കേരളത്തിൽ പോക്‌സോ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം രൂപീകരിക്കുന്നു

സംസ്ഥാനത്ത് പോക്‌സോ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം രൂപീകരിക്കുന്നു. ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘത്തെ രൂപീകരിക്കുന്നത്.
ക്രമസമാധാന ചുമതലയിൽ നിന്നും 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പോക്‌സോ സംഘത്തിലേക്ക് പുനർവിന്യസിക്കാനും തീരുമാനമായി. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പ്രത്യേക സംഘത്തിലൂടെ ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്. പോക്‌സോ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക സംഘത്തിൽ ഘടനയിൽ മാറ്റമുണ്ടാകും.
സിഐ റാങ്കിലുളള സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരാണ് നിലവിൽ പോക്‌സോ കേസുകൾ അന്വേഷിക്കുന്നത്. പോലീസ് സ്‌റ്റേഷനുകളിൽ കുട്ടികൾക്കെതിരായ പീഡനകേസ് രജിസ്റ്റർ ചെയ്താൽ ഉടൻ പ്രത്യേക സംഘത്തിന് കൈമാറും.