സ്വാതന്ത്ര്യത്തിന്റെ എഴുതാപ്പുറങ്ങൾ
                                                            സ്വാതന്ത്ര്യം എന്നാൽ എന്താണ്? അതിന്റെ അതിർവരന്പുകൾ എവിടെ വരെയാണ്? ഇത് പല കാലത്തും ചർച്ച ചെയ്യേണ്ടി വന്നിട്ടുള്ള ഒരു വിഷയമാണ്. കൃത്യമായ നിർവചനം ഇതിന് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച്  അതിനെപ്പറ്റി പൊതുജനത്തിന് വേണ്ടപോലെ ധാരണയില്ല എന്നുള്ളതാണ് ഇവിടെ പ്രശ്നം. പരിപൂർണ്ണ സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന വിശ്വാസത്തിൽ അതിരുകൾ ലംഘിക്കുന്നവർ ചെയ്യുന്ന കർമ്മങ്ങൾ എത്ര ദേശവിരുദ്ധമാണെങ്കിലും അത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് 
ഉപയുക്തമാക്കാൻ കഴിയുന്നതാണ് എന്ന് കണ്ടാൽ ജനാധിപത്യ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിന്റെ നൈതികതയെപ്പറ്റി ഒരു തരത്തിലുള്ള വിചിന്തനവും നടത്താതെ അതിനോട് അണിചേരുക എന്ന തന്ത്രവും പയറ്റുന്നതായി കാണുന്നു. ഇതാണ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരിട്ടിട്ടുള്ള ഒരു വലിയ പുഴുക്കുത്ത്. 
ഒരു രാഷ്ട്രം നിലനിൽക്കണമെങ്കിൽ അതിന് സുവ്യക്തമായ ഒരു നിയമവ്യവസ്ഥയും ജനങ്ങളുടെ സുരക്ഷിതത്വത്തിന് മേൽ മാത്രമല്ല വ്യക്തിജീവിതത്തിനും സ്വാതന്ത്ര്യത്തിന് മേലും ചില നിയന്ത്രണങ്ങളും അനുപേക്ഷണീയമാണ്. അല്ലെങ്കിൽ അത് ഛിദ്രമായി അരാജകാവസ്ഥയിലേയ്ക്ക് വഴിമാറും. മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുന്നതിന് മുന്പുള്ള അതിർ വരന്പിൽ നമ്മുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. അതാണ് ഒരു പരിഷ്കൃത സാംസ്ക്കാരിക സമൂഹത്തിന്റെ മുഖമുദ്ര. അതിന് വിരുദ്ധമായി പ്രവർത്തിക്കണമെന്ന് താത്പര്യപ്പെടുന്നവർ മറ്റേതോ ലക്ഷ്യത്തിന്റെ ഉപാസകരാണ്. തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കാത ഭൂരിപക്ഷ നൈയാമിക വ്യവസ്ഥയ്ക്കെതിരെ അവർ സംഘം ചേരാൻ തുടങ്ങിയാൽ ഗൗരവതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്നതിൽ സംശയിക്കേണ്ടതില്ല, അല്ലാത്തപക്ഷം ആ രാജ്യം അന്തഛിദ്രം നേരിടുന്നു എന്നും വ്യക്തമാണ്.
ഇവിടെ രാഷ്ട്രീയത്തിന്റെ കണ്ണട പൂർണ്ണമായി മാറ്റിവെച്ച് ഒരു ഇന്ത്യൻ പൗരന്റെ കണ്ണട മാത്രം എടുത്തണിഞ്ഞു കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. കാരണം പരിപൂർണ്ണമായ സ്വാതന്ത്ര്യം എന്നൊന്നില്ല. അത് ആത്യന്തികമായി സ്വാതന്ത്ര്യത്തിന്റെ നിരസമായിപ്പോകും. യഥാർത്ഥ സ്വാതന്ത്ര്യം നിയന്ത്രിതമാണ്, ആയിരിക്കണം. ഇവിടെ സ്വാതന്ത്ര്യത്തിന്റെ അതിർവരന്പുകൾ തേടുന്ന തലമുറയിലെ ബോധപൂർവം വഴിതെറ്റി യാത്രചെയ്യുന്ന ഒരു വിഭാഗം ശ്രമിക്കുന്നത് കടന്നുപോയ ലോകം മുറുകെപ്പിടിച്ച വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഭൂതികളെയും അയുക്തികം എന്ന് നിരസിക്കാനാണ്. അതിനെതിരായി എന്ത് ചെയ്യാൻ സാധിക്കുമോ അതിലവർ അഭിരമിക്കുന്നു. അങ്ങിനെ തങ്ങളുടെ സ്വാതന്ത്ര്യത്തെ അവർ ആഘോഷിക്കുന്നു. അങ്ങിനെ ചെയ്യുന്നതിൽ ഒരുതരം ഗൂഢമായ പ്രതികാരവും ആഹ്ലാദവും വിപ്ലവാത്മകതയുമാണ് അവർ അനുഭവിക്കുന്നത്.
