നേരമിനിയും വൈകിയിട്ടില്ല


ഓരോ ആഴ്ച്ചക്കുറിപ്പും  എഴുതാൻ ഇരിക്കുന്പോൾ ഓർക്കും, ഇത്തവണ എന്തെങ്കിലും സമൂഹത്തിന് ബാധകവും ബോധ്യവുമാവുന്ന നന്മയെപ്പറ്റി എഴുതണമെന്ന്. എന്നാൽ അത്തരത്തിലൊന്നും മനസ്സിലേക്ക് കടന്നുവരാറില്ല എന്നതാണ് സത്യം. മനുഷ്യൻ സാർവത്രികമായി തിന്മയെ ഉപാസിക്കുന്നവനായിരിക്കുന്നു. ചുറ്റും കാണുന്ന യാഥാർത്ഥ്യങ്ങളോടല്ലേ പ്രതികരിക്കാൻ പറ്റൂ.

ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ  ചർച്ചാവിഷയമാണ് ആദരണീയനായ ടി.പി ശ്രീനിവാസനെ ഒരു വിദ്യാർഥി നേതാവ് മർദ്ദിച്ചത്.അദ്ദേഹത്തിന് മുഖത്തേറ്റ ആ മർദ്ദനം സത്യത്തിൽ എന്റെ മുഖത്തും കൊള്ളുന്നതുപോലെയുള്ള പൊള്ളൽ അതിന്റെ ദൃശ്യം കണ്ടപ്പോൾ മനസ്സിലുണ്ടായി. ആ ദൃശ്യം കണ്ട മനസ്സിൽ സംസ്ക്കാരത്തിന്റെ ചിരാത് അണഞ്ഞുപോകാതെ സൂക്ഷിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ആ അടി മനസ്സിൽ എറ്റുകാണണം. അയാൾ  അടിച്ചു വീഴ്ത്തിയത് മലയാളിയുടെ ഔചിത്യബോധത്തെയാണ്, വിവേകത്തെയാണ്. അയാളുടെ പ്രസ്ഥാനം ആ കൊടിയ തിന്മയെ തള്ളിപ്പറയുകയും വഹിച്ചിരുന്ന സ്ഥാനത്തുനിന്നും മാറ്റി അയാളേ മാതൃകാപരമായി  ശിക്ഷിക്കുകയും ചെയ്തു. അതിലെ രാഷ്ട്രീയം അവിടെ അവസാനിപ്പിക്കാം. ആശങ്ക തോന്നുന്നത് ആ ചെറുപ്പക്കാരന്റെ പ്രവർത്തിയിൽ നിഴലിക്കുന്ന മനുഷ്യന്റെ അധപ്പതനത്തിലാണ്.  സ്വന്തം അച്ഛന്റെ പ്രായമുള്ള, തികച്ചും സാത്വികമായി ഇടപഴകുന്ന ഒരു  മാന്യവ്യക്തിയുടെ മുഖത്തുതന്നെ അടിക്കാൻ ഉയർന്ന ആ കൈകൾക്ക് പിന്നിൽ എത്തരത്തിലുള്ള ഒരു മനുഷ്യജീവിയാണ് കുടികൊള്ളുന്നതെന്നാണ് എന്നെ ചിന്തിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കൗമാരത്തെയും യൗവ്വനത്തേയുമാണ് രാഷ്ട്രീയം വാർത്തെടുക്കുന്നതെങ്കിൽ നമ്മുടെ നാടിന് എന്താണ് പ്രതീക്ഷിക്കാനുള്ളത്? ഇനി അതിലും വിചിത്രമായത് ആ ചിന്താശൂന്യതയെ ന്യായീകരിക്കാനും വെള്ളപൂശാനും ചിലർ നടത്തുന്ന ശ്രമങ്ങളാണ്.നൊന്ത് പ്രസവിച്ച് പാലൂട്ടി വളർത്തിയ സ്വന്തം അമ്മയെ തല്ലിയാലും ഇവിടെ ന്യായീകരിക്കാൻ ആളെ കിട്ടും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്.

