സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് നിലവിൽ യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് ഇന്ത്യൻ അംബാസഡർ
അബുദാബി: യാത്രാ ചട്ടങ്ങളിൽ വ്യക്തത വരുന്നതുവരെ ഇന്ത്യൻ പൗരന്മാരെ സന്ദർശക വിസയിൽ യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ അംബാഡസർ പവൻ കപൂർ പറഞ്ഞു. ഈ സാഹചര്യത്തിൽ യുഎഇ സന്ദർശക വിസകൾ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ സന്ദർശക വിസയിൽ ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ സർക്കാറും തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു യു.എ.ഇ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അംബാസഡർ പറഞ്ഞു. സന്ദർശക വിസയിലുള്ളവരെ നിലവിൽ വിമാനക്കന്പനികൾ ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ദുബൈയിലേക്ക് കഴിഞ്ഞയാഴ്ച മുതൽ സന്ദർശക വിസകൾ അനുവദിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളില്ല. ട്രാവൽ ഏജന്റുമാരും ആമെർ സെന്ററും വിസ ലഭിക്കുന്ന വിവരം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് വാണിജ്യ വിമാന സർവ്‍വീസുകൾ ഇനിയും തുടങ്ങാത്ത സാഹചര്യത്തിൽ സന്ദർശക വിസക്കാർ എങ്ങനെ യാത്ര ചെയ്യുമെന്ന് വ്യക്തമല്ല. നിലവിൽ ഇന്ത്യ− യുഎഇ പ്രത്യേക ധാരണ പ്രകാരം യുഎഇയിലേക്ക് സർവ്‍വീസ് നടത്തുന്ന വിമാനങ്ങൾ താമസ വിസയുള്ളവരെ മാത്രമേ അനുവദിക്കുന്നുള്ളൂ.



