യുഎഇയിൽ 16 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ
അബുദാബി: യുഎഇയിൽ സൗജന്യ കൊവിഡ് വാക്‌സിന്‍ എല്ലാ താമസക്കാർക്കും നൽകി തുടങ്ങുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ എന്നിവരുൾപ്പെടെ മുൻഗണനാ വിഭാഗങ്ങൾക്ക് വാക്‌സിന്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് എല്ലാ താമസക്കാർക്കും സൗജന്യ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. മാർച്ച് 21 മുതൽ 16 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ താമസക്കാർക്കും കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് ബുക്ക് ചെയ്യാം. രാജ്യത്തെ 205 ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഇതിനായി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നത് നിർബന്ധമാണ്.
കഴിഞ്ഞ ആറ് ആഴ്ചകളിൽ 72 ശതമാനത്തിലധികം മുതിർന്ന പൗരന്മാർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും വാക്‌സിൻ എത്തിക്കാനായിട്ടുണ്ട്. ആകെ 56 ശതമാനം താമസക്കാരും വാക്‌സിൻ സ്വീകരിച്ചു. സിനോഫാം, ഫൈസർ, സ്പുട്‌നിക്− അഞ്ച്, ആസ്‌ട്രെസെനക്ക എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവിൽ ലഭ്യമായിട്ടുള്ളത്.