ഇനി കലയെപ്പറ്റി ചിന്തിച്ചാലോ! ആ ലോകവും തികച്ചും അവിശുദ്ധമായ ഇടപെടലുകൾ കൊണ്ട് നിറംകെട്ടു എന്ന് പറയേണ്ടിവരും. ഏതാനും ദിനങ്ങൾക്ക് മുന്പ് കേരളത്തിൽ കൊട്ടിഘോഷിച്ച സ്കൂൾ യുവജനോത്സവമാമാങ്കത്തിൽ  മുൻപെങ്ങും കാണാത്ത വിധം സ്ഥാനങ്ങൾ വിലപേശി വിൽക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ കണ്ടു. ഒന്നും രണ്ടും സ്ഥാനങ്ങൾ വിറ്റുപോയി, ഇനി മൂന്നാം സ്ഥാനം വേണമെങ്കിൽ രണ്ടു ലക്ഷമാണ് വില എന്ന് ഒരു മത്സരാർഥിയുടെ  ഗുരുവിനോട് ഇതിന്റെ പിന്നിൽ റാകിപ്പറക്കുന്ന കഴുകന്മാർ ഒരു വൈക്ലബ്യവും കൂടാതെ പറഞ്ഞുവെന്നും വാർത്ത വന്നിരുന്നു. അപ്പോൾ സ്ഥാനമാനങ്ങൾ വിലക്കുവാങ്ങാൻ കഴിവുള്ള ഒരു വരേണ്യവർഗം നാളെ കലാരംഗത്തെ മഹാപ്രതിഭകളായിത്തീരും. യഥാർത്ഥ പ്രതിഭകൾ ആരാലും അറിയപ്പെടാതെ ജീവിതത്തിന്റെ പിന്നാന്പുറങ്ങളിൽ സ്വയം ശപിക്കും. ഈ സാമൂഹ്യദ്രോഹം ചെയ്തവർക്ക് പണം കിട്ടി, പക്ഷെ ഇവിടെ അവർ നഷ്ടപ്പെടുത്തിയത് യഥാർത്ഥത്തിൽ ആരെയാണ്? നാമെല്ലാം ഉൾപ്പെടുന്ന  സമൂഹത്തെയാണ്, കാരണം ഇതിലൂടെ നമുക്ക് നല്ല കലയും സംഗീതവുമാണ് നഷ്ടമാവുന്നത്. വിലക്കുവാങ്ങിയ കലയും സംഗീതവും പകരം നമുക്ക് കിട്ടുന്നു. ഒടുവിൽ ഒരു ജനതയുടെ കലാസംഗീതസങ്കൽപ്പം തന്നെ പണത്തിന്റെ മൂല്യം കണക്കെ ഇടിഞ്ഞുതാഴുന്നു.

മതത്തെപ്പറ്റിക്കൂടി ചിന്തിച്ചാൽ അതൊരു അതിസങ്കീർണതയാകും.കാരണം ആ രംഗത്ത് യഥാർത്ഥ നാണയങ്ങളേയും കള്ളനാണയങ്ങളേയും തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു. ആത്മീയത സമൂഹനന്മക്ക് വേണ്ടിയും തട്ടിപ്പിന് വേണ്ടിയും ഉപയോഗിക്കപ്പെടുന്നതിനാൽ ഈ രംഗത്ത് വിവേചനബുദ്ധിയോടെ ഇടപെട്ടില്ലെങ്കിൽ കബളിപ്പിക്കപ്പെടാൻ സാധ്യതകൾ ഏറെയാണ്. കാരണം മതബദ്ധമായ ആത്മീയത  അചഞ്ചലമായ, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ്. ചില മതപുരോഹിതർ ഈ അവസ്ഥയെ വേണ്ടപോലെ മുതലെടുക്കുന്നു. നമ്മുടെ  ചിന്തക്കും  ഔചിത്യത്തിനും  മേലെ  ഒരു പരുന്തിനേയും  പറക്കാൻ അനുവദിക്കാതിരിക്കുക  എന്ന  മനോഭാവം വളർത്തിയെടുക്കുന്നത് മാത്രമാണ് ഇതിനെതിരെയുള്ള  ഫലപ്രദമായ ഒരു വാക്സിൻ. അതില്ലാത്തതുകൊണ്ടാണ് ലോകത്ത്  ഇത്രയധികം  തീവ്രവാദങ്ങൾ  പടരുന്നത്. ഏതെങ്കിലും  മതമോ അത് മുന്നോട് വെക്കുന്ന സംസ്ക്കാരമോ ഇതിൽ പ്രതിയല്ല. മതങ്ങളേയും  അവയുടെ കാതലായ പ്രബോധനങ്ങളേയും ഗൂഡലക്ഷ്യത്തോടെ  ദുർവ്യാഖ്യാനിച്ച് അന്ധമായി  വിശ്വസിക്കുന്ന  അണികളെ  വഴി  തെറ്റിക്കുന്ന പുരോഹിതരും നേതാക്കളും മാത്രമാണ് ഇതിന് ഉത്തരവാദികൾ.

മതത്തിലും രാഷ്ട്രീയത്തിലും കലയിലും സാഹിത്യത്തിലും മാനവികമായ ഉൾക്കാഴ്ചയുടെ  ചേരുവ കലർത്തിയില്ലെങ്കിൽ മനുഷ്യരാശിതന്നെ അതിനെ താമസംവിനാ ഭൂമുഖത്തുനിന്നും തുടച്ചു നീക്കും എന്ന് അടുത്തിടെ വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് മുന്നറിയിപ്പ് തന്നത് വിദൂരമല്ലാത്ത ഭാവിയിലെ ഒരു യാഥാർത്ഥ്യം ആയിത്തീരും എന്നതിൽ സംശയമില്ല. നേരമിനിയും വൈകിയിട്ടില്ല യുക്തിയുടെ കടിഞ്ഞാൻ വീണ്ടെടുക്കുവാൻ...

You might also like

Most Viewed