ക ോ ടതി വിധികളും ജഡ്ജിമാരും !

ജനാധിപത്യ രാജ്യത്തിന്റെ നെടുംതൂണുകളാണ് കോടതികൾ. നീതിന്യായ വ്യവസ്ഥകൾ, ക്രമസമാധാന പ്രശ്നങ്ങൾ, അധികാര വർഗ്ഗത്തിന്റെ അടിച്ചമർത്തലുകൾ തുടങ്ങിയവ നിരീക്ഷിക്കാനും പൗരന്റെ പൊതുവേ രാജ്യത്തിന്റെ തന്നെ സംരക്ഷണത്തിന് ഊന്നൽ നൽകി കെട്ടുറപ്പോടെ വിശ്വാസവും പ്രതിബദ്ധതയും സുരക്ഷിതത്വ ബോധവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് കോടതികൾ പലവിധ വിധികളിലൂടെ ചെയ്യുന്നത്. കോടതികൾക്ക് മുന്നിൽ വരുന്ന പരാതികളിൽ വിധി പറയുന്പോൾ ഒരിക്കലും അതിന്റെ വ്യാപ്തി ആ പരാതികളിലോ അതല്ല പരാതിക്കാരനിലോ പ്രതി ഭാഗത്ത് നിൽക്കുന്നവരിലോ മാത്രമായി ചുരുങ്ങുന്നില്ല മറിച്ചു പിന്നീട് വരുന്ന സമാന പ്രശ്നങ്ങൾക്ക് മുൻ വിധികൾ സ്വാധീനവും നിയമ പരിരക്ഷയും ചെലുത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് വിധികൾ ദൂരവ്യാപക പ്രത്യാഘാങ്ങൾ സൃഷ്ടിക്കതക്കതാണ് എന്ന് പറയാറ്. “ബഹുമാനപ്പെട്ട കോടതി” എന്ന അഭിസംബോധനയിൽ നിന്നു തന്നെ ജഡ്ജിമാർക്കല്ല മറിച്ചു നീതിന്യായ വ്യവസ്തയോടാണ് നാം ബഹുമാനം കാണിക്കുന്നത് എന്ന് മനസ്സിലാകും. അപ്പോഴാണ് വിധികൾ പുറപ്പെടുവിക്കുന്ന ജഡ്ജിമാരുടെ വ്യക്തി ചരിത്രവും ഭാവി കാലവും അപ്രസക്തമാകുന്നത്. നീതിന്യായ വ്യവസ്ഥിതിയിൽ വ്യക്തിയെന്ന നിലയിൽ ജഡ്ജിമാർക്ക് അമിത പ്രാധാന്യം നാം നൽകാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഒരു പക്ഷെ അടിയന്തിരാവസ്ഥക്കു മുന്പ് വിധികളെ മാത്രം ചർച്ച ചെയ്യുകയും, എന്നാൽ വിധി പ്രസ്താവിച്ചവരെ ഓർത്തെടുക്കാൻ പോലും മിനക്കെടാതിരുന്നത്. എന്നാൽ ഇന്ത്യയിൽ അടിയന്തിരാവസ്ഥയും ഇന്ദിര ഗാന്ധിയുമായി ബന്ധപെട്ട അധികാര പ്രശ്നങ്ങളും ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധികളും വളരെയേറെ ചർച്ച ചെയ്യപ്പെടുകയും വ്യക്തിപരമായി ജസ്റ്റിസ് കൃഷ്ണയ്യരെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ വരെ ഉണ്ടായി. ജനാധിപത്യം ദുർബ്ബലമാകുന്പോഴാണ് കോടതികൾ പലപ്പോഴും കൈക്കടത്തലുകൾ നടത്താറ്.
എന്നാൽ അത്തരം കൈക്കടത്തലുകൾ ജഡ്ജിമാരുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് വിധേയമാകുന്നോ എന്നതാണ് ഏറ്റവും പുതിയ ചർച്ചാ വിഷയം. വിധികൾ ഒരിക്കലും ഭൂരിപക്ഷ പ്രീണനമോ, അതല്ല വികാരപരമോ ആകരുത്. വിധി പ്രസ്ഥാവിക്കുന്ന ജഡ്ജിമാർ സ്വാധീനിക്കപ്പെടുകയും അരുത്. സ്വാധീനം വ്യക്തിപരമായാലും രാഷ്ട്രീയപരമായാലും മതപരമായാലും ആത്യന്തികമായി അത് ജനാധിപത്യത്തിലും കോടതികളിലും ഉള്ള പൗരന്റെ വിശ്വാസ്യയതക്കു പോറലേൽപ്പിക്കും. കോടതികൾ ലിഖിതമാക്കപ്പെട്ട നിയമവും അത് തലനാരിഴക്കീറി പരിശോധിച്ച് വിധി പുറപ്പെടുവിക്കലാണ് ഉചിതം. മറിച്ചു മാധ്യമങ്ങളുടെയോ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ സ്വാധീനത്താൽ വിധി പ്രസ്താവനകൾ വന്നാൽ അത് കോടതി ആക്റ്റിവിസമായി മാറും. തന്മൂലം ജനാധിപത്യത്തിലും നീതി ന്യായ വ്യവസ്തയോടുമുള്ള പൗരന്റെ പ്രതീക്ഷ നഷ്ടപ്പെടുകയും രാജ്യത്തു അരാചകത്വം വർദ്ധിക്കുകയും ചെയ്യും.
