ഐപിഎൽ ടീമുകൾ യുഎഇയിലെത്തിത്തുടങ്ങി; മത്സരങ്ങൾ നേരിട്ട് കാണാനാകുമോ എന്ന ആശങ്കയിൽ ക്രിക്കറ്റ് പ്രേമികള്‍
ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവേശം ചൊരിഞ്ഞ് ഇന്ത്യൻ പ്രിമിയർ ലീഗ് ( ഐപിഎൽ) ടീമുകൾ യുഎഇയിലെത്തിത്തുടങ്ങി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് എന്നിവ ഇന്നലെ എത്തിച്ചേർന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നിവ നേരത്തെ എത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നിവ വരും ദിവസങ്ങളില്‍ എത്തും. യുഎഇയിൽ നിന്നുള്ള ചിത്രങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, താരങ്ങൾ ഇത്ര അരികിലെത്തിയിട്ടും മത്സരങ്ങൾ നേരിട്ട് കാണാനാകുമോ എന്ന ആശങ്കയിലാണ് യുഎഇയിലെ ക്രിക്കറ്റ് പ്രേമികള്‍. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും പാകിസ്ഥാനികളും മുൻപ് ദുബൈ, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ തിങ്ങി നിറഞ്ഞ് കളികൾ ആസ്വദിക്കുന്നവരോടൊപ്പം ആർപ്പുവിളിച്ചും സംഗീതം ചൊരിഞ്ഞും ആവേശം വിതറിയിരുന്നു. കോവിഡ‍്–19 നിയന്ത്രണമുള്ളതിനാൽ ഇപ്രാവശ്യം അതിന് കഴിയുകയില്ലേ എന്ന ആശങ്കയിലാണ് തങ്ങളെന്ന് ആരാധകർ പറയുന്നു. പൊതുജനങ്ങളെ സ്റ്റേഡിയങ്ങളിലേയ്ക്ക് അനുവദിക്കാമോ എന്ന കാര്യത്തിൽ ബിസിസിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും(ഇസിബി) തമ്മിൽ ചർച്ച നടന്നുവരികയാണ്.

