നടുറോഡില്‍ യുവതിയെ മര്‍ദിച്ച സംഭവം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍


തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് മ്യുസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പൊലീസ് നടപടി വൈകിയത് പ്രതിഷേധത്തിനിടെയാക്കി.

നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ച് യുവതിയെ മര്‍ദിച്ച കേസില്‍ മ്യുസിയം പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി. 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആക്രമിച്ച് പരിക്കേല്‍പിച്ചതിനും ചെരുപ്പുകൊണ്ട് അടിച്ചതുകൊണ്ട് മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പിച്ചതിനുമാണ് കേസ്. 

മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ശാസ്തമംഗലത്ത് യുവതിയെ മകളുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചത്. പിങ്ക് പൊലീസ് എത്തി മര്‍ദ്ദിച്ച സ്ത്രീയേയും മര്‍ദനമേറ്റ യുവതിയേയും മ്യുസിയം പൊലീസില്‍ എത്തിച്ചിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍ മര്‍ദ്ദിച്ച സ്ത്രീയുടെ പേര് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ല. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. ബ്യൂട്ടി പാര്‍ലറിന്റെ മുന്നില്‍ ഫോണ്‍ചെയ്തു നിന്നതാണ് ആക്രമണത്തിന് പ്രകോപ്പിച്ചത്.

You might also like

Most Viewed