യുഎഇയിൽ തിരിച്ചെത്തുന്നവർക്ക് കർശന നിർദ്ദേശം; ക്വാറന്‍റീൻ ലംഘിച്ചാൽ വൻ തുക പിഴ
അബുദാബി: യുഎഇയിൽ തിരിച്ചെത്തുന്ന താമസവിസക്കാർ നിർബന്ധമായും ക്വാറന്റീൻ നിയമം പാലിക്കണമെന്ന് യുഎഇ അധികൃതർ. ക്വാറന്റീൻ ലംഘിക്കുന്നവർക്ക് 10 ലക്ഷത്തിലേറെ രൂപ (അര ലക്ഷം ദിർഹം) പിഴ നൽകേണ്ടി വരും. മന്ത്രിസഭാ തീരുമാനം നന്പർ 17/2020 പ്രകാരമാണ് തീരുമാനം. മടങ്ങിയെത്തുന്നവർ രാജ്യത്തിലെ ക്വാറന്റീൻ മാർഗനിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ഇല്ലെങ്കിൽ അര ലക്ഷം ദിര്‍ഹം പിഴ നൽകേണ്ടി വരുമെന്നും നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് എത്തുന്നവർ അംഗീകൃത ലബോറട്ടറികളിൽ നിന്ന് കൊവിഡ് പരിശോധന നടത്തണം. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള ലബോറട്ടറികൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
തിരിച്ചെത്തിയാലുടൻ വീടുകളിൽ ക്വാറന്റീനിൽ കഴിയണം. അല്ലാത്തവർക്ക് സ്വന്തം ചെലവിൽ അധികൃതർ നിർദ്ദേശിക്കുന്ന ക്വാറന്റീൻ കേന്ദ്രങ്ങളിൽ കഴിയാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, മടങ്ങി വരുന്നവരുടെ ചെലവുകൾ അവർ ജോലി ചെയ്യുന്ന കന്പനികൾ വഹിക്കണം. യുഎഇയിലേക്ക് എത്തുന്നവർ മൊബൈൽ ഫോണിൽ അൽ ഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യണം. ദുബൈയിലേക്ക് മടങ്ങുന്നവർ കൊവിഡ് 19− ഡിഎക്‌സ്ബി സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

