പ്രാതൽ നൽകിയില്ല; മരുമകൾക്ക് നേരെ വെടിയുതിർത്ത് ഭർതൃപിതാവ്

രാവിലെ പ്രാതലും ചായയും നൽകാത്ത ദേഷ്യത്തിന് മരുമകളെ വെടിവെച്ച് ഭർതൃപിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. വെടിവെപ്പിൽ അടിവയറ്റിന് പരിക്കേറ്റ സ്ത്രീ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാശിനാഥ് പാന്തുരങ്ക് എന്ന 76 കാരനാണ് വെടിവെച്ചത്. ഇയാളുടെ മറ്റൊരു മരുമകളാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രഭാത ഭക്ഷണവും ചായയും നൽകാത്തതിന്റെ ദേഷ്യത്തിൽ ഇയാൾ പ്രകോപിതനായി. കൈയിൽ കരുതിയിരുന്ന റിവോൾവർ എടുത്ത് മരുമകൾക്ക് നേരെ വെടിവെക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. വയോധികന്റെ പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും മാരകായുധം കൈവശം വെച്ചതിനും വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.