ദുരിതത്തെയും വേദനയെയുമൊക്കെ ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവരൊക്കെ. ജിഷയ്ക്കും സൗമ്യക്കും നിർഭയക്കുമൊക്കെ നീതി വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് എന്ന നാട്യത്തിലാണ് ഇവരുടെയൊക്കെ പ്രതികരണങ്ങൾ. ആയുസ്സിന്റെ പുസ്തകത്തിലെ താളുകൾ പിഴുതെറിയപ്പെട്ട ജിഷയ്ക്കും സൗമ്യക്കുമൊന്നും ഇനിയൊരിക്കലും നീതി ലഭിക്കില്ല. അവർ മരിച്ചിരിക്കുന്നു. അവരുടെ പ്രിയപ്പെട്ടവരോട് നമ്മൾ നീതി കാട്ടുന്നുമില്ല. നീതി കാട്ടേണ്ട ഒരുപാടുപേർ നമുക്കു ചുറ്റുമുണ്ട്. അവരെയൊന്നും നമ്മൾ കണ്ടതായി നടിക്കുന്നില്ല. സഹായം തേടി അവർ നീട്ടുന്ന കൈകൾക്കു നേരേ മുഖം തിരിച്ച് നമ്മൾ സെൽഫികളിൽ അഭിരമിക്കുകയാണ്.
വാസ്തവത്തിൽ അതെല്ലാം ബ്ലാങ്ക് സെൽഫികളാണ്. കരുണാരാഹിത്യത്തിന്റെ കറുപ്പൻ സെൽഫികൾ.