ഈയടുത്തകാലത്തുണ്ടായ അര ഡസനോളം വിധികൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ഭരണ വർഗ്ഗത്തിന്റെയും അതിന്റെ നേതാക്കളുടെയും വിമർശനങ്ങൾക്ക് വിധേയമായി. അതിൽ കൗതുകമായത് എന്നാൽ അതിലേറെ ആശങ്കപ്പെടുത്തുന്നത് വിധികളുടെ നിയമ പരിശോധനക്ക് പകരം അത് പ്രസ്താവിച്ച ജഡ്ജിമാരുടെ ഭൂത−ഭാവി−മത രാഷ്ട്രീയം ചർച്ച ചെയ്തതായിരുന്നു. അത്തരം ചർച്ചകളിലേക്ക് അവരെ കൊണ്ടെത്തിച്ചത് ഒരു പക്ഷെ ഇപ്പറയുന്ന ജഡ്ജിമാരുടെ വിധികളായിരിക്കാം. ഏകാംഗ കോടതികളുടെ സമകാലീന വിധികൾ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ശുംഭൻ, നാട് കടത്തപ്പെടേണ്ടവൻ, തുടങ്ങി ജഡ്ജിമാർക്ക് ശവമഞ്ചം തന്നെ പണിതു നൽകി പ്രതികൂല വിധികളെ ഭീഷണിപ്പെടുത്തുന്നവർ ജനാധിപത്യത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത് എന്ന് ഓർക്കുക. തൻമൂലം ഭാവിയിൽ വരാൻ പോകുന്ന വലിയ വിപത്തിന്റെ തുടക്കമായിട്ടാണ് വടക്കേ ഇന്ത്യയിൽ മാത്രം നാം കണ്ടതും കേട്ടതുമായ അക്രമ സംഭവങ്ങൾ വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഉന്നതിയിൽ നിൽക്കുന്ന ഇങ്ങു കേരളത്തിലും നാം കാണേണ്ടി വരുന്നത്. പെൺകുട്ടിയെ പട്ടാപകൽ നാടു റോഡിൽ വെട്ടിക്കൊലപ്പെടുത്തുക, യുവാവിനെ ക്രൂരമായി അടിച്ചു കൊല്ലുക, ഉന്നത വ്യക്തിത്വങ്ങളെ എന്ത് പ്രത്യയ ശാസ്ത്ര വിമർശന വ്യത്യാസത്തിന്റെ പേരിലായാലും പൊതു നിരത്തിൽ അക്രമിക്കുക തുടങ്ങി മുന്പെങ്ങുമില്ലാത്ത വിധം നടമാടുന്നത്.
ആയിരക്കണക്കിന് കേസുകളും അതിന്റെ വ്യവഹാരങ്ങളും കെട്ടിക്കിടക്കുന്ന നമ്മുടെ നാട്ടിലെ കോടതികൾക്ക് അവരുടെ ദൈനംദിന പ്രവർത്തിയുടെ ഭൂരിപക്ഷ സമയവും ഭരണ−പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും അഴിമതിയും അശ്ലീലകരവുമായ കേസുകൾക്കായി മാറ്റിവെക്കേണ്ടിവരുന്ന ദയനീയവും ആശങ്കയുളവാക്കുകയും ചെയ്യുന്ന ഒന്നാണ്. അൽപ്പം ഫലിതമാണെങ്കിലും നമ്മുടെ സെക്രട്ടറിയേറ്റ് തന്നെ ഒരു കോടതിയാക്കിയാലോ എന്ന് ചിന്തിക്കുന്ന സാധാരണ ജനത്തെ കുറ്റം പറയാൻ കഴിയില്ല. ഇവിടെയാണ് ‘ജന ലോക്പാൽ ബിൽ’ എന്ന നിയമത്തിന്റെ ആവശ്യകത. തിരിച്ചറിവുകൾ മുന്നോട്ടുള്ള പ്രയാണത്തിന് ശരിയായി വർത്തിക്കട്ടെ എന്നതാണ് ജഡ്ജിമാർക്ക് ചെയ്യാൻ കഴിയുന്ന കാര്യം, നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന ജനാധിപത്യ ബോധം ജനങ്ങളിലേക്ക് തിരിച്ചുക്കൊണ്ടുവരുവാൻ കോടതികൾക്ക് കഴിയണം.