സഞ്ചാരികൾക്ക് ഷോപ്പിങ് നടത്താൻ ദുബൈയിൽ പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി

ദുബൈ: ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഷോപ്പിങ് നടത്താൻ ദുബൈ പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പാക്കുന്നു. താമസ കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ.) പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും കിഴിവ് ലഭിക്കുന്നത്. ഷോപ്പിങ് സെന്ററുകൾ, വിവിധ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ അടക്കമുള്ള വിവിധ ഇടങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് ജൈറ്റെക്‌സ് ടെക്‌നോളജി വീക്കിൽ നടന്നു. ജി.ഡി.ആർ.എഫ്.എ. ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ സാമി അൽ കംസിയും ചേർന്നാണ് ഡിസ്‌കൗണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
അൽ സാദ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് എന്ന പേരിലാണ് കിഴിവ്. പാസ്‌പോർട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പ്രത്യേക ബാർകോഡ് നൽകും. ഇതിലെ കോഡ് സ്‌കാൻ ചെയ്ത് പാസ്‌പോർട്ട് നന്പറും എത്തിച്ചേർന്ന തീയതിയും രജിസ്റ്റർ ചെയ്താൽ പദ്ധതിയുടെ ഭാഗമാകാം.