കഴിഞ്ഞ അഞ്ച് കൊല്ലക്കാലത്തെ കണക്കെടുത്താൽ തന്നെ എത്ര നിറയൗവ്വനങ്ങൾ നാടിന്റെ അതിർത്തി കാക്കാനുള്ള ഉദ്യമത്തിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. അവർക്കാർക്കും വേണ്ടി ഒർമ്മദിനങ്ങൾ ആചരിക്കാൻ ഇവിടെ ആരെയും കിട്ടാനില്ല. പക്ഷെ നാട് തകർക്കാനും ഭരണസിരാകേന്ദ്രം ആക്രമിക്കാനും ഒന്നുമറിയാത്ത സഹജീവികളെ തലങ്ങും വിലങ്ങും വെടിയുതിർത്ത് പരമാവധി ഉന്മൂലനം ചെയ്യുവാനും ശ്രമിച്ചവനൊക്കെ വേണ്ടി അനുസ്മരണവും ഒർമ്മ ദിവസവും ആദരവും അവർക്ക് നേതൃപരിവേഷവും കൊടുക്കാൻ ഇവിടെ ആളുണ്ട്. സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അവരുടെ കാഴ്ചപ്പാട് അത്ര വിപുലമാണ്. ഒന്ന് വ്യക്തമാക്കാം, ജെ.എൻ.യു എത്ര മഹത്തരമായ ക്യാന്പസാണെങ്കിലും രാജ്യം വധശിക്ഷയ്ക്ക് വിധേയനാക്കിയ ഒരു കൊടുംക്രൂരനെ മഹത്വവൽക്കരിക്കാനുള്ള ഉദ്യമം സ്വാതന്ത്ര്യത്തിന്റെയോ ബൗദ്ധികമായ ഉൾക്കാഴ്ചയുടെയോ ചിലവിൽ നടത്താനുള്ള അധികാരം അവർക്കുണ്ടെന്ന് ആരും കരുതേണ്ട. ഗാന്ധി ഘാതകനായ ഗോഡ്സേയ്ക്ക് അന്പലം പണിയാൻ നടക്കുന്നവരെക്കാൾ അധമത്വത്തിന്റെ വക്താക്കളാണവർ, നാടിന്റെ ശിഥിലീകരണത്തിന് കുടപിടിക്കുന്നവരാണ്. ഈ ചിന്താഗതി എങ്ങിനെയാണ് രൂപം കൊള്ളുന്നത്, ആരാണ് ഇതിന് വിത്ത് വിതച്ചത്, എവിടെ നിന്നാണ് ഇവർ
ക്ക് പണവും പ്രചോദനവും ലഭിക്കുന്നത് എന്നൊക്കെ കണ്ടുപിടിക്കേണ്ടതുണ്ട്. ശത്രു രാജ്യങ്ങളുടെ അനുഗ്രഹാശീർവാദങ്ങളോടെ നമ്മുടെ നാടിനെ വെട്ടിമുറിക്കാൻ ലക്ഷ്യം വച്ചുള്ള ഈ ഉദ്യമം നമ്മുടെ ഓരോരുത്തരുടെയും അന്തസ്സിനെ വെച്ചാണ് പന്താടുന്നത്. ഏത് രാജ്യത്തിന് ഇത് വെച്ച് പൊറുപ്പിക്കാനാവും? ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ നടന്ന വിദ്യാർത്ഥികളുടെ കൂട്ടക്കുരുതി ആരും മറന്നിട്ടില്ല.
നിയതിക്ക് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചു കൊണ്ടുപോകാനാവാത്ത മഹാകവി ഓ.എൻ.വി മാനവികതയുടെ ഉത്തുംഗശ്രുംഗങ്ങളിൽ വിരാജിച്ച സൂക്ഷ്മസംവേദനത്തിന്റെ മഷിയിൽ സ്വന്തം സർഗചൈതന്യത്തിന്റെ തൂലികകൊണ്ടു പകർത്തിയത് മരണാസന്നയായ ഭൂമിയെപ്പറ്റിയുള്ള ആകുലതയാണ്.
‘മൃതിയുടെ കറുത്ത വിഷപുഷ്പം വിടർന്നതിൻ −
നിഴലിൽ നീ നാളെ മരവിക്കേ,
ഉയിരറ്റ നിൻ മുഖത്തശ്രുബിന്ദുക്കളാൽ
ഉദകം പകർന്നു വിലപിക്കാൻ
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇത് നിനക്കായ് ഞാൻ കുറിച്ചീടുന്നു’
പിറന്ന നാടിന് മാത്രമായി ഇതിനി മാറ്റിപ്പാടേണ്ട അവസ്ഥ നമുക്കാർക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് അദ്ദേഹത്തിന്റെ അതിദീപ്തമായ സ്മരണയ്ക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു.
												
										