അവശ്യവസ്തുക്കൾക്ക് വില നിയന്ത്രിക്കാൻ പുതിയ നയം പുറപ്പെടുവിച്ച് യുഎഇ

അവശ്യവസ്തുക്കൾക്ക് വില നിയന്ത്രിക്കാൻ പുതിയ നയം പുറപ്പെടുവിച്ച് യുഎഇ. പുതിയ നയമനുസരിച്ച് അവശ്യ സാധനങ്ങളുടെ ചില്ലറ വിൽപന വില നിയന്ത്രണ വിധേയമാക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. കോവിഡിന് ശേഷം അവശ്യ സാധനങ്ങളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളെ തുടർന്നാണ് സർക്കാരിന്‍റെ പുതിയ തീരുമാനം. വില വർധിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടവ, അനുമതി ആവശ്യമില്ലാത്തവ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മന്ത്രാലയം പുതിയ നയം നടപ്പിലാ ക്കുക.
മുട്ട, പാൽ, ബ്രഡ്, അരി, ഉപ്പ്, പാചക എണ്ണ, മിനറൽ വാട്ടർ എന്നിവയുൾപ്പെടെ പതിനൊന്നായിരം വസ്തുക്കളാണ് വിലവർധിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ട ഗണത്തിലുള്ളത്. ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ, ജ്യൂസ് തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി നൽ കേണ്ടതില്ല. വിലനിർണയ സംവിധാനം സംബന്ധിച്ച പുതിയ നയത്തിന് അംഗീകാരം നൽകിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു.