ഗതാഗതക്കുരുക്കില്ലാതെ അബുദാബി


തിരക്കേറിയ സമയത്തും തലസ്ഥാനനഗരത്തിലെ തെരുവുകളില്‍ ഗതാഗതകുരുക്കില്ലാതെ അബുദാബി നഗരം ഒന്നാമത്. 2021 ലെ ടോം ടോം ട്രാഫിക് സൂചിക പ്രകാരമാണ് ലോകത്തിലെ തിരക്കേറിയ നഗരമായിട്ടും ഗതാഗതകുരുക്കില്ലാത്ത തലസ്ഥാനമായി അബുദാബിയെ തിരഞ്ഞെടുത്തത്. 57 രാജ്യങ്ങളിലെ 416 നഗരങ്ങളില്‍ നടത്തിയ വാര്‍ഷിക സര്‍വേയുടെ അടിസ്ഥാനത്തിലാണ് അബുദാബി ഒന്നാമതെത്തിയത്.തിരക്കേറിയ സമയങ്ങളിലും ജംഗ്ഷനുകളിലും തെരുവുകളിലും ഗതാഗതകുരുക്കിന്റെ നിരക്ക് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും ട്രാഫിക് ലൈറ്റുകളുടെ എണ്ണം, അവയുടെ പ്രോഗ്രാമിംഗുകള്‍, നഗരങ്ങളിലെ ട്രാഫിക് ഫ്‌ലോയെ കുറിച്ച് വിശകലനം ചെയ്യതും, ട്രാഫിക് ലൈറ്റ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനക്ഷമത, കാലാവസ്ഥാ പ്രതിരോധവും ഗതാഗതസംവിധാനങ്ങളും ഗുണനിലവാരവും പരിശോധിച്ചാണ് ടോം ടോം ട്രാഫിക് സൂചികയില്‍ അബുദാബി ഒന്നാമതെത്തിയത്. 

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഡിഎംടി) നടപ്പിലാക്കിയ സംയോജിത ട്രാഫിക് മാനേജ്മെന്റ് പ്ലാനില്‍ അബുദാബിയില്‍ 11% തിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, റോഡ് ആസ്തികളും ഇന്‍ഫ്രാസ്ട്രക്ചറും മെച്ചപ്പെടുത്തുക, താമസക്കാരുടെ ദൈനംദിന ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗതാഗതത്തിന്റെയും ആവശ്യമായ യൂട്ടിലിറ്റികളുടെയും മതിയായ വിനിയോഗം ഉറപ്പാക്കുക, പൊതുഗതാഗതത്തിന്റെ ഓപ്ഷനുകളുടെയും രീതികളുടെയും എണ്ണം വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍. ആഗോളതലത്തിലേക്കുയരുന്ന ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണെന്ന് ഡിഎംടി ചെയര്‍മാന്‍ ഫലാഹ് അല്‍ അഹ്ബാബി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യം ലക്ഷ്യം വെക്കുന്നത്. തലസ്ഥാനത്ത് ഗതാഗത, ട്രാഫിക് മാനേജ്മെന്റ് സേവനങ്ങള്‍ക്ക് ആഗോള അംഗീകാരം ലഭിക്കുന്നത് തുടരുമെന്നും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താനായി ശ്രമിക്കുന്നുണ്ടെന്നും ഭാവിയില്‍ സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിച്ചുകൊണ്ട് ജീവിത നിലവാരം ഉയര്‍ത്തുമെന്നും അധികാരികള്‍ പ്രതികരിച്ചു. അബുദാബിയില്‍ മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നാണ് നേതൃത്വങ്ങളുടെ വിലയിരുത്തല്‍.


You might also like

Most Viewed