യുഎഇയിലേയ്ക്ക് വരുന്ന എല്ലാവർക്കും പിസിആർ പരിശോധന നിർബന്ധം
അബുദാബി: യുഎഇയിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാവർക്കും കോവിഡ് 19 പിസിആർ പരിശോധന നിർബന്ധമാണെന്ന് യുഎഇ ഇന്ന് വ്യക്തമാക്കി. സ്വദേശികൾ, പ്രവാസികൾ, വിനോദ സഞ്ചാരികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാൽ 12 വയസിന് താഴെയുള്ളവർക്ക് ഈ പരിശോധന ആവശ്യമില്ല.
യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങി ഏത് രാജ്യത്ത് നിന്നുള്ളവരും വിമാനത്തിൽ കയറുന്നതിന് മുൻപ് പിസിആർ നിർബന്ധമാണെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം, വിദേശ കാര്യ–രാജ്യാന്തര സഹകരണ മന്ത്രാലയം എന്നിവ വ്യക്തമാക്കി. യുഎഇയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് കൂട്ടിച്ചേർത്തു.
ദുബൈ ഒഴിച്ച് മറ്റു എമിറേറ്റുകളിലെത്തുന്നവർക്ക് ഐസിഎൽ അനുമതിയാണ് വേണ്ടത്. യുഎഇ നിർദേശിക്കുന്ന അംഗീകൃത ലാബറോട്ടറിയിൽ പരിശോധന നടത്തിയവർക്ക് മാത്രമേ ഐസിഎൽ അനുമതി ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഐസിഎൽ വെബ് സൈറ്റിൽ ലഭ്യമാണ്